Wednesday, June 20, 2012

അജ്ഞതയുടെ കുന്നുകള്‍

പത്ര പ്രവര്‍ത്തകന്‍ എന്ന്  പറഞ്ഞാല്‍ തന്റെ ഓഫീസില്‍ 'കവറില്‍ ഇട്ടെത്തിക്കുന്ന' വിവരങ്ങളെ   പത്ര മുതലാളികളുടെയും   അധികാരി വര്‍ഗത്തിന്റെയും   താല്പര്യങ്ങള്‍ക്കനുസരിച്ചു അല്ലെങ്കില്‍  മാര്‍ക്കറ്റ്    അനുസരിച്ച്  എരിവും പുളിവും ഭാവനയും  ചേര്‍ത്ത് വാര്‍ത്തകള്‍ പടച്ചു  വിടുന്നയാള്‍   എന്ന്  ഇന്നത്തെ  കാലത്ത്  ആരെങ്കിലും  സംശയിച്ചാല്‍  അതിനെ  തെറ്റ്  പറയാന്‍  കഴിയുമോ ..? ഒരു  ദിവസം   എഴുതിപ്പിടിപ്പിച്ചതിനെല്ലാം  വിപരീതമായി  അടുത്ത   ദിവസം  തന്നെ  ഉളുപ്പില്ലാതെ എഴുതിക്കളയുന്നവര്‍  ആണല്ലോ  നമ്മുടെ നാട്ടിലെ പല  പത്ര പ്രവര്‍ത്തകരും... എന്നാല്‍ ഇതിനെല്ലാം ചില അപവാദങ്ങളും ഇല്ലേ ? നേര് തേടിയുള്ള യാത്രയില്‍ സ്വന്തം ജീവന്‍  പോലും ബലികഴിക്കാന്‍ മടിയില്ലാത്തവര്‍...!  അങ്ങനെ ചിലരുടെ സാന്നിധ്യം കൊണ്ടല്ലേ  മാധ്യമ പ്രവര്‍ത്തനം ഇന്നും ഇവിടെ വെറും  ഒരു ജോലിഎന്നതിനുപരി ഒരു സാമൂഹ്യ പ്രവര്‍ത്തനം എന്ന നിലയില്‍ കണക്കാക്കപ്പെടുന്നത്. . ..?

ഭരണകൂടവും മുഖ്യധാര മാധ്യമങ്ങളും പറഞ്ഞു പരത്തിയ ഛത്തിസ്‌ഗഢ് ലെ   അബുജ് മാഢ് ( Abujmarh) എന്ന  "നക്സല്‍ ഭീകര" ഗ്രാമത്തിന്റെ സത്യാവസ്ഥ തേടിയിറങ്ങിയതായിരുന്നു  തെഹെല്‍ക ലേഖിക തുഷ മിത്തലും ഫോട്ടോ ജേര്‍ണലിസ്റ്റ് തരുണ്‍ സെഹ് റാവത്തും. നക്സല്‍ ഭീകര ഗ്രാമത്തെ ക്കുറിച്ച്  മറ്റാരും പറയാത്ത  ഞെട്ടിക്കുന്ന വിവരങ്ങളാണ് അവര്‍ പുറത്തു കൊണ്ട് വന്നത് എന്നാല്‍ ഈ യാത്രക്കിടയില്‍    ഫോട്ടോ ജേര്‍ണലിസ്റ്റ് തരുണ്‍ സെഹ് റാവത്തിനു  നഷ്ടമായത് സ്വന്തം ജീവനാണ്.
അബുജ് മാഢ് :  തരുണ്‍ പകര്‍ത്തിയ ചിത്രം 

രാജ്യത്തെ ആദ്യത്തെ "മാവോയിസ്റ്റ് ലിബറേറ്റഡ്  സോണ്‍" ആണ്
ഛത്തിസ്‌ഗഢ് ലെ  അബുജ് മാഢ് എന്നാണു സര്‍ക്കാരും മുഖ്യധാര മാധ്യമങ്ങളും ഇത് വരെ നമുക്ക് പറഞ്ഞു തന്നിട്ടുള്ളത്. ഇവിടെ നിയമങ്ങള്‍ നടപ്പിലാക്കുന്നത്  "മാവോയിസ്റ്റ് സര്‍ക്കാരുകള്‍" ആണത്രേ. ഗവണ്‍മെന്റിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്  തടസ്സം നില്‍ക്കുകയാനത്രേ മാവോയിസ്റ്റുകള്‍..!   ഇക്കഴിഞ്ഞ മാര്‍ച്ച് 10 നും 17 നും ഇടക്ക്  CRPF ഉം അവരുടെ തന്നെ പ്രത്യേക സംഘമായ കോബ്രയും , സംസ്ഥാന സര്‍ക്കാരിന്റെ വലിയ ട്രൂപ്പും ചേര്‍ന്ന്  അബുജ് മാഢ്ല്‍ ഓപ്പറേഷന്‍ ഹക്ക എന്ന പേരില്‍ വലിയൊരു സൈനിക " മുന്നേറ്റവും " നടത്തി. പന്ത്രണ്ടോ പതിമൂന്നോ എന്‍ കൌണ്ടെരുകള്‍ക്ക് ശേഷം പതിമൂന്നു പേരെ അറസ്റ്റു ചെയ്യുകയും ഒരു പ്രിന്‍റര്‍ പിടിച്ചെടുക്കുകയും ചെയ്തു. ( നക്സലുകളുടെ കയ്യില്‍ നിന്ന് ലാപ് ടോപ്‌ പിടിച്ചെടുക്കാനായില്ല , എങ്കിലും ഇങ്ക് ജെറ്റ് പ്രിന്‍റര്‍ കിട്ടിയത് വലിയ കാര്യമാണെന്ന് പൊലിസ് സൂപ്രണ്ട്  മായങ്ക്   ശ്രീവാസ്തവ് ..! ) ഓപ്പറേഷന്‍ ഹക്കയുടെ നേട്ടങ്ങളെക്കുറിച്ചോ  , നാശനഷ്ടങ്ങളെക്കുറിച്ചോ യഥാര്‍ത്ഥ ചിത്രം ഇതുവരെ ലഭ്യമല്ല.

ഓപ്പറേഷന്‍ ഹക്ക കഴിഞ്ഞു ഒരു മാസം കഴിഞ്ഞാണ് തെഹല്‍ക ലേഖിക തുഷ മിത്തലും
തുഷ മിത്തല്‍
ഫോട്ടോഗ്രാഫര്‍ തരുണ്‍ സെഹ് റാവത്തും തങ്ങളുടെ യാത്ര തുടങ്ങുന്നത്. പന്ത്രണ്ടു ബിസ്ലേരി വാട്ടര്‍ ബോട്ടിലുകളും കുറച്ചു മാഗി നൂടില്‍സ് പാക്കറ്റുകളും    ബിസ് കുറ്റുകളും അടങ്ങുന്ന ഒരു ഭക്ഷണപ്പൊതിയുമെടുത്തു കൊണ്ടു അവര്‍ യാത്ര തുടങ്ങി.
ഇനി വരാന്‍ പോകുന്ന ദിനങ്ങളില്‍ അവരെ കാത്തിരിക്കുന്നത് എന്താണെന്ന് ഒരു രൂപവുമില്ലായിരുന്നു.

തികച്ചും കൌതുക കരമായ വിശേഷങ്ങളുമായാണ്  അബുജ് മാഢ്  അവരെ വരവേറ്റത് . ഇന്ത്യന്‍ ഫ്യൂഡല്‍ വ്യവസ്ഥിതിയുടെ ഏറ്റവും  ക്രൂരവും പൈശാചികവുമായ അടിച്ചമര്ത്തലുകളുടെ കഥകള്‍ അവര്‍ കേട്ടു, എന്നാല്‍ ബദല്‍ സംവിധാനം എന്ന രീതിയില്‍ ഉയര്‍ന്നു വന്നിരിക്കുന്ന മാവോയിസ്റ്റു ഭരണകൂടവും ആശാവഹമല്ല. മെച്ചപ്പെട്ട ചികിത്സ തേടി നഗരത്തില്‍ പോകുന്നവരെപ്പോലും അവര്‍ സംശയത്തിന്റെ കണ്ണുകളിലൂടെയാണ് നോക്കുന്നത്. അവരെപ്പേടിച്ചു സോനു എന്ന ഒരു യുവാവ്  ഓപ്പറേഷന്‍ ഹക്കയില്‍ കൊണ്ട വെടിയുണ്ടയും പേറിയാണ്  ഇപ്പോഴും ജീവിക്കുന്നത്.  ഈ ഗ്രാമങ്ങളിലൂടെയുള്ള യാത്രയില്‍ കണ്ടെത്തിയ ഞെട്ടിക്കുന്ന വിവരങ്ങള്‍ ഇവിടെ വായിക്കാം.

കൊട്ടി ഘോഷിക്കപ്പെടുന്ന വികസനത്തിന്റെ നേരിയ രേഖകള്‍ പോലും കടന്നു ചെന്നിട്ടില്ലാത്ത ഗ്രാമങ്ങളിലെ ഒറ്റയടിപ്പാതകളിലൂടെയും  ഇടുങ്ങിയ കാട്ടു വഴികളിലൂടെയും അവര്‍ നടന്നു. കയ്യിലുള്ള
തരുണ്‍ സെഹ് റാവത്ത് 
ഭക്ഷണപ്പൊതികളും വെള്ളവും തീര്‍ന്നു തുടങ്ങിയെങ്കിലും യാത്ര മതിയാക്കാന്‍ അവര്‍ ഒരുക്കമല്ലായിരുന്നു, അല്ലെങ്കിലും ബുദ്ധിമുട്ടുകള്‍ കണ്ടയുടനെ തിരിച്ചു പോരാന്‍ അവര്‍ ഉല്ലാസയാത്ര നടത്താന്‍ പോയ ടൂറിസ്റ്റുകള്‍ അല്ലായിരുന്നുവല്ലോ. കാലികളും മനുഷ്യരും  കുളിക്കുകയും കുടിക്കുകയും ചെയ്യുന്ന ചോലകളില്‍ നിന്നുള്ള വെള്ളം തന്നെ അവരും കുടിക്കാന്‍  തുടങ്ങി. വെള്ളം തിളപ്പിച്ചു കുടിക്കാന്‍ ശ്രമിച്ചപ്പോള്‍ പല നിറത്തിലെ ഊറലുകള്‍ അടിയുന്ന ഒരു ദ്രാവകമാണെത്രേ അവര്‍ക്ക് കിട്ടിയത് . എങ്കിലും അവിടെയുള്ള മനുഷ്യര്‍ ഉപയോഗിക്കുന്നത് അതേ വെള്ളം തന്നെയാണല്ലോ. മലേറിയ പരത്തുന്ന കൊതുകുകള്‍ അവര്‍ക്ക് താരാട്ട് പാടി. അവിടെയുള്ള കുഞ്ഞുങ്ങള്‍ എന്നും ഉറങ്ങുന്നത് ആ താരാട്ട് കേട്ടാണല്ലോ..! എന്നാല്‍ ദിവസങ്ങള്‍ കഴിയുന്തോറും സ്ഥിതി വഷളായിതുടങ്ങി.  ഇരുപത്തിയേഴുകാരിയായ തുഷക്ക് പനിയും ആമാശയ അണുബാധയും ഉണ്ടായി .എന്നാല്‍ ഇരുപത്തി രണ്ടുകാരന്‍ തരുണിനു  സെറിബ്രല്‍ മലേറിയ  , മഞ്ഞപ്പിത്തം , ടൈഫോയിഡ്  എന്നിവയുടെ കൂട്ട ആക്രമണമാണ്  നേരിടേണ്ടി വന്നത് . രണ്ടാഴ്ചത്തെ ചികില്‍സക്കൊടുവില്‍ തുഷ ആരോഗ്യം വീണ്ടെടുത്തു. തരുണ്‍ സുഖം പ്രാപിക്കുന്നതായും  ബോധം വീണെടുത്ത വേളയില്‍ അവന്‍ കാമറ ചോദിച്ച് കൈ നീട്ടിയെന്നും തെഹല്‍ക്കയുടെ മാനേജിംഗ് എഡിറ്റര്‍ ഷോമ ചൌധരി ഇടക്കൊന്നു സന്തോഷം പങ്കുവെച്ചു. എന്നാല്‍ ഇക്കഴിഞ്ഞ ജൂണ്‍ പതിനഞ്ചിന്  തരുണ്‍ അന്തരിച്ചു. മകന്റെ ശരീരം വൈദ്യവിദ്യാര്‍ഥികള്‍ക്ക് പഠനത്തിനു നല്‍കാന്‍ ഒരുക്കമായിരുന്നു അച്ഛന്‍ രണ്‍ബീര്‍ സെറാവത്ത്. സഹോദരന്‍ അരുണ്‍ സെറാവത്ത് തെഹല്‍കയിലെ ഐ ടി വിഭാഗത്തില്‍ ജോലി ചെയ്യുന്നു.

അന്വേഷണാത്മക പത്ര പ്രവര്ത്തകന്  സംഭവിച്ച ഒരു ദുരന്തമായോ , ഒരു അഡ്വഞ്ചര്‍ ജേര്‍ണലിസ് റ്റിന്  സംഭവിച്ച അപകടമായോ തരുണിന്റെ   മരണത്തെ   കാണാന്‍ കഴിയുമോ ? തരുണും തുഷയും ഒരാഴ്ച മാത്രം  ജീവിച്ച സാഹചര്യങ്ങളില്‍ ഒരു ആയുസ്സ് മുഴുവന്‍ ജീവിക്കുന്ന ആയിരക്കണക്കിന് മനുഷ്യന്മാരുണ്ട് , ചികിത്സ പോലും കിട്ടാതെ മരിക്കുന്ന നൂറു കണക്കിന് കുഞ്ഞുങ്ങളുമുണ്ടാവും... വികസനത്തെക്കുറിച്ച് മുക്കിനു മുക്കിനു പ്രസംഗിക്കുന്ന ധന/ഗ്രാമ വികസന മന്ത്രിമാരും, ജനാധിപത്യം പുന: സ്ഥാപിക്കാനെന്ന പേരില്‍ പട്ടാളത്തെ ഇറക്കുന്ന പ്രതിരോധ മന്ത്രിയും,  മാവോയിസ്റ്റുകളുടെ ക്രൂരതയെക്കുറിച്ച്‌ വാതോരാതെ സംസാരിക്കുന്ന ആഭ്യന്തര മന്ത്രിയും, മുപ്പത്തിയഞ്ചു ലക്ഷം രൂപ ചെലവാക്കി കക്കൂസുകള്‍ മോടിപിടിപ്പിക്കുന്ന പ്ലാനിംഗ് കമ്മീഷനും, സര്‍ക്കാര്‍ പറയുന്ന മാവോയിസ്റ്റു ക്രൂരതകളെക്കുറിച്ച്  പതിപ്പുകള്‍ ഇറക്കുകയും, മാവോയിസ്റ്റ് മേഖലകളിലെ മൈനിംഗ് കമ്പനികളുടെ ഓശാരം പറ്റുകയും , മരണങ്ങളെ വോട്ടു ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി ആഘോഷങ്ങള്‍ ആക്കി മാറ്റുകയും ചെയ്യുന്ന മാധ്യമ പ്രഭുക്കളും ഇവിടത്തെ ആയിരങ്ങളുടെ ജീവിതത്തെ ക്കുറിച്ച് ചിന്തിച്ചിട്ടുണ്ടാകുമോ..? അജ്ഞത/അഹന്തയുടെ    ഇരുട്ട് മൂടിക്കിടക്കുന്ന അവരുടെ ചിന്തകളിലേക്ക് വെളിച്ചം പകരുന്ന വജ്ര ശോഭയാകട്ടെ തരുണിന്റെ രക്ത സാക്ഷിത്വം.
അബുജ് മാഢ് :  തരുണ്‍ പകര്‍ത്തിയ ചിത്രം

>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
'ഗോണ്ടി' ഭാഷയില്‍  "അബുജ് മാഢ് "  എന്നാല്‍ "the unknown hills" അല്ലെങ്കില്‍ " അറിയാക്കുന്നുകള്‍ " എന്നാണ് .

തെഹല്‍ക മാനേജിംഗ് എഡിറ്ററുടെ അനുസ്മരണം ഇവിടെ വായിക്കാം
...............................................................................................................................

20 comments:

  1. One can only hope that everything will change at some point. Good read. Thank you

    ReplyDelete
  2. ഈ ലേഖനം കൈകാര്യം ചെയ്ത വിഷയം സാമൂഹ്യബോധം തുളുമ്പുന്ന വെളിച്ചത്തെ കുറിച്ചാണ് .

    ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ലേഖനങ്ങള്‍ പത്ര മാധ്യമങ്ങളില്‍ കൂടി ഇക്കാലത്ത് കണ്ടതായി ഓര്‍ക്കുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇത് ആദ്യമായാണ് ഈ കാര്യത്തെ കുറിച്ച് ഒരു പുതു അറിവ് കിട്ടുന്നത്.

    തുഷ മിത്തലിനെ പോലെയും , തരുണിനെ പോലെയും ഉള്ള പൌരന്മാര്‍ നമുക്കിടയില്‍ എവിടെയൊക്കെയോ ഉണ്ട് എന്നറിയുന്നത് സന്തോഷം തോന്നിക്കുന്നു, അതെ സമയം അവര്‍ക്ക് അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകളെ കുറിച്ചോര്‍ക്കുമ്പോള്‍ വിഷമവും തോന്നുന്നു.

    പലപ്പോഴും നമ്മുടെ പൌരബോധവും സാമൂഹ്യബോധവും ഫേസ് ബുക്കിലും, ബ്ലോഗുകളിലും ഒതുങ്ങി പോകുന്നു. എന്ത് കൊണ്ട് നമുക്ക് മുഖം മൂടികള്‍ അണിയേണ്ടി വരുന്നു ?

    എന്തായാലും ഇത്തരം ലേഖനങ്ങള്‍ വായനക്കാരില്‍ ഒരു പരിധി വരെയെങ്കിലും, സാമൂഹ്യബോധത്തോടെ സമൂഹത്തില്‍ പ്രവര്‍ത്തിക്കാന്‍ വേണ്ടിയുള്ള ആത്മാര്‍ഥമായ തീരുമാനങ്ങള്‍ ഉള്ളിന്റെ ഉള്ളില്‍ എടുക്കാന്‍ പ്രേരകമായെക്കും.

    ഈ ഒരു ലേഖനത്തിലൂടെ താങ്കള്‍ ആ തീരുമാനത്തില്‍ എത്തിയെങ്കില്‍ , ഈ ഒരു വായനയിലൂടെ ഞാനും അതെ തീരുമാനത്തില്‍ എത്തിയിരിക്കുന്നു.

    ആശംസകള്‍..

    ReplyDelete
  3. വലിയൊരു വായനയിലേക്കാണ് വിഷ്ണു കൂടെ കൂട്ടിയത്. ലേഖനത്തോടൊപ്പം അറിയാത്ത പലതും അറിയിച്ച Inside Abujmarh The Mythic Citadel എന്ന ലേഖനവും, ഷോമാചൗധരി എഴുതിയ തരുൺ ഷെറാവത്തിനുള്ള അനുസ്മരണവും -Salute To A Friend And Colleague വായിക്കാനായി. ത്യാഗനിർഭരമായ മനസ്സുള്ള ആ ചെറുപ്പക്കാരന് എന്റെ ആദരാഞ്ജലികൾ.....

    അബുജ് മാഢ് പോലുള്ള ഗ്രാമന്തരങ്ങൾ തീവ്രവാദികളുടെ വിഹാരഭൂമിയായി മാറിയതിൽ ഭരണകൂടങ്ങൾക്കും പങ്കുണ്ട് എന്നു വിശ്വിക്കുന്ന ഒരാളാണ് ഞാൻ. വികസന പ്രവർത്തനങ്ങൾ എത്താത്ത അത്തരം പ്രദേശങ്ങളിലെ ദുസ്സഹമായ ജീവിതസാഹചര്യങ്ങൾ ഭരണകൂടങ്ങളോടുള്ള അമർഷമായി നുരഞ്ഞുപൊന്തുന്നു. തക്കം പാർത്തു കഴിയുന്ന വിധ്വംസക പ്രവർത്തകർക്ക് വളക്കൂറുള്ള മണ്ണായി അത്തരം പ്രദേങ്ങൾ മാറുന്നു.

    സാമൂഹികപ്രസക്തിയുള്ള ഈ ലേഖനത്തിനും, തുടർവായനക്കുള്ള വഴികൾ കാണിച്ചു തന്നതിനും നന്ദി പറയുന്നു.

    ReplyDelete
  4. ഒളിഞ്ഞു കിടക്കുന്ന ഈ സത്യങ്ങൾ പുറംലോകമറിയാതെ പോകുന്നു. പലപ്പോഴും പുറത്തു കൊണ്ടുവരാനുള്ള മടികൊണ്ടായിരിക്കും ലോകമറിയാതെ പോകുന്നതും. നല്ല പോസ്റ്റ് അഭിനന്ദനങ്ങൾ. ഒപ്പം തരുണിനും, തുഷ മിത്തലിനും അഭിവാദ്യങ്ങൾ. (തരുൺ ആ ചിത്രങ്ങളിലൂടെ ജീവിക്കുന്നു)

    ReplyDelete
  5. തരുണിനും തുഷയ്ക്കും എന്റെ ബിഗ്‌ സല്യൂട്ട്....

    ReplyDelete
  6. വളരെ നല്ല പോസ്റ്റ്

    സ്വാതന്ത്ര്യ ഇന്ത്യാ എന്ന് നാം വിളിച്ചോതികൊണ്ടിരിക്കുമ്പോഴും, നമ്മുടെ ഇന്ത്യയിൽ തന്നെ ഇങ്ങനെ അറിയപ്പെടാത്ത എത്ര സ്ഥലങ്ങളുണ്ടാകും,
    നാം ഇന്ത്യക്കാരാണ് എന്ന് എങ്ങിനെ പറയും, ഇതൊക്കെ എന്ന് മാറും!!!!

    ReplyDelete
  7. ഇതൊന്നും സെക്സി സബ്ജെക്ടുകളല്ല വിഷ്ണൂ....

    മാധ്യമങ്ങൾക്കും, നമുക്കു ഫേസ്ബുക്കിലും ചർച്ച ചെയ്യാൻ കൂടുതൽ അട്രാക്ടീവ് ആയ വിഷയങ്ങൾ ഉണ്ട്,ആരായാലും ആർക്കും ഗുണമില്ലാത്ത രാഷ്ട്രപതി എന്ന --- സ്റ്റാമ്പിനേക്കുറിച്ച്, നെയ്യാറ്റിങ്കരയിലെ തൊമ്മന്മാരിൽ ആരാണു നല്ലത്,സിപിഎമ്മിന്റെ ഭീകരത, അഞ്ചാം മന്ത്രി, പെൺവാണിഭങ്ങൾ,സദാചാരപോലീസ്, അനന്യ‌യുടെ കല്ല്യാണം നടക്കുമോ ?, പ്യഥിരാജിന്റെ ജാട...... അപ്പോഴാണോ ഈ മലേറിയയും കൊതുകും അശുദ്ദജലവും...
    പിന്നെ മാധ്യമങ്ങളുടെ കാര്യം...
    കാശുകൂടുതൽ കിട്ടുന്ന എന്ത് ന്യൂസും അവർ കൊടുക്കും, ആടിനെ പട്ടിയാക്കും,പട്ടിയെ ആടാക്കും......
    ഇതൊക്കെ എഴുതിയാൽ ആരു വായിക്കാൻ, കാശുതന്നെ പ്രധാനം.... എന്ത് മാധ്യമധർമ്മം.....


    ---------------
    നല്ല പോസ്റ്റ് വിഷ്ണു.... ഇന്നത്തെക്കാലത്ത്, അധികമാരുമറിഞ്ഞില്ലെങ്കിലും കുറച്ചെങ്കിലും മാധ്യമപ്രവർത്തകർ ഇങ്ങനെ ഉണ്ട് എന്നറിയുന്നത് ഒരാശ്വാസം..

    ReplyDelete
  8. വിഷ്ണു എപ്പോഴത്തെയും പോലെ വളരെ പ്രസക്തമായ ഒരു വിഷയം വീണ്ടും ഉയര്‍ത്തുന്നു .മാധ്യമങ്ങളുടെ പ്രവര്‍ത്തനം പലപ്പോഴും പബ്ലിസിറ്റി മാനേജര്‍മാര്‍ ആയാണ് .ഇന്ത്യന്‍ മാധ്യമങ്ങള്‍ പലപ്പോഴും ഇന്ത്യയുടെ ദുര്‍ബ്ബലമായ വശങ്ങള്‍ തമ്സ്കരുക്കുകയും ചെയ്യാറുണ്ട് .കോര്‍പ്പറേറ്റ് അകിടുകളില്‍ നിറയുന്ന നുരയുന്ന ചോര തന്നെ അവര്‍ക്ക് കൌതുകം .അതിനിടക്ക് വല്ലപ്പോഴും മാത്രം കണ്ടു കിട്ടുന്ന അത്ഭുതങ്ങള്‍ ആണ് തരുണിനെ പോലുള്ളവര്‍ .വിഷ്ണുവിനു നന്ദി ..

    ReplyDelete
  9. പോസ്റ്റ്‌ വായിക്കുകയും ശക്ത മായ ഭാഷയില്‍ തന്നെ പ്രതികരിക്കുകയും ചെയ്ത പ്രിയ സുഹൃത്തുക്കള്‍ അബ്ദുല്‍ വാധൂദ് റെഹ്മാന്‍ ,പ്രവീണ്‍ ശേഖര്‍ പ്രദീപ്‌ കുമാര്‍ ,ജെഫു ,സന്ദീപ്‌ .A.K ഷാജു അത്താണിക്കല്‍ സുമേഷ് സിയാഫ് അബ്ദുള്‍ഖാദര്‍, എല്ലാവര്‍ക്കും നന്ദി. ലേഖനത്തേക്കാള്‍ എത്രയോ മഹത്തരമാണ് ഇവരുടെ വാക്കുകള്‍ .. എത്രയോ പ്രചോദനകരമാണ് ഈ അഭിപ്രായങ്ങള്‍ ..
    നന്ദി .

    തരുണിനു ഒരു റെഡ് സല്യൂട്ട്

    ReplyDelete
  10. മനസ്സില്‍ ചിന്തയും വെളിച്ചവും പരത്തുന്ന പോസ്റ്റ്.
    അരുണ്‍,തുഷാ മിത്തല്‍ എന്നിവരില്‍അഭിമാനം തോന്നുന്നു.
    അഭിവാദ്യങ്ങള്‍.
    തരുണിന് ആദരാജ്ഞലികള്‍.
    വിഷ്ണുവിന് ആശംസകള്‍

    ReplyDelete
  11. നല്ല ഒരു ലേഖനം ...ഭാവുകങ്ങള്‍

    ReplyDelete
  12. നമ്മള്കിടയില്‍ ഉണ്ടായിരുന്ന നമ്മളില്‍ രണ്ടു പേര്‍ ആയിരുന്ന ഇവര്‍ കാണിച്ച ധീരമായ ഈ പ്രവര്‍ത്തനം വെറും സോഷ്യല്‍ നെറ്വോര്‍കിംഗ് ആക്ടിവിസ്ടുകള്‍ അയ നമ്മളില്‍ എത്ര പേര്‍ കാണിക്കും .തുഷ മിത്തല്‍, തരുണ്‍ നിങ്ങള്‍ പലര്‍ക്കും പുതു ഊര്‍ജം പകരും എന്നതില്‍ ഒരു സംശയവും ഇല്ല . വിഷ്ണു നന്നായിരിക്കുന്നു അഭിനന്ദനം

    ReplyDelete
  13. ഇനിയും മരിച്ചിട്ടില്ലാത്ത മൂല്യമുള്ള മാധ്യമ ധര്‍മ്മത്തിന്റെ അവസാന പതിപ്പുകളാണോ അരുണ്‍ നെഹ് റാവത്തും ഉഷാ മിത്തലും?
    ഒരുപറ്റം യുവാക്കളുടെ പുതുതലമുറയ്ക്ക് ഇവര്‍ പകര്‍ന്നു കൊടുക്കുന്ന സന്ദേശമാണ് വിഷ്ണു ഇവിടെ കുറിച്ചിട്ടിരിക്കുനത്. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ കുതിപ്പിനോടോപ്പമാണ് ഇന്ത്യാ മഹാരാജ്യവും താനും എന്ന മിഥ്യാ ബോധാത്തില്‍നിന്നും ഭരണാധികാരികള്‍ ഈ ഓണം കേറാ മൂലകളിലെയ്ക്ക് കണ്ണുകള്‍ പായിക്കുന്നത് നന്നായിരിക്കും. നമ്മുടെ നാടിന്റെ ഭാവിയെ കാര്‍ന്നുതിന്നുന്ന ഇത്തരം വിപത്തിലെയ്ക്ക് സമൂഹത്തിന്‍റെ സുരക്ഷാബോധവും ചിന്തയും തട്ടിയുണര്‍ത്തുന്ന ഈ പോസ്റ്റ് അഭിനന്ദനം അര്‍ഹിക്കുന്നു ഒപ്പം ഇതിലേയ്ക്ക് വിരല്ചൂന്ടിയ ഇരിപ്പിടത്തിനും നന്ദി.

    ReplyDelete
  14. അഭിനന്ദനം അര്‍ഹിക്കുന്ന പോസ്റ്റ്‌ വിഷ്ണു. തെഹല്‍ക്കയുടെ ആ ലിങ്കിന് നന്ദി. ഒപ്പം ഈ ബ്ലോഗിലേക്ക് സൂചന തന്ന ഇരിപ്പിടത്തിനും .

    ReplyDelete
  15. ഇരിപ്പിടം വഴിയാണ് ഈ പോസ്റ്റിലെത്തിയത്..
    ആ വരവ് നഷ്ടമായില്ല. ആശംസകള്‍ സുഹുര്‍ത്തെ

    ReplyDelete
  16. ഭാരതത്തിലെ ഇത്തരം പല ഡ്ര്വോബാക്ക്സുകളും അനാവരണം ചെയ്ത ടീം..
    അതിനെ ബ്ബൂലോഗർക്ക് കാഴ്ച്ചവെച്ച വിഷ്ണു...
    നിങ്ങൾക്കൊക്കെ അഭിനന്ദനങ്ങൾ ഒപ്പം അഭിവാദ്യങ്ങളൂം കേട്ടൊ ഭായ്

    ReplyDelete
  17. തെഹല്‍ക്കയ്ക്കും ടീമിനും വിസ്ണുവിനും എന്റെ സല്യൂട്ട്

    ReplyDelete
  18. തരുണിനും തുഷയ്ക്കും അതുപോലെ പോരാടുന്ന മറ്റുള്ളവര്‍ക്കും പിന്തുണ പ്രഖ്യാപിച്ച സുഹൃത്തുക്കള്‍തങ്കപ്പന്‍ സര്‍ പൈമ ഗോപു മുരളീധരന്‍,ജോസെലെറ്റ്‌ എം ജോസഫ്‌ , ഹാഷിഖ് , ഇസ്മയില്‍ ചെമ്മാട് ,മുരളീ മുകുന്ദന്‍ ,യുനുസ് കൂള്‍ ,അജിത്‌ എല്ലാവര്ക്കും നന്ദി

    ReplyDelete
  19. യു പി എ ഭരണത്തിന്‍ കീഴില്‍ നമ്മുടെ ഭാരതം എത്ര കണ്ടു ദുഷിചിരിക്കുന്നു എന്ന് നോക്കൂ.
    മാവോയിസ്റ്റ് കളോട് ഭയങ്കര സ്നേഹമായിരുന്നല്ലോ വിഷ്ണു നിനക്ക്..? ഇപ്പൊ എന്ത് പറ്റി .
    പറയാതിരിക്കാന്‍ വയ്യ, നല്ല ലേഖനം തന്നെ.

    ReplyDelete