Sunday, June 2, 2013

ചില ആന്റി- മഴക്കുഴി വിചാരങ്ങള്‍

കഴിഞ്ഞ വേനല്‍ നമ്മളെ ഒരു പാട് കാര്യങ്ങള്‍ പഠിപ്പിക്കാനുള്ള ഒരു ക്ളാസ്സ്‌ റൂമായിരുന്നു . മഴയില്ല,കിണറ്റില്‍ വെള്ളമില്ല, കറന്റില്ല, ചൂട് സഹിക്കാൻ പറ്റുന്നില്ല ... ഒരു മഴ പെയ്തിരുന്നുവെങ്കില്‍ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു പോയ നിമിഷങ്ങള്‍. ചെയ്തു കൂട്ടിയ പാതകങ്ങളുടെ അനന്തര ഫലങ്ങളെക്കുറിച്ച് തിരിച്ചറിവ് നേടാന്‍ ഒരവസരം?! എന്നിട്ടെന്തുണ്ടായി ? വല്ലതും പഠിച്ചോ?
ഇപ്പോള്‍ മഴ പെയ്തു തുടങ്ങിയല്ലോ, അല്ലേ ?

രണ്ടു മൂന്നു വര്ഷം മുന്‍പ്‌ കിണറുകളിലെ വെള്ളം വറ്റിയപ്പോള്‍ നമ്മള്‍ സാധാരണക്കാര്‍ ചെയ്തത് പ്രധാനമായും രണ്ടു കാര്യങ്ങള്‍ ആണ്. കുറേപ്പേര്‍ കുഴല്‍ കിണര്‍ കുഴിച്ചു, ഉടനെ വെള്ളം കിട്ടി, സന്തോഷമായി.മറ്റു ചിലര്‍ മഴക്കുഴികള്‍ കുഴിച്ചു.

കുഴല്‍ കിണര്‍ കുഴിച്ചവര്‍ക്ക് ലഭിച്ച താല്‍ക്കാലിക ആശ്വാസം എന്നാല്‍ അധിക കാലം നീണ്ടു നിന്നില്ല. പല കുഴല്‍ക്കിണറുകളും ഉപയോഗ ശൂന്യമായി. സംഭരിച്ചു നിര്‍ത്തുന്ന വെള്ളത്തിന്‍റെ അളവും ജലപീഠത്തിന്റെ(water table) നിരപ്പും താഴ്ന്നത് കൊണ്ടാണല്ലോ കിണറ്റിലെ വെള്ളമില്ലാതെയായത്. അത് കൊണ്ട് തന്നെ കൂടുതല്‍ ആഴത്തിലേക്ക് ചെന്ന് വെള്ളം ഊറ്റിയെടുക്കുന്ന പരിപാടി എത്ര നാള്‍ തുടരാനാകും...?

മഴക്കുഴികള്‍ പറഞ്ഞത് മറ്റൊരു കഥയാണ്. മഴക്കുഴികള്‍ കുഴിച്ചതിന് ശേഷം കിണറ്റില്‍ വെള്ളം കൂടിയതിന്‍റെ അനുഭവകഥകള്‍ നമ്മള്‍ കേട്ടു. സംസ്ഥാന സര്‍ക്കാരിന്‍റെയും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും മറ്റു ജനകീയ കൂട്ടായ്മകളുടെയും ഭാഗമായി മഴക്കുഴി നിര്‍മാണം തകൃതിയായി നടന്നു. ഭൂമിയില്‍ വീഴുന്ന മഴവെള്ളം വീഴുന്നിടത്തു തന്നെ വിവിധ രീതികളില്‍ ശേഖരിച്ച് ഭൂമിയില്‍ താഴാനുള്ള അവസരമൊരുക്കാനാണ് മഴക്കുഴികള്‍ നിര്‍മ്മിക്കുന്നത്. ഭൂഗര്‍ഭജലസംഭരണിയിലേക്ക് വെള്ളം ശേഖരിക്കുന്നതിനുള്ള ഉപാധി എന്ന നിലയില്‍ ഇത് സ്വീകരിക്കപ്പെട്ടു. മഴക്കുഴിയില്‍ കൊതുക് വളരും എന്ന രീതിയില്‍ ഉള്ള ചില ദോഷൈക ദൃക്കുകളുടെ പ്രചാരണം എന്തായാലും വിലപ്പോയില്ല.
ഭൂമിയില്‍ നിന്ന് ഊറ്റിയെടുക്കുന്ന വെള്ളം തിരിച്ചു നല്‍കേണ്ടതുണ്ട് എന്ന തിരിച്ചറിവ് നല്‍കുന്നു എന്ന അര്‍ത്ഥത്തില്‍ മഴക്കുഴികള്‍ ഒരു വിജയമാണ്. എന്നാല്‍ മഴക്കുഴികളുടെ നിര്‍മാണം ഒരു പരിസ്ഥിതി സൌഹൃദ പ്രവര്‍ത്തനമല്ല. ഭൂമിയില്‍ വീഴുന്ന മഴവെള്ളം വീഴുന്നിടത്തു തന്നെ ഭൂമിയില്‍ താഴാനുള്ള അവസരമൊരുക്കുന്നത് തികച്ചും അശാസ്ത്രീയമായ കാര്യമാണ്. മണ്ണില്‍ പതിക്കുന്ന ഓരോ തുള്ളി വെള്ളവും അതിന്‍റെ ഒഴുക്കിലൂടെ നിര്‍വഹിക്കുന്ന ജൈവ ധര്‍മ്മത്തെ അവഗണിക്കുന്നു എന്നിടത്താണ് പ്രധാന പ്രശ്നം. ജലസമൃദ്ധിയെ സമ്പൂര്‍ണമായി വിശുദ്ധമാക്കുന്ന ഭൗമ പ്രക്രിയയാണ് ജല പരിവൃത്തി. അതിനു വെള്ളം ചലനാത്മകമാവണം. ഒഴുക്ക് തുടരണം.

ജലചക്രം

പ്രകൃതിയില്‍ ലഭ്യമായ ജലം സദാസമയവും ഒരു രൂപത്തില്‍ നിന്ന് മറ്റൊരു രൂപത്തിലേയ്ക്ക് മാറുകയും ഇതൊരു ചാക്രിക പ്രക്രിയയായി തുടരുകയുമാണ്. ഈ പ്രക്രിയ ജലപരിവൃത്തി അഥവാ ജലചക്രം (hydrologic cycle) എന്നറിയപ്പെടുന്നു. സമുദ്രത്തിലെയും തടാകങ്ങളിലെയും നദികളിലെയും മറ്റ് ജലാശയങ്ങളിലെയും സസ്യജാലങ്ങളിലെയും ജലം നീരാവിയായി ഉയര്‍ന്ന് മേഘമായി മാറുകയും തുടര്‍ന്ന് മഴയായി പെയ്തിറങ്ങുകയും ആ ജലം തുടര്‍ന്ന് ജലാശയങ്ങളില്‍ എത്തിച്ചേരുകയും ചെയ്യുന്ന പ്രക്രിയയാണ് ഇത്. മഴവെള്ളത്തിന്റെ ഒരു ഭാഗം മരങ്ങളുടെ ഇലകളിലും മനുഷ്യനിര്‍മിതമായ വസ്തുക്കളിലും മറ്റും തങ്ങി നില്‍ക്കുന്നു. വലിയൊരു ഭാഗം ഭൂമിയില്‍ പതിക്കുന്നു. ഇങ്ങനെ ഭൂമിയുടെ ഉപരിതലത്തില്‍ എത്തുന്ന ജലത്തിന്റെ ഒരു ഭാഗം ഭൂമിക്കുള്ളിലേയ്ക്ക് കിനിഞ്ഞിറങ്ങി ഭൂഗര്‍ഭജലത്തിന്റെ ഭാഗമായി മാറുന്നു. ഭൂഗര്‍ഭജലത്തിന്റെ മേല്‍പ്പരപ്പ് ജല പീഠം (water table) എന്ന് അറിയപ്പെടുന്നു. കിണറുകളിലെ ജലം ഒരു പ്രദേശത്തെ ജല പീഠത്തിന്റെ സ്ഥിതിയെക്കുറിച്ച് സൂചന നല്‍കാന്‍ പര്യാപ്തമാണ്. പുതിയതായി കുഴിക്കുന്ന കിണറിന്റെ താഴ്ച ആ പ്രദേശത്തെ ജലനിരപ്പില്‍ എത്തുമ്പോഴാണ് കിണറ്റില്‍ വെള്ളം കാണുന്നത് .
ഉപരിതലത്തില്‍ പതിക്കുന്ന ജലത്തിന്റെ മറ്റൊരു ഭാഗം ഒഴുകി പോകുന്നു. ഇതിനെ ഉപരിതല പ്രവാഹം (surface run-off) എന്നു പറയാം. ഇത് ചെറിയ നീര്‍ച്ചാലുകളിലും തോടുകളിലും കൂടി ഒഴുകി നദികളിലും കായലുകളിലും ഒടുവില്‍ സമുദ്രത്തിലും എത്തിച്ചേരുന്നു. ഇതിന്‍റെ ഒരു ഭാഗം ബാഷ്പീകരണത്തിലൂടെ അന്തരീക്ഷത്തില്‍ തിരിച്ചെത്തുന്നു. ഭൂമിയില്‍ പതിക്കുന്ന ജലത്തിന്‍റെ എത്ര ശതമാനം മണ്ണിലേക്ക്‌ ആഴ്ന്നിറങ്ങി ഭൂഗര്‍ഭ ജലമായി തീരണം, എത്ര ശതമാനം ഒഴുകി പോകണം എന്നിവ തീരുമാനിക്കുന്ന നിരവധി ഘടകങ്ങള്‍ ഉണ്ട്. മഴയുടെ അളവ്, ഭൂപ്രകൃതി, ഭൂമിയുടെ ചരിവ്, ജലം ഉള്ളിലേക്ക് കടത്തി വിടാനുള്ള മണ്ണിന്റെ ശേഷി (permeability), ഒഴുക്കിന്റെ വേഗം കുറച്ച് ജലത്തിന്റെ കിനിഞ്ഞിറങ്ങല്‍ എളുപ്പത്തിലാക്കുന്ന സസ്യജാലങ്ങളുടെ സാന്നിധ്യം തുടങ്ങി പല ഘടകങ്ങളും ഈ വ്യവസ്ഥയെ അനുകൂലമായോ പ്രതികൂലമായോ ബാധിക്കുന്നു. ഈ ഘടകങ്ങളുടെ സാന്നിദ്ധ്യവും അസാന്നിദ്ധ്യവും ജലപ്രസരണത്തില്‍ ഉണ്ടാക്കുന്ന അസന്തുലിതാവസ്ഥയാണ് നമ്മളെ വരള്‍ച്ചയില്‍ കൊണ്ടെത്തിച്ചത്. ജലം ഒഴുകിപ്പോകാതെ തടഞ്ഞു നിര്‍ത്തി ഭൂജലപോഷണം നടത്തേണ്ട വനങ്ങള്‍ നശിപ്പിക്കപ്പെട്ടതും നെല്‍വയലുകളും കുളങ്ങളും കായലുകളും നികത്തപ്പെട്ടതും ജനസംഖ്യ വര്‍ധനവിന്റെയും നഗരവത്കരണത്തിന്റെയും ഫലമായി കൂടുതല്‍ കെട്ടിടങ്ങളും റോഡുകളും മറ്റും ഉണ്ടായതും വീട്ടുമുറ്റങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്തതുമൊക്കെ ഇതിനു കാരണമായിട്ടുണ്ട്. വമ്പന്‍ കുത്തകകളും ആഗോള ഭീമന്മാരും ഉദ്ദീപിപ്പിച്ച ഉപഭോഗ തൃഷ്ണയും, കേരളത്തിന്‍റെ ഭൂപ്രകൃതിയെയും പരിസ്ഥിതിയെയും സമഗ്രമായി പഠന വിധേയമാക്കാത്ത വികസന പദ്ധതികളുടെ കുത്തൊഴുക്കും ഇതിനു മുന്‍പെങ്ങുമില്ലാത്തവിധം ആക്കം കൂട്ടി.

ഒഴുക്ക് തുടരട്ടെ

കിഴക്കുനിന്ന് പടിഞ്ഞാറോട്ട് കുത്തനെയുള്ള ചരിവാണ് കേരളത്തിലുള്ളത്. അതിനാല്‍ തന്നെ പെയ്യുന്ന മഴയുടെ നല്ലൊരു ഭാഗം കടലിലേക്ക് ഒഴുകി പോകുന്നു. പശ്ചിമഘട്ടത്തില്‍ പതിക്കുന്ന മഴയുടെ 65% ഭാഗം 48 മണിക്കൂര്‍കൊണ്ട് അറബിക്കടലില്‍ ഒഴുകിയെത്തുന്നു എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. മണ്ണിലിറങ്ങാതെ ഒലിച്ചുപോകുന്ന വെള്ളത്തിന്‌ പ്രകൃതി ഒരുക്കിയ തടവാണ് സ്വാഭാവികമായ നിബിഡ വനമേഖല. ഒഴുകുന്ന വെള്ളത്തെ നിര്‍ബന്ധപൂര്‍വ്വം പിടിച്ചുവെക്കുന്ന പ്രകൃതിയുടെ തടയണകള്‍ . പശ്ചിമഘട്ടത്തിലെ ഈ മഴക്കാടുകളാണ് നമ്മുടെ നദികളിലെ വേനല്‍ക്കാല നീരൊഴുക്ക് എന്നും പൊലിപ്പിച്ചത്. ജലസംഭരണത്തിന്റെ അക്ഷയഖനികളായിരുന്നു നമ്മുടെ വയലേലകള്‍. ഇവയത്രയും നമ്മള്‍ മണ്ണിട്ട്‌ നികത്തിക്കൊണ്ടിരിക്കുകയാണല്ലോ.

മഴക്കുഴികള്‍ നിര്‍മ്മിക്കുന്നത് വെള്ളത്തിന്‍റെ ഉപരിതലപ്രവാഹം തടയുന്നുണ്ട്‌. ഇതൊരു ശാശ്വത പരിഹാരമല്ല എന്ന് മാത്രമല്ല, വെള്ളത്തിന്‍റെ ഒഴുക്ക് നിര്‍വഹിക്കുന്ന ജൈവ ധര്‍മത്തെ വിസ്മരിച്ചു കളയുകയും ചെയ്യുന്നു. വീഴുന്ന വെള്ളം എല്ലാം കുഴിയിലേക്ക് കൊണ്ട് പോയി മണ്ണില്‍ സംഭരിക്കുകയല്ല മറിച്ച് ഒഴുക്കിനിടയില്‍ പലയിടങ്ങളിലായി അവ മണ്ണിലേക്ക് ആഴ്ന്നിറങ്ങുകയാണ് വേണ്ടത് എന്നര്‍ത്ഥം. ഇതിനു നമ്മള്‍ വിവേചനരഹിതമായി നശിപ്പിച്ചു കളഞ്ഞ സസ്യ ജാല സമ്പത്തിന്‍റെ പുനരുദ്ധാരണവും നമ്മുട വയലേലകളുടെയും കുളങ്ങളുടേയും മറ്റു തണ്ണീര്‍ തടങ്ങളുടെയും വീണ്ടെടുപ്പും അനിവാര്യമാണ്.മണ്ണില്‍ വീഴുന്ന വെള്ളത്തിന്‍റെ ഒരു ഭാഗം നദികളിലൂടെയും അരുവികളിലൂടെയും തടാകങ്ങളിലൂടെയും ഒഴുകി കടലില്‍ എത്തേണ്ടതുണ്ട്. വെള്ളം വെറുതേയങ്ങ് ഒഴുകിപ്പോവുകയല്ല എന്നര്‍ത്ഥം. ഒഴുകിപ്പോകുന്ന വെള്ളം മണ്ണിനെ ഉര്‍വരമാക്കുന്നു. മണ്ണിലുള്ള അനേകായിരം സൂക്ഷ്മ ജീവികള്‍ക്കും സസ്യജാലങ്ങള്‍ക്കും ജീവാമൃതമായിത്തീരുന്നു. നദി ഒഴുക്കിലൂടെ ശേഖരിക്കുകയും നിക്ഷേപിക്കുകയും ചെയ്യുന്ന വസ്തുക്കള്‍ കൃഷിയിടങ്ങളെ ഫലഭൂയിഷ്ഠമാക്കുന്നു. ഒഴുകുന്ന വെള്ളം മണ്ണിലെ മാലിന്യങ്ങളെ നീക്കി ശുദ്ധീകരിക്കുന്നു. മണ്ണിലെയും ശിലകളിലെയും ലവണങ്ങളുടെയും ധാതുക്കളുടെയും ശേഖരണവും വിതരണവും ക്രമീകരിക്കാനും ലവണത്വം (salinity) കുറയ്ക്കാനും , സൂക്ഷ്മ ജീവികളുടെ മണ്ണിലുള്ള പ്രവര്‍ത്തനത്തിന് ഉല്‍പ്രേരകങ്ങളായി മാറാനും എന്ന് വേണ്ട എണ്ണിയാലൊടുങ്ങാത്ത നിരവധി ധര്‍മങ്ങള്‍ നിര്‍വഹിക്കുന്നുണ്ട് ഒഴുകുന്ന വെള്ളം. അത് കൊണ്ട് തന്നെ വെള്ളത്തെ നേരിട്ട് മണ്ണിലേക്ക്‌ ഇറക്കണ്ട, അതിന്‍റെ ഒഴുക്ക് തുടരട്ടെ. സ്വാഭാവിക മാര്‍ഗങ്ങള്‍ അതിനെ തടഞ്ഞു നിര്‍ത്തട്ടെ. മഴക്കുഴികളെ ഒരു പ്രഥമ ശുശ്രൂഷ എന്ന നിലയില്‍ കണക്കാക്കിയാല്‍ മതി. വരള്‍ച്ച നിയന്ത്രിക്കാന്‍ സമഗ്രമായ നീര്‍ത്തടാധിഷ്ഠിതമായ സമീപനത്തോടെയുള്ള ജല സംരക്ഷണവും , പരിസ്ഥിതിയെ അവഗണിച്ചു കൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണവും അനിവാര്യമാണ്.

പറഞ്ഞു വന്നത് ഇതാണ് . മഴക്കുഴികള്‍ കുഴിച്ചോളൂ. അതിന്‍റെ കൂടെ അതിനേക്കാള്‍ ചെറിയ ഒരു കുഴിയെടുത്ത് മരങ്ങളും നടാന്‍ മറക്കരുത്.

My Photoഅടിക്കുറിപ്പ്
 
         തയ്യാറാക്കിയത്  വിശ്വപ്രഭ
മഴക്കുഴികൾ ഉണ്ടാക്കുന്നതു് തെറ്റാണെന്ന ഒരു ധാരണ ഈ പോസ്റ്റ് മൂലം വായനക്കാർക്കുണ്ടാകാം. അങ്ങനെയല്ല എന്നുകൂടി ഊന്നിപ്പറയേണ്ടതുണ്ടു്. തൽക്കാലത്തേക്കെങ്കിലും നമുക്കു് മഴക്കുഴികൾ കൂടി അവശ്യം വേണ്ടതുതന്നെ.

കേരളത്തിലെ മൊത്തം വർഷപാതത്തിന്റെ നല്ലൊരു ഭാഗം ഇപ്പോഴും കടലിലേക്കുതന്നെ തിരിച്ചെത്തുന്നുണ്ടു്. മഴക്കുഴികൾ മൂലം surface run-offൽ സംഭവിക്കുന്ന കുറവ് വളരെ നേരിയതാണു്. പക്ഷേ, ആ run-off ന്റെ സ്വഭാവം പണ്ടത്തേതിനെ അപേക്ഷിച്ച് വളരെ മാറിയിട്ടുണ്ടു്. കാരണം വർഷപാത്തത്തിന്റേയും അതുൾക്കൊള്ളുന്ന ഉപരിതലത്തിന്റേയും സ്വഭാവം മാറിയിരിക്കുന്നു എന്നതുതന്നെ.

കൂടുതൽ മണിക്കൂറുകൾ/ദിവസങ്ങൾ ചാറിച്ചാറിപ്പെയ്യുന്ന മഴയായിരുന്നു മുമ്പൊക്കെ നമ്മുടെ നാട്ടിലെ പതിവു്. എന്നാൽ ഈയിടെ കാണുന്നതു് ഒറ്റയടിക്കു പെയ്യുന്ന ഹ്രസ്വമായ പേമാരികളാണു്. അന്തരീക്ഷത്തിലെ ഊഷ്മാവിന്റെ പ്രാകൃതികമായ differential അല്ല, ഗതികേടുകൊണ്ടുണ്ടാവുന്ന imbalance ആണു് ഇത്തരം മഴയുണ്ടാക്കുന്നതു്.
ഹ്രസ്വമായ പേമാരികൾ ഒറ്റയടിക്കു് വെള്ളം കൂട്ടുന്നു. താഴേക്കു് കിനിഞ്ഞിറങ്ങാൻ സമയം കിട്ടുന്നതിനുമുമ്പുതന്നെ അതു് മലവെള്ളമായി മിക്കവാറും കടലിലേക്ക് പെട്ടെന്നൊഴുകിയെത്തുന്നു. എന്നാൽ, മിതമായ നിരക്കിൽ പെയ്യുന്ന മഴയിൽ നല്ലൊരു ഭാഗം മണ്ണിൽ തന്നെ ആഴ്ന്നിറങ്ങുന്നു.

ഇങ്ങനെ ഇറങ്ങുന്ന വെള്ളത്തിൽ ഒരു ഭാഗം മേൽമണ്ണിലും മറ്റൊരു ഭാഗം കീഴെയുള്ള അക്വിഫറുകളിലുമാണു് എത്തുന്നതു്. ഉയർന്ന പ്രദേശങ്ങളിലെ മേൽമണ്ണിലേയും താരതമ്യേന ഉയർന്ന അക്വിഫയറുകളിലേയും വെള്ളമാണു് മഴയൊഴിഞ്ഞാലും ഉറവകളും അരുവികളുമായി പുഴകളെ ജീവിപ്പിക്കുന്നതു്.
അതുകൊണ്ടു്

(1) വർഷപാതതീവ്രത കുറയണം.

ഇതു നമുക്കു നേരിട്ടു ചെയ് യാൻകഴിയുന്ന കാര്യമല്ല. പക്ഷേ, ഇതിന്റെ കാരണത്തെ നമുക്കു നിയന്ത്രിക്കാൻ പറ്റും. അവിടെയാണു് Evapotranspiration (സസ്യങ്ങളിലെ സ്വേദനം) അതിഭീമമായ ഒരു പങ്കുവഹിക്കുന്നതു്.
ഉയർന്ന പ്രദേശങ്ങളിലുള്ള സസ്യങ്ങളുടെ സ്വേദബാഷ്പീകരണം അതിനുവേണ്ട ചൂടു വലിച്ചെടുക്കുന്നതു് ചുറ്റുപാടുകളിൽനിന്നുമാണു്. അതായതു് അന്തരീക്ഷത്തിൽ നിന്നുതന്നെ. അതിനാൽ മറ്റിടങ്ങളേക്കാൾ ആ മേഖലയിൽ അന്തരീക്ഷോഷ്മാവിൽ വളരെ ചെറിയ ഒരു കുറവുണ്ടാവും. ഒന്നോ രണ്ടോ ഡിഗ്രി സെൽഷ്യസ് മാത്രമേ കുറവുണ്ടാവൂ എങ്കിൽപോലും പെയ്യാൻ മുട്ടിനിൽക്കുന്ന മേഘങ്ങളെ സംബന്ധിച്ചിടത്തോളം അതു ധാരാളമാണു്. ഈ temperature differential മേഘത്തിലെ പൂരിതമായ നീരാവിയെ സാന്ദ്രീകരിപ്പിക്കുന്നു. അങ്ങനെയാണു് മഴ എന്ന സങ്കീർണ്ണപ്രതിഭാസം നടക്കുന്നതു്.

വർഷത്തിൽ സ്ഥിരമായി അനുഭവപ്പെടുന്ന ഈ താപവ്യത്യാസമാണു് സീസണിൽ മൂർദ്ധന്യം പ്രാപിക്കുന്നതും മൺസൂണിന്റെ സഹായത്തോടെ എത്തുന്ന കടൽമേഘങ്ങളെ മഴയാക്കി താഴേക്കു വിടുന്നതും.

മരമില്ലെങ്കിലോ? (അഥവാ തീരെ കുറഞ്ഞുപോയാലോ?)

എങ്കിൽ പലപ്പോഴായി പെയ്തുതീരേണ്ട മേഘങ്ങൾ പെയ്യാതെത്തന്നെ നിലനിൽക്കുന്നു. അല്ലെങ്കിൽ കാറ്റിൽ കൂടുതൽ അകലേക്കു് ( തമിഴ്നാട്ടിലേക്കും ആസ്സാമിലേക്കും ഇൻഡോനേഷ്യയിലേക്കും ) കാടും കാടുള്ള മലയും തേടിപ്പോവുന്നു. അഥവാ, തീരെ നിൽക്കക്കള്ളിയില്ലാതാവുമ്പോൾ, (സാന്ദ്രത ഒരു പരിധിയിൽ കൂടുമ്പോൾ) ഒറ്റയടിക്കുതന്നെ താഴേക്കു പതിക്കുകയും ചെയ്യുന്നു. അങ്ങനെയാണു് ഹ്രസ്വമായ പേമാരികൾ ഉണ്ടാവുന്നതു്.

അതിനാൽ ഈ പ്രതിഭാസത്തിനു മാറ്റം വരുത്താൻ നാം ചെയ്യേണ്ടതു് പരമാവധി evapotranspiration വർദ്ധിപ്പിക്കുക എന്നതാണു്. അതായതു് പരമാവധി സസ്യങ്ങൾ വെച്ചുപിടിപ്പിക്കുക. അതും കൂടുതൽ ഉയർന്ന പ്രദേശങ്ങളിൽ, പല ഉയരങ്ങളിലുമുള്ള കാനോപ്പികളായി.

(2) മലവെള്ളപ്പാച്ചിൽ (സഡൺ സർഫസ് റൺ-ഓഫ്) കുറയ്ക്കണം.

ഉപരിതലത്തിന്റെ സ്വഭാവം, മണ്ണിന്റെ permeability, ഭൂമിയുടെ ചെരിവ്, കുഴിവ്, ചെടികളുടെ വേരുപടലങ്ങൾ, മരങ്ങളുടെ ഇലത്തലപ്പ് (canopy) ഇവയെല്ലാം surface run-off കുറയ്ക്കുകയോ സാവധാനത്തിലാക്കുകയോ ചെയ്യും.

(1)അതിൽ ഒരു ഭാഗം മാത്രമാണു് 'സാധാരണ' മഴക്കുഴികൾ. എന്നാൽ ഏറ്റവും പെട്ടെന്നും കാര്യക്ഷമമായും ചെയ്യാവുന്ന ഘടകം കൂടിയാണു് അതു്.

സ്ഥിരമായ പരിസ്ഥിതിസംരക്ഷണത്തിനു് മഴക്കുഴികൾ മാത്രം പോരാ എന്നു സമ്മതിക്കാം. അതിനു ചെയ്യാനുള്ളതു് മറ്റു തരം കാര്യങ്ങളാണു്:

(2) ഉപരിതലങ്ങൾ കഴിയാവുന്നത്ര ജലസൗഹൃദകരമാക്കുക.

ടൈലുകളും കോൺക്രീറ്റുമിട്ട് മണ്ണിനെ കൊല്ലാതിരിക്കുക. അഥവാ നിർബന്ധമാണെങ്കിൽ അവിടെ പെയ്തുവീഴുന്ന വെള്ളം തൊട്ടടുത്തുതന്നെ മണ്ണിലേക്കിറക്കിവിടാൻ തക്ക വഴികൾ കണ്ടെത്തുക. റൺ-ഓഫ് ഒട്ടും അനുവദിക്കാതിരിക്കുക. ഗതാഗതപാതകൾക്കരികിലുള്ള മഴവെള്ളച്ചാലുകൾ നേരിട്ട് നദികളിലേക്കും പാടത്തേക്കും തുറക്കാതെ പ്രാദേശികമായിത്തന്നെ മഴക്കുഴികളിലോ കുളങ്ങളിലോ അതുപോലുള്ള ട്രാപ്പുകളിലോ ശേഖരിക്കുക.

(3) പെർമീബിലിറ്റി കുറയ്ക്കുന്ന ഘടകങ്ങൾ (ഇതു കാണുക )

മണ്ണിലെ കളിമണ്ണിന്റേയും മണലിന്റേയും അനുപാതം മാറാൻ അനുവദിക്കാതിരിക്കുക. കളിമണ്ണു് കൂടുതൽ സമയം കൂടുതൽ അളവിൽ ജലം സംഭരിച്ചുവെക്കും. എന്നാൽ അതിലൂടെ അരിച്ചിറങ്ങാൻ സമയമെടുക്കും. അതേ സമയം മണലിനു് നേർ വിപരീതസ്വഭാവമാണുള്ളതു്.

മാറിവരുന്ന നമ്മുടെ ജീവിതശൈലികൾ മണ്ണിന്‍റെ ഈ അനുപാതവും മാറ്റിമറിക്കുന്നുണ്ടു്. ഇവിടെയാണു് പാറമടകളും മണലൂറ്റും റോഡ്, കെട്ടിടം പണികളും ഊർജ്ജിത ഒറ്റവിളകൃഷികളും മറ്റും പ്രശ്നമുണ്ടാക്കുന്നതു്. അതിനാൽ ഈ വക കാര്യങ്ങളിൽ ശീലങ്ങൾ മാറ്റുക. സിമന്റും കോൺക്രീറ്റും മണ്ണിന്റേയും ജലത്തിന്റേയും ശത്രുക്കളാണെന്നറിയുക.

(4) ഭൂമിയുടെ ചരിവും കുഴിവും:
പ്രകൃതി അനേകായിരം കൊല്ലങ്ങളെക്കൊണ്ട് സ്വയം നിർദ്ധാരണം ചെയ്തെടുത്ത ടോപ്പോളജികളിലാണു് നാം പത്തും ഇരുപതും വർഷം കൊണ്ടു് നമ്മുടെ വികസനപരാക്രമം കാണിക്കുന്നതു്. ശരിയായി ആസൂത്രണം ചെയ്തു് നടപ്പിലാക്കുകയാണെങ്കിൽ കൂടുതൽ കാര്യക്ഷമമാക്കാവുന്ന Water shed management ആണു് നാം തകർത്തു തരിപ്പണമാക്കുന്നതു്. റോഡുകളും വലിയ ഹൗസിങ്ങ് കോളനികളും കോമ്പൗണ്ടുകളും വിമാനത്താവളങ്ങളും മറ്റു തരം സൗകര്യങ്ങളുമുണ്ടാക്കുമ്പോൾ മഴവെള്ളത്തെ ഒഴിച്ചുനിർത്തേണ്ട ഒരു ശല്യമായി കാണുന്നതിനു പകരം നമ്മുടെ ആർക്കിടെൿറ്റുകൾ അതിനെക്കൂടി ഉൾപ്പെടുത്തിയ വാസ്തുശിൽപ്പശാസ്ത്രം പഠിച്ചെടുക്കണം. സിമന്റ് ടബ്ബു് സ്വിമ്മിങ്ങ് പൂളുകളിലെ നീലവെള്ളത്തിനേക്കാൾ ജീവസ്സുറ്റവയാണു് വരുവെള്ളം എന്നു മനസ്സിലാക്കണം. ഒന്നിരുന്നാലോചിച്ചാൽ, നാടൻ കുളങ്ങളെപ്പോലെയുള്ള പൂളുകൾ എന്തുകൊണ്ടു നമുക്കായിക്കൂടാ?

(5) ഒടുവിൽ വീണ്ടും ചെന്നെത്തുക ചെടികളുടെ വേരുപടലങ്ങളിലേക്കും മരത്തലപ്പുകളിലേക്കും തന്നെയാണു്. താഴ്ന്ന(നിരപ്പുള്ള) ഇടങ്ങളിലായാൽ പോയാൽ പോലും സസ്യജാലങ്ങളാണു് മണ്ണിൽ ജലത്തെ തടഞ്ഞുനിർത്താനുള്ള ഏറ്റവും നല്ല അബ്സോർബറുകൾ.
അതുകൊണ്ട് പരമാവധി സസ്യങ്ങൾ (വഴിയരികിലും തൊടിയിലും ബാൽക്കണിയിലും ടെറസ്സിലും, വീടിനകത്തുപോലും) നട്ടുവളർത്തുക.

അപ്പോൾ റൺ-ഓഫ് ഒട്ടും വേണ്ടേ?

മഴവെള്ളം തടഞ്ഞുനിർത്താൻ എങ്ങനെയൊക്കെ നാം മിടുക്കുകാണിച്ചാലും, പെയ്യുന്ന മഴയുടെ നല്ലൊരു ശതമാനം പ്രത്യേകിച്ച് ഉപകാരമൊന്നും ചെയ്യാത്ത, പെട്ടെന്നുള്ള റൺ-ഓഫ് ആയിത്തന്നെ പോകും. എന്നാൽ, തടഞ്ഞുനിർത്തുന്ന വെള്ളം കൂടുതൽ ഉപകാരപ്രദവും സാവധാനത്തിലുള്ളതുമായ റൺ-ഓഫ് നിലനിർത്തും. ലവണാംശവും ജൈവ-രാസസംതുലനവും നിലനിർത്താൻ കൂടുതൽ അനുയോജ്യം അതാണു്.

17 comments:

 1. കാലികപ്രസക്തിയുള്ള വിഷയത്തെ ആശയവ്യക്തതയോടെ എഴുതിയിരിക്കുന്നു. മനോഹരമായ ഭാഷ. തെറ്റുകൾ വിരളം. (ഫലപൂയിഷ്ടം എന്ന് ഒരിടത്തു കണ്ടു. 'ഫലഭൂയിഷ്ഠ'മാണു ശരി. ഭൂയിഷ്ഠം=വളരെക്കൂടുതലുള്ള.) ഒരിടത്ത് ഒരു ഖണ്ഡിക ആവർത്തിച്ചിരിക്കൂന്നതും കണ്ടു. തിരുത്തുമല്ലോ. ബ്ലോഗുകളിൽ അപൂർവ്വമായിക്കാണുന്ന, ഉന്നത നിലവാരം പുലർത്തുന്ന ഈ എഴുത്തിന് ഭാവുകങ്ങൾ!

  ReplyDelete
 2. പ്രാദേശികഭരണകൂടങ്ങളുടെ ഇപ്പോഴത്തെ പ്രധാനപരിപാടികളിലൊന്ന് മഴക്കുഴിനിര്‍മ്മാണമാണ്. കുറേ കുഴികള്‍ നിര്‍മ്മിച്ച് ഭൂഗര്‍ഭജലത്തിന്റെ അളവ് കൂട്ടാം എന്നൊരു പ്രചരമാണ് നടക്കുന്നത്. ഇതിന്റെ പിന്നിലുള്ള കാര്യകാരണങ്ങളോ, ഇതിന്റെ ശാസ്ത്രീയതയോ ഒന്നും ആരും ചിന്തിക്കുന്നില്ല.... ലളിതമായ ഭാഷയില്‍ അവതരിപ്പിച്ച ഈ ലേഖനം പുതിയ ചിന്തകള്‍ തന്നു. നന്ദി....

  ReplyDelete
 3. ഫലഭൂയിഷ്ഠം ടൈപ്പ് ചെയ്തപ്പോള്‍ തെറ്റി പോയതാണ്. ഖണ്ഡിക ആവർത്തിച്ചിരിക്കൂന്നതും തെറ്റ് തന്നെ. അഭിപ്രായം രേഖപ്പെടുത്തിയതിനും തെറ്റുകള്‍ ചൂണ്ടിക്കാണിച്ചതിനും പ്രത്യേകം നന്ദി Nassar Ambazhekel

  ReplyDelete
 4. നല്ല ലേഖനം. പക്ഷേ, ഈ അടിക്കുറിപ്പും കൂടി ചേർത്തുവായിക്കണമെന്നു തോന്നുന്നു:

  മഴക്കുഴികൾ ഉണ്ടാക്കുന്നതു് തെറ്റാണെന്ന ഒരു ധാരണ ഈ പോസ്റ്റ് മൂലം വായനക്കാർക്കുണ്ടാകാം. അങ്ങനെയല്ല എന്നുകൂടി ഊന്നിപ്പറയേണ്ടതുണ്ടു്. തൽക്കാലത്തേക്കെങ്കിലും നമുക്കു് മഴക്കുഴികൾ കൂടി അവശ്യം വേണ്ടതുതന്നെ.

  കേരളത്തിലെ മൊത്തം വർഷപാതത്തിന്റെ നല്ലൊരു ഭാഗം ഇപ്പോഴും കടലിലേക്കുതന്നെ തിരിച്ചെത്തുന്നുണ്ടു്. മഴക്കുഴികൾ മൂലം surface run-offൽ സംഭവിക്കുന്ന കുറവ് വളരെ നേരിയതാണു്. പക്ഷേ, ആ run-off ന്റെ സ്വഭാവം പണ്ടത്തേതിനെ അപേക്ഷിച്ച് വളരെ മാറിയിട്ടുണ്ടു്. കാരണം വർഷപാത്തത്തിന്റേയും അതുൾക്കൊള്ളുന്ന ഉപരിതലത്തിന്റേയും സ്വഭാവം മാറിയിരിക്കുന്നു എന്നതുതന്നെ.

  കൂടുതൽ മണിക്കൂറുകൾ/ദിവസങ്ങൾ ചാറിച്ചാറിപ്പെയ്യുന്ന മഴയായിരുന്നു മുമ്പൊക്കെ നമ്മുടെ നാട്ടിലെ പതിവു്. എന്നാൽ ഈയിടെ കാണുന്നതു് ഒറ്റയടിക്കു പെയ്യുന്ന ഹ്രസ്വമായ പേമാരികളാണു്. അന്തരീക്ഷത്തിലെ ഊഷ്മാവിന്റെ പ്രാകൃതികമായ differential അല്ല, ഗതികേടുകൊണ്ടുണ്ടാവുന്ന imbalance ആണു് ഇത്തരം മഴയുണ്ടാക്കുന്നതു്.
  ഹ്രസ്വമായ പേമാരികൾ ഒറ്റയടിക്കു് വെള്ളം കൂട്ടുന്നു. താഴേക്കു് കിനിഞ്ഞിറങ്ങാൻ സമയം കിട്ടുന്നതിനുമുമ്പുതന്നെ അതു് മലവെള്ളമായി മിക്കവാറും കടലിലേക്ക് പെട്ടെന്നൊഴുകിയെത്തുന്നു. എന്നാൽ, മിതമായ നിരക്കിൽ പെയ്യുന്ന മഴയിൽ നല്ലൊരു ഭാഗം മണ്ണിൽ തന്നെ ആഴ്ന്നിറങ്ങുന്നു.
  (ഇതു കാണുക).

  ഇങ്ങനെ ഇറങ്ങുന്ന വെള്ളത്തിൽ ഒരു ഭാഗം മേൽമണ്ണിലും മറ്റൊരു ഭാഗം കീഴെയുള്ള അക്വിഫയറുകളിലുമാണു് എത്തുന്നതു്. ഉയർന്ന പ്രദേശങ്ങളിലെ മേൽമണ്ണിലേയും താരതമ്യേന ഉയർന്ന അക്വിഫയറുകളിലേയും വെള്ളമാണു് മഴയൊഴിഞ്ഞാലും ഉറവകളും അരുവികളുമായി പുഴകളെ ജീവിപ്പിക്കുന്നതു്.

  അതുകൊണ്ടു്
  (തുടർന്നു് ഭാഗം 2...)

  ReplyDelete
 5. (ഭാഗം 2...)

  അതുകൊണ്ടു്
  (1) വർഷപാതതീവ്രത കുറയണം.
  ഇതു നമുക്കു നേരിട്ടു ചെയ് യാൻകഴിയുന്ന കാര്യമല്ല. പക്ഷേ, ഇതിന്റെ കാരണത്തെ നമുക്കു നിയന്ത്രിക്കാൻ പറ്റും. അവിടെയാണു് Evapotranspiration (സസ്യങ്ങളിലെ സ്വേദനം) അതിഭീമമായ ഒരു പങ്കുവഹിക്കുന്നതു്.
  ഉയർന്ന പ്രദേശങ്ങളിലുള്ള സസ്യങ്ങളുടെ സ്വേദബാഷ്പീകരണം അതിനുവേണ്ട ചൂടു വലിച്ചെടുക്കുന്നതു് ചുറ്റുപാടുകളിൽനിന്നുമാണു്. അതായതു് അന്തരീക്ഷത്തിൽ നിന്നുതന്നെ. അതിനാൽ മറ്റിടങ്ങളേക്കാൾ ആ മേഖലയിൽ അന്തരീക്ഷോഷ്മാവിൽ വളരെ ചെറിയ ഒരു കുറവുണ്ടാവും. ഒന്നോ രണ്ടോ ഡിഗ്രി സെൽഷ്യസ് മാത്രമേ കുറവുണ്ടാവൂ എങ്കിൽപോലും പെയ്യാൻ മുട്ടിനിൽക്കുന്ന മേഘങ്ങളെ സംബന്ധിച്ചിടത്തോളം അതു ധാരാളമാണു്. ഈ temperature differential മേഘത്തിലെ പൂരിതമായ നീരാവിയെ സാന്ദ്രീകരിപ്പിക്കുന്നു. അങ്ങനെയാണു് മഴ എന്ന സങ്കീർണ്ണപ്രതിഭാസം നടക്കുന്നതു്.

  വർഷത്തിൽ സ്ഥിരമായി അനുഭവപ്പെടുന്ന ഈ താപവ്യത്യാസമാണു് സീസണിൽ മൂർദ്ധന്യം പ്രാപിക്കുന്നതും മൺസൂണിന്റെ സഹായത്തോടെ എത്തുന്ന കടൽമേഘങ്ങളെ മഴയാക്കി താഴേക്കു വിടുന്നതും.

  മരമില്ലെങ്കിലോ? (അഥവാ തീരെ കുറഞ്ഞുപോയാലോ?)

  എങ്കിൽ പലപ്പോഴായി പെയ്തുതീരേണ്ട മേഘങ്ങൾ പെയ്യാതെത്തന്നെ നിലനിൽക്കുന്നു. അല്ലെങ്കിൽ കാറ്റിൽ കൂടുതൽ അകലേക്കു് ( തമിഴ്നാട്ടിലേക്കും ആസ്സാമിലേക്കും ഇൻഡോനേഷ്യയിലേക്കും ) കാടും കാടുള്ള മലയും തേടിപ്പോവുന്നു. അഥവാ, തീരെ നിൽക്കക്കള്ളിയില്ലാതാവുമ്പോൾ, (സാന്ദ്രത ഒരു പരിധിയിൽ കൂടുമ്പോൾ) ഒറ്റയടിക്കുതന്നെ താഴേക്കു പതിക്കുകയും ചെയ്യുന്നു. അങ്ങനെയാണു് ഹ്രസ്വമായ പേമാരികൾ ഉണ്ടാവുന്നതു്.

  (തുടർന്നു് ഭാഗം 3...)

  ReplyDelete
 6. (ഭാഗം 3)

  അതിനാൽ ഈ പ്രതിഭാസത്തിനു മാറ്റം വരുത്താൻ നാം ചെയ്യേണ്ടതു് പരമാവധി evapotranspiration വർദ്ധിപ്പിക്കുക എന്നതാണു്. അതായതു് പരമാവധി സസ്യങ്ങൾ വെച്ചുപിടിപ്പിക്കുക. അതും കൂടുതൽ ഉയർന്ന പ്രദേശങ്ങളിൽ, പല ഉയരങ്ങളിലുമുള്ള കാനോപ്പികളായി.

  (2) മലവെള്ളപ്പാച്ചിൽ (സഡൺ സർഫസ് റൺ-ഓഫ്) കുറയ്ക്കണം.

  ഉപരിതലത്തിന്റെ സ്വഭാവം, മണ്ണിന്റെ permeability, ഭൂമിയുടെ ചെരിവ്, കുഴിവ്, ചെടികളുടെ വേരുപടലങ്ങൾ, മരങ്ങളുടെ ഇലത്തലപ്പ് (canopy) ഇവയെല്ലാം surface run-off കുറയ്ക്കുകയോ സാവധാനത്തിലാക്കുകയോ ചെയ്യും.

  (1)അതിൽ ഒരു ഭാഗം മാത്രമാണു് 'സാധാരണ' മഴക്കുഴികൾ. എന്നാൽ ഏറ്റവും പെട്ടെന്നും കാര്യക്ഷമമായും ചെയ്യാവുന്ന ഘടകം കൂടിയാണു് അതു്.

  സ്ഥിരമായ പരിസ്ഥിതിസംരക്ഷണത്തിനു് മഴക്കുഴികൾ മാത്രം പോരാ എന്നു സമ്മതിക്കാം. അതിനു ചെയ്യാനുള്ളതു് മറ്റു തരം കാര്യങ്ങളാണു്:

  (2) ഉപരിതലങ്ങൾ കഴിയാവുന്നത്ര ജലസൗഹൃദകരമാക്കുക. ടൈലുകളും കോൺക്രീറ്റുമിട്ട് മണ്ണിനെ കൊല്ലാതിരിക്കുക. അഥവാ നിർബന്ധമാണെങ്കിൽ അവിടെ പെയ്തുവീഴുന്ന വെള്ളം തൊട്ടടുത്തുതന്നെ മണ്ണിലേക്കിറക്കിവിടാൻ തക്ക വഴികൾ കണ്ടെത്തുക. റൺ-ഓഫ് ഒട്ടും അനുവദിക്കാതിരിക്കുക. ഗതാഗതപാതകൾക്കരികിലുള്ള മഴവെള്ളച്ചാലുകൾ നേരിട്ട് നദികളിലേക്കും പാടത്തേക്കും തുറക്കാതെ പ്രാദേശികമായിത്തന്നെ മഴക്കുഴികളിലോ കുളങ്ങളിലോ അതുപോലുള്ള ട്രാപ്പുകളിലോ ശേഖരിക്കുക.
  (3) പെർമീബിലിറ്റി കുറയ്ക്കുന്ന ഘടകങ്ങൾ (ഇതു കാണുക മണ്ണിലെ കളിമണ്ണിന്റേയും മണലിന്റേയും അനുപാതം മാറാൻ അനുവദിക്കാതിരിക്കുക. കളിമണ്ണു് കൂടുതൽ സമയം കൂടുതൽ അളവിൽ ജലം സംഭരിച്ചുവെക്കും. എന്നാൽ അതിലൂടെ അരിച്ചിറങ്ങാൻ സമയമെടുക്കും. അതേ സമയം മണലിനു് നേർ വിപരീതസ്വഭാവമാണുള്ളതു്.

  മാറിവരുന്ന നമ്മുടെ ജീവിതശൈലികൾ മൻണിന്റെ ഈ അനുപാതവും മാറ്റിമറിക്കുന്നുണ്ടു്. ഇവിടെയാണു് പാറമടകളും മണലൂറ്റും റോഡ്, കെട്ടിടം പണികളും ഊർജ്ജിത ഒറ്റവിളകൃഷികളും മറ്റും പ്രശ്നമുണ്ടാക്കുന്നതു്. അതിനാൽ ഈ വക കാര്യങ്ങളിൽ ശീലങ്ങൾ മാറ്റുക. സിമന്റും കോൺക്രീറ്റും മണ്ണിന്റേയും ജലത്തിന്റേയും ശത്രുക്കളാണെന്നറിയുക.

  (4) ഭൂമിയുടെ ചെരിവും കുഴിവും:
  പ്രകൃതി അനേകായിരം കൊല്ലങ്ങളെക്കൊണ്ട് സ്വയം നിർദ്ധാരണം ചെയ്തെടുത്ത ടോപ്പോളജികളിലാണു് നാം പത്തും ഇരുപതും വർഷം കൊണ്ടു് നമ്മുടെ വികസനപരാക്രമം കാണിക്കുന്നതു്. ശരിയായി ആസൂത്രണം ചെയ്തു് നടപ്പിലാക്കുകയാണെങ്കിൽ കൂടുതൽ കാര്യക്ഷമമാക്കാവുന്ന Water shed management ആണു് നാം തകർത്തു തരിപ്പണമാക്കുന്നതു്. റോഡുകളും വലിയ ഹൗസിങ്ങ് കോളനികളും കോമ്പൗണ്ടുകളും വിമാനത്താവളങ്ങളും മറ്റു തരം സൗകര്യങ്ങളുമുണ്ടാക്കുമ്പോൾ മഴവെള്ളത്തെ ഒഴിച്ചുനിർത്തേണ്ട ഒരു ശല്യമായി കാണുന്നതിനു പകരം നമ്മുടെ ആർക്കിടെൿറ്റുകൾ അതിനെക്കൂടി ഉൾപ്പെടുത്തിയ വാസ്തുശിൽപ്പശാസ്ത്രം പഠിച്ചെടുക്കണം. സിമന്റ് ടബ്ബു് സ്വിമ്മിങ്ങ് പൂളുകളിലെ നീലവെള്ളത്തിനേക്കാൾ ജീവസ്സുറ്റവയാണു് വരുവെള്ളം എന്നു മനസ്സിലാക്കണം. ഒന്നിരുന്നാലോചിച്ചാൽ, നാടൻ കുളങ്ങളെപ്പോലെയുള്ള പൂളുകൾ എന്തുകൊണ്ടു നമുക്കായിക്കൂടാ?

  (5) ഒടുവിൽ വീണ്ടും ചെന്നെത്തുക ചെടികളുടെ വേരുപടലങ്ങളിലേക്കും മരത്തലപ്പുകളിലേക്കും തന്നെയാണു്. താഴ്ന്ന(നിരപ്പുള്ള) ഇടങ്ങളിലായാൽ പോയാൽ പോലും സസ്യജാലങ്ങളാണു് മണ്ണിൽ ജലത്തെ തടഞ്ഞുനിർത്താനുള്ള ഏറ്റവും നല്ല അബ്സോർബറുകൾ. അതുകൊണ്ട് പരമാവധി സസ്യങ്ങൾ (വഴിയരികിലും തൊടിയിലും ബാൽക്കണിയിലും ടെറസ്സിലും, വീടിനകത്തുപോലും) നട്ടുവളർത്തുക.

  അപ്പോൾ റൺ-ഓഫ് ഒട്ടും വേണ്ടേ?

  മഴവെള്ളം തടഞ്ഞുനിർത്താൻ എങ്ങനെയൊക്കെ നാം മിടുക്കുകാണിച്ചാലും, പെയ്യുന്ന മഴയുടെ നല്ലൊരു ശതമാനം പ്രത്യേകിച്ച് ഉപകാരമൊന്നും ചെയ്യാത്ത, പെട്ടെന്നുള്ള റൺ-ഓഫ് ആയിത്തന്നെ പോകും. എന്നാൽ, തടഞ്ഞുനിർത്തുന്ന വെള്ളം കൂടുതൽ ഉപകാരപ്രദവും സാവധാനത്തിലുള്ളതുമായ റൺ-ഓഫ് നിലനിർത്തും. ലവണാംശവും ജൈവ-രാസസംതുലനവും നിലനിർത്താൻ കൂടുതൽ അനുയോജ്യം അതാണു്.

  ReplyDelete
 7. ചിന്തിപ്പിക്കുന്ന ഒരു ലേഖനം - കടുത്ത വേനല്‍ കെടുതിയില്‍ നിന്നും മോചനം നല്‍കിക്കൊണ്ട് മഴ പെയ്യാന്‍ തുടങ്ങിയിരിക്കുന്നു. വരള്‍ച്ചയെക്കുറിച്ച് ഇനി ഒരു പക്ഷേ അടുത്ത വേനല്‍ വരെ ആരും ചിന്തിക്കില്ല. ദീര്‍ഘവീക്ഷണമില്ലായ്മയാണ് നമ്മുടെ മുഖ മുദ്ര. താല്‍കാലിക പരിഹാരങ്ങള്‍ കണ്ടെത്തി സായൂജ്യമണയും. അടുത്ത തവണ വീണ്ടും പ്രശ്നം വരുമ്പോള്‍ വേറെ എന്തെങ്കിലും താല്‍ക്കാലിക പരിഹാരം കാണും - അത്ര തന്നെ! ചിലരെങ്കിലും മാറി ചിന്തിച്ചാല്‍ നന്നാവും.

  എണ്ണിയാലൊടുങ്ങാത്ത 'നിരാവധി' ധര്‍മങ്ങള്‍ എന്നത് 'നിരവധി' എന്നാക്കി തിരുത്തുമല്ലോ! അക്ഷരത്തെറ്റുകള്‍ ഇല്ലാത്ത ബ്ലോഗുകള്‍ അപൂർവ്വമാണ് എന്ന സ്ഥിതി നിലനില്‍ക്കേ, നല്ല നിലവാരം പുലർത്തുന്ന ഈ ബ്ലോഗ്‌ വായിച്ചപ്പോള്‍ വളരെ സന്തോഷം തോന്നി! എല്ലാ ഭാവുകങ്ങളും നേരുന്നു !

  ReplyDelete
 8. This comment has been removed by the author.

  ReplyDelete
 9. ഇന്നു ലോകം മുഴുവന്‍ ചിന്തിക്കുന്ന പ്രശ്നം ആഗോളതാപനം. കേരളത്തിന്റെ പരിസ്ഥിതിയില്‍ വളരെ ഗൌരവമര്‍ഹിക്കുന്ന വിഷയം.ഏതു വിമാനത്താവള- സ്മാര്‍ട്ട്‌സിറ്റിയെക്കാളും ഊന്നല്‍ കൊടുക്കേണ്ട വിഷയം.
  മരങ്ങള്‍ വെച്ചുപിടിപ്പിക്കുകയാണ് ഏറ്റവും പ്രാധാനം എന്ന പോയിന്‍റ് ആദ്യമേ അടിവരയിട്ടിരുന്നെങ്കില്‍ ഒരുപാട് നന്നായേനെ എന്ന് തോന്നി.ഇടക്കുവെച്ചു വായന ഉപേക്ഷിച്ച് പോകുന്നവര്‍ക്കും ഒരു ചിന്തയായിക്കോട്ടെ.

  ReplyDelete
 10. ഒരു രാജ്യത്തെ ഭരണ കർത്താക്കൾ ചെയ്യേണ്ട ഏറ്റവും വലിയ കാര്യം പരിസ്ഥിതിയെ സംരക്ഷിക്കാൻ പ്രൊജക്റ്റുകൾ കൊണ്ടു വരിക എന്നത് തന്നെയാണ്, പക്ഷെ നമ്മുടെ വനം മന്ത്രിമാർ വരെ അതിനായി ഇന്ന് എന്തെങ്കിലും ചെയ്യുന്നുണ്ടോ !!
  വലിയ വലിയ കെട്ടിടങ്ങൾ കെട്ടാൻ കൂട്ട് നിന്ന് കൊടുക്കുക എന്നതല്ലാതെ എന്താണ് അവരിന്ന് ചെയ്യുന്നത്...

  ചിന്തിക്കാനുള്ള ഒരു എഴുത്താണിത്, ഞാനും നിങ്ങളും മാറണം

  ReplyDelete
 11. അതെ നമുക്ക്
  മഴക്കുഴിയും വേണം
  മരവും വേണം

  അസ്സലൊരു ലേഖനം കേട്ടൊ ഭായ്

  ReplyDelete
 12. നല്ലൊരു ലേഖനം
  മഴക്കുഴികള്‍ ഒരുക്കുന്നതോടൊപ്പം തന്നെ ജനങ്ങള്‍ അധികം തിങ്ങിപ്പാര്‍ക്കുന്ന
  ഇടങ്ങളില്‍ കെട്ടിനില്‍ക്കുന്ന മഴവെള്ളം ഒഴുകിപോകാനുളള സൌകര്യവും
  ഉണ്ടാക്കണം.
  ആശംസകള്‍

  ReplyDelete
 13. പെട്ടെന്നുള്ള ഒരു പ്രതികരണം ആണ് ഇത്. ഭൂഗര്ഭ ജല വിതാനം ഗണ്യമായി ഉയരാൻ പാകത്തിൽ നാം ഇനിയും ഒരുപാട് ചെയ്യേണ്ടതുണ്ട് എന്ന് കഴിഞ്ഞ വേനൽ ആണ് നമ്മെ ബോധ്യപ്പെടുത്തിയത് എന്ന് തോന്നുന്നു. ആ ദിശയിലെ ഏറ്റവും എളുപ്പവും പ്രയോഗക്ഷമവും ഫലപ്രദവും ആയ ഒരു പ്രവര്ത്തി ആണ് മഴക്കുഴിനിര്മാണം. നമ്മളെല്ലാം കൂടി എത്ര ആഞ്ഞു പിടിച്ചാലും കേരളത്തിൽ പെയ്യുന്ന മഴയിൽ കിട്ടുന്ന / ഒഴുകിപ്പോകുന്ന വെള്ളത്തിന്റെ പത്തിൽ ഒന്നെങ്കിലും ഭൂമിയിൽ താഴ്‌ത്താൻ ആവുമെന്ന് ഞാൻ കരുതുന്നില്ല. ഇപ്പോൾ നമുക്ക് കരുതാവുന്ന അന്തിമ പരിഹാരം പച്ചപ്പ്‌ തിരിച്ച് പിടിക്കുക തന്നെ ആണ്. എന്നാൽ ആ ശ്രമത്തെ മഴക്കുഴി പ്രശ്നവുമായി ബന്ധിപ്പിക്കേണ്ടതില്ല. "ചില ആന്റി- മഴക്കുഴി വിചാരങ്ങള്‍" എന്ന തലക്കെട്ട്‌ കൂടി ആകുമ്പോൾ സംഗതി വല്ലാതെ ക്ലിഷ്ടം ആകുന്നു. എല്ലാരും കൂടി മഴക്കുഴി കുഴിച്ച് ജല പരിവൃത്തി യെ പൂര്ണമായും അട്ടിമറിക്കുന്ന അവസ്ഥ പ്രതീക്ഷിക്കുകയെ വേണ്ട.

  ReplyDelete
 14. ഓഫീസുകളുടെയും വീടുകളുടെയും കോണ്ക്രീറ്റ് ചെയ്ത മുറ്റങ്ങളുടെ മൊത്തം വിസ്തീര്‍ണ്ണം എടുത്താല്‍ ഗണ്യമായ വിസ്തൃതി, ഭൂമിയിലേക്ക്‌ ഇറങ്ങുന്ന വെള്ളത്തിനു വേണ്ട ഉപരിതലം കുറയ്ക്കുന്നതായി കാണാം. ഇത് നിരോധിക്കുക

  ReplyDelete
 15. പ്രകൃതിയിലേയ്ക്ക് മടങ്ങാം

  ReplyDelete
 16. നന്നായി ഗൃഹപാഠം ചെയ്തിട്ടാണ് ലേഖനം എഴുതിയതെന്നു മനസ്സിലായി. നനായിട്ടുണ്ട്.

  ReplyDelete