Thursday, February 10, 2011

'ഐ ടി ലോകം' ഭൂമിക്കുള്ളില്‍ തന്നെ...!

" എന്താ ഇത്ര പ്രായമായിട്ടും ----യുടെ കല്യാണം നടക്കാത്തത് ? ഈ വര്‍ഷമെങ്കിലും നടന്നില്ലെങ്കില്‍ പ്രശ്നമാവില്ലേ? പൊതുവേ ഐ ടി ഫീല്‍ഡില്‍ ഉള്ള പെണ്‍കുട്ടികളെപ്പറ്റി ഒരു മോശം അഭിപ്രായമാ ഉള്ളത്"- 

കുറച്ചു നാള്‍ മുന്‍ പ് എന്‍റെ ആത്മാര്‍ത്ഥ സുഹൃത്ത്‌ തീര്‍ത്തും നിഷ്കളങ്കമായി ഞങ്ങളുടെ ഒരു സുഹൃത്തിനെക്കുറിച്ച്‌ പറഞ്ഞതാണിത്.എഞ്ചിനീയറിംഗ് കഴിഞ്ഞു ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ സംതൃപ്തയായി ജോലി ചെയ്യുകയാണ് അവള്‍. ചോദ്യം കേട്ടപ്പോള്‍ അന്ന് എനിക്ക് തമാശയായാണ് തോന്നിയത്. എന്നാല്‍ പിന്നെ കൂടുതല്‍ പേരോടു സംസാരിച്ചപ്പോള്‍, ഐ ടി യില്‍ ജോലി ചെയ്യുന്ന എല്ലാവരും ( ആണും പെണ്ണും ) "പെഴകള്‍ " ആണെന്നാണ്‌ പൊതു ധാരണ എന്ന രീതിയില്‍ ആണ് കൂടുതല്‍ പേരും പ്രതികരിച്ചത്...! ഈ പറഞ്ഞവരില്‍ ആര്‍ക്കും  ഇത്തരം "പെഴകളുമായി" നേരിട്ട് പരിചയം ഒന്നുമില്ല. പക്ഷെ..
ഐ ടി ജോലി ചെയ്യുന്നവരെ കുറിച്ച് നിറം പിടിച്ച കഥകള്‍ പ്രചരിപ്പിക്കുക എന്നത് മാധ്യമങ്ങളുടെ ഒരു പുതിയ വിനോദമാണ്‌. പൊടിപ്പും തൊങ്ങലും വെച്ച് കഥകള്‍ മെനയുന്നത് പത്രക്കാര്‍ക്ക് പുത്തരിയല്ലല്ലോ. ചില ഉദാഹരണങ്ങള്‍ ..
1. കൈനിറയെ പണം കിട്ടുന്ന മേഖലയാണ് ഐ.ടി.പണം ചെലവഴിക്കാന്‍ വേണ്ടി ലഹരിയുടെ വഴിതെടിപ്പോകുന്നു.
2. ആണായാലും പെണ്ണായാലും ജോലി സമയം കഴിഞ്ഞാല്‍ കുടിച്ചു കൂത്താടലാണ് പ്രധാന പണി.
3 സഹപ്രവര്‍ത്തകര്‍ തമ്മില്‍  വഴിവിട്ട ലൈംഗിക ബന്ധങ്ങള്‍ സര്‍വ സാധാരണമാണ് .
4 വിവാഹ മോചനങ്ങള്‍ സര്‍വ സാധാരണമാണ്.

5. വസ്ത്ര ധാരണത്തില്‍ 'സാമാന്യ മര്യാദ '(!)പാലിക്കാറില്ല...!

ഇതിന്‍റെ കൂടെ ചില സംഭവ കഥകളും .ഇതൊക്കെ  കേട്ട് പാവം ജനത്തിന് എന്ത് തോന്നും. ?


ബാംഗ്ലൂരിലും ചെന്നൈയിലും പുനെയിലും തിരുവനന്തപുരത്തും ഒക്കെ ജോലി ചെയ്യുന്ന ഒരുപാടു സുഹൃത്തുക്കള്‍ ഉണ്ടെനിക്ക്. അവരാരും ഇത്തരത്തിലുള്ള സംഭവങ്ങള്‍ കണ്ടോ കേട്ടോ അനുഭവിച്ചോ അറിഞ്ഞിട്ടില്ല. മേല്‍ പറഞ്ഞ രീതിയല്‍ ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ഉണ്ടാകുന്നില്ല എന്നല്ല. വലിയൊരു സമൂഹത്തിന്‍റെ ഭാഗം എന്ന രീതിയില്‍ ഇതിനെ കണ്ടാല്‍ പോരെ? ഓണക്കാലത്തെ റെക്കോര്‍ഡ്‌ മദ്യ വില്പനയില്‍ ഊറ്റം കൊള്ളുന്നവരല്ലേ മലയാളികള്‍. ? വിവാഹമോചനം മലയാളിക്ക് പുതിയ കാര്യമാണോ? 
മര്യാദയില്ലാത്ത വസ്ത്ര ധാരണത്തെപ്പറ്റി എന്ത് പറയാം. പട്ടുപാവാടയും സെറ്റുമുണ്ടും ചുറ്റി ഓഫീസില്‍ പോയാല്‍ ഇവര്‍ക്ക് തൃപ്തിയാകുമായിരിക്കും. ഒട്ടുമിക്ക ഐ ടി പാര്‍ക്കുകളിലും സാരിയോ ചുരിദാറോ ഷര്‍ട്ടും ട്രൌസേര്‍സുമോ ആണ് പൊതുവേ സ്ത്രീകളുടെ വേഷം.കുറെയേറെ ഐ ടി കമ്പനികളില്‍ ഡ്രസ്സ്‌ കോഡ്‌ ഉണ്ട്. ഒട്ടു മിക്ക കമ്പനികളിലും ഒരു ദിവസമൊഴികെ ഫോര്‍മല്‍ വേഷം നിര്‍ബന്ധവുമാണ്. പാര്‍ട്ടികളില്‍ പങ്കെടുക്കുമ്പോള്‍ പിന്നെ പാര്‍ട്ടി വെയര്‍ തന്നെ. 


ഈ ഇക്കിളികഥകള്‍ക്കും അപ്പുറത്ത്  മാധ്യമങ്ങളും പൊതു സമൂഹവും ചര്‍ച്ച ചെയ്യാനിഷ്ടപ്പെടാത്ത ചില വസ്തുതകള്‍ കൂടിയുണ്ട്.  അദ്ധ്വാനശക്തിയും, സാങ്കേതികവൈദഗ്ധ്യവും പരമാവധി ചൂഷണം ചെയ്യുന്ന കമ്പനികളെക്കുറിച്ചോ അമിതമായ ജോലിഭാരതെക്കുറിച്ചോ, ജോലിയുടെ സുരക്ഷിതത്വമില്ലായ്മയെ ക്കുറിച്ചോ കടുത്ത മാനസികസമ്മര്‍ദ്ദങ്ങളും ശാരീരിക വൈകല്യങ്ങളും  അനുഭവിക്കേണ്ടിവരുന്നതിനെകുറിച്ചോ മിക്കവാറും മൌനം പാലിക്കുകയാണ് പതിവ്. ഒരളവു വരെ നല്ല സൌഹൃദ കൂട്ടായ്മകളുടെയും സംഘടനകളുടെയും അഭാവവും ഒരു പ്രശ്നമാണ്.( ബാംഗ്ലൂരിലെ ഫീഡ് ദി നേഷന്‍ പോലെയുള്ള സംഘടനകളെക്കുറിച്ച്  വിസ്മരിക്കുന്നില്ല ). ഐ ടി പ്രോഫഷനല്‍സിന്‍റെ അടുത്തു നിന്ന് ഇരട്ടി  വീട്ടു വാടകയും ഓട്ടോ ടാക്സി കാശും ചോദിക്കുന്നത് തികച്ചും കൌതുകകരമാണ്.
ഐ ടി ലോകത്തിനുള്ളില്‍ തന്നെ നടക്കുന്ന വിവാഹങ്ങള്‍ സാധാരണമാണ് .ഇത് വലിയ അപകടമാണത്രെ ! പരസ്പരം പ്രശ്നങ്ങള്‍ മനസ്സിലാക്കി ജീവിക്കാം എന്നതു തന്നെ . വലിയ കാര്യമല്ലേ? പത്തും പന്ത്രണ്ടും മണിക്കൂറുകള്‍ ജോലി ചെയ്തിട്ടും സന്തോഷത്തോടെ സമാധാനത്തോടെ കുടുംബ ജീവിതം നയിക്കുന്ന ഒരുപാടുപേര്‍ ഇവിടെയും ഉണ്ട്. സ്നേഹവും സഹകരണവും പരസ്പര വിശ്വാസവും ഉള്ളിടത്തോളംകാലം  ബന്ധങ്ങള്‍ക്ക് ഒരു കുഴപ്പവും വരില്ല.എത്ര ഭാരമുള്ള ജോലി ചെയ്താലും വീട്ടില്‍  വരുമ്പോള്‍ അതെല്ലാം മറന്നു വീടുകാരനായി കഴിയുമ്പോള്‍ തികഞ്ഞ ആശ്വാസം, സന്തോഷം സമാധാനം.


ജനങ്ങളുടെ പണവും സമയവും ജീവിതവും കൊള്ളയടിക്കാന്‍ നിരവധി പേര്‍ കെണിയും വച്ച് കാത്തിരിക്കുന്നുണ്ടാവും പല രൂപത്തില്‍, ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ അല്പം സാമാന്യ ബുദ്ധിയും ജീവിക്കാനുള്ള ആഗ്രഹവും വേണം എന്ന് മാത്രം.


11 comments:

  1. നിങ്ങളോട് പൂര്‍ണ്ണമായും യോജിക്കാന്‍ കഴിയില്ല. എന്റെ ധാരാളം സുഹൃത്തുക്കള്‍ ഐ ടി മേഖലയില്‍ ഉണ്ട്. അവിടത്തെ സാംസ്‌കാരിക നില അത്ര നല്ലതല്ല എന്നാണ് അവരില്‍ പലരും പറയുന്നത്. എല്ലാരും അങ്ങനെ എന്ന് പറയുന്നില്ല. പക്ഷെ ചില കള്ളന്നണയങ്ങള്‍ മതിയല്ലോ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാന്‍ ..

    ReplyDelete
  2. പ്രിയപ്പെട്ട ഹഫീസ് ,
    ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തട്ടെ.
    ചിലതിനെ മാത്രം പെരുപ്പിച്ചു കാട്ടി അതിലും പ്രധാനപ്പെട്ട മറ്റു പലതിനെയും വിസ്മരിക്കുന്ന മാധ്യമ പ്രവണതയെക്കുറിച്ച് എന്ത് പറയുന്നു?

    ReplyDelete
  3. ഐ ടി മേഖലയില്‍ ഉള്ളവര്‍ പറഞ്ഞു കേട്ട അറിവും, ആ കേട്ടത് കേട്ട ചിലര്‍ പറഞ്ഞു കേട്ട അറിവും ആണ് പലര്‍ക്കും ഐ ടി മേഖലയെ പട്ടി ഉള്ളത്... ലഹരിയായാലും, വഴിവിട്ട ബന്ധങ്ങളായാലും മറ്റേതു മേഖലയിലും ഉള്ളതിന്റെ അത്ര തന്നെയേ ഐ ടി മേഖലയിലും കാണാന്‍ കഴിയൂ... മറ്റു മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചു മണി വരെ ജോലി ചെയ്ത്, ഉണ്ടാക്കുന്നതിലും ഒരു അയ്യായിരം-ആറായിരം രൂപ മാത്രമാണ് മാസം ഞങ്ങള്‍ അധികമായി ഉണ്ടാക്കുന്നത്‌. അതുതന്നെ ദിവസം ഒന്‍പതു മുതല്‍ പന്ത്രണ്ടു-പതിമ്മൂന്നു മണിക്കൂര്‍ ജോലി ചെയ്തിട്ടാണ്! മറ്റേതു തൊഴില്‍ മേഖലയിലും തൊഴിലാളികള്‍ സംഘടിതരാണ്. അങ്ങനെ അല്ലാത്തത് കൊണ്ട് ഐ ടി ജോലിക്കാരെ ആരെന്തു പറഞ്ഞാലും പ്രതികരിക്കാനോ ആരും മേനക്കെടാറുമില്ല!

    ReplyDelete
  4. ഐ ടി പാര്‍കുകളിലെ ടോയ് ലെറ്റിലെ അറിയിപ്പ്. "Drop Ur condoms in dust bin"

    ReplyDelete
  5. ഞാന്‍ ഇതിനോട് യോജിക്കുന്നു.ഞാന്‍ കഴിഞ്ഞ നാല് വര്‍ഷങ്ങളായി IT മേഘലയില്‍ ജോലി ചെയ്യുന്നു.മറ്റേതു തൊഴിലും പോലെ എല്ലാ സുഖ ദുഃഖങ്ങള്‍ ഞങ്ങള്‍ക്കും ഉണ്ട്.12 മണിക്കൂര്‍ ജോലി ചെയ്താല്‍ കിട്ടുന്ന ശമ്പളം മറ്റേതു ജോലിയില്‍ ഉള്ളവരേം പോലെ എണ്ണി ചിലവാക്കുന്നു ഞങ്ങളും.പിന്നെയും എന്തിനെ ഞങ്ങള്‍ക്കിതിരെ മാത്രം എല്ലാ വിരലുകളും ഉയരുന്നു.അറിയില്ല.ഞാന്‍ രോഹിത്തിനെ അനുകൂലിക്കുന്നു.

    ReplyDelete
  6. പോസ്റ്റുമായി ബന്ധപ്പെട്ടു വ്യത്യസ്തമായ രണ്ടു വശങ്ങള്‍ ചൂണ്ടിക്കാണിച്ച അജ്ഞാതരായ രണ്ടു സുഹൃത്തുക്കള്‍ക്കും നന്ദി.

    ReplyDelete
  7. ഇന്‍ഫോസിസില്‍ സോഫ്ട്‌വെയര്‍ എഞ്ചിനീയറായ അമിത് സ്വന്തം ഫ്ലാറ്റ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍. തൊട്ടടുത്ത് കൊല്ലപ്പെട്ട് കിടക്കുന്ന ഭാര്യ റിങ്കു. ഒരു വര്‍ഷം മുമ്പ് ആര്‍ഭാടമായിട്ടായിരന്നു ഈ ഐ.ടി. ദമ്പതികളുടെ വിവാഹം. ചാറ്റിങ്ങില്‍ മൊട്ടിട്ട പ്രണയം വിവാഹത്തിലെത്തിയതായിരുന്നു.

    സൗഹൃദത്തില്‍ കിളിര്‍ത്ത ഇവരുടെ ജീവിതത്തിന് പിന്നെയെന്ത് സംഭവിച്ചു? ഉത്തരം അമിതിന്റെ ഡയറിയിലുണ്ട്. ''റിങ്കുവിന് ഓഫീസിലെ മറ്റൊരാളുമായി ബന്ധമുണ്ടെന്നറിഞ്ഞിട്ടും ഞാനവളെ സ്‌നേഹിച്ചു. അവള്‍ കാമുകനോട് ഫോണില്‍ സല്ലപിക്കുന്നത് കേട്ടപ്പോഴെല്ലാം ഞാന്‍ കണ്ടില്ലെന്നു നടിച്ചു. ഇന്നവള്‍ വിവാഹമോചനം ആവശ്യപ്പെട്ടു. അതുകൊണ്ട് ഞാനവളെ കൊന്നു.''

    ReplyDelete
  8. കൂടുതല്‍ അറിയാനും താങ്കളുടെ കാഴ്ചപ്പാടുകള്‍ അറിയാനും കഴിഞ്ഞതില്‍ സന്തോഷം..

    ReplyDelete
  9. മറ്റേതു തൊഴില്‍ മേഖലയിലും തൊഴിലാളികള്‍ സംഘടിതരാണ്. അങ്ങനെ അല്ലാത്തത് കൊണ്ട് ഐ ടി ജോലിക്കാരെ ആരെന്തു പറഞ്ഞാലും പ്രതികരിക്കാനോ ആരും മേനക്കെടാറുമില്ല! "സഹപ്രവര്‍ത്തകര്‍ തമ്മില്‍ വഴിവിട്ട ലൈംഗിക ബന്ധങ്ങള്‍ സര്‍വ സാധാരണമാണ്" എന്നൊക്കെ ചോദിച്ചവര്‍ ഉണ്ടെന്നു കേട്ടപ്പോള്‍ തമാശയായാണ് തോന്നിയത്

    ReplyDelete
  10. Posted on: 25 Dec 2011

    ബാംഗ്ലൂര്‍: മലയാളി സോഫ്റ്റ്‌വേര്‍ എന്‍ജിനീയറെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര സ്വദേശി രൂപേഷ് (28) ആണ് ബയപ്പനഹള്ളി നാഗവാര പാളയ നാരായണസ്വാമി ലേ ഔട്ടിലെ വസതിയില്‍ മരിച്ചത്.

    എ.ബി.ബി. സോഫ്റ്റ്‌വേര്‍ സ്ഥാപനത്തില്‍ എന്‍ജിനീയറാണ് രൂപേഷ്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കള്‍ ബയപ്പനഹള്ളി പോലീസില്‍ പരാതിനല്‍കി.
    ഇത് മാതൃഭുമി വാര്‍ത്ത.

    തന്റെ പോസ്റ്റ്‌ കൊള്ളാം.
    രാഹുല്‍ പി വി

    ReplyDelete
  11. നേരിട്ട് അനുഭവമുള്ളത് തന്നെ സാമാന്യമാക്കി പറയാൻ വയ്യ.
    നേരെയും വളഞ്ഞും പോകുന്ന വഴികള്‍ എല്ലായിടത്തും ഉണ്ട്. ഈ പറയുന്നവര്‍ക്കും അതറിയാം.. പറഞ്ഞു കേട്ട കഥകൾ നിറം ചേർത്ത് പ്രചരിപ്പിക്കുന്നത് ഒരു നേരമ്പോക്ക് പോലെ കേട്ടിരിക്കാന്‍ പലര്‍ക്കും ഇഷ്ടമാണ് !

    ReplyDelete