വെളുത്ത ഗോത്രത്തിന്റെ മേലാളനായ അങ്ങ് പറയുന്നത് വാഷിങ്ടണിന്റെ വലിയ മൂപ്പന്‍ എന്റെ ഗോത്രത്തോട് സൗഹൃദത്തിന്റെയും സൗമനസ്യത്തിന്റെയും ആശംസകള്‍ അറിയിക്കുന്നുവെന്നാണ്. തീര്‍ച്ചയായും അത് എന്റെ ജനതയോട് നിങ്ങള്‍ കാട്ടുന്ന ഉദാരത തന്നെയാണ്. കാരണം ഞങ്ങളുടെ സൗഹൃദത്തിന്റെ വീണ്ടെടുപ്പുകൊണ്ട് അദ്ദേഹത്തിന് മഹത്തായ പ്രയോജനങ്ങളൊന്നുമില്ലെന്ന് ഞങ്ങള്‍ക്കറിയാം.
നിങ്ങളുടെ ജനത നിരവധിയാണ്. പ്രയറിയുടെ വിശാലതയെ ആവരണം ചെയ്യുന്ന പുല്‍ക്കൂട്ടങ്ങളെപ്പോലെയാണ് നിങ്ങള്‍. ഞങ്ങള്‍ കുറച്ചുപേര്‍ മാത്രം. സമതലങ്ങളിലെ, കൊടുങ്കാറ്റിലുലയുന്ന ഏകാകികളായ വൃക്ഷങ്ങളെപ്പോലെയാണവര്‍.
മഹാനായ (ആ വാക്കുതന്നെ ഞാന്‍ ഉച്ഛരിക്കട്ടെ) വെളുത്ത ഗോത്രത്തിന്റെ മേലാളന്‍ ഞങ്ങളോട് പറയുന്നത് എന്റെ ഗോത്രസ്മൃതികള്‍ പേറുന്ന ഈ മണ്ണ് അദ്ദേഹത്തിന് വിലക്കെടുക്കണമെന്നാണ്. എന്റെ ജനതയുടെ ജീവിതം അലട്ടപ്പെടാതെ തുടരും വിധം ഞങ്ങള്‍ക്കായി മണ്ണ് മാറ്റിവക്കാമെന്നും അദ്ദേഹം പറയുന്നു. തീര്‍ച്ചയായും ഇത് എന്റെ ജനതയോട് കാട്ടുന്ന മഹത്തായ നീതി തന്നെയായി പരിഗണിക്കപ്പെടും. കാരണം ആദരിക്കപ്പെടേണ്ടതായ യാതൊന്നും ഇന്നീ ചുവന്ന മനുഷ്യരുടെ ഗോത്രത്തിന് അവശേഷിക്കുന്നില്ലല്ലോ. വെളുത്ത മേലാളന്റെ വാക്കുകള്‍ ധിഷണാപൂര്‍വ്വകവുമാണ്. കാരണം മഹത്തായ ഒരു രാഷ്ട്രസങ്കല്‍പത്തിന്റെ അനിവാര്യത എന്റെ ചുവന്ന ഗോത്രത്തിന് ഇനി ആവിശ്യമില്ലെന്നും വന്നിരിക്കുന്നു.
കാറ്റിലുലയുന്ന കടലലകള്‍, കടല്‍ച്ചിപ്പികള്‍ ചിന്നിയ അതിന്റെ അടിത്തട്ടിനെ പുതപ്പിക്കും പോലെ എന്റെ ജനത ഈ മണ്ണിനെ പുതപ്പിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ കാലം എന്നോ കടന്നുപോയി. എന്റെ ഗോത്രത്തിന്റെ വിശുദ്ധികള്‍ ഇന്ന് വിസ്മരിക്കപ്പെട്ടപോലെയായി. എന്റെ ജനതയുടെ അകാലമായ അന്ത്യങ്ങളില്‍ ഞാന്‍ കണ്ണീരൊഴുക്കുന്നില്ല. ഞങ്ങളുടെ ഗോത്രഭ്രംശങ്ങള്‍ക്ക് തീവ്ര വേഗം പകര്‍ന്ന എന്റെ വെളുത്ത സഹോദരങ്ങള്‍ക്കെതിരെ ഞാന്‍ കുറ്റം വിധിക്കുന്നുമില്ല. കുറ്റങ്ങളില്‍ നിന്ന് എന്റെ ജനതയും വിമുക്തരല്ല.