Saturday, February 19, 2011

പുതിയ കാലം പുതിയ ജേര്‍ണലിസം ആവശ്യപ്പെടുന്നു

ആദ്യത്തെ iPad പത്രം ഫെബ്രുവരി 2 നു വിപണിയില്‍ എത്തി . മാധ്യമരാജാവായ റുപേര്‍ട്ട് മര്‍ഡോക് ആണ്  ലോകത്തെ ആദ്യത്തെ ടാബ്‌ലറ്റ് പത്രം പുറത്തിറക്കിയത്. ടാബ്‌ലറ്റുകളില്‍ മാത്രം വായിക്കാന്‍ കഴിയുന്ന ഡിജിറ്റല്‍ പത്രമാണ് 'ദി ഡെയ്‌ലി'. മര്‍ഡോകിന്‍റെ ഉടമസ്ഥതയിലുള്ള ന്യൂസ് കോര്‍പ്പറേഷന്‍ രംഗത്തിറക്കിയ 'ദി ഡെയ്‌ലി' (The Daily), ഡിജിറ്റല്‍ രൂപത്തില്‍ മാത്രമേ  വായനക്കാര്‍ക്ക് മുന്നിലെത്തൂ. 

എല്ലാ പ്രഭാതങ്ങളിലും പത്രത്തിന്‍റെ ആപ്ലിക്കേഷന്‍ റിഫ്രെഷ് ചെയ്യപ്പെടും. ഓരോ പ്രഭാതത്തിലും പുതിയ പത്രം മുന്നിലെത്തുമെന്ന് സാരം. പക്ഷേ, പത്രം സൗജന്യമല്ല. ഓരോ ആഴ്ചയിലും ഉപയോക്താവിന്‍റെ ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് 99 സെന്റ് വീതം ചെലവിട്ടാലേ പത്രം ലഭിക്കൂ. വാര്‍ഷിക വരിസംഖ്യ 39.99 ഡോളര്‍.

'പുതിയ കാലം പുതിയ ജേര്‍ണലിസം ആവശ്യപ്പെടുന്നു''- ഡിജിറ്റല്‍ പത്രം അവതരിപ്പിച്ചു കൊണ്ട് മര്‍ഡോക് ന്യൂയോര്‍ക്കില്‍ പറഞ്ഞു. സാധാരണ ഓണ്‍ലൈന്‍ പത്രങ്ങളില്‍ നിന്ന് ദി ഡെയ്‌ലിക്കുള്ള വ്യത്യാസം, ഐപാഡ് പോലുള്ള ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളില്‍ മാത്രമേ അത് വായിക്കാന്‍ കഴിയൂ എന്നതാണ്.

മാധ്യമ ലോകത്ത് പുതിയ വിപ്ലവങ്ങള്‍ നടക്കുന്നു.360 deg ഫോട്ടോഗ്രാഫുകളും വീഡിയോകളും കൂടാതെ ഇന്ററാക്ടീവ് ഫീച്ചറുകളും ഉള്‍പ്പെടുത്തിയിരിക്കുന്ന പത്രത്തില്‍ multimedia content കളുടെ വലിയൊരു ശേഖരം തന്നെയുണ്ട്‌. അച്ചടി മാധ്യമങ്ങള്‍ക്ക് പുതുജന്‍മം നല്‍കാന്‍ ഐപാഡിന് കഴിയുമെന്ന് നേരത്തെ പ്രവചിക്കപ്പെട്ടിരുന്നു .ഇതിനകം 150 ലക്ഷം ഐപാഡുകള്‍ വിറ്റഴിച്ചുകൊണ്ട് ആപ്പിള്‍ ജൈത്രയാത്ര തുടരുകയാണ്.  അതിനിടെ ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ക്കായി രൂപംനല്‍കിയ ഓപ്പണ്‍സോഴ്‌സ് പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡ് 3.0 കഴിഞ്ഞ ദിവസമാണ് ഗൂഗിള്‍ പുറത്തിറക്കിയത്. 

മാധ്യമ ലോകം കാല്‍കീഴിലാക്കാന്‍ ശ്രമിക്കുന്ന മര്‍ഡോകിന്‍റെ പുതിയ സംരംഭത്തിനും വന്‍ സ്വീകരണമാണ് ലഭിച്ചിട്ടുള്ളത്. മാധ്യമ ലോകത്തിനു പുത്തന്‍ ഉണര്‍വ് നല്‍കിക്കൊണ്ട് വന്ന ഈ സംരംഭത്തിന് വരും നാളുകളില്‍ പുതിയ ബദല്‍ സംരംഭങ്ങളും പ്രതീക്ഷിക്കാം.

2 comments:

  1. മര്‍ഡോക്കിന്റെ ഓരോരോ കാര്യമേ ....!

    ReplyDelete
  2. പുതിയ കാലം പുതിയ ജേര്‍ണലിസം ആവശ്യപ്പെടുന്നു
    അതില്‍ സംശയമൊന്നുമില്ല..
    പക്ഷെ വാര്‍ത്തകളുടെ കമ്പോള വല്‍ക രണ ത്തിലും മാര്‍ക്കറ്റി ങ്ങിലുമല്ലേ മര്‍ഡോക്കിന്റെ കണ്ണ് ?

    ReplyDelete