Saturday, October 19, 2013

'വിഡ്ഢി'കളുടെ സ്വര്ണം


ഉദ്വേഗ ജനകമായ സംഭവങ്ങൾ നിറഞ്ഞ നിധിവേട്ടയുടെ കഥകൾ നമ്മുടെ കുട്ടിക്കാലത്തെ ഹരം കൊള്ളിച്ചിട്ടുണ്ട്. ഏതെങ്കിലും പ്രദേശത്തുള്ള നിധിയെക്കുറിച്ച് പഴയ താളിയോലക്കെട്ടുകളിലോ , അല്ലെങ്കിൽ വല്ല തകിടിലോ , അതുമല്ലെങ്കിൽ സ്വപ്നത്തിൽ നിന്നോ മറ്റോ കിട്ടുന്ന വിവരം അനുസരിച്ചു ഒരു കൂട്ടം ആൾക്കാർ നിധി വേട്ട ആരംഭിക്കുന്നു . പിന്നീടു ഉദ്വേഗ ജനകമായ സംഭവ ങ്ങൾ ആണ്. ഒടുവിൽ നിധി കണ്ടെത്തുന്നതിൽ / അല്ലെങ്കിൽ എല്ലാവരുടെയും മരണത്തിൽ കഥ അവസാനിക്കും... ഇത് പഴങ്കഥ . നൂറ്റാണ്ടുകളുടെ ശാസ്ത്ര പാരമ്പര്യം അവകാശപ്പെടുന്ന , സാങ്കേതിക വിദ്യയിൽ മുൻപിൽ നില്ക്കുന്നുവെന്ന് അഭിമാനം കൊള്ളുന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിൽ സര്ക്കാര് ചിലവിൽ ഇങ്ങനെ ഒരു നിധിവേട്ട നടക്കുന്നു എന്ന് കേട്ടാൽ വിശ്വസിക്കാൻ പ്രയാസം തോന്നും ...!!!

സംഭവ സ്ഥലത്ത് തടിച്ചു കൂടിയ മാധ്യമങ്ങൾ
ഉത്തർപ്രദേശിൽ ലഖ്നൌവിൽ നിന്ന് ഏതാണ്ട് നൂറു കിലോമീറ്റർ അകലെ ഉന്നോ ( Unnao) ജില്ലയിലെ Duandia Kheda ഗ്രാമത്തിലാണ് സംഭവം.ഇവിടെ ഭൂമിക്കടിയിൽ ഉണ്ടെന്നു പറയപ്പെടുന്ന ആയിരം ടണ്‍ സ്വർണ്ണത്തിനു വേണ്ടി യുള്ള ഉത്ഖനനം ആര്ക്കിയോളജിസ്ടുകളും ,ജിയോലജിസ്ടുകളും അടങ്ങുന്ന സംഘം ആരംഭിച്ചു കഴിഞ്ഞു. ഖനനത്തിന് പ്രേരിപ്പിച്ചതോ പ്രദേശത്തെ ഒരു സന്യാസിയായ ശോഭന്‍ സര്‍ക്കാരിനുണ്ടായി എന്ന് പറയപ്പെടുന്ന ഒരു സ്വപ്നത്തിൻറെ അടിസ്ഥാനത്തിലും .!!

ചരണ്‍ ദാസ്‌ മഹന്ദ്‌
1857 ല്‍ ബ്രിട്ടീഷ് കാര്ക്കെതിരെയുള്ള ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ മരണപ്പെട്ട രാജാവ് റാവു റാം ബക്ഷ് സിംഗിൻറെ ആത്മാവ് തൻറെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടു എന്നും അദ്ദേഹത്തിൻറെ കോട്ടയുടെ അടിയിൽ 1000 ടണ്‍ സ്വര്‍ണംഉണ്ടെന്നും അപകടത്തിലായിരിക്കുന്ന ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയെ രക്ഷിക്കാൻ ഈ സ്വർണ്ണം ഉപയോഗിക്കണം എന്നും രാജാവ് ആവശ്യപ്പെട്ടു എന്നുമാണ് ശോഭന്‍ സര്‍ക്കാരിൻറെ വാദം . സ്വപ്നത്തിൻറെ വിവരം പലരോടും പറഞ്ഞുവെങ്കിലും കേട്ടവർ കേട്ടവർ അത് പുച്ഛിച്ച് തള്ളിയത്രേ. സ്വപ്നത്തെക്കുറിച്ച് കേന്ദ്ര സർക്കാരിന് കത്തയച്ചു.  സംഭവം അന്വേഷിക്കാൻ  കേന്ദ്രം ജില്ലാ  മജിസ്ട്രേറ്റ്നെ നിയോഗിച്ചു. കേന്ദ്രമന്ത്രി ചരണ്‍ ദാസ്‌ മഹന്ദ്‌ ഈ സ്ഥലം സന്ദർശിച്ചു. അദ്ദേഹത്തിൻറെ നിര്‍ദേശപ്രകാരമാണ്‌ നിധിവേട്ടയ്‌ക്ക്‌ അരങ്ങൊരുങ്ങിയത് . ആർക്കിയോള ജിക്കൽ സർവേ ഓഫ് ഇന്ത്യയും ജിയോള ജിക്കൽ സർവേ ഓഫ് ഇന്ത്യയും സംഭവ സ്ഥലത്തെത്തി "പരീക്ഷണങ്ങൾ " നടത്തി. പരീക്ഷണങ്ങളിൽ നിന്ന് സ്ഥലത്ത് 15-20 മീറ്റർ ആഴത്തിൽ ലോഹ സാന്നിധ്യമുണ്ടെന്ന് സംശയം തോന്നിയത്രേ. എന്തായാലും ഖനനം പുരോഗമിക്കുകയാണ്.

സംഭവം വിവാദമായതോടെ വിദേശ മാധ്യമങ്ങൾ അടക്കം സംഭവ സ്ഥലത്തേക്ക് ഒഴുകി എത്തുകയാണ്. ഖനനത്തിന് പിന്തുണയുമായി കോണ്ഗ്രസ് വക്താവ് രേണുക ചൗധരി രംഗത്ത് വന്നു. സ്വിസ് ബാങ്കിലുള്ള ബ്ലാക്ക് മണി പുറത്തു കൊണ്ടുവരാതെ ഖനനം ചെയ്തത് കൊണ്ട് കാര്യമില്ല എന്ന് നരേന്ദ്രമോഡിയും അഭിപ്രായം പാസാക്കി. എന്നാൽ വ്യക്തമായ സൂചനകൾ ഇല്ലാതെ ഇത്തരമൊരു പ്രവര്ത്തിക്കിറങ്ങിയതിന്റെ അശാസ്ത്രീയതയെയോ പൊതു ഖജനാവ് ഇത്തരത്തിൽ ധൂര്ത്തടിക്കുന്നതിനെയോ വിമർ ശിക്കാൻ ആരും ഇതുവരെ മുൻപോട്ടു വന്നിട്ടില്ല എന്നത് കൗതുകകരം തന്നെ .

ഉത്ഖനനം കൊണ്ട് സ്റ്റേറ്റ് നു ഉപയോഗമുണ്ടായാൽ -അതായത് സ്വർണ്ണം കിട്ടിയാൽ -അത് നല്ലതല്ലേ എന്നതാണ് ഒരു പ്രധാന വാദം. ഇത് കേൾക്കുമ്പോൾ ഓർമ്മ വരുന്നത് "ഇനി എങ്ങാനും ബിരിയാണി കൊടുക്കുന്നുന്ടെന്കിലോ " എന്ന് പറയുന്ന സലിം കുമാർ കഥാപാത്രത്തെയാണ് .

നമ്മുടെ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു എന്നത് ഒരു സത്യമാണ് .രൂപയുടെ മൂല്യത്തകര്‍ച്ച ഒരു സാമ്പത്തിക മാന്ദ്യത്തിലേക്ക് ഇന്ത്യയെ എത്തിക്കുകയാണ്. ഇതിൽ നിന്ന് രക്ഷപ്പെടാൻ സ്വര്‍ണ ഇറക്കുമതിയും ഗണ്യമായി നിയന്ത്രിക്കേണ്ടതുണ്ട്. മാത്രവുമല്ല, രാജ്യത്ത് പലയിടത്തായി കെട്ടിക്കിടക്കുന്ന സ്വര്‍ണം രാജ്യപുരോഗതിക്കാ യി ഉപയോഗിക്കാന്‍ വിശ്വാസയോഗ്യവും ആകര്‍ഷണീയവുമായ പരിപാടികള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു എന്നതും വസ്തുതയാണ് . എന്നാൽ ഇതുപോലെയൊരു ഉത്ഖനനം എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്ന ഒറ്റമൂലിയായി മാറും എന്ന് കരുതുന്നതിനു പിന്നിലെ സാംഗത്യം എന്താണ്? ആഭ്യന്തര ഉല്‍പ്പാദനം, തൊഴില്‍, വരുമാനം എന്നിവ വര്‍ധിപ്പിച്ച് സമ്പദ്ഘടനയെ ശക്തിപ്പെടുത്തുക ,തദ്ദേശീയ ക്രൂഡ് ഓയിൽ ഉല്‍പ്പാദനവും സംസ്കരണവും പൊതുമേഖലയില്‍ ശക്തിപ്പെടുത്തുക , നവലിബറല്‍ പരിഷ്കാരങ്ങളില്‍ നിന്ന് വേറിട്ട്‌ കാര്‍ഷികവികസനം, വ്യാവസായിക വളര്‍ച്ച, പശ്ചാത്തല വികസനം, പൊതുജനാരോഗ്യം, പൊതുവിദ്യാഭ്യാസം എന്നിവയ്ക്ക് ഊന്നൽ നൽകുന്ന പുതിയ നയപരിപാടികൾ ആവിഷ്കരിക്കുക എന്നിങ്ങനെയുള്ള നിരവധി പ്രതിരോധ നടപടികൾ സ്വീകരിക്കാത്തിടത്തോളം കാലം ഈ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ കഴിയുമോ ?

ശാസ്ത്രനേട്ടങ്ങളുടെ തണലിലാണ് ഇന്ന് നാം ജീവിക്കുന്നത് . നിത്യജീവിതത്തിൽ ശാസ്ത്രം സ്വാധീനംചെലുത്താത്ത മേഖലകൾ ഇല്ല എന്ന് തന്നെ പറയാം . എങ്കിലും പുതിയ സാമൂഹിക സാമ്പത്തിക നയ സമീപനങ്ങളിലും ജീവിതശൈലിയിലും വന്ന മാറ്റങ്ങൾ വലിയൊരു വിഭാഗം ജനങ്ങളിൽ ഒരു അരക്ഷിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട് . ജീവിതം വലിയൊരു ചോദ്യ ചിഹ്നമായി തോന്നാൻ തുടങ്ങുന്ന സന്ദർഭങ്ങളിൽ പലരും പ്രശ്ന പരിഹാരത്തിന് ശ്രമിക്കാറുള്ളത് ജ്യോതിഷവും പ്രശ്നം വെയ്ക്കലും പോലെയുള്ള അശാസ്ത്രീയ മാർഗങ്ങളിലൂടെ യാണ് ,ഇതിപ്പോൾ സർവസാധാരണമായ ഒരു സംഗതിയായിതീർന്നിരിക്കുന്നു..എന്നാൽ ശാസ്ത്രീയമാർഗങ്ങൾക്കും വിശ്വാസങ്ങൾക്കും വലിയ മൂല്യം കൊടുക്കേണ്ടുന്ന മതേതര ജനാധിപത്യ ഗവണ്‍മെന്റുകൾ ഇത്തരം 'കുറുക്കു' വഴികൾ പിന്തുടരുന്നത് അപഹാസ്യമാണ് .

"It shall be the duty of every citizen
‘to develop the scientific temper, humanism and the spirit of inquiry and reform.’"
                                                                                            -Article 51 A(h)- Constitution of India


ബ്രേക്കിംഗ് ന്യൂസ്‌, ഒക്ടോബര്‍ 30


സന്യാസിയുടെ സ്വപ്നദര്‍ശനം അടിസ്ഥാനമാക്കി ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ (എഎസ്ഐ) നടത്തിയ ഉദ്ഖനനത്തില്‍ സ്വര്‍ണനിക്ഷേപം കണ്ടെത്താനായില്ല. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലെ രാജാറാം ബക്സ്സിങ് കോട്ടയില്‍ പുരാവസ്തുവകുപ്പ് നടത്തിയ ഖനനം ഒടുവില്‍ നിര്‍ത്തി.ബുദ്ധന്റെ കാലത്തേതെന്നു കരുതപ്പെടുന്ന മണ്‍പാത്രങ്ങളുടെ അവശിഷ്ടം മാത്രമാണ് കിട്ടിയത്. ഇതേത്തുടര്‍ന്നാണ് സ്വര്‍ണഖനനം അവസാനിപ്പിക്കാന്‍ പുരാവസ്തുവകുപ്പ് തീരുമാനിച്ചത്.8 comments:

 1. സര്‍ക്കാര്‍ സ്വപ്നം കണ്ടു
  സര്‍ക്കാര്‍ ചാടിയിറങ്ങി
  സര്‍ക്കസ്സ് ആകുമോ സര്‍ക്കാരേ!!

  ReplyDelete
 2. അല്ല ബിരിയാണി കൊടുക്കുണ്ടെങ്കിലോ...

  ReplyDelete
 3. ഒരു സലത്ത് ...ഒരു സലത്ത്..ഒരു കോട്ടയൊണ്ടാര്‍ന്ന്. അതിന്റടീല് ഒരു കൊടമൊണ്ടാര്ന്ന്‍...അതിന്റകത്ത് നിദിയൊണ്ടാര്ന്ന്....അങ്ങനെ അവ്ട് ള്ളോര് സുകായി...ജീവിച്ച് ...മരിച്ച്...

  ReplyDelete
 4. ഇതിന് പിന്നിലെ കളികള്‍ ആരറിഞ്ഞു?

  ReplyDelete
 5. ശാസ്ത്രത്തിന്റെ സാധ്യതകൾ ഉപയോഗിച്ച് കൊടുങ്കാറ്റിനെ പിടിച്ചുനിർത്തി ലോകത്തിനുമുന്നിൽ ഭാരതം തലയുയർത്തി നിൽക്കുന്ന ഈ വേളയിൽത്തന്നെ കേവലമൊരു സന്യാസിയുടെ അശാസ്ത്രീയമായ പ്രവചനത്തെ അടിസ്ഥാനമാക്കി ആർക്കിയോളജിക്കൽ സർവ്വേപോലുള്ള വലിയ സംഘടനകൾ പ്രവർത്തിച്ചപ്പോൾ ഈ നാടിനു തല കുനിക്കേണ്ടതായും വരുന്നു.....

  നാം ഇപ്പോഴും മധ്യകാലം പിന്നിട്ടിട്ടില്ല എന്ന തോന്നലുളവാക്കുന്ന വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു.......

  ReplyDelete
 6. ശാസ്ത്രീയമാർഗങ്ങൾക്കും വിശ്വാസങ്ങൾക്കും വലിയ മൂല്യം കൊടുക്കേണ്ടുന്ന മതേതര ജനാധിപത്യ ഗവണ്‍മെന്റുകൾ ഇത്തരം 'കുറുക്കു' വഴികൾ പിന്തുടരുന്നത് അപഹാസ്യമാണ് .

  ReplyDelete
 7. ഇതിനെല്ലാം പിന്നിൽ വേറെ
  എന്തെങ്കിലും കളികൾ ഉണ്ടാകാതിരിക്കില്ല..
  തീർച്ച...ഇമ്മടെ ഇന്ത്യയല്ലേ അല്ലേ

  ReplyDelete