Friday, February 17, 2012

ഗോക്കളെ മേച്ചും കളിച്ചും ചിരിച്ചും...


പശുക്കളെ വളര്‍ത്തുന്നത് കൊണ്ട് എന്തൊക്കെയാണ് ഗുണങ്ങള്‍..?
പശുവിന്‍പാല്‍ കുട്ടികള്‍ക്ക് കുടിക്കാന്‍ കൊടുക്കാം(സമീകൃതാഹാരം ആണത്രേ), നമുക്കും പാല്‍ ഒഴിച്ച ചായ കുടിക്കാം, ചാണകം തെങ്ങിനിടാം, അത്രേ ഉള്ളോ.....?

“എന്‍റെ സംസ്ഥാനത്തിലെ തൊണ്ണൂറ്റി അഞ്ചു ശതമാനം പശുക്കുട്ടികളും വെറും  അശ്രദ്ധ കൊണ്ട് മാത്രം മരിക്കുന്നു എന്നറിയുമ്പോള്‍ എനിക്ക് ദുഃഖം തോന്നുന്നു.” മധ്യ പ്രദേശ്‌ മുഖ്യമന്ത്രി ശിവരാജ്‌ സിംഗ് ചൌഹാന്‍റെ വാക്കുകളാണിത്. അതേ വേദിയില്‍ തന്നെ പശുക്കുട്ടികളുടെ സംരക്ഷണത്തിനായുള്ള അഞ്ഞൂറ് കോടി രൂപ ചെലവ് വരുന്ന ബഛ്ഡാ ബചാവോ അഭിയാന്‍ എന്ന മഹത്തായ പ്രൊജക്റ്റ്‌ ഉടനെ തന്നെ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. അത് മാത്രമല്ല ,പശുവിനെ കൊല്ലുന്നവര്‍ക്ക് ഏഴു വര്‍ഷം വരെ ജയില്‍ ശിക്ഷ നിര്‍ദ്ദേശിക്കുന്ന MadhyaPradesh prohibition of Slaughter of Cow progeny (Amendment ) Bill നു പ്രസിഡണ്ട്‌ അംഗീകാരം കൊടുത്തത് കഴിഞ്ഞ മാസമാണ്.
മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന്‍
"ഗോമാതാവിനെ" ആദരിക്കുന്നു
“ഒരു ജനതയുടെ മത വികാരങ്ങള്‍ സംരക്ഷിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നത് അവരെ ഭരിക്കുന്നവരുടെ ചുമതലയാണ്, അതു കൊണ്ട് തന്നെ ഗോ സംരക്ഷണം മധ്യപ്രദേശ്‌ സര്‍ക്കാരിന്റെ മുഖ്യ പ്രവര്‍ത്തനങ്ങളില്‍  ഒന്നായിരിക്കും”എന്ന് സംസ്ഥാന പൊതു മരാമത്ത് മന്ത്രി നാഗേന്ദ്ര സിംഗ് അഭിപ്രായപ്പെടുന്നു.‘ബീഫ്‌’ കഴിക്കുന്നത്‌ നിയമം മൂലം നിരോധിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് മധ്യപ്രദേശ്‌. ഇതിന്‍റെ  തുടര്‍ച്ചയെന്നോണം കഴിഞ്ഞ മാസം ബജ് രംഗ് ദള്‍ പ്രവര്‍ത്തകര്‍ അനീസ് ഖുറേഷി എന്ന മുസ്ലിം കച്ചവടക്കാരന്‍റെ തല മുണ്ഡനം ചെയ്യുകയും  പാതി മീശയും പുരികവും എല്ലാം വടിച്ചു കളയുകയും ചെയ്തത്.

ഹൈന്ദവ വിശ്വാസവും വികാരവും സംരക്ഷിക്കാന്‍ എന്ന പേരില്‍ നടപ്പിലാക്കിയ ഈ നിയമത്തിനെതിരെ മതേതര വാദികളുടെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ബീഫ്‌ കഴിക്കുന്നത്‌ നിരോധിച്ച നിയമം, മുസ്ലിം, ദളിത്‌ ന്യൂനപക്ഷങ്ങളെ വേട്ടയാടാനുള്ള പുതിയൊരു ആയുധമായി മാറിക്കഴിഞ്ഞു എന്നതിന്‍റെ തെളിവാണല്ലോ അനീസ് ഖുറേഷി സംഭവം. മുസ്ലിം , ക്രിസ്ത്യന്‍ , ദളിത്‌ ജനതയെ മാറ്റി നിര്‍ത്തിയാലും ഇന്ത്യയിലെ ബാക്കി 40% ഹിന്ദുക്കളും ബീഫ്‌ കഴിക്കുന്നവരാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഐക്യ രാഷ്ട്ര സംഘടനയും  FAO യും സംയുക്തമായി നടത്തിയ പഠന റിപ്പോര്‍ട്ട്‌ - “ Livestock Information , Sector Analysis and Policy Branch”  പ്രകാരം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ കഴിക്കുന്ന മാസ ഭക്ഷണം ബീഫ്‌ ആണ്. ‘ബീഫ്‌’ ഒരു ഭക്ഷണമെന്ന നിലയില്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത് മുസ്ലീങ്ങള്‍ ആണെന്ന ധാരണ ചരിത്ര വിരുദ്ധമാണ് എന്ന് പ്രശസ്ത ചരിത്രകാരന്‍ ദ്വിജേന്ദ്ര നാരായണ്‍ ഝ വിശദീകരിക്കുന്നു ( “ The Myth of Holy Cow – Dwijendra Narayan Jha” ). മുസ്ലിങ്ങളുടെ വരവിനു മുന്‍പ് തന്നെ ഇന്ത്യക്കാര്‍ ബീഫ്‌ കഴിച്ചിരുന്നു എന്നതിന് നിരവധി തെളിവുകള്‍  പുരാതന ബുദ്ധ, ജൈന ,ബ്രാഹ്മണ രേഖകളില്‍ കാണാന്‍ കഴിയും. അശ്വമേധ യാഗത്തിന്‍റെ പരിസമാപ്തിക്ക് വേണ്ടി 21 പശുക്കളെ ബലി നല്‍കുമായിരുന്നു. രാജസൂയ, വാജപേയ യജ്ഞങ്ങളിലും ഗോബലി സര്‍വ സാധാരണമായിരുന്നത്രേ. രന്തി ദേവന്‍റെ അടുക്കളയില്‍ ദിനം തോറും 2000 പശുക്കളെ കൊല്ലുകയും അതിന്റെ ഇറച്ചി  മറ്റു ഭക്ഷണങ്ങളുടെ കൂടെ ബ്രാഹ്മണര്‍ക്ക് വിതരണം ചെയ്യുകയും ചെയ്യുമായിരുന്നു. പശുവിന് പവിത്രത കല്‍പ്പിച്ച് ആരാധിക്കാന്‍ തുടങ്ങിയതു  ഒന്നോ രണ്ടോ നൂറ്റാണ്ടുകള്‍ക്കു മുന്‍പു മാത്രമാണ്.സ്വാമി ദയാനന്ദ സരസ്വതിയെപ്പോലുള്ളവര്‍ അതിനു വലിയ പ്രചാരം നല്‍കുകയും ചെയ്തു. ബീഫ് വില്‍ക്കുന്നതും കഴിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രാദേശിക  പ്രശ്നങ്ങള്‍ 1893 ല്‍ ആസാംഗറിലും, 1912-13ല്‍ അയോദ്ധ്യയിലും, 1917ല്‍ ഷഹാബാദിലും വര്‍ഗീയ ലഹളകള്‍ക്കും കാരണമായി.

സര്‍ക്കാരിന്റെ ഗോ സംരക്ഷണ പ്രവര്‍ത്തനത്തിന് പൂര്‍ണ പിന്തുണയുമായി മൃഗ സംരക്ഷണ സൂക്തങ്ങളുമായി  മുഖ്യധാര മാധ്യമങ്ങളും രംഗത്തുണ്ട്..! എന്നാല്‍ എന്ത് കൊണ്ട് പശു മാത്രം എന്ന ചോദ്യത്തിന് ആര്‍ക്കും ഉത്തരമില്ല.2013 ല്‍ മധ്യപ്രദേശില്‍ അസ്സെംബ്ലി തെരഞ്ഞെടുപ്പു വരികയാണ്. എടുത്തു പറയത്തക്ക വികസന മുന്നേറ്റങ്ങള്‍ ഒന്നും അവകാശപ്പെടാനില്ലാതെ വരുമ്പോള്‍ ഏതൊരു കക്ഷിക്കും വിജയം കൊയ്യാന്‍ ഒരു കുറുക്കു വഴി വേണമല്ലോ. മതേതര ഇന്ത്യയില്‍ ഇന്നു  ഏറ്റവും എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതും ഏറ്റവും കൂടുതല്‍ ഫലം തരുന്നതുമായ തുറുപ്പ് ചീട്ടാണ്‌ "വര്‍ഗീയത". ഒരു ദശാബ്ദ കാലത്തെ ഭരണം കൊണ്ട് സംസ്ഥാനത്തെ ഭരണ സംവിധാനവും വിദ്യാഭ്യാസവും അടക്കം എല്ലാ മേഖലകളിലും കാവി പടര്‍ത്താന്‍ കഴിഞ്ഞു എന്നതാണ് ശിവരാജ് സിംഗ് ചൌഹാന്‍റെ ഏറ്റവും വലിയ നേട്ടം. അതിന്റെ തുടര്‍ച്ച തന്നെയാണ് ഈ പശു വളര്‍ത്തലും, നിയമ നിര്‍മ്മാണവും.

 പശുക്കുട്ടികളെ സംരക്ഷിക്കാന്‍ പുതിയ പദ്ധതി പ്രഖ്യാപിച്ച സമയത്ത് തന്നെ മറ്റു ചില കണക്കുകള്‍ കൂടി പുറത്തു വന്നു, ഇന്ത്യയിലെ (മനുഷ്യ ! )ശിശു മരണ നിരക്ക് ഏറ്റവും കൂടുതലുള്ള നൂറു ജില്ലകളില്‍ മുപ്പതും മധ്യ പ്രദേശിലാണ്. (മധ്യപ്രദേശിലെ ആകെ  ജില്ലകളുടെ എണ്ണം അമ്പത് ആണെന്നോര്‍ക്കുക) സംസ്ഥാനത്തെ ശിശു മരണ നിരക്ക് 67 ല്‍ നിന്ന്  62 ആയി കുറച്ചു എങ്കിലും രാജ്യത്തെ ഏറ്റവും കൂടിയ നിരക്കാണിത്. (രാജ്യത്തെ ശിശു മരണ നിരക്ക് 2007 ഓടു കൂടി  45 ആയി കുറക്കുക എന്നതായിരുന്നു  പത്താം പഞ്ച വത്സര പദ്ധതിയുടെ നിര്‍ദ്ദേശം ).സംസ്ഥാനത്തെ 53.6% ഗൈനകോളജി സ്ടുകളുടെയും 43.7% ശിശു രോഗ വിദഗ്ധരുടെയും തസ്തികകള്‍ നിയമനം നടത്താതെ ഒഴിഞ്ഞു കിടക്കുകയാണ്. ആറു വയസ്സില്‍ താഴെയുള്ള  32,609 കുട്ടികള്‍ക്ക് ഒരു ഡോക്ടര്‍ എന്ന അനുപാതത്തിലാണ് ചികിത്സകരുടെ എണ്ണം..! മധ്യപ്രദേശിലെ ഗ്രാമീണ  ആരോഗ്യ കേന്ദ്രങ്ങളുടെ അവസ്ഥ മിക്കയിടത്തും പരിതാപകരമാണ്. സംസ്ഥാനത്തുടനീളം ആധുനിക സംവിധാനങ്ങള്‍ ഉള്ള മാതൃകാ ഗോശാലകള്‍ നിര്‍മിക്കുന്ന തിരക്കിലാണ് സര്‍ക്കാര്‍ എന്നോര്‍ക്കുക. 


ഞാനൊരു പ്യുവര്‍ വെജിറ്റേറിയന്‍  ആണ്. എന്നാലും ഇപ്പോള്‍ പോയി ഒരു ബീഫ്‌ ബിരിയാണി കഴിച്ചിട്ട് വന്നാലോ എന്നാലോചിക്കുകയാണ്..