Saturday, October 29, 2011

തോല്‍പ്പിക്കാനാകുമോ..?


ജനാധിപത്യരാഷ്ട്രീയവ്യവസ്ഥകളില്‍പ്പോലും മാധ്യമങ്ങള്‍ അധികാര വര്‍ഗ്ഗത്തിന്റെ കുഴലൂത്തുകാര്‍ മാത്രമായി ഒതുങ്ങുന്നു എന്ന പഴി കേട്ടുകൊണ്ടേയിരിക്കുന്ന ഒരു കാല ഘട്ടത്തിലാണ് "രാജാവ് നഗനാണ് " എന്ന് സധൈര്യം വിളിച്ചു പറഞ്ഞു കൊണ്ടു "വിക്കി ലീക്സ് " രംഗത്ത് വരുന്നത് . സൈബര്‍ലോകത്തിന്റെ സാധ്യതകള്‍ ബുദ്ധിപൂര്‍വ്വം വിനിയോഗിച്ചു കൊണ്ടു നമ്മെ ഭരിക്കുന്നവരുടെ വിശ്വാസ വഞ്ചനയുടെ കഥകള്‍ ചോര്‍ത്തി തന്ന വിക്കി ലീക്സും ജൂലിയന്‍ അസാഞ്ചെയും ലോകത്തെ എല്ലാ തുറകളിലുമുള്ള സാമ്രാജ്യത്വവിരുദ്ധരുടെയും മനുഷ്യാവകാശപ്രവര്‍ത്തകരുടെയും ആരാധനാപാത്രമായി. ഗ്വോ­ണ്ടോ­നാ­മോ തട­വ­റ­യി­ലെ നട­പ­ടി­ക്ര­മ­ങ്ങള്‍,കോ­പ്പന്‍­ഹേ­ഗ­നി­ലെ കാ­ലാ­വ­സ്ഥാ ഉച്ച­കോ­ടി അട്ടിമറിക്കപ്പെട്ടത് , കെ­നി­യ­യില്‍ നി­യ­മ­ത്തെ മറി­ക­ട­ന്നു­കൊ­ണ്ട് നട­ന്ന കൊ­ല­പാ­ത­ക­ങ്ങള്‍, ആഫ്രി­ക്കന്‍ തീ­ര­ങ്ങ­ളില്‍ കൊ­ണ്ടു­ത­ള്ളിയ വി­ഷ­മ­യ­മു­ള്ള രാ­സ­വ­സ്തു­ക്കളുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ ഇവയൊക്കെ വിക്കി ലീക്സ് വഴി പുറത്തു വന്നപ്പോള്‍ തകര്‍ന്നു വീണത്‌ ലോക പോലീസ് ചമഞ്ഞു നടന്ന അമേരിക്കയുടെ അഹങ്കാരമാണ്. നയതന്ത്രപ്രവര്‍ത്തനത്തിന്റെ മറവില്‍ നടത്തിവരുന്ന ചാരപ്പണിയും അട്ടിമറികളും പുറത്തു വന്നതോടെ അമേ­രി­ക്ക­യു­ടെ നയ­ത­ന്ത്ര തല­ത്തി­ലു­ള്ള ബന്ധ­ങ്ങള്‍­ക്ക് ഏറെ ഉല­ച്ചില്‍ പറ്റി.ഇന്ത്യയുള്‍പ്പടെ വികസ്വര രാ­ജ്യ­ങ്ങ­ളി­ലെ ആഭ്യന്തര കാര്യങ്ങളില്‍ അമേ­രി­ക്കന്‍ കോര്‍­പ്പ­റേ­റ്റ് കമ്പ­നി­കള്‍­ക്കു­വേ­ണ്ടി നട­ത്തു­ന്ന ഗൂ­ഢ­നീ­ക്ക­ങ്ങള്‍, അഴി­മ­തി, മനു­ഷ്യാ­വ­കാശ ലം­ഘ­നം തു­ട­ങ്ങിയ കാ­ര്യ­ങ്ങ­ളും വെ­ളി­വാ­യി.

ഇറാ­ഖില്‍ അമേ­രി­ക്കന്‍ പട്ടാ­ള­ക്കാര്‍ നട­ത്തിയ ക്രൂ­ര­ത­ക­ളും മറ്റും വെ­ളി­പ്പെ­ടു­ത്തുന്ന 391,832 രേ­ഖ­ക­ളാ­ണ് പു­റ­ത്തു­വി­ട്ട­ത്. അ­ഫ്ഗാ­നി­സ്ഥാ­നി­ലെ പരാ­ജ­യ­പ്പെ­ട്ട യു­ദ്ധ­ത്തില്‍ അമേ­രി­ക്ക നട­പ്പി­ലാ­ക്കിയ യു­ദ്ധ­രീ­തി­ക­ളും ചെ­ല­വു­ക­ളും അമേ­രി­ക്കന്‍ പട്ടാ­ള­ക്കാ­രു­ടെ ക്രൂ­ര­ത­ക­ളു­മെ­ല്ലാം ലോ­ക­മ­റി­ഞ്ഞു. അമേ­രി­ക്ക­യു­ടെ അഫ്ഘാന്‍ നയ­വു­മാ­യി ബന്ധ­പ്പെ­ട്ട് 251,000 രഹ­സ്യ­രേ­ഖ­ക­ളാ­ണ് വി­ക്കി­ലീ­ക്സ് പു­റ­ത്തു­വി­ട്ട­ത്.

ഇന്ത്യ അമേരിക്കയുടെ ഏറ്റവും നല്ല സുഹൃത്താണെന്ന് ഊറ്റം കൊള്ളുന്നതിന്റെ പൊള്ളത്തരം വെളിപ്പെടുത്തിയത് വികിലീക്സ് കേബിളുകള്‍ ആണ്. ര­ക്ഷാ­സ­മി­തി സ്ഥി­രാം­ഗ­മാ­കാ­നു­ള്ള ഇന്ത്യ­യു­ടെ ശ്ര­മ­ങ്ങ­ളെ പു­ച്ഛി­ച്ചു തള്ളുന്നു, ഹി­ല­രി ക്ലി­ന്റണ്‍.ലോക്സഭയിലെ വിശ്വാസവോട്ടിനുപിന്നിലെ കോഴയിടപാടും പുറത്തു വന്നു ആണവ കരാറുമായി ബന്ധപ്പെട്ടു അമേരിക്കന്‍ കോര്‍­പ്പ­റേ­റ്റ് കമ്പ­നി­കള്‍­ക്കു അനുകൂലമായ നയരൂപീകരണത്തിന് ­വേ­ണ്ടി ഇന്ത്യന്‍ ജനാധിപത്യത്തെ വിലക്കെടുക്കാന്‍ ശ്രമിച്ചതും നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ അതിനു മുന്നില്‍ സമ്പൂര്‍ണം കീഴടങ്ങിയതും വെളിവായി.പുറമേക്ക് സര്‍ക്കാര്‍ വിരോധം പറയുമെങ്കിലും കാര്യത്തോടടുക്കുമ്പോള്‍ കരാറിനെ പിന്തുണക്കുമെന്ന് യു.എസ് ഉദ്യോഗസ്ഥരോട് ബി.ജെ.പി നേതാക്കള്‍ ഏറ്റിരുന്നുവത്രെ. ഇന്ത്യന്‍ മാധ്യമങ്ങള്‍ ആര്‍ക്കു വേണ്ടിയാണ് നില കൊള്ളുന്നത്‌ എന്ന കാര്യവും വെളിപ്പെട്ടു ഇടതുവിരോധംമൂലം അമേരിക്കയുടെ ദുഃസ്വാധീനം മറച്ചു പിടിക്കാന്‍ കോളമെഴുതി കഷ്ടപ്പെട്ടവരാണ് ഇന്ത്യന്‍ പത്രങ്ങള്‍. ( അമേരിക്കന്‍ സമ്മര്‍ദ്ദത്തെപ്പറ്റിയുള്ള "ദി ഹിന്ദു" റിപ്പോര്‍ട്ടുകള്‍ വിസ്മരിക്കുന്നില്ല )വി­ക്കി­ലീ­ക്സ് പു­റ­ത്തു­വി­ടാന്‍ പോ­കു­ന്ന രേ­ഖ­ക­ളില്‍ ഇന്ത്യ- അമേ­രി­ക്ക നയ­ത­ന്ത്ര­ബ­ന്ധ­ത്തെ ഉല­ക്കാന്‍ പോ­കു­ന്ന രേ­ഖ­ക­ളു­ണ്ടെ­ന്ന് നേ­ര­ത്തെ തി­രി­ച്ച­റി­ഞ്ഞ അമേ­രി­ക്ക ഇന്ത്യ­യ്ക്ക് മു­ന്ന­റി­യി­പ്പ് നല്‍­കി­യി­രു­ന്നു.അമേരിക്ക കെട്ടിപ്പൊക്കിയ വലിയ കച്ചവട സ്വപ്‌നങ്ങള്‍ തകര്‍ന്നടിയാന്‍ പാടില്ലല്ലോ...! (ഇന്ത്യന്‍ ഗവണ്‍ മെന്റ് ഇന്ത്യക്കാര്‍ക്ക് വേണ്ടി തീരുമാനം മാറ്റുമെന്ന് ഭയന്ന മണ്ടത്തരം...!)

രേ­ഖ­കള്‍ പു­റ­ത്തു­വി­ട്ട­പ്പോള്‍ തന്നെ ആകെ ആടിയുലഞ്ഞ അമേ­രി­ക്ക വി­ക്കി­ലീ­ക്സി­നെ തകര്‍­ക്കാ­നാ­യി ഒരു­മ്പെ­ട്ടി­റ­ങ്ങി­യി­രു­ന്നു. ചാരപ്രവര്‍ത്തനനിരോധന നിയമം ലംഘിച്ചുവെന്നുപറഞ്ഞ് അസാന്‍ജെയെ കുരുക്കാനായിരുന്നു ആദ്യശ്രമം.കെട്ടിച്ചമച്ച ലൈം­ഗി­ക­പീ­ഡ­ന­കേസിന്റെ പേരില്‍ ബ്രിട്ടനില്‍ അസാഞ്ചെയെ അറസ്റ്ചെയ്ത് ജയിലിലടച്ചു.കൂ­ടാ­തെ വി­ക്കി­ലീ­ക്സ് സൈ­റ്റ് ബ്ലോ­ക്ക് ചെ­യ്തു. വട­ക്കന്‍ ഫ്രാന്‍­സി­ലു­ള്ള വെ­ബ് ഹോ­സ്റ്റി­ങ് കമ്പ­നി­യായ ഒവി­എ­ച്ച് , വി­ക്കി­ലീ­ക്സി­ന്റെ ഡൊ­മെ­യ്ന്‍ സി­സ്റ്റം പ്രൊ­വൈ­ഡര്‍ എവ­രി­ഡി­എന്‍എ­സ് തുടങ്ങിയ കമ്പനികള്‍ അമേരിക്കന്‍ സമ്മര്‍ദ്ദം ഭയന്ന് വിക്കി ലീക്സിനുള്ള സേവനം അവസാനിപ്പിച്ചു. എല്ലാറ്റിനുമൊടുവില്‍ ബാങ്ക് ഓഫ് അമേരിക്ക കോര്‍പ്, വിസ, മാസ്റ്റര്‍കാര്‍ഡ്, ഇ ബേ പേപാല്‍ , വെസ്റ്റേണ്‍ യൂണിയന്‍ കോ തുടങ്ങിയ കമ്പനികള്‍ വിക്കിലീക്സിന് വിലക്കേര്‍പ്പെടുത്തിയതിനാല്‍ വിക്കി ലീക്സ് ഇപ്പോള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആണ്..വിക്കിലീക്സിന്റെ വരുമാനത്തിന്റെ 95 ശതമാനവും ഈ കമ്പനികള്‍ വഴിയാണ് കൈകാര്യംചെയ്തിരുന്നത്.

സാമ്പത്തികപ്രതിസന്ധി കാരണം വിക്കിലീക്ക്‌സിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായി ജൂലിയന്‍ അസാഞ്ജ് പോയവാരം വെളിപ്പെടുത്തി. അമേരിക്കന്‍ക്കമ്പനികളുടെ വിലക്ക് മറികടക്കാനും എങ്ങനെയും പണം കണ്ടെത്താനുമാണ് ശ്രമം. അതിന് കഴിഞ്ഞില്ലെങ്കില്‍ അടുത്തവര്‍ഷം പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും അസാന്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്വതന്ത്രമായ വിവര വിതരണത്തിനും അഭിപ്രായപ്രകടനത്തിനും ഇടമില്ലാത്ത അവസ്ഥയുണ്ടാക്കിത്തീര്‍ക്കുകയാണ് അമേരിക്കയെന്നും ഇത് ചോദ്യം ചെയ്യപ്പെടാതെപോയാല്‍ അപകടകരമായ കീഴ്വഴക്കം സൃഷ്ടിക്കലാവും അതെന്നും അസാന്‍ജെ പറഞ്ഞിട്ടുണ്ട്. ലോകം ശ്രദ്ധിക്കേണ്ട വാക്കുകളാണത്.

സാമ്പത്തികമായി തളര്‍ത്തിക്കൊണ്ട് ശത്രുവിനെ ഒതുക്കാനുള്ള അമേരിക്കന്‍ തന്ത്രം വിലപ്പോകുമോ ? 2010 ഡിസംബര്‍മുതല്‍ വിക്കിലീക്സിനുള്ള പ്രവര്‍ത്തനം വിസയും മാസ്റ്റര്‍കാര്‍ഡും നിര്‍ത്തിവച്ചു. ഈ കമ്പനികള്‍ ക്രെഡിറ്റ് കാര്‍ഡുവഴിയുള്ള സംഭാവന തടഞ്ഞതിന് തൊട്ടുമുമ്പുള്ള 24 മണിക്കൂറില്‍ 1.35 ലക്ഷം ഡോളറാണ് വിക്കിലീക്സിന്റെ അക്കൗണ്ടിലേക്ക് എത്തിയത്.

അ­സാ­ഞ്ച­യെ ഇല്ലാ­താ­ക്കാന്‍ ശ്ര­മി­ച്ചാ­ലും വി­ക്കി­ലീ­ക്സി­ലൂ­ടെ പു­റ­ത്തായ വി­വ­ര­ങ്ങ­ളെ­ല്ലാം­ത­ന്നെ ഇപ്പോ­ഴും ഇന്റര്‍­നെ­റ്റില്‍ സു­ല­ഭ­മാ­ണ്. വി­ക്കി­ലീ­ക്ക്സി­ന്റെ മി­റര്‍ സൈ­റ്റു­ക­ളെ­ല്ലാം ഒന്നൊ­ന്നാ­യി പൂ­ട്ടി­ക്കാന്‍ യു­എ­സി­നു സാ­ധി­ച്ചാ­ലും സാ­മ്പ­ത്തി­ക­മാ­യി എത്ര­മേല്‍ ഞെ­രു­ക്കി­യാ­ലും ഭരണ വര്‍ഗ്ഗത്തിന്റെ നെറികേടുകള്‍ പുറത്തു കൊണ്ടു വരാനും പ്രചരിപ്പിക്കാനും തന്റേടമുള്ള ഒരു ചെ­റു­സം­ഘ­മെ­ങ്കി­ലും ഉള്ളി­ട­ത്തോ­ളം കാലം P2P നെ­റ്റ്‌­വര്‍­ക്കു­കള്‍ വഴി ടോ­റ­ന്റ് ഉപ­യോ­ഗി­ച്ചും മറ്റും വി­വ­ര­ങ്ങള്‍ കൈ­മാ­റിക്കൊണ്ട് വിക്കി ലീക്സ് പോരാട്ടം തുടര്‍ന്നു കൊണ്ടു പോകാന്‍ കഴിയും..

അതെ, രാജാവ് നഗ്നനാണ് എന്ന് വിളിച്ചു പറയാന്‍ ഒരു പിഞ്ചു കുഞ്ഞു മതി..