Sunday, March 25, 2012

ചില ന്യൂ ജെനറേഷന്‍ മറവി രോഗങ്ങള്‍

മാര്‍ച്ച്‌ 23,
രാത്രി മുറി വൃത്തിയാക്കുമ്പോള്‍ കലണ്ടറിന്റെ അരികില്‍ ഉള്ള സ്മരണീയ ദിനങ്ങള്‍ എന്ന കോളത്തില്‍ കണ്ണുടക്കിയപ്പോള്‍ വലിയ ചരിത്ര ബോധമുള്ളവനെപ്പോലെ നടിച്ചു കൊണ്ടു ഞാന്‍ സുഹൃത്തിനോട്‌ ചോദിച്ചു,
" നിനക്ക്  ഇന്നത്തെ ദിവസത്തിന്റെ ചരിത്ര പ്രാധാന്യം അറിയാമോ..? "
ഉടനടി വന്നു മറുപടി - "സുപ്രസിദ്ധ സ്പാനിഷ് പെയിന്റെര്‍ ജുവാന്‍ ഗ്രിസ്സിന്റെ നൂറ്റിയിരുപത്തി അഞ്ചാം പിറന്നാളാണ് "
മറുപടി കേട്ട് ഞാനൊന്ന് ഞെട്ടിയെങ്കിലും ഗൂഗിള്‍ കണ്ടപ്പോള്‍ ഞെട്ടല്‍ മാറി..
താങ്ക്സ് ടു ഗൂഗിള്‍ ഡൂഡില്‍സ് ...!
ഹും അതല്ല വേറെ ..?
..  നോ ഐഡിയ ..!
നീ ഭഗത് സിംഗ് എന്ന് കേട്ടിട്ടുണ്ടോ ..?
ഭഗത് സിംഗിനെ വെടി വെച്ച് കൊന്ന ദിവസമാണോ, അതോ ജന്മ ദിനമോ  ...?
.............!
തുടര്‍ന്ന് നടത്തിയ ഗവേഷണത്തിന്റെ  ബാക്കിപത്രമാണ്  ഈ കുറിപ്പ്.

1907 സെപ്തംമ്പർ 27ന് പഞ്ചാബിലെ ലയൽപൂർ ജില്ലയിലെ ബങ്കാ ഗ്രാമത്തിലെ (ഇപ്പോൾ പാകിസ്താന്റെ ഭാഗം) ഒരു സിഖ് കർഷക കുടുംബത്തിൽ ആണ് ഭഗത് സിംഗ് ജനിച്ചത്. അച്ഛൻ  സർദാർ കിഷൻ സിങ്ങും  അമ്മ  വിദ്യാവതി കൌറുമെല്ലാം സ്വാതാന്ത്ര സമരപോരാട്ടത്തില്‍ പങ്കാളികള്‍ ആയിരുന്നു. ഗദര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍  ആയിരുന്ന  അച്ഛനും അമ്മാവനും ജയില്‍ മോചിതരായത് ഭഗത്തിന്റെ ജന്മദിനത്തില്‍ ആയിരുന്നു , അത് കൊണ്ടു തന്നെ ,"ഭാഗ്യവാന്‍" ( ഭഗന്‍ വാലാ) എന്ന കളിപ്പേര്  വീണിരുന്നു . വീട്ടിലെയും , പൊതു സമൂഹത്തിലെയും വിപ്ലവാന്തരീക്ഷം കുഞ്ഞു ഭഗത്തിന്റെ മനസ്സിലും   സ്വാതന്ത്ര ത്തിനു  വേണ്ടിയുള്ള ആഗ്രഹത്തിന്റെ വിത്തുകള്‍ പാകിയിരുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടാനായി തന്റെ  വീടിനടുത്തുള്ള വയലില്‍ തോക്കുകള്‍ കൃഷി ചെയ്യുമെന്ന് പറഞ്ഞു കുഞ്ഞു ഭഗത് ..!

തന്റെ പന്ത്രണ്ടാം വയസ്സില് നടന്ന ജാലിയന്വാലാബാഗിലെ കൂട്ടക്കൊല യുവാവായ ഭഗത്തിന്റെ മനസ്സില് ആഴത്തില് മുറിവേല്പ്പിച്ചിരുന്നു. അവിടത്തെ ചോരയില് കുതിര്ന്ന ഒരുപിടി മണ്ണ് അദ്ദേഹം ഭദ്രമായി സൂക്ഷിച്ചു വച്ചിരുന്നുവത്രേ. ഗാന്ധിജിയുടെ  വാക്കുകളെ പിന്തുടര്ന്ന ഭഗത് നിസ്സഹകരണ പ്രസ്ഥാനത്തില് പങ്കു കൊള്ളുകയും ബ്രിട്ടീഷ് പാഠ പുസ്തകങ്ങളും വിദേശ വസ്ത്രങ്ങളും ബഹിഷ്കരിക്കുകയും സുഹൃത്തുക്കളെ അതിനു പ്രേരിപ്പിക്കുകയും ചെയ്തു.  എന്നാല്‍ 1922 ല്‍  ചൌരി-ചൌര സംഭവത്തെ തുടർന്ന് ഗാന്ധിജി നിസ്സഹരണ പ്രസ്ഥാനം പിൻവലിച്ചത്  ഭഗത്തിനെ ആഴത്തില്‍ സ്വാധീനിച്ചു . ഗാന്ധിയന്‍ അഹിംസാ ആശയങ്ങളോട് ഭഗത്തിന്റെ മനസ്സ് അകലാന്‍ തുടങ്ങി. സായുധ വിപ്ലവത്തിലൂടെ മാത്രമേ ഇന്ത്യക്ക്  സ്വാതന്ത്ര്യം ലഭിക്കൂ എന്ന് അദ്ദേഹത്തിന് തോന്നിത്തുടങ്ങി..
ഭഗത് സിംഗ് ജയിലില്‍ 

സചീന്ദ്രനാഥ് സന്യാൽ ആരംഭിച്ച ഹിന്ദുസ്ഥാൻ റിപബ്ലിക്കൻ അസ്സോസ്സിയേഷൻ എന്ന സംഘടനയിൽ ചേര്‍ന്നതു അദ്ദേഹത്തിന്റെ ജീവിതത്തിലെ സുപ്രധാന വഴിത്തിരിവായി. പ്രശസ്ത വിപ്ലവകാരികളായ രാമപ്രസാദ് ബിസ്മില്‍ , ചന്ദ്രശേഖര്‍ ആസാദ് , അഷ്ഫഖുള്ള ഖാന് എന്നിവരെ പരിചയപ്പെടാനും അവരൊന്നിച്ച് പോരാടാനും അവസരം ലഭിച്ചു.സംഘടനയുടെ പേരു പിന്നീട് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപബ്ലിക്കൻ അസ്സോസ്സിയേഷൻ എന്നു മാറ്റിയത് ഭഗത്തിന്റെ സ്വാധീനം കൊണ്ടായിരുന്നു. തികഞ്ഞ ഒരു സോഷ്യലിസ്റ്റ്  ആയിരുന്നുവല്ലോ  അദ്ദേഹം..കുറച്ചു സഹപ്രവർത്തകരോടൊപ്പം ചേര്‍ന്നു നൌജവാൻ ഭാരത് സഭ എന്ന പേരിൽ ഒരു സായുധ വിപ്ലവസംഘടനയും  രൂപവത്കരിച്ചു. വർക്കേർസ് ആന്റ് പെസന്റ്സ് പാർട്ടി പഞ്ചാബി ഭാഷയിൽ കീർത്തി എന്ന പേരിൽ പ്രസിദ്ധീകരിച്ചിരുന്ന  ഒരു മാസികയുടെ പത്രാധിപ സമിതിയിൽ അംഗമായിരുന്നു ഭഗത് സിംഗ്. 1927 - ൽ കാക്കോരി ട്രെയിൻ കൊള്ളയുമായി ബന്ധപ്പെട്ടു കീർത്തിയിൽ വന്ന ഒരു ലേഖനത്തിന്റെ പേരിൽ അദ്ദേഹം അറസ്റ്റിലായി. വിദ്രോഹി എന്ന അപരനാമത്തിലാണ് ഭഗത് സിംഗ് ലേഖനമെഴുതിയത്.(കാക്കോരി ട്രെയിൻ കൊള്ളയുമായി ഭഗത്തിനു നേരിട്ട് ബന്ധമുണ്ടെന്നും ഇല്ലെന്നും ചരിത്രകാരന്മാര്‍ വാദിക്കുന്നു)

1919 ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ടില്‍  ഇന്ത്യയില്‍ നടപ്പിലാക്കേണ്ട ഭരണ പരിഷകാരങ്ങളെക്കുറിച്ച് പഠിക്കാനായി പത്തു വര്‍ഷത്തിനു ശേഷം ഒരു കമ്മീഷനെ നിയമിക്കും എന്ന് പറഞ്ഞിരുന്നു. ഇന്ത്യക്ക് സ്വയംഭരണം നൽകാനുള്ള സാധ്യതയെപ്പറ്റി അന്വേഷിക്കുന്നതിനായി എന്നവകാശപ്പെട്ടു കൊണ്ട്  1928-ൽ സർ ജോൺ സൈമണിന്റെ ചുമതലയിൽ കമ്മീഷൻ രൂപവത്കരിച്ചു. എന്നാല്‍ സൈമൺ കമ്മീഷനിൽ ഇന്ത്യൻ പ്രധിനിധികൾ ആരും തന്നെ ഉണ്ടായിരുന്നില്ല. 1928 ഒക്ടോബർ 30 -ന് ലാഹോറിൽ ലാലാ ലജ്‌പത് റായിയുടെ നേതൃത്വത്തിൽ  സൈമൺ കമ്മീഷൻ തിരിച്ചു പോവുക എന്നാവശ്യപ്പെട്ട് കൊണ്ട് ഒരു പ്രതിഷേധപ്രകടനം നടന്നു. വളരെ സമാധാനപരമായി നടന്ന റാലിയ്‌ക്കെതിരെ  പൊലീസ്‌ സൂപ്രണ്ട് ജെയിംസ്‌. എ.  സ്‌കോട്ടിന്റെ നേതൃത്വത്തില്‍  അതി ക്രൂരമായ ലാത്തിച്ചാര്‍ജ്‌ നടത്തി. അക്രമത്തില്‍ സാരമായ പരിക്കേറ്റ റായ് 1928 നവംബര്‍ 17 ന്‌ അന്തരിച്ചു. റായുടെ മരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തയാറായില്ല. ( ഈ സംഭവത്തിന്‌ ഭഗത് സിങ്ങും കൂട്ടരും സാക്ഷികള്‍ ആയിരുന്നെന്നും,  അല്ലെന്നും ചരിത്രകാരന്മാര്‍ക്ക് ഭിന്നാഭിപ്രായമുണ്ട് ). തങ്ങളുടെ പ്രിയ നേതാവിന്‍റെ മരണത്തിന് കാരണക്കാരനായ  ജെയിംസ്‌. എ. സ്‌കോട്ടിനെ വധിക്കാന്‍  ശിവറാം  രാജ് ഗുരു , സുഖ് ദേവ്  ഥാപര്‍ , ജയ്  ഗോപാല്‍,  ചന്ദ്രശേഖര്‍ ആസാദ് എന്നിവരോടൊപ്പം ചേര്‍ന്നുകൊണ്ട്  ഭഗത് സിംഗ് പദ്ധതി തയാറാക്കി.1928 ഡിസംബര്‍ 17 നു പുലര്‍ച്ചെ ലാഹോര്‍ പോലീസ് ആസ്ഥാനത് അവര്‍ കാത്തു നിന്നു. ജെയിംസ്‌  സ്കോട്ട് പുറത്തേക്കു  വരുമ്പോള്‍ ജയ ഗോപാല്‍  സിഗ്നല്‍ കൊടുക്കുമെന്നും ഭഗത് സിങ്ങും  രാജ്ഗുരുവും വെടിവെയ്ക്കണമെന്നും ആയിരുന്നു പദ്ധതി. എന്നാല്‍ പുറത്തേക്കു വന്നത് ജോണ്‍ പി സാന്‍ടെര്സ് എന്ന മറ്റൊരു പോലീസ്കാരന്‍ ആണെന്ന് തിരിച്ചറിയാതെ അവര്‍ വെടിയുതിര്‍ത്തു. സാന്ടെര്സും സഹായി ചാനന്‍ സിങ്ങും സംഭവ സ്ഥലത്ത് വച്ചേ മരിച്ചു. 
  ‘Saunders is dead, Lalaji is avenged’
 (സാന്‍ടെര്സ് കൊല്ലപ്പെട്ടു, ലാലാജിക്ക് തര്‍പ്പണം )
വേഷം മാറിയ ഭഗത്
തുടങ്ങിയ പോസ്റ്ററുകള്‍ ലാഹോറിലെ തെരുവുകളില്‍ പ്രത്യക്ഷപ്പെട്ടു. ഈ കൊലപാതകം അവരെ സംബന്ധിച്ചിടത്തോളം ഒരു ക്രിമിനല്‍ കുറ്റമായിരുന്നില്ല, മറിച്ച് സ്വാതന്ത്ര്യ പോരാട്ടത്തിലെ ഒരു ആയുധമായിരുന്നു.  ലാഹോറിലെ ഭരണകൂടം അക്ഷരാര്ത്ഥത്തില് ഞെട്ടി വിറച്ചു. നഗരത്തിലെ എല്ലാ റോഡുകളിലും ഊടുവഴികളിലടക്കം പോലീസിനെ വിന്യസിച്ചു. നഗരം വിടുന്ന എല്ലാ യുവാക്കളെയും CID കള്‍ പിന്തുടര്‍ന്ന് നിരീക്ഷിച്ചു. ഭഗത് സിങ്ങും കൂട്ടരും രണ്ടു ദിവസം
 ഒളിവില്‍ കഴിഞ്ഞു. പിന്നെ അവരുടെ സുഹൃത്ത്‌ ഭഗവതി ചരണ്‍ വോറയുടെ ഭാര്യ ദുര്‍ഗാദേവി വോറയുടെ സഹായത്തോടെ ലാഹോര്‍ വിട്ടു. ഭഗത് സിംഗ് വെസ്റ്റേണ്‍ സ്റ്റൈലില്‍ വേഷം മാറി. ദുര്‍ഗാ ദേവിയുടെ പിഞ്ചുകുഞ്ഞു  ഭഗത്തിന്റെ തോളില്‍. വേലക്കാരനായി രാജ്ഗുരു. ആര് കണ്ടാലും ഒരു പക്കാ ബ്രിട്ടീഷ്‌ യങ്ങ് കപ്പിള്‍..! രാജ്ഗുരു ബനാറസിലേക്കും , ഭഗത്തും ദുര്‍ഗയും കുഞ്ഞും ഹൌറയിലേക്കും പോയി. ( ഭഗത്തിന്റെ വെസ്റ്റേണ്‍ സ്റ്റൈലില്‍ ഉള്ള പ്രശസ്തമായ ഫോട്ടോ ഈ സമയത്തെടുത്തതാണ്)
 
വിപ്ലവ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുന്നവരെ നാട് കടത്താനും അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും ബ്രിട്ടീഷ്‌ ഭരണകൂടത്തിനു അവകാശം നല്‍കുന്ന “പബ്ലിക്‌ സേഫ്ടി ബില്‍ “ എന്ന കരിനിയമം 1929 ഏപ്രില്‍ 2 നു സെന്‍ട്രല്‍ അസ്സെംബ്ലിയില്‍ അവതരിപ്പിച്ചു. ( നിയമത്തെ “പബ്ലിക്‌ ഡേയ്ഞ്ചര്‍ ബില്‍” എന്നാണു പണ്ഡിറ്റ്‌ മോത്തിലാല്‍ നെഹ്‌റു വിശേഷിപ്പിച്ചത്). പ്രമേയം പാസായില്ലെങ്കിലും കരി നിയമം നടപ്പിലാക്കാന്‍ തന്നെ വൈസ്രോയി തീരുമാനിച്ചു. ഇതില്‍ പ്രതിഷേധിച്ചു കൊണ്ട് ഏപ്രില്‍ 8നു ഭഗത് സിങ്ങും ബട്കേശ്വര്‍ ദത്തും സെന്‍ട്രല്‍ അസ്സെംബ്ലിയില്‍ ബോംബെറിഞ്ഞു. ആരെയും അപകടപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതായിരുന്നില്ല ആ ബോംബേറ്. അത് കൊണ്ട് തന്നെ ആളപായമൊന്നും ഉണ്ടായില്ല. പുകപടലങ്ങള്‍ നിറഞ്ഞുനിന്ന സെന്‍ട്രല്‍ അസ്സെംബ്ലിയില്‍ ഭഗത് സിങ്ങിന്റെയും ദത്തിന്റെയും ഉഗ്ര ശബ്ദം മുഴങ്ങിക്കേട്ടു-
                                          “ ഇങ്ക്വിലാബ് സിന്ദാബാദ്‌...” .
അസ്സെംബ്ലിയില്‍ വലിച്ചെറിഞ്ഞ ലീഫ്‌ലെറ്റില്‍ ഇങ്ങനെ എഴുതിയിരുന്നു –
“ ബധിരന്മാരുടെ കാതു തുറപ്പിക്കാന്‍ ഉഗ്ര ശബ്ദം തന്നെ വേണ്ടിവരും”
(‘It needs a loud voice for a deaf to hear’).
നേരത്തെ നിശ്ചയിച്ചിരുന്നത് പോലെതന്നെ ഭഗത് സിങ്ങും ദത്തും സംഭവസ്ഥലത്ത് വച്ച് തന്നെ സ്വയം അറസ്റ്റ്‌ വരിച്ചു. അവര്‍ക്കെതിരെ വധശ്രമത്തിനു കേസ് രജിസ്റ്റര്‍ ചെയ്തു.

സെഷന്‍സ്‌ കോടതിയില്‍ എഴുതി സമര്‍പ്പിച്ച രേഖയില്‍ ഭഗത് സിംഗ് ഇങ്ങനെ പറയുന്നു:
“മനുഷ്യ ജീവന്റെ മഹത്വം മനസ്സിലാക്കുന്നതില്‍ ഞങ്ങള്‍ ആരുടേയും പിന്നിലല്ല, ഞങ്ങളുടെ പോരാട്ടം ഏതെങ്കിലും വ്യക്തികള്‍ക്ക് എതിരെയുമല്ല, മറിച്ച് സാമ്രാജ്യത്വ ചൂഷണത്തിനെതിരെയാണ്.” അദ്ദേഹം തുടരുന്നു- “ വിപ്ലവം എന്നതു കൊണ്ടുദ്ദേശിക്കുന്നത് രക്തചൊരിച്ചില്‍ അല്ല, മറിച്ച് സാമ്രാജ്യത്വ ചൂഷണത്തില്‍ നിന്നും , അതിന്റെ പീഡനങ്ങളില്‍ നിന്നുമുള്ള സമൂലമായ മാറ്റത്തെയാണ്..”
കോടതി അവരെ ജീവ പര്യന്തം തടവിനു ശിക്ഷിച്ചു.
സര്‍ ശോഭാ സിംഗ് 
ജയിലില്‍ രാഷ്ടീയ തടവുകാരോട് നടത്തുന്ന വിവേചനത്തിനെതിരെയും മൃഗീയമായ പെരുമാറ്റത്തിനെതിരെയും അവര്‍ നിരാഹാര സത്യഗ്രഹം ആരംഭിച്ചു. അറുപത്തി മൂന്നാം  നാളില്‍ ജതീന്ദ്ര നാഥ് ദാസ്‌ എന്ന സത്യഗ്രഹി കൊല്ലപ്പെട്ടുവെങ്കിലും സര്‍ക്കാര്‍ കുലുങ്ങിയില്ല. അതിനിടയില്‍ സാന്ടെര്സ് വധക്കേസ് കൂടി ചാര്‍ജ് ചെയ്തു. വിചാരണക്കായി ഭഗത് സിങ്ങിനെ സ്ട്രെച്ചറില്‍ കിടത്തിയാണ് കോടതിയില്‍ കൊണ്ട് പോയത്. കൊണ്ഗ്രെസ്സ് പാര്‍ട്ടി നല്‍കിയ ഉറപ്പും പിതാവിന്റെ അപേക്ഷയും പരിഗണിച്ചു ഭഗത് നൂറ്റി പതിനാറാം ദിവസം നിരാഹാരം പിന്‍വലിച്ചു. സന്ടെര്സ് വധക്കേസില്‍ അവര്‍ക്ക് വധശിക്ഷ വിധിച്ചു.

കോടതിയില്‍ ഭഗത് സിങ്ങിനെതിരെ മൊഴി കൊടുത്തതിനു ബ്രിട്ടീഷുകാര്‍ knighthood പദവി സമ്മാനിച്ച ശോഭാ സിംഗിന്റെ പേരില്‍ ദല്‍ഹിയിലെ Windsor Place പുനര്‍ നാമകരണം ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനം ഈയടുത്ത്  വിവാദമായിരുന്നു. എന്നാല്‍ ഭഗത് സിങ്ങിന് വധശിക്ഷ കിട്ടിയത് ശോഭാസിംഗ് മൊഴി കൊടുത്തത് കൊണ്ടാണെന്ന വാദത്തെ ശോഭാസിങ്ങിന്‍റെ മകനും പ്രശസ്ത എഴുത്തുകാരനുമായ ഖുശ്വന്ത് സിംഗ് നിരാകരിക്കുന്നു. പക്ഷെ ഭഗത് സിങ്ങിനെതിരെ ശോഭാ സിംഗ് മൊഴി കൊടുത്തിരുന്നുവെന്നു ഖുശ്വന്ത് സിങ്ങും സമ്മതിക്കുന്നു.

1931 മാര്‍ച്ച്‌ ഇരുപത്തി മൂന്നിനു വൈകുന്നേരം ഏഴര മണിക്ക് ഭഗത് സിംഗ്, രാജ് ഗുരു, സുഖ ദേവ് എന്നിവരെ തൂക്കിലേറ്റി.മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തില്ല, പകരം മൃതദേഹം മണ്ണെണ്ണയൊഴിച്ചു കത്തിക്കുകയും പൂര്‍ണമായും കത്തിതീരും മുന്‍പേ  അവശിഷ്ടങ്ങള്‍ സത് ലജ്   നദിയിലേക്ക് വലിച്ചെറിയുകയും ചെയ്തു.
അമേരിക്കന്‍ പ്രസിഡണ്ട്‌ ജോര്‍ജ് ബുഷിന്റെ സുരക്ഷയെ മുന്‍ നിര്‍ത്തി ഗാന്ധിജിയുടെ  ശവ കുടീരത്തില്‍ പട്ടിയെ വിട്ടു പരിശോധന നടത്തിയപ്പോള്‍ - മാര്‍ച്ച്‌  2,2006
പിറന്ന മണ്ണിന്‍റെ അവകാശത്തിനു വേണ്ടി  സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കുമ്പോള്‍ അവര്‍ക്ക് ഉറപ്പായിരുന്നു, അവരുടെ പോരാട്ടങ്ങള്‍ ലക്‌ഷ്യം കാണുമെന്നും ,ഒരു നാള്‍ ഇന്ത്യ സ്വതന്ത്രയാകുമെന്നും...! എന്നാല്‍ ജനലക്ഷങ്ങളുടെ ജീവ രക്തം കൊടുത്തു നേടിയ സ്വാതന്ത്ര്യം ഒരു നൂറ്റാണ്ടു പോലും കാത്തു സൂക്ഷിക്കാന്‍ കെല്‍പ്പില്ലാത്തതും , പോരാട്ടങ്ങളെയെല്ലാം പാടേ വിസ്മരിച്ചു കൊണ്ട് സാമ്രാജ്യത്വത്തിന് നിരുപാധികം കീഴടങ്ങുകയും, അത് വലിച്ചെറിഞ്ഞു കൊടുക്കുന്ന എച്ചില്‍ കഷണങ്ങള്ക്ക് തിന്നു സംതൃപ്തിയടയുകയും ചെയ്യുന്ന ഒരു പിന്‍ തലമുറ തങ്ങള്‍ക്കുണ്ടാകുമെന്നു ഭഗത് സിങ്ങോ കൂട്ടാളികളോ സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാകുമോ...?


ഗാന്ധിജിയുടെ രക്തം പുരണ്ട മണ്ണും
പുല്‍കൊടികളും അടങ്ങിയ പെട്ടി


വെറും മണ്ണല്ലേ...!

മഹാത്മജിയുടെ രക്തം പുരണ്ട മണ്ണും പുല്‍കൊടികളും വില്പനയ്ക്ക് .  നാധുറാം വിനായക് ഗോഡ്സെ എന്ന ഹൈന്ദവ തീവ്ര വാദിയുടെ വെടിയേറ്റ്‌  മഹാത്മജി മരിച്ചു വീണ സ്ഥലത്ത് നിന്നു ശേഖരിച്ചു വച്ചിരുന്ന മണ്ണും പുല്‍കൊടികളും ആണ്  ഈ വരുന്ന ഏപ്രില്‍ പതിനേഴിന് ലേലം ചെയ്യുക വിശദാംശങ്ങള്‍ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക  മിനിമം ലേലത്തുകയായി ( ഗൈഡ് പ്രൈസ് ) നിശ്ചയിച്ചിരിക്കുന്നത്  £10000.00 - £15000.00 ആണ്. ഗാന്ധിജി ഉപയോഗിച്ചിരുന്ന കണ്ണടകള്‍ , കത്തുകള്‍, പ്രാര്‍ത്ഥന പുസ്തകം , ചര്‍ക്ക  തുടങ്ങി മറ്റു നിരവധി വസ്തുക്കളും ലേലം ചെയ്യുന്നുണ്ട്.