Saturday, July 23, 2011

പൂവിളിക്ക് കാതോര്‍ത്ത്........


മ്മറത്തെ കസേരയില്‍ ചാഞ്ഞിരുന്നു കണ്ണുകള്‍ ഇറുക്കിയടച്ചു ഒന്നു കാതോര്‍ത്തു നോക്കൂ ..
പതിഞ്ഞ ഇലയനക്കങ്ങള്‍ക്കും, തോര്‍ന്നു കഴിഞ്ഞ മഴയുടെ സംഗീതത്തിനുമിടക്ക്,
കേള്‍ക്കുന്നില്ലേ പതിഞ്ഞ താളത്തിലൊരു പാട്ട് ... പൂവേ പൊലി പൂവേ ...

തുമ്പപ്പൂവേ പൂത്തിരളേ
നാളേയ്ക്കൊരു വട്ടിപ്പൂതരണേ
ആയ്കില ഈയ്കില ഇളംകൊടി പൂയ്ക്കില
പിന്നെ ഞാനെങ്ങനെ പൂതരേണ്ടൂ
കാക്കപ്പൂവേ പൂത്തിരളേ
നാളേയ്ക്കൊരുവട്ടിപ്പൂതരണേ
ആയ്കില ഈയ്കില ഇളംകൊടി പൂയ്ക്കില
പിന്നെ ഞാനെങ്ങനെ പൂതരേണ്ടൂ
അരിപ്പൂപ്പൂവേ പൂത്തിരളേ
 നാളേയ്ക്കൊരു വട്ടിപ്പൂതരണേ

തുമ്പ

ആയ്കില ഈയ്കില ഇളംകൊടി പൂയ്ക്കില
പിന്നെ ഞാനെങ്ങനെ പൂതരേണ്ടൂ
പൂവായ പൂവെല്ലാം പിള്ളേരറുത്തു
പൂവാം കുറുന്തല ഞാനും പറിച്ചു
പിള്ളെരേ പൂവൊക്കെ കത്തിക്കരിഞ്ഞുപോയ്‌
ഞങ്ങടെ പൂവൊക്കെ മുങ്ങിത്തെളിഞ്ഞുപോയ്‌
പൂവേപൊലി പൂവേപൊലി!



പൂവേ പൊലി പാടാന്‍ ഓണമായെന്നോ ...?
കണ്ണാന്തളി

ചന്തത്തിൽ മുറ്റം ചെത്തിപ്പറിച്ചീല
എന്തെന്റെ മാവേലി ഓണം വന്നൂ
ചന്തക്കുപോയീല നേന്ത്രക്കാ വാങ്ങീല
എന്തെന്റെ മാവേലി ഓണം വന്നൂ
പന്തുകളിച്ചീല പന്തലുമിട്ടീല
എന്തെന്റെ മാവേലി ഓണം വന്നൂ
അമ്മാവൻ വന്നീല, സമ്മാനം തന്നീല
എന്തെന്റെ മാവേലി ഓണം വന്നൂ
അച്ഛനും വന്നീല, സമ്മാനം തന്നീല
എന്തെന്റെ മാവേലി ഓണം വന്നൂ
നെല്ലു പുഴങ്ങീല, തെല്ലുമുണങ്ങീല
എന്തെന്റെ മാവേലി ഓണം വന്നൂ
പിള്ളേരും വന്നീല, പാഠം നിറുത്തീല
എന്തെന്റെ മാവേലി ഓണം വന്നൂ
തട്ടാനും വന്നീല, താലിയും തീർത്തീല
എന്തെന്റെ മാവേലി ഓണം വന്നൂ
നങ്ങേലിപ്പെണ്ണിന്റെ അങ്ങേരും വന്നീല
എന്തെന്റെ മാവേലി ഓണം വന്നൂ.......

പാട്ട് അടുത്തടുത്ത്‌ വരികയാണല്ലോ.. ..?

കറ്റകറ്റക്കയറിട്ടു
കയറാലഞ്ചു മടക്കിട്ടു
നെറ്റിപ്പട്ടം പൊട്ടിട്ടു
കൂടേ ഞാനും പൂവിട്ടു
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൂവേ
പൂവേ പൊലി പൂവേ പൊലി പൂവേ പൊലി പൂവേ .......

തുമ്പേലരിമ്പേലൊരീരമ്പൻ തുമ്പ
തുമ്പ കൊണ്ടമ്പതു തോണി ചമച്ചു
തോണിത്തലയ്ക്കലൊരാലു മുളച്ചു
ആലിന്റെ പൊത്തിലൊരുണ്ണിപിറന്നു
ഉണ്ണിക്കു കൊട്ടാനും ഉണ്ണിക്കു പാടാനും
തുടിയും തുടിക്കോലും പറയും പറക്കോലും
പൂവേ പൊലി പൂവേ പൊലി പൂവേ.......


അങ്ങേക്കര ഇങ്ങേക്കര കണ്ണാന്തളി
മുറ്റത്തൊരാലു മുളച്ചു
ആലിന്റെ കൊമ്പത്തൊരുണ്ണി പിറന്നു
ഉണ്ണിക്കു കൊട്ടാനും ഉണ്ണിക്കു പാടാനും
തുടിയും തുടിക്കോലും പറയും പറക്കോലും
പൂവേ പൊലി പൂവേ പൊലി.....

കാക്കപ്പൂ


ആട്ടെ എന്നാണു കൂട്ടുകാരെ ഓണം?

"ഓണത്തപ്പാ - കുടവയറാ
എന്നാ പറയൂ - തിരുവോണം?
നാളേയ്ക്കാണേ - തിരുവോണം.
നാക്കിലയിട്ടു വിളമ്പേണം

ഓണത്തപ്പാ - കുടവയറാ
തിരുവോണക്കറിയെന്തെല്ലാം?
ചേനത്തണ്ടും ചെറുപയറും
കൊഴിപ്പൂവിന്‍ ചമ്മന്തീം കാടും പടലവുമെരിശ്ശേരി
കാച്ചിയ മോര്, നാരങ്ങാക്കറി,
പച്ചടി , കിച്ചടിയച്ചാറും!
കണ്‍‌തുറന്നു നോക്കുമ്പോള്‍ കൂട്ടുകാര്‍ ആരുമില്ല........! മഴതുള്ളി കൊണ്ടു കിരീടം ചൂടിയ ഒരു മുക്കുറ്റി മുറ്റത്തു നിന്നു ചിരിക്കുന്നു..
മുക്കുറ്റി
പാട്ടുകള്‍ കേട്ടത് എന്റെ ഉള്‍ തടങ്ങളില്‍ നിന്നായിരുന്നോ..?
ഞാന്‍ വീണ്ടും കണ്ണുകളടച്ചു കിടന്നു കേട്ടു.

"ഒന്നാനാം കൊച്ചുതുമ്പീ
എന്റെ കൂടേ പോരുമോ നീ"

"നിന്റെ കൂടേ പോന്നാലോ
എന്തെല്ലാം തരുമെനിക്ക്‌?"

"കളിക്കാനായ്‌ കളം തരുമേ
കുളിക്കാനായ്‌ കുളം തരുമേ

ഇട്ടിരിക്കാന്‍ പൊന്‍തടുക്ക്‌
ഇട്ടുണ്ണാന്‍ പൊന്‍തളിക

കൈ കഴുകാന്‍ വെള്ളിക്കിണ്ടി
കൈ തോര്‍ത്താന്‍ പുള്ളിപ്പട്ട്‌

ഒന്നാനാം കൊച്ചുതുമ്പീ
എന്റെ കൂടേ പോരുമോ നീ" ......

9 comments:

  1. ഒരു നുള്ള് കാക്കപ്പൂ കടം തരാമോ
    ഒരു കൂന തുമ്പപ്പൂ പകരം തരാം....

    ReplyDelete
  2. ഓണത്തപ്പാ കുട വയറാ എന്ന് തുടങ്ങുന്ന പാട്ടില്‍
    ചേന തണ്ടും ചെറു പയറും
    കൊഴിതീട്ടം ചമ്മന്തീം എന്ന ഒരു വെര്‍ഷന്‍ കേട്ടിട്ടുണ്ടോ?


    പോസ്റ്റ്‌ കൊള്ളാം .
    ഓണാശംസകള്‍

    ReplyDelete
  3. നന്നായിട്ടുണ്ട്.. ആശംസകള്‍

    ReplyDelete
  4. നന്നായിരിക്കുന്നു, ഓണപ്പാട്ടിലൂടെ ഒന്നാസ്മൃതികള്‍!! അപ്പോള്‍ ഇതിനായിരുന്നു ഓണപ്പാട്ടുകള്‍ ചോദിച്ചത്. അല്ലേ? :-) സമയം കിട്ടുമ്പോള്‍ സ്വപ്നജാലകം വഴി ഒന്നിറങ്ങൂ. :-)

    ReplyDelete
  5. ഒന്നാന്തരം പോസ്റ്റ്‌... ഓണം കടന്നു വന്ന പ്രതീതി. പക്ഷെ ഈ പറയുന്ന കണ്ണാന്തളി പൂവൊക്കെ ഇപ്പം നിലവില്‍ ഉണ്ടോ ??

    ReplyDelete
  6. എം ടി കഥകളിലൂടെ സുപരിചിതമായ കണ്ണാന്തളിപ്പൂക്കള്‍ കുന്നിന്‍ ചരിവുകളിലെ പുല്‍ പരപ്പുകളില്‍ ആണ് കണ്ടുവരാറുള്ളത്.
    തൃത്താല , കുറ്റിപ്പുറം , എടപ്പാള്‍ ഈ സ്ഥലങ്ങളുടെ പരിസര പ്രദേശങ്ങളില്‍ കണ്ണാന്തളി ഓണക്കാലത്ത് കണ്ടു വരാറുണ്ടായിരുന്നു. മഹാബലിയുടെ കൂടെയാണത്രേ കണ്ണാന്തളി പൂക്കളും ഭൂമിയില്‍ വരുന്നത്.
    ഇപ്പൊ കണ്ണാന്തളി വളരെ അപൂര്‍വമായേ ഉള്ളത്രെ.
    തൃത്താലയില്‍ ഉള്ള സുഹൃത്തിന്റെ വീട്ടില്‍ പോയപ്പോള്‍ കണ്ണാന്തളി തേടി പോയെങ്കിലും കാണാന്‍ കഴിഞ്ഞില്ല

    ReplyDelete
  7. നൊസ്റ്റാള്‍ജിയ.............!! നല്ല പോസ്റ്റ്‌... :))

    ReplyDelete
  8. ഓണമെന്നൊക്കെ പറയുമ്പോള്‍ ............ ആഹ് തേങ്ങാക്കുല..

    ReplyDelete
  9. പോസ്റ്റ്‌ ഇപ്പോഴാണ് കാണുന്നത്
    കൊള്ളാം നന്നായിരിക്കുന്നു.
    ഓണാശംസകള്‍..

    ReplyDelete