ക്ളാസ്സ് മുറികളില്‍ പച്ച നിറമുള്ള ബോര്‍ഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങള്‍ നടക്കുകയാണല്ലോ. ഈ വിവാദം കത്തിപ്പടരാന്‍ ഇടയാക്കിയ കാരണങ്ങളെക്കുറിച്ചുള്ള സാമൂഹികവും രാഷ്ട്രീയവും ആയ സാഹചര്യങ്ങളും ചര്‍ച്ചയ്ക്ക് വിധേയമാകുന്നു. എന്നാല്‍ അത്രയ്ക്ക് വലിയ ചര്‍ച്ചകള്‍ക്ക് വിധേയമാകാത്ത ഒരു 'ചെറിയ' വിഷയത്തിലേക്കാണ് ശ്രദ്ധ ക്ഷണിക്കുന്നത്. കേരളത്തിലെ വിദ്യാലയങ്ങളില്‍ പച്ച വല്‍ക്കരണമാണ് നടക്കുന്നത് എന്നാണ് പച്ച ബോര്‍ഡ് വിവാദത്തില്‍ കേട്ടത്. എന്നാല്‍ 2014 ജൂണ്‍മുതല്‍ കേരളത്തിലെ വിദ്യാലയങ്ങളില്‍ നിലവില്‍ വന്ന ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് ക്ലാസുകളിലെ പുതിയ ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പാഠപുസ്തകങ്ങളിലൂടെ ഒന്ന് കണ്ണോടിച്ചു നോക്കിയാല്‍ 'പച്ചപ്പിന്റെ' തരിപോലും കാണാന്‍ കഴിയില്ല. പരിസ്ഥിതി പ്രശ്നങ്ങള്‍ മനുഷ്യരാശിയെത്തന്നെ വലിയ പ്രതിരോധത്തിലാക്കുന്ന ഈ കാലഘട്ടത്തില്‍ പാഠപുസ്തകങ്ങളും പുസ്തക നിര്‍മ്മാണത്തിന് അടിസ്ഥാനമാക്കി എന്ന് അവകാശപ്പെടുന്ന കേരള സ്‌കൂൾ പാഠ്യ പദ്ധതി രൂപരേഖ - 2013 യും പരിസ്ഥിതി സംരക്ഷണം / ജൈവ വൈവിധ്യ സംരക്ഷണം/ പാരിസ്ഥിതിക പ്രശ്നങ്ങള്‍ / വികസനവും പരിസ്ഥിതി പ്രശ്നങ്ങളും തുടങ്ങിയ വിഷയങ്ങളോട് പുറം തിരിഞ്ഞു നില്‍ക്കുക എന്നത് നീതികരിക്കാവുന്നതാണോ ?. ക്ളാസ്സ് മുറികളില്‍ പച്ചവല്‍ക്കരണം അല്ല മറിച്ച് പച്ചയെ പടിയടച്ചു പുറത്താക്കുകയാണ് പുതിയ പാഠ്യ പദ്ധതി ചെയ്യുന്നത് എന്ന് കാണാം. മാറിയ പാഠ്യ പദ്ധതി ക്ലാസ്സ് മുറികള്‍ക്ക് പുറത്തുള്ള പഠനത്തെ പ്രോത്സാഹിപ്പിക്കുന്നുമില്ല.
പശ്ചാത്തലം
2004 ജൂലൈ 19 നാണ് എൻ.സി.ഇ.ആർ.ടി നിലവിലുണ്ടായിരുന്ന ദേശീയ പാഠ്യപദ്ധതി രൂപരേഖ പരിഷ്‌കരിക്കാൻ തീരുമാന മെടുത്തത്. ഇതിനായി ആദ്യം ചെയ്‌തത് പ്രശസ്‌ത വിദ്യാഭ്യാസവിദഗ്‌ധരെ ഉൾപ്പെടുത്തി ഒരു ദേശീയ സ്റ്റിയറിങ്ങ് കമ്മിറ്റി രൂപീകരിക്കുകയും അതിന്റെ കീഴിൽ വിവിധ മേഖലകൾക്കായി 21 ഫോക്കസ് ഗ്രൂപ്പുകൾ രൂപീകരിക്കുകയുമാണ്. പ്രൊഫ.യശ്‌പാൽ ചെയർമാനും പ്രൊഫ.എം.എ.ഖാദർ മെമ്പർ സെക്രട്ടറിയുമായ പ്രസ്‌തുത സ്റ്റിയറിങ്ങ് കമ്മിറ്റിയും വിദഗ്‌ധർ അംഗങ്ങളായ ഫോക്കസ് ഗ്രൂപ്പുകളും ചേർന്നാണ് 2005ലെ ദേശീയ പാഠ്യപദ്ധതി രൂപരേഖ തയ്യാറാക്കുന്നതിനുള്ള ശ്രമകരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. രാജ്യമെങ്ങും സഞ്ചരിച്ച് അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിച്ച് രൂപീകരിക്കപ്പെട്ട ആ പാഠ്യപദ്ധതി രൂപ രേഖയിൽ കേരളം അതിനകം പ്രയോഗത്തിൽ വരുത്തിക്കൊണ്ടി രുന്ന പല സമീപനങ്ങളും ഉൾച്ചേർന്നിരുന്നു. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (NCF - 2005) അഞ്ച് അടിസ്ഥാന തത്വങ്ങളെയാണ് പാഠ്യപദ്ധതി രൂപീകരണത്തിൽ അടിസ്ഥാനമാക്കിയത് .
- അറിവിനെ സ്‌കൂളിനു ചുറ്റുമുള്ള ജീവിതവുമായി ബന്ധിപ്പിക്കണം
- പഠനത്തെ മനപ്പാഠരീതിയിൽ നിന്നും മോചിപ്പിക്കണം
- പാഠ്യപദ്ധതിയെ പാഠപുസ്‌തകകേന്ദ്രീകൃതമല്ലാത്തതും കുട്ടികളുടെ സർവതോന്മുഖമായ വികസനത്തിന് ഊന്നൽ നൽകുന്നതു മാക്കണം
- പരീക്ഷകളെ കൂടുതൽ വഴക്കമുള്ളതും ക്ലാസ്‌റൂം അനുഭവങ്ങ ളുമായി ബന്ധപ്പട്ടതുമാക്കി മാറ്റണം
- ജനാധിപത്യസംവിധാനത്തിന് അനുസൃതമായ ദൃഢമായ വ്യക്തിത്വം കുട്ടികളിൽ വളർത്തണം
കേരള പാഠ്യപദ്ധതി ചട്ടക്കൂട് - 2007 അടിസ്ഥാനമാക്കി തയാറാക്കിയ ആറാംക്ലാസ് പാഠപുസ്‌തകത്തിലെ പശ്ചിമഘട്ടത്തിലെ ജൈവ വൈവിധ്യം ചര്‍ച്ച ചെയ്യുന്ന പാഠം. |
അറിവിനെ കുട്ടികളുടെ ജീവിതവുമായി ബന്ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വിമർശനാത്മകബോധനത്തെ ദേശീയ പാഠ്യ പദ്ധതിയുടെ ജീവശ്വാസമാക്കാനുള്ള തീരുമാനത്തിൽ പാഠ്യപദ്ധതി നിർമാതാക്കൾ എത്തിയത്.
വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യങ്ങളെ കുറിച്ചും 2005 ലെ രൂപരേഖ വ്യത്യസ്‌തമായ അഭിപ്രായമാണ് കൈക്കൊണ്ടത്.
- അവസരതുല്യത, നീതി, സ്വാതന്ത്ര്യം, മറ്റുള്ളവരുടെ നൻമ പരി ഗണിക്കൽ, മതനിരപേക്ഷത, മനുഷ്യമഹത്വത്തെയും അവകാശങ്ങളെയും മാനിക്കൽ തുടങ്ങിയവയോട് പ്രതിബദ്ധതയുള്ള തലമുറയെ വളർത്തിയെടുക്കണം
- മൂല്യാധിഷ്‌ഠിതമായ തീരുമാനങ്ങൾ വ്യക്തിഗതമായും കൂട്ടായും എടുക്കുന്നതിനുള്ള കഴിവ് വികസിക്കാനുതകുന്ന സ്വതന്ത്രചിന്തയും പ്രവർത്തനസന്ദർങ്ങളും ഒരുക്കണം
- പഠിക്കാൻ പഠിക്കാനും, പഠിച്ചത് തെറ്റെങ്കിൽ മാറ്റിപ്പഠിക്കാനുമുള്ള കഴിവുകൾ കുട്ടികളിൽ വളർത്തണം
- തൊഴിലുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള വിദ്യാഭ്യാസത്തിലൂടെ തൊഴിലെടുക്കാനും സാമ്പത്തികപ്രക്രിയകളിൽഏർപ്പെടാനും സാമൂഹ്യമാറ്റങ്ങളിൽ പങ്കെടുക്കാനും കുട്ടികളെ പ്രാപ്‌തരാക്കണം
- കുട്ടികളുടെ സർഗാത്മകത വികസിപ്പിക്കാനും സൗന്ദര്യാസ്വാദനശേഷി വളർത്താനും ശ്രമിക്കണം
കേരള പാഠ്യപദ്ധതി ചട്ടക്കൂട് - 2007 അടിസ്ഥാനമാക്കി തയാറാക്കിയ പാഠപുസ്‌തകത്തിലെ കാര്ട്ടൂണ്‍ |
NCF 2005-ലെ ഒരുപക്ഷേ, ഏറ്റവും നവീനമായ നിര്‍ദേശം ക്ലാസ്മുറിയിലേക്ക് സാമൂഹികജ്ഞാന നിര്‍മിതിരീതിയും വിമര്‍ശനാത്മക പഠനബോധനവും ഉയര്‍ത്തിക്കൊണ്ടുവന്നുവെന്നതാണ്. എൻ.സി.ഇ.ആർ.ടിയുടെ ദേശീയ കരിക്കുലത്തിൽ നിർദേശിക്കപ്പെട്ട വിദ്യാർഥികേന്ദ്രിതവും പ്രക്രിയാബന്ധിതവുമായ ചട്ടക്കൂടാണ് കേരള പാഠ്യപദ്ധതിയും ആധാരമാക്കിയത്. KCF. 2007 രൂപപ്പെടുത്തിയപ്പോള്‍ NCF. 2005-ന്റെ ഉള്ളടക്കത്തില്‍ ഒരു പ്രധാന കൂട്ടിച്ചേര്‍ക്കല്‍, എട്ട് സാമൂഹിക പ്രശ്‌നമേഖലകളെ അഭിസംബോധന ചെയ്യാന്‍ കുട്ടിയെ ഒരുക്കുംവിധമാണ് പാഠ്യപദ്ധതി ക്രമീകരിക്കേണ്ടത് എന്ന വസ്തുതയാണ്. ദേശീയകരിക്കുലം നിർദേശിച്ച വിമർശനാത്മക ബോധനശാസ്‌ത്രത്തെ കൂടുതൽ ക്രിയാത്മകമായി രൂപപ്പെടുത്താൻ ഇതു സഹായിച്ചു. ഓരോ പ്രമേയത്തിന്റെയും ഉള്ളടക്കത്തോടൊപ്പം അതിനെ സാമൂഹ്യപ്രശ്‌നങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രാദേശിക പാഠങ്ങൾ (Local text) ഉൾപ്പെടുത്താനും ഇത് ഉപകരിച്ചു. കൂടുതൽ ജീവസ്സുറ്റ ക്ലാസ്‌മുറികൾ ഇതിന്റെ ഭാഗമായി വളർന്നുവന്നു.
കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന പാഠപുസ്തക/പാഠ്യപദ്ധതി പരിഷ്‌കരണത്തിനായി ഡോ. പി.കെ. അബ്ദുള്‍ അസീസ് ചെയര്‍പേഴ്‌സണായ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന് കടകവിരുദ്ധമാണ്. വിമർശനാത്മക ബോധനത്തെ അവജ്ഞയോടെയാണ് അസീസ് കമ്മിറ്റി വീക്ഷിക്കുന്നത്. അത് കുട്ടികളിൽ ദോഷഫലങ്ങൾ (Negative Impacts) ഉണ്ടാക്കുമെന്നും എന്തിനെയും വിമർശിക്കുന്നവരായി കുട്ടികളെ മാറ്റുമെന്നുമാണ് അസീസ് കമ്മിറ്റിയുടെ അഭിപ്രായം. അന്വേഷണ ത്വരത വളർത്തുന്ന `വിമർശനാത്മക ബോധനം' (Critical Pedegogy) ഒഴിവാക്കിക്കൊണ്ടുള്ള പരിഷ്‌കരണത്തിനാണ് അബ്ദുള്‍ അസീസ് ചെയര്‍പേഴ്‌സണായ കമ്മിറ്റി നിര്‍ദ്ദേശിച്ചത്.അതിന്‍റെ അനന്തരഫലം ആണ് ഈ പച്ചപ്പിന്റെ പടിയിറക്കവും.
കോണ്സ്ടാന്റിനോപ്പിളും സാമൂഹ്യ ശാസ്ത്രവും
ബൈസന്‍റൈന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന തുര്‍ക്കികള്‍ കോണ്സ്ടാന്റിനോപ്പിള്‍ പിടിച്ചടക്കിയ കഥ ഏറെ വര്‍ഷങ്ങളായി പാഠപുസ്തകങ്ങളില്‍ ചേക്കേറിയതാണ്.സംഭവത്തിന്‍റെ ചരിത്ര പ്രാധാന്യമോ, പോട്ടെ സ്ഥലം എവിടെയാണ് എന്നു പോലുമോ അറിയാതെ തലമുറകള്‍ മന:പാഠം പഠിച്ച കഥ..! കാണാപാഠം പഠിച്ചു പരീക്ഷ എഴുതാനുള്ള വക എന്നതിനപ്പുറത്ത് പ്രത്യേകിച്ച് എന്തെങ്കിലും ചരിത്ര ബോധമോ സാമൂഹിക ബോധമോ വിദ്യാര്‍ത്ഥിയില്‍ ഉരുവാക്കാന്‍ ശ്രമിക്കാത്ത ഇത്തരം വിവരശകലങ്ങളുടെ ശേഖരം ആയിരുന്നു 1997-98ലെ പാഠ്യപദ്ധതിമാറ്റത്തിന് മുന്‍പ് വരെയുണ്ടായിരുന്ന നമ്മുടെ പാഠപുസ്തകങ്ങള്‍. ഏതാണ്ട് ആ കാലത്തേക്ക് ഒരു പിന്തിരിഞ്ഞു നടത്തം ആണോ പുതിയ പരിഷ്കരണവും ലക്‌ഷ്യം വെക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതുവരെ പഠിപ്പിച്ചു കൊണ്ടിരുന്ന പാഠപുസ്തകത്തില്‍ ഉള്ളടക്കം കുറവാണെന്ന (.....!) ആക്ഷേപം ഒഴിവാക്കാന്‍ ആയിരിക്കണം ഇത്തരം ഒരു ശ്രമത്തിന് മുതിര്‍ന്നത്. (വിമർശനാത്മക സമീപന പ്രകാരം പാഠപുസ്‌തകത്തിൽ ഒരു വിഷയത്തെക്കുറിച്ച് മുഴുവൻ വിവരങ്ങളും ഉൾപ്പെടുത്തുകയില്ല എന്ന് ഓര്‍മ്മിപ്പിച്ചു കൊള്ളട്ടെ.) എന്തിനാണ് ഇതൊക്കെ പഠിക്കുന്നത് എന്ന് ചോദിച്ചാല്‍ പരീക്ഷയ്ക്ക് മാര്‍ക്ക് വാങ്ങാന്‍ എന്ന ലളിതമായ ഉത്തരം ! കഴിഞ്ഞ ദശാബ്ദത്തില്‍ പിന്തുടര്‍ന്നുവന്നത് തികച്ചും വ്യത്യസ്തമായ രീതിയായിരുന്നു. തന്‍റെ ചുറ്റുപാടുള്ള സംഭവങ്ങളില്‍ നിന്നും പാഠഭാഗങ്ങളിലേക്ക് നയിക്കുന്ന രീതിയായിരുന്നു അത്. ലോകമാകെ അംഗീകരിക്കപ്പെട്ടതും പ്രശ്‌നാധിഷ്‌ഠിത പഠനം (Problem based learning) എന്ന ജ്ഞാനനിർമിതിയിൽ ഊന്നിയതുമായ പ്രാമാണിക സമീപനം കെ.സി.എഫ് രൂപപ്പെടുത്തി. കേരളം ഇന്നഭിമുഖീകരിക്കുന്ന സാമൂഹ്യ പ്രശ്‌നങ്ങൾ, വികസന പ്രശ്‌നങ്ങൾ എന്നിവ തിരിച്ചറിഞ്ഞുകൊണ്ടുള്ള പഠനപ്രക്രിയയായിരുന്നു അത്.സാമൂഹ്യശാസ്ത്രം പഠിക്കുമ്പോള്‍ സമൂഹത്തില്‍ ഇടപെടാനുള്ള ശേഷി കൈവരിക്കുകയാണ് ലക്ഷ്യം. പഠനം ഇടപെടലായി മാറുമ്പോഴാണ് അത് സചേതനമായ പ്രവര്‍ത്തനമായിത്തീരുന്നത്. എന്നാല്‍ പുതിയ പാഠ്യപദ്ധതിയോ പുസ്തകങ്ങളോ അത്തരം ഒരു ലക്ഷ്യത്തിലേക്ക് ചൂണ്ടു പലകയല്ലെന്ന് മാത്രമല്ല കുട്ടിയില്‍ അത്തരം ഒരു സാമൂഹിക മാറ്റം കൊണ്ടു വരിക എന്നത് പഠനത്തിന്‍റെ ഒരു ലക്ഷ്യമേയല്ല എന്ന സമീപനം ആണ് സ്വീകരിച്ചിരിക്കുന്നത്.അറിവിനെ സ്‌കൂളിനു ചുറ്റുമുള്ള ജീവിതവുമായി ബന്ധിപ്പിക്കണം,പാഠ്യപദ്ധതിയെ പാഠപുസ്‌തകകേന്ദ്രീകൃതമല്ലാത്തതും കുട്ടികളുടെ സർവതോന്മുഖമായ വികസനത്തിന് ഊന്നൽ നൽകുന്നതു മാക്കണം തുടങ്ങിയ NCF മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് നേർ വിപരീതമാണ് ഇത് പറയേണ്ടതില്ലല്ലോ.
നിലവില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന സാമൂഹ്യ പാഠപുസ്തകം ചരിത്രം, ജ്യോഗ്രഫി, സാമൂഹ്യശാസ്ത്രം, സാമ്പത്തികശാസ്ത്രം എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള പാഠഭാഗങ്ങളായിരുന്നു. എന്നാല്‍ പുതിയതില്‍ ഇവ വേര്‍തിരിച്ച് ഓരോ അധ്യായങ്ങളായാണു കൊടുത്തിരിക്കുന്നത്. അഞ്ചാം ക്ലാസ്സ് പാഠപുസ്തകം ആരംഭിക്കുന്നത് സ്കൂള്‍ ചരിത്ര നിര്‍മ്മാണത്തെക്കുറിച്ച് പ്രതിപാദിച്ചുകൊണ്ട് ആണ്. എന്നാല്‍ വളരെപ്പെട്ടെന്നു തന്നെ രീതി മാറി വസ്തുതകളുടെ കൂട്ടം എന്നതിലേക്ക് എത്തുന്നു. ഭൂപടങ്ങളെക്കുറിച്ചുള്ള പഠനം ഇപ്പോഴുള്ള പാഠ്യപദ്ധതിയില്‍ സ്വന്തം സ്കൂളിന്‍റെ ഭൂപടം തയാറാക്കുന്നതിലാണ് ആരംഭിക്കുന്നതെങ്കില്‍ ഭൂപട നിര്‍മാണത്തിനുള്ള ആധുനിക സാങ്കേതിക വിദ്യകളാണു പുതിയ പുസ്തകത്തില്‍ വിശദീകരിക്കുന്നത്. സാമ്പത്തിക ശാസ്ത്ര പാഠഭാഗമാകട്ടെ പരീക്ഷയ്ക്ക് ചോദ്യങ്ങള്‍ ചോദിക്കാന്‍ മാത്രമുള്ള വിവരങ്ങളുടെ ശേഖരം മാത്രമാണ്.നിലവില്‍ തുടര്‍ പ്രവര്‍ത്തനം പാഠത്തിന്‍റെ ഭാഗമായിരുന്നുവെങ്കില്‍ പുതിയ പുസ്തകത്തില്‍ വേണമെങ്കില്‍ ചെയ്യാവുന്ന അഭ്യാസം മാത്രമായി ഇത്. സാമൂഹ്യശാസ്ത്രപഠനത്തിലൂടെ കേവലം വസ്തുതകളുടെ സ്വാംശീകരണംമാത്രമാണ് ലക്ഷ്യംവയ്ക്കുന്നത്. ധാരണകളും മൂല്യങ്ങളും മനോഭാവങ്ങളും രൂപീകരിക്കലും വിശകലനംചെയ്യലും അഭിപ്രായരൂപീകരണവും നിര്‍ദേശങ്ങള്‍ വയ്ക്കലുമെല്ലാം ആവശ്യമില്ല എന്ന സമീപനമാണ് സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങള്‍ സ്വീകരിക്കുന്നത്.
സാമൂഹ്യശാസ്ത്രപഠനത്തിലൂടെ
കേവലം വസ്തുതകളുടെ സ്വാംശീകരണംമാത്രമാണ് ലക്ഷ്യംവയ്ക്കുന്നത്. ധാരണകളും
മൂല്യങ്ങളും മനോഭാവങ്ങളും രൂപീകരിക്കലും വിശകലനംചെയ്യലും
അഭിപ്രായരൂപീകരണവും നിര്‍ദേശങ്ങള്‍ വയ്ക്കലുമെല്ലാം ആവശ്യമില്ല എന്ന
സമീപനമാണ് സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങള്‍ സ്വീകരിക്കുന്നത്. - See more
at:
http://deshabhimani.com/newscontent.php?id=452288#sthash.TLB3eOE1.dpuf
സൂക്ഷ്മതലത്തില്‍ നിരീക്ഷിച്ചാല്‍ നിലവിലുള്ള പാഠ്യപദ്ധതിയ്ക്കും നിരവധി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.സാമൂഹികജ്ഞാനനിർമിതി പ്രകാരമുള്ള പഠനരീതി പ്രയോഗത്തില്‍ വരുത്തുന്നതില്‍ അധ്യാപകരുടെ നിഷ്ക്രിയത്വം, അധ്യാപകസഹായിയുടെ പ്രക്രിയാപരമായ വീഴ്‌ചകൾ, പ്രായോഗികത പരിഗണിക്കാത്ത നിർദേശങ്ങൾ, സമയവുമായി പൊരുത്തമില്ലായ്‌മ, ജ്ഞാനനിർമിതി ഉറപ്പാക്കുന്ന തന്ത്രങ്ങളെക്കുറിച്ചുള്ള മൗനം, സിലബസിലെ അവ്യക്തത തുടങ്ങി നിരവധി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഈ പോരായ്മകള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതിന് പകരം ഒരു പിന്തിരിഞ്ഞു പോക്കിന് കേരള സ്‌കൂൾ പാഠ്യപദ്ധതി രൂപരേഖ - 2013 ശ്രമിക്കുന്നത് എന്തിനാണ്.പച്ച ബോര്‍ഡിനെ ചൊല്ലി വിവാദമുണ്ടാക്കുന്നവര്‍ ഇത് കണ്ടില്ലെന്ന് നടിക്കുകയാണോ ?
റഫറന്‍സ്:
- ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പാഠപുസ്തകങ്ങള്‍ (പുതിയതും പഴയതും)
അധ്യാപക സഹായകള്‍ (കേരള പാഠ്യപദ്ധതി രൂപരേഖ - 2013 അടിസ്ഥാനമാക്കിയ അധ്യാപക സഹായകള്‍ ഇതുവരെ വിതരണം ചെയ്തിട്ടില്ല ) - ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് - 2005
- കേരള പാഠ്യപദ്ധതി സംരക്ഷിക്കുക, ലഘുലേഖ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
അനുബന്ധം :
|
കേരള പാഠ്യപദ്ധതി ചട്ടക്കൂട് - 2007 അടിസ്ഥാനമാക്കി യ
ഏഴാം ക്ലാസിലെ പാഠപുസ്തകം
|
ഉള്ളടക്കം |
1. മണ്ണിനെ
പൊന്നാക്കാന്‍
2. മനുഷ്യത്വം വിളയുന്ന ഭൂമി |
3. ഇനിയും
മുന്നോട്ട്
|
4. വെള്ളത്തെ
പിടിച്ചുകെട്ടാം
|
5. നദികള്‍
നാടിന്റെ സമ്പത്ത്.
|
മണ്ണിനെ പൊന്നാക്കാന്‍
|
"അരിവില ഇനിയും കൂടും,
ആവശ്യത്തിനുകിട്ടീന്നുതന്നെ
വരില്ല"
|
"എല്ലാകാലവും അന്യസംസ്ഥാനക്കാര്‍ നമ്മെ പോറ്റും
എന്നുവിചാരിക്കുന്നുണ്ടോ? "
|
"വയലായ വയലൊക്കെ മണ്ണിട്ടുനികത്തുന്നതിന് ഇവിടെ
മത്സരമല്ലേ?" കാര്‍ട്ടൂണുകള്‍ .
നെല്‍വയല്‍ നെല്‍കൃഷിക്കല്ലാതെ ഉപയോഗിക്കുന്നതുകൊണ്ട്
എന്തെങ്കിലും കുഴപ്പമുണ്ടോ?
എല്ലാവര്‍ക്കും സ്വന്തമായി കൃഷിഭൂമിയുണ്ടോ?
കൃഷിക്കാരന്
കൃഷിഭൂമിയുടെ അവകാശം ലഭിച്ചതെപ്പോഴാണ്?
|
ഈ അധ്യായത്തില്‍ തുടര്‍ന്നുവരുന്നത്
ജന്മിമാരും കര്‍ഷകരും തമ്മിലുണ്ടായിരുന്ന അന്തരം പ്രതിപാദിക്കുന്ന ഭാഗങ്ങളാണ്.
|
'ഭൂവിനിയോഗവും ഭക്ഷ്യസുരക്ഷയും' എന്ന സെമിനാറിനുള്ള തയ്യാറെടുപ്പും സെമിനാറും സെമിനാര്‍ റിപ്പോര്‍ട്ടു തയ്യാറാക്കലും കഴിയുമ്പോള്‍ കാര്‍ഷികമേഖലയുടെ
പ്രശ്നങ്ങളെക്കുറിച്ച് കുട്ടിക്ക് സാമാന്യധാരണ ആര്‍ജിക്കാന്‍ കഴിയുന്നു. ഭൂപരിഷ്കാരം കേരളത്തിലെ സാമൂഹ്യ-സാംസ്കാരിക ജീവിതത്തിലുണ്ടാക്കിയ
മാറ്റങ്ങള്‍ തിട്ടപ്പെടുത്താനും കുട്ടികള്‍ക്ക് അവസരം ലഭിക്കുന്നുണ്ട്.
|
കുടിയൊഴിപ്പിക്കല്‍ തുടങ്ങിയ
കിരാതമായ നടപടികളെ കര്‍ഷകര്‍ നേരിട്ടതെങ്ങനെയെന്നും സാന്ദര്‍ഭികമായി സൂചിപ്പിക്കുന്നുണ്ട്.
കൃഷിഭൂമി കര്‍ഷകന് ലഭിക്കണമെന്ന കറാച്ചികോണ്‍ഗ്രസ്സിന്റെ(1927) പ്രമേയത്തിലാണ് ഈ
അധ്യായമൂന്നുന്നത്. എന്നാല്‍ സ്പഷ്ടമായി ആ
രാഷ്ട്രീയത്തിലൂന്നുന്നില്ലെന്ന് മാത്രം. കുടിയൊഴിപ്പിക്കല്‍ നിര്‍ത്തിവയ്ക്കല്‍
നിയമത്തിന്റെ പകര്‍പ്പോടുകൂടി ഏറെക്കുറെ ഈ അധ്യായം അവസാനിക്കുന്നു.
|
മനുഷ്യത്വം വിളയുന്ന ഭൂമി
|
ജാതിമേല്‍ക്കോയ്മയുടെ
കാലത്തുനിന്ന് ആധുനിക കേരളീയസമൂഹത്തിലേക്കുള്ള വളര്‍ച്ചയാണ് പാഠത്തില്‍
പ്രതിപാദിക്കുന്നത്. അതിനുള്ള തുടക്കമെന്നനിലയില്‍ ക്ലാസുമുറികളില്‍
വിദ്യാര്‍ഥികള്‍ ഒരുമിച്ചുചൊല്ലാറുള്ള പ്രതിജ്ഞ രണ്ടാമതും പൂര്‍ണമായി
ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ തുടര്‍ന്ന് ഹരിയാനയില്‍ നടന്ന ഒരു സംഭവത്തെപ്പറ്റിയുള്ള പത്രറിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നു.
ചാന്നാര്‍ലഹള, വൈക്കം സത്യാഗ്രഹം, ഗുരുവായൂര്‍സത്യാഗ്രഹം,
പ്രത്യക്ഷ രക്ഷാദൈവസഭ, മുസ്ലിം ഐക്യസംഘം
തുടങ്ങിയ സംരംഭങ്ങളുടെ വിവരണം നല്‍കുന്നു. ക്ലാസ്മുറിയിലെ ചര്‍ച്ചകളില്‍ നവോത്ഥാനത്തെ സംബന്ധിച്ച
അറിവ് ലഭിക്കുന്ന തരത്തിലാണ് അഭ്യാസങ്ങള്‍ ആസൂത്രണം
ചെയ്തിട്ടുള്ളത്. ഇതിന്റെ ഭാഗമായാണ് "മതമില്ലാത്ത ജീവന്‍" എന്ന
പാഠഭാഗം ചേര്‍ത്തിരുന്നത്.
|
മനുഷ്യനെ സ്നേഹിക്കാനാണ് എല്ലാ മതവും
പഠിപ്പിച്ചത്. അന്യമതക്കാരനെ വെറുക്കാന്‍ പ്രേരിപ്പിക്കുന്നവര്‍ മനുഷ്യന്റെ മാത്രമല്ല, മതത്തിന്റെതന്നെ ശത്രുക്കളാണെന്ന് ആര്‍ക്കും മനസ്സിലാക്കാം. വിശപ്പിനും
ദാരിദ്യ്രത്തിനും തൊഴിലില്ലായ്മയ്ക്കും
മതഭേദമില്ലെന്നും പ്രകൃതിദുരന്തങ്ങള്‍ മതവിശ്വാസമനുസരിച്ചല്ല മനുഷ്യനെ ബാധിക്കുന്നതെന്നും തിരിച്ചറിയാന്‍
അവസരം നല്‍കുന്നുണ്ട്. കുട്ടികള്‍ക്ക്
വ്യക്തിഗതവായനയ്ക്കു നല്‍കേണ്ട രണ്ടു കുറിപ്പ് അധ്യാപകസഹായിയില്‍ നല്‍കുന്നുണ്ട്. 'ദേശീയ സ്വാതന്ത്യ്രസമരം കുട്ടികള്‍ക്ക്' എന്ന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്
പ്രസിദ്ധീകരിച്ച പുസ്തകത്തില്‍നിന്നാണ്
ഒന്ന് - ഇന്ത്യന്‍ സ്വാതന്ത്യ്രത്തെ രക്തപങ്കിലമാക്കിയ വര്‍ഗീയകലാപത്തിന്റെ ചിത്രണം. ടൈംസ് ഓഫ്
ഇന്ത്യയില്‍ 2002 ഏപ്രില്‍ 16 ന് പ്രസിദ്ധീകരിച്ച നരോദ - പാട്യാലയിലെ വര്‍ഗീയകലാപത്തിനിടയില്‍ "ഹിന്ദുഭവനത്തില്‍ ജീവന്‍ കാത്ത മുസ്ളിംകുടുംബ''ത്തിന്റെ കഥയാണ് രണ്ടാമത്തേത്. ഇതിനെല്ലാമൊടുവില്‍ 'നന്മയുടെ നാളുകള്‍' എന്നൊരു കുറിപ്പ് ഓരോ കുട്ടിയും
തയ്യാറാക്കണം. വര്‍ഗീയകലാപത്തില്‍പ്പെട്ട്
നാടുവിടേണ്ടിവരുന്ന ഒരു കുട്ടി വീട്ടില്‍ അഭയംതേടിയാല്‍ നിങ്ങളെങ്ങനെ പെരുമാറും? അതും അവന്റെ/അവളുടെ മതവിശ്വാസം ഭിന്നമാണെങ്കില്‍? പ്രശ്നവുമായി ബന്ധപ്പെട്ട
അനുഭവങ്ങളിലൂടെ കടന്നുപോകുന്ന കുട്ടി ഒരു പ്രശ്നസന്ദര്‍ഭത്തില്‍ ഇടപെടുകതന്നെയാണ് ഇവിടെ
ചെയ്യുന്നത്. മതേതരത്വത്തെക്കുറിച്ചുള്ള
ഒരായിരം ഉപദേശപ്രസംഗത്തേക്കാള്‍ കരുത്തുണ്ട് ഈ പ്രവര്‍ത്തനത്തിന്.
|
ഇനിയും മുന്നോട്ട്
|
പീര്‍മുഹമ്മദിന്റെയും ഭഗത്സിങ്ങിന്റെയും
രക്തസാക്ഷിത്വവും ശാന്തിഘോഷ്, സുനിതാചൌധരി എന്നീ പെകുട്ടികളുടെ
ധീരസാഹസികത്വവും ജാലിയാന്‍വാലാബാഗും മലബാര്‍ കലാപവും ഉപ്പുസത്യഗ്രഹവും ക്വിറ്റിന്ത്യാസമരവും സ്വാതന്ത്യ്രസമരത്തിന്റെ വിവിധ
ധാരകളെയാണ് പ്രതിനിധാനംചെയ്യുന്നത്. സ്വാതന്ത്യ്രസമരത്തിന്റെ
ത്യാഗോജ്വലപോരാട്ടങ്ങളുടെ പശ്ചാത്തലത്തില്‍ വര്‍ത്തമാനകാലപ്രശ്നങ്ങളെ കുട്ടി അഭിമുഖീകരിക്കുന്നു. ഇനിയും
മറികടക്കേണ്ട പ്രശ്നങ്ങളും
പൊരുതിതോല്‍പ്പിക്കേണ്ട അനീതികളുമുണ്ടെന്ന് കുട്ടി തിരിച്ചറിയുന്നു.
|
"വെള്ളത്തെ പിടിച്ചുകെട്ടാം'',
"നദികള്‍ നാടിന്‍ സമ്പത്ത്''
എന്നീ രണ്ടുപാഠവും പ്രകൃതിയെ ആദരിച്ചും സ്നേഹിച്ചും കരുതലോടെ ജീവിക്കാന്‍
പ്രേരണ നല്‍കുന്നവയാണ്. ഭൂ-ജല
മാനേജ്മെന്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ശാസ്ത്രീയമായ ധാരണയുടെ അഭാവം എന്ന പ്രശ്നമേഖലയുമായി ബന്ധപ്പെട്ട ഈ രണ്ടുപാഠവും കേരളത്തിന്റെ വര്‍ത്തമാനകാല
പ്രശ്നങ്ങളിലുള്ള ഇടപെടലായി വികസിക്കുന്നുണ്ട്.
|
നമ്മുടെ നാട്ടില്‍ അല്ലെങ്കിലും ഇത്തരം ഗൌരവമായ വിഷയങ്ങളെ ആര് ഗൌനിക്കുന്നു ?എല്ലാവരും വിവാദങ്ങളുടെ പിറകേയല്ലേ ?
ReplyDeleteപഠനാര്‍ഹമായ ഒരു ലേഖനം. നമുക്ക് ബോര്‍ഡ് വിവാദമാണ് പക്ഷെ പഥ്യം.
ReplyDeleteThis comment has been removed by the author.
ReplyDeleteപൊതു സമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരേണ്ട ലേഖനം.
ReplyDeleteറെഫെറന്‍സ് ചേര്‍ത്ത് തയ്യാറാക്കിയതില്‍ പ്രത്യേകം അഭ്നന്ദനങ്ങള്‍ വിഷ്ണു.
എങ്കിലും ഇതൊക്കെ ശ്രദ്ധിക്കാന്‍ ആര്‍ക്കാണ് നേരം.
നമ്മുടെ മിലിട്ടിരി, ഇന്റലിജന്‍സ്, ആണവ ബഹിരാകാശ മേഖല, തുടങ്ങിയവ പോലെ സര്‍ക്കാരുകള്‍ മാറിയാലും വിദ്യാഭ്യാസം പ്രത്യേക സംവിധാനങ്ങളുടെ കീഴില്‍ തന്നെനിലനില്‍ക്കണം.
പാട്യപധതിയില്‍ കൈകടത്താനുള്ള സര്‍ക്കാരുകളുടെ അവകാശത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാത്തിടത്തോളം കാര്യങ്ങള്‍ തോന്നും പടിയാണ്.
(Y)
ReplyDeleteഒന്നെന്നായി എണ്ണിയെണ്ണി പറഞ്ഞിരിക്കുന്ന അസ്സൽ ലേഖനം തന്നെ
ReplyDeleteഇങ്ങിനെയൊക്കെ പോയാൽ ഇനി പച്ചമലയാളം എന്നെഴുതിയാലും പ്രശ്നമുണ്ടാകും അല്ലേ
വല്ലടത്തും പച്ച ബോര്‍ഡുണ്ടോ എന്നു തപ്പി നടക്കുന്നതല്ലേ ഇതിനേക്കാള്‍ പ്രധാനം..നല്ല ലേഖനം, എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍, ലളിതമായി പറഞ്ഞു തന്നതിനു നന്ദി..
ReplyDelete