Sunday, January 26, 2014

പരമാധികാര സോഷ്യലിസ്റ്റ്‌ മതേതര ജനാധിപത്യ റിപ്പബ്ലിക്ക് ചിത്രങ്ങളിലൂടെ...


ഭരണഘടനയുടെ പീഠിക ഇന്ത്യ പരമാധികാര സോഷ്യലിസ്റ്റ്‌ മതേതര ജനാധിപത്യ രാജ്യമാണെന്നു പ്രഖ്യാപിക്കുന്നു.


 


1.ഇന്ത്യയിലെ പ്രശസ്തമായ  പ്രോപ്പര്‍ട്ടി പോര്‍ട്ടല്‍ ആയ  99acres.com ല്‍ 2013 ഒക്ടോബറില്‍  വന്ന പരസ്യമാണ്  ഇത്. വായു സഞ്ചാരം , കാര്‍ പാര്‍ക്കിംഗ്  തുടങ്ങി മുംബൈയിലെ ഈ   ഫ്ലാറ്റിന്‍റെ  ഗുണങ്ങളുടെ കൂടെ ഇങ്ങനെ ചേര്‍ത്തിട്ടുണ്ട്: "മുസ്ലിങ്ങള്‍ ഇല്ല....!" സംഭവം വിവാദമായതിനെത്തുടര്‍ന്നു പരസ്യം തിരുത്താന്‍ പോര്‍ട്ടല്‍ നിര്‍ബന്ധിതമായി. എന്നാല്‍ പോര്‍ട്ടലിനെതിരെയോ ഡീലര്‍ക്കെതിരെയോ  കാര്യമായ നടപടി ഒന്നും ഉണ്ടായില്ല. മാത്രമല്ല ഇതുമായി ബന്ധപ്പെട്ട് നടത്തിയ തുടരന്വേഷണങ്ങളില്‍ ഇന്ത്യയിലെ പല മഹാനഗരങ്ങളിലും  മുസ്ലീങ്ങള്‍ക്ക് വാടക വീട്  പോലും ലഭിക്കാന്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെക്കുറിച്ച് ഞെട്ടിക്കുന്ന കഥകള്‍ പുറത്തു വന്നു.

 

2.മുംബൈ  മറൈന്‍ഡ്രൈവില്‍ ഇപ്പോഴും ഹിന്ദുക്കള്‍ക്ക്  മാത്രം പ്രവേശനാനുമതിയുള്ള നീന്തല്‍ക്കുളം ആണിത്. ആദ്യകാലത്ത് സവര്‍ണ്ണ ഹിന്ദുക്കളുടെ മാത്രം കുത്തകയായിരുന്നു ഈ നീന്തല്‍ക്കുളം ഉദ്ഘാടനം ചെയ്തത് സര്‍ദാര്‍ വല്ലഭായ്‌ പട്ടേല്‍ ആണ്. മംഗള്‍യാന്‍പ്രൊജെക്റ്റ്ന്‍റെ അഞ്ചിരട്ടിയിലേറെ ചെലവില്‍ നരേന്ദ്ര മോഡി പട്ടേല്‍ സ്മാരകം പണിയാന്‍ ഇതുമൊരു കാരണമായിരിക്കുമോ ?

Advertisement for "Brahmins only" housing project in Bangalore

3. ബെംഗളൂരുവിലെ സനാതന ധര്‍മ പരിരക്ഷണ ട്രസ്റ്റ്‌ന്‍റെ ഹൌസ് പ്ളോട്ടുകള്‍ ബ്രാഹ്മണര്‍ക്ക് വേണ്ടി മാത്രമേ വാങ്ങുവാന്‍ കഴിയുള്ളൂ. 99acres.com പരസ്യം പിന്‍വലിച്ചുകൊണ്ട് തടിതപ്പുകയായിരുന്നു എങ്കില്‍ ബെംഗളൂരുവിലെ സനാതന ധര്‍മ പരിരക്ഷണ ട്രസ്റ്റ്‌ന്‍റെ ചെയര്‍മാന്‍ ഡോ. വി പി റാവു ഇതിനെ ന്യായീകരിക്കുക ആണ് ചെയ്യുന്നത്. : " ഒരു കമ്യൂണിറ്റിയില്‍ പെട്ടവര്‍ ഒന്നിച്ച്‌ താമസിക്കുന്നതില്‍ എന്താണ് കുഴപ്പം, ഞങ്ങള്‍ മറ്റ് കമ്യൂണിറ്റികളെ ശല്യപ്പെടുത്തുന്നില്ല, ഞങ്ങള്‍ അങ്ങനെ ചെയ്യാന്‍ ഉദ്ദേശിക്കുന്നുമില്ല."

ഏറെ  നിര്‍ദോഷകരമെന്നു തോന്നിപ്പിക്കുന്ന ഈ അഭിപ്രായത്തിന്‍റെ മറുപുറം കാണാന്‍ താഴെയുള്ള ചിത്രം നോക്കുക.

4.പണവും  പദവിയും ഉണ്ടെങ്കിലും നഗരത്തിലെ റെസിഡന്‍ഷ്യല്‍ ഏരിയകള്‍ താമസസ്ഥലം നിഷേധിച്ചതിനെ തുടര്‍ന്ന്  നഗരത്തിന് പുറത്തുള്ള സ്ഥലങ്ങളില്‍ രൂപം കൊള്ളുന്ന ദളിത്‌ കോളനികളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ആണിത്. (പൂര്‍ണ്ണ രൂപം ഇവിടെ വായിക്കാം എക്സ്പ്രസ് TOI) അയിത്തവും തൊട്ടുകൂടായ്മയും നമ്മുടെയൊക്കെ മനസ്സുകളില്‍നിന്ന് ഇനിയും വിട്ടുപോയിട്ടില്ല എന്ന് തന്നെ...!

 
5.കര്‍ണ്ണാടകയിലെ കുക്കെ   സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ നടന്നു വരുന്ന മടെ സ്നാന എന്ന ചടങ്ങ്. ബ്രാഹ്മണരുടെ എച്ചില്‍ ഇലയില്‍ "കീഴ് (!)"ജാതിക്കാര്‍ കിടന്നുരുളുന്ന ആചാരം !! ഇടത്‌ പക്ഷ സംഘടനകളുടെ ശക്തമായ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ സുബ്രഹ്മണ്യ മഠത്തിന്‍റെ വക്താവ്‌ പ്രതികരിച്ചത് - "വിശ്വാസികള്‍ക്ക് അവരുടെ 'ദോഷ'ങ്ങള്‍ പരിഹരിക്കാന്‍ ഉള്ള അവകാശത്തെ തടയാന്‍ ആര്‍ക്കും അവകാശമില്ല" എന്നായിരുന്നു.
 
 
6.ഹിന്ദു, മുസ്ലിം കോളനികളെ വേര്‍തിരിക്കുന്ന ഹിന്ദു - മുസ്ലിം മതില്‍ , വേണുഗോപാല്‍ സൊസൈറ്റി , ഗുജറാത്ത് . വര്‍ഗീയ  കലാപത്തിന്  മുന്‍പ്‌ ഇവിടെ വലിയൊരു ഗേറ്റ് ആയിരുന്നു ഉണ്ടായിരുന്നത്.


The  
7.തമിഴ്‌ നാട്ടില്‍ സേലം നഗരസഭയില്‍ 'അവര്‍ണ്ണ'രുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയിരുന്ന 'ജാതി' മതില്‍ പൊളിച്ചു നീക്കിയപ്പോള്‍.

 

8.മുസഫര്‍നഗറില്‍ വര്‍ഗീയ കലാപത്തിനിരയായവര്‍ക്ക് വേണ്ടിയുള്ള ഒരു അഭയാര്‍ത്ഥി  കേന്ദ്രം. കലാപത്തില്‍ സ്വന്തം ഭൂമിയില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട മനുഷ്യരോട് നഷ്ടപരിഹാരത്തിനു പകരമായി  അവരുടെ ഭൂമിയില്‍ അവകാശമുന്നയിക്കുകയില്ല എന്ന സത്യവാങ്മൂലം വാങ്ങാന്‍ സര്‍ക്കാര്‍ ശ്രമിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴി തെളിച്ചു.

9.Manual scavenging Bill പാസ്സായി എന്നാലും നിര്‍ബാധം തുടരുന്നു ഈ തൊഴില്‍. സമൂഹത്തിന്‍റെ മാലിന്യങ്ങള്‍ പേറുന്ന 'തോട്ടി'കളുടെ സമൂഹത്തിനു   അവജ്ഞയും അവഗണനയും മാത്രം ഇന്നും ബാക്കി.

ഇനി സമത്വത്തിന്‍റെ മഹനീയമായ ഒരുദാഹരണം നമ്മുടെ കൊച്ചു കേരളത്തില്‍ നിന്ന്. 

10.തിരുവനന്തപുരം SAT ആശുപത്രിയില്‍ ആദിവാസിയുവതിയുടെ പിഞ്ചു കുഞ്ഞിന്‍റെ മൃതദേഹം അധികൃതര്‍ ബക്കറ്റില്‍ ആക്കി നല്‍കി. ആംബുലന്‍സ് വിട്ടുകൊടുക്കാന്‍ വിസമ്മതിച്ച അധികൃതര്‍ യുവതിയോട്  ബസ്സില്‍ പോയാല്‍ മതി എന്നാണ് പറഞ്ഞത്.


എല്ലാവര്‍ക്കും  റിപ്പബ്ലിക് ദിനാശംസകള്‍

 റഫറന്‍സ്  
 1. Petition filed against Mumbai broker who posted 'no Muslims' ad 
 2. Patel’s communalism—a documented record | Frontline  
 3.  Now, Bangalore townships sell plots only to Brahmins, Lingayat
 4. ‘Made snana' performed at Kukke Subrahmanya temple - The Hindu  
 5. Worlds apart in a divided city - The Hindu
 6.  ‘Wall of untouchability' pulled down - The Hindu
 7. Government asking us not to return home: Muzaffarnagar riot-hit - Times Of India  
 8. SC upset at delay in passing manual scavenging Bill - The Hindu
 9. SAT Hospital staff dump Adivasi baby's dead body in basket - YouTube

10 comments:

 1. ആഗസ്റ്റ്‌ പതിനഞ്ചും, ജനുവരി ഇരുപത്തിയാറും ഇന്ത്യക്കാർക്ക് ഒരു പ്രത്യേക ഇതാണ്. അതിനെ എന്ത് പേരും വിളിക്കാം . ചിലർക്ക് ദേശസ്നേഹം, ചിലർക്ക് പുച്ഛം, ചിലർക്ക് ഇന്ത്യ അത്ര പോരാ എന്ന തോന്നൽ. ചിലർക്കോ എന്തിനാണീ പ്രഹസന ദിവസങ്ങൾ എന്ന വരട്ടു വാദവും. വിഷ്ണുവിന്റെ പോസ്റ്റ്‌ ഇതിലൊരു വിഭാഗത്തിലും പെടുന്നില്ല എന്നത് തന്നെയാണ് ഈ പോസ്റ്റിന്റെ പ്രസക്തി. ചില സത്യങ്ങളുടെ ഓർമ്മപ്പെടുത്തലുകൾ മാത്രമാണീ പോസ്റ്റ്‌.

  ഇവിടെ കൂടുതലായി ഒന്നും വിഷ്ണു പറയുന്നില്ല. ചില ചിത്രങ്ങളുടെ സഹായത്തോടെ കിംഗ്‌ സിനിമയിൽ മമ്മുക്ക പറയുന്ന പോലെയുള്ള ഒരു ഇന്ത്യയെ കുറിച്ച് പറയുക മാത്രമാണ് ചെയ്യുന്നത്. മമ്മുക്ക ആ ഡയലോഗ് പറയുമ്പോൾ അത് നായകന്റെ വെറുമൊരു cinematic dialogue delivery മാത്രമായി വിലയിരുത്തിയവർ പലരുണ്ടാകാം നമുക്കിടയിൽ. അന്ന് ആ ഡയലോഗ് കേൾക്കുമ്പോൾ പ്രേക്ഷകനും വാണി വിശ്വനാഥിനും തോന്നേണ്ടിയിരുന്ന സെൻസും സെൻസിബിലിറ്റിയുമൊക്കെ ഈ ഒരു പോസ്റ്റിലൂടെ വായനക്കാരന്റെ ചങ്കിലേക്ക്‌ ഈയം ഉരുക്കിയൊഴുക്കുന്ന കണക്കേയാണ് വിഷ്ണു പങ്കു വച്ചിരുക്കുന്നത്. പോസ്റ്റ്‌ വായിച്ചു കഴിഞ്ഞാലും ഉരുക്കിയൊഴിച്ച ഈയം ചങ്കിൽ കുടുങ്ങി വായനക്കാരൻ അസ്വസസ്ഥനാകുക തന്നെ ചെയ്യും. അക്കാരണം കൊണ്ട് തന്നെ ഈ റിപ്പബ്ലിക് ദിനത്തിൽ ഇത് വായിച്ച ഒരാളും ആത്മാർഥമായി ഹാപ്പി റിപ്പബ്ലിക് ഡേ എന്ന് പറയുമെന്ന് തോന്നുന്നില്ല.

  കുറ്റങ്ങളും കുറവുകളും ഇല്ലാത്ത രാജ്യങ്ങളില്ല ... വിഷ്ണു പങ്കു വച്ചത് സത്യങ്ങൾ തന്നെയാണ്. അതല്ല എന്ന് പറയാനുമാകില്ല. എന്നാലും എനിക്ക് എന്റെ മനസ്സിലെങ്കിലും മന്ത്രിച്ചേ മതിയാകൂ .. "ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ, ഈ പോരായ്മകൾക്കിടയിലും ഞാൻ ഒരായിരം തവണ അഭിമാനിക്കുന്നു .. ജയ്‌ ഹിന്ദ്‌ ..ഭാരത്‌ മാതാ കീ ജയ്‌ .."


  http://chokkupoti.blogspot.in/2014/01/blog-post.html

  ReplyDelete
  Replies
  1. ഇന്ത്യക്കാരൻ എന്ന നിലയിൽ ഞാനും ഒരായിരം തവണ അഭിമാനിക്കുന്നുണ്ട്. ഓരോ ഇന്ത്യക്കാരനും അങ്ങനെത്തന്നെയായിരിക്കണം എന്നും ഞാന്‍ ആഗ്രഹിക്കുന്നു. മുസാഫര്‍നഗര്‍ കലാപത്തില്‍ ആട്ടിയോടിക്കുകയും പിന്നീട് തിരികെ വരില്ല എന്ന്‍ സത്യവാങ്മൂലം എഴുതി വാങ്ങിക്കുകയും ചെയ്ത ഒരാള്‍ക്കും, ദിവസം മുഴുവനും മാലിന്യത്തില്‍ മുങ്ങി ജോലി ചെയ്യുന്ന ഒരാള്‍ക്കും ഇന്ത്യ എന്ന രാജ്യത്തെക്കുറിച്ച് അഭിമാനം തന്നെയായിരിക്കും... എങ്കിലും.................!

   Delete
 2. ചിലര്‍ ലോകം മുഴുവന്‍ നന്നാക്കാന്‍ ശ്രമിക്കുന്നു.. ചിലര്‍ ഒരു രാജ്യം.. ചിലര്‍ ഒരു ദേശം.. ചിലര്‍ കുറച്ചാളുകളെ നന്മയുടെ വഴിയില്‍ നടത്താന്‍ ശ്രമിക്കുന്നു.. ഇങ്ങനെയുള്ള ചിലരുടെ ചെറിയ പ്രയത്നങ്ങളിലൂടെയാണ് തികച്ചും അപരിഷ്കൃതമായിരുന്ന നമ്മുടെ ലോകം ഇന്നത്തെ അവസ്ഥയിലെങ്കിലും എത്തിയത്.. എന്നാലും ചിലതൊക്കെ മാറാന്‍ നൂറ്റാണ്ടുകള്‍ തന്നെ വേണ്ടി വരും.. അതില്‍ പെടുന്നതാണ് മതപരമായ അനാചാരങ്ങളും അസഹിഷ്ണുതയും.. അന്നാ മാറ്റങ്ങള്‍ വരുമ്പോള്‍ അതിലും വലിയ മറ്റൊരു വിപത്ത് നമ്മളെ നോക്കി ഇളിച്ചുകൊണ്ടിരിക്കുകയാവും..

  ഈ കണ്ടതെല്ലാം സത്യങ്ങള്‍ മാത്രം.. നമുക്ക് ഒരു ലോകത്തെയോ രാജ്യത്തേയോ ദേശത്തെയോ അപ്പാടെ മാറ്റാന്‍ പറ്റിയില്ലേലും നമ്മുടെ ചുറ്റിനുമുള്ള ചിലരെ ശരിയായ, ശാശ്വതമായ സത്യങ്ങളിലെക്ക് പിടിച്ചുകൊണ്ട് വരാന്‍ സാധിക്കും.. മിനിമം നമുക്ക് നമ്മുടെ മനോഭാവമെങ്കിലും മാറ്റാന്‍ സാധിക്കും..

  ഇന്ത്യ അത്ര മോശം രാജ്യമൊന്നുംഅല്ല.. ഹാപ്പി റിപബ്ലിക് ഡേ..

  ReplyDelete
 3. ഫിര്‍ ഫി ദില്‍ ഹൈ ഹിന്ദുസ്ഥാനീ.......!!
  സങ്കടപ്പെടുത്തുന്നതും ഭീതിപ്പെടുത്തുന്നതുമായ എല്ലാ വിഷയങ്ങളുടെ നടുവിലും പ്രത്യാശയോടെ ഇരിക്കാന്‍ ശ്രമിക്കുക തന്നെ!!

  ആശംസകള്‍

  ReplyDelete
 4. എന്റെ അമ്മനാടിന്റെ സത്യങ്ങൾ .....
  - ഒരു റിപ്പബ്ളിക്ക്ദിനംകൂടി പിന്നിടുമ്പോൾ വിഷ്ണു നിരത്തിയ തെളിവുകൾ വെളിച്ചത്തിലേക്ക് ഇനിയും ഒരുപാട് ദൂരമുണ്ടെന്ന് ഓർമ്മപ്പെടുത്തുന്നു ....

  ReplyDelete
 5. നേര്‍ ചിത്രങ്ങള്‍ നമ്മെ എന്തെല്ലാമോ ഓര്‍മ്മപ്പെടുത്തുന്നു !

  ReplyDelete
 6. നാം വെളിച്ചത്തിലേക്കോ അതോ ഇരുട്ടിലേക്കോ പൊയ്ക്കൊണ്ടിരിക്കുന്നത്.....? പ്രകാശപൂരിതമായ ഒരു ഭാവി നമ്മുടെ മുന്നിൽ ഇല്ല. എവിടേയും തിന്മകൾ മാത്രം നിറയുന്നു........

  ReplyDelete
 7. ചോര തിളയ്ക്കണം ഞരമ്പുകളില്‍......
  പക്ഷേ,ഇതൊക്കെ വായിക്കുമ്പോള്‍ കാണുമ്പോള്‍......
  .....മരവിച്ചുപോകുകയാണ്..
  ആശംസകള്‍

  ReplyDelete
 8. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ചില ഇരുട്ടുനിറഞ്ഞ
  ഭാരത മന:സാക്ഷിയെ ഞെട്ടിക്കുന്ന ചിത്രങ്ങൾ തന്നെയാണിത് ...1

  ReplyDelete
 9. എനിക്ക് ഞെട്ടലൊന്നും ഇല്ല്യ, ഇതിലും അപ്പുറത്താണ് എഴുതപെടാത്തതും, പരസ്യപെടുത്താത്തതുമായ സത്യങ്ങള്‍, അതു കണ്ടു മടുത്തിരിക്കുന്നു, അതിന്റെ മരവിപ്പാണിപ്പോള്‍ ഉള്ളില്‍...നല്ല ലേഖനം..ഇതു വായിച്ചാലെങ്കിലും ഇനി സമത്വം എന്ന വാക്കിനിവിടെ ഒരു വിലയുമില്ലെന്നു ആര്‍ക്കെങ്കിലും മനസ്സിലാകട്ടെ...ആശംസകള്‍

  ReplyDelete