Friday, June 1, 2012

'കളി'ക്കൂട്ടുകാരന്‍



ഡേവിഡ് ബോളണ്ട്
കേരള കലാമണ്ഡലത്തിലെ മികച്ച കഥകളി ബിരുദ വിദ്യാർത്ഥിക്കായി ഓരോ വര്‍ഷവും നല്‍കുന്ന സ്വര്‍ണ്ണ പതക്കം (സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയില്‍ വന്ന) ഒരു ബ്രിട്ടീഷ് കാരന്റെ പേരില്‍ ആണെന്നറിയുമോ..?  ഡേവിഡ് ബോളണ്ട്  എന്ന പേര് കേട്ടിട്ടുണ്ടോ ? .കഥകളി എന്ന് കേട്ടിട്ട് പോലുമില്ലാത്ത ഒരു  നാട്ടില്‍ ജനിച്ച ഒരു മനുഷ്യന്‍ കലാരൂപത്തെക്കുറിച്ച് ആഴത്തില്‍ പഠിക്കുകയും പ്രബന്ധങ്ങള്‍ തയ്യാറാക്കുകയും ചെയ്തിട്ടും , തന്റെ ചലച്ചിത്രങ്ങളിലൂടെ വിവിധ രാജ്യങ്ങളില്‍  അതിനു പ്രചാരം കൊടുക്കുകയും  യൂറോപ്പിലും മറ്റും കഥകളിയുടെ " ബ്രാന്‍ഡ്‌ അംബാസിഡര്‍...!" എന്ന നിലയില്‍ പ്രശസ്തനായിട്ടും നമ്മള്‍, കഥകളിയുടെ സ്വന്തം നാട്ടുകാര്‍ അദ്ദേഹത്തെ അറിയാതെ പോകുന്നത് നീതിയാണോ..? കഥകളി ആദ്യമായി ഡോക്യുമെന്ററി രൂപത്തില്‍ ലോകത്തിനു പരിചയപ്പെടുത്തിയ ഡേവിഡ് ബോളണ്ട് നെ ക്കുറിച്ചാണ്  പറഞ്ഞു  വരുന്നത്.

1919ല്‍ കെയ്‌റോയില്‍ ആണ്  ഡേവിഡ് ബോളണ്ട് ജനിച്ചത്‌ . ഹ്രസ്വ ചിത്രങ്ങളും ഡോകുമെന്ററികളും നിര്‍മിക്കുന്നതില്‍  ചെറുപ്പത്തിലേ തല്പരന്‍ ആയിരുന്ന ഡേവിഡ്‌ ,  ജോര്‍ജു ആറാമന്റെ  കിരീട ധാരണ ചടങ്ങും മറ്റും ചിത്രീകരിച്ചിട്ടുണ്ട് .
രണ്ടാം ലോകമഹായുദ്ധത്തില്‍ സൈനിക ഓഫീസര്‍ ആയി പങ്കെടുത്ത അദ്ദേഹം യുദ്ധത്തിനു ശേഷം പിയെഴ്‌സ് ലെസ്‌ലി &കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നു. പിയെഴ്‌സ് ലെസ്‌ലി കമ്പനിയുടെ ചുമതലയുമായാണ് 1946ല്‍ അദ്ദേഹം ഇന്ത്യയിലെത്തുന്നത്. . 1948 ല്‍ കേരളത്തില്‍  വന്നുവെങ്കിലും  1954ല്‍ ആണ് ആദ്യമായി  കഥകളി കാണാനിടയായത് . പ്രശസ്തനായ ഗുരു കുഞ്ചു ക്കുറുപ്പിന്റെയും സംഘത്തിന്റെയും കളി "ഗംഭീരം " ആയിരുന്നുവെങ്കിലും, വേദിയില്‍ നടക്കുന്നത് എന്താണെന്നറിയാതെ ഡേവിഡിന്  ബോറടിക്കാന്‍ തുടങ്ങി. എങ്കിലും അരങ്ങത്തെ വര്‍ണ വിസ്മയം തന്നെ നന്നായി  ആകര്‍ഷിച്ചുവെന്നും കളി തന്റെ വീഡിയോ ശേഖരത്തിന് മുതല്ക്കൂട്ടാവുമെന്നു  നിശ്ചയിച്ചുകൊണ്ടു  അന്ന് തന്നെ കുറെ ക്ലിപ്പിങ്ങുകള്‍ പകര്ത്തിയെന്നും ഡേവിഡ്‌  തന്റെ പേര്‍സണല്‍ വെബ്‌ സൈറ്റില്‍ പറയുന്നു.  കഥകളിയെ ക്കുറിച്ച് നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള കെ പി എസ്‌ മേനോനെ കണ്ടു മുട്ടിയതാണ് തന്റെ ജീവിതത്തിലെ വഴിത്തിരിവായത്‌ എന്ന് ഡേവിഡ്‌ തന്നെ അനുസ്മരിക്കുന്നു. കൂടുതല്‍ കളികള്‍ കാണാന്‍ നിര്‍ബന്ധിച്ചതും കളിയുടെ അരങ്ങിലും അണിയറയിലും നടക്കുന്ന വിശേഷങ്ങള്‍ പറഞ്ഞു കൊടുത്തതും മേനോന്‍ ആണ്. കഥകളി വേഷം, ചുട്ടികുത്തല്‍, മുദ്രകള്‍ , പരികല്‍പ്പനകള്‍, കഥകളി സംഗീതം  തുടങ്ങി കഥകളിയുടെ സമസ്ത മേഖലകളും തന്നെ വിസ്മയിപ്പിച്ചു എന്ന് ഡേവിഡ് തന്നെ അനുസ്മരിക്കുന്നു

1957 ല്‍ തന്റെ പല ഇന്ത്യന്‍ സുഹൃത്തുക്കളും കഥകളി കണ്ടിട്ടില്ല എന്ന് അറിഞ്ഞ ഡേവിഡ് അവര്‍ക്ക് വേണ്ടി കോഴിക്കോടുള്ള തന്റെ വീട്ടില്‍ ഒരു കഥകളി അരങ്ങ് ഒരുക്കി. പിന്നീട്  ബ്രിട്ടീഷ്‌ ഹൈ കമ്മിഷണറുടെ   സന്ദര്‍ശനവുമായി ബന്ധപ്പെട്ടു വീണ്ടും ഒരു അരങ്ങ് കൂടി. കളി നടക്കുന്നത് തന്റെ വീട്ടില്‍ ആയിരുന്നതിനാല്‍ അരങ്ങിലും അണിയറയിലും ഉള്ള വിശേഷങ്ങള്‍ ഒക്കെ വിശദമായി ചിത്രീകരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കലാമണ്ഡലം രാമന്‍കുട്ടിയാശാന്‍ , ഗോപിയാശാന്‍ , കുമാരന്‍ നായര്‍, പദ്മനാഭന്‍ നായര്‍ തുടങ്ങിയ നടന്‍മാരും, അച്ചുണ്ണിപ്പൊതുവാള്‍ ( ചെണ്ട )  ,അപ്പുക്കുട്ടി പൊതുവാള്‍ ( മദ്ദളം )   തുടങ്ങിയ  മേളക്കാരും ആ  കഥകളി അരങ്ങില്‍ ഉണ്ടായിരുന്നു. ആ  രണ്ട്  ദിവസങ്ങളില്‍ ചിത്രീകരിച്ചതാണ്‌  പ്രശസ്തമായ "കഥകളി"  എന്ന് പേരിട്ട ഡോകുമെന്ററി.

 1974 ല്‍ ചിത്രീകരിച്ച  മാസ്‌ക് ഓഫ് മലബാര്‍, 1983 ല്‍ ചിത്രീകരിച്ച മേളപ്പദം; ബാലി വധം, ദക്ഷ യാഗം, കല്യാണ സൌഗന്ധികം, ലവണാസുര വധം , നരകാസുര വധം, തോരണായുദ്ധം തുടങ്ങിയ ആറു കളികള്‍ , 1985 ല്‍ ചിത്രീകരിച്ച ചൊല്ലിയാട്ടം , പുറപ്പാട് (1987 ) , ചുട്ടി ( 1989 ) തുടങ്ങി നിരവധി   ഡോകുമെന്ററികളിലൂടെ  കഥകളിയുടെ അരങ്ങിലും അണിയറയിലും ഉള്ള എല്ലാ കാര്യങ്ങളെയും തന്റെ ക്യാമറയില്‍ ഒപ്പിയെടുത്തിട്ടുണ്ട്  ഈ മനുഷ്യന്‍. കലാമണ്ഡലം പദ്മനാഭന്‍ നായരുടെ കളിയരങ്ങ് ഒപ്പിയെടുത്തിട്ടുള്ള "ചൊല്ലിയാട്ടം" എന്ന ഡോകുമെന്ററി പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു എന്ന് ശ്രീ കെ കെ ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെടുന്നു . 1974 ല്‍ ചിത്രീകരിച്ച  മാസ്‌ക് ഓഫ് മലബാരിന്റ എഡിറ്റ്‌ ചെയ്തു സമയ ദൈര്‍ഘ്യം  കുറച്ച രൂപം - മലബാര്‍ മാസ്‌ക്' അന്താരാഷ്ട്ര അമച്വര്‍ ഫിലിം ഫെസ്റ്റിവലില്‍ 26 അവാര്‍ഡുകള്‍ നേടി. 1980ല്‍ പുറത്തിറക്കിയ 'എ ഗൈഡ് ടു കഥകളി' എന്ന അദ്ദേഹത്തിന്റെ പുസ്തകം കഥകളിയെക്കുറിച്ചുള്ള ആധികാരികമായ ഒരു റഫറന്‍സ് ഗ്രന്ഥമാണ്.

ഇന്ത്യന്‍ ജീവിതരീതിയെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും കൂടിയാട്ടം, മോഹിനിയാട്ടം, ഓട്ടന്‍തുള്ളല്‍, തെയ്യം, കളമെഴുത്ത്, തുടങ്ങിയ മറ്റു കലാ രൂപങ്ങളെക്കുറിച്ചും  അദ്ദേഹം
നെല്ലിയോട് നമ്പൂതിരി , കലാമണ്ഡലം ഗോപി എന്നിവര്‍ക്കൊപ്പം
ചലച്ചിത്രങ്ങള്‍ നിര്‍മ്മിച്ചു. കലാമണ്ഡലത്തിലെ മികച്ച ബിരുദവിദ്യാര്‍ത്ഥിക്കായി 1973ല്‍ അദ്ദേഹം സ്വര്‍ണമെഡല്‍ ഏര്‍പ്പെടുത്തി.ലണ്ടനിലെത്തുന്ന കഥകളിക്കാര്‍ക്കെല്ലാം ബോളന്‍ഡിന്റെ 'മലബാര്‍' സ്വന്തം വീടാണ്. മലബാര്‍ എന്ന് വീടിന് പേരിട്ടത് കേരളത്തോടുള്ള അടുപ്പംകൊണ്ടാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. തന്റെ വീടായ " മലബാറില്‍ " പ്രദര്‍ശിപ്പിച്ചിരുന്ന കഥകളി ചമയങ്ങളുടെ ശേഖരം ഇപ്പോള്‍ ബ്രിസ്ടോളിലെ ബ്രിട്ടീഷ്‌ മ്യൂസിയത്തിന്റെ ഭാഗമാണ്. 

ഇക്കഴിഞ്ഞ മെയ്‌ ഇരുപത്തി ഏഴിന്  അദ്ദേഹം അന്തരിച്ചു.  

തൊണ്ണൂറ്റി രണ്ടാം വയസ്സില്‍ ഇംഗ്ലണ്ടിലെ  തന്റെ ഏകാന്ത വാസത്തെ ക്കുറിച്ച്  ചോദിച്ചപ്പോള്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു വത്രേ : " ഞാന്‍ തനിച്ചാണ് എന്നുള്ള തോന്നല്‍ എനിക്കില്ല , ഒട്ടു ബോറടിക്കുന്നുമില്ല , ബോറടി തോന്നിയാല്‍ ഉടനെ ഞാന്‍ രാമന്‍കുട്ടി ആശാന്റെയോ , പദ്മനാഭന്‍ ആശാന്റെയോ ഒരു കഥകളി ടേപ്പ് കാണാന്‍ തുടങ്ങും ..

13 comments:

  1. നല്ല ലേഖനം. വിജ്ഞാനപ്രദം!

    ReplyDelete
  2. നല്ലൊരു അറിവാണീ പോസ്റ്റ് സമ്മാനത്ത്,
    ഇതിന്ന് നന്ദി അറിയിക്കുനു, നന്നായി എഴുതുകയും ചൈതു, ഇഷ്ടായി

    ആശംസകൾ

    ReplyDelete
  3. സത്യം പറഞ്ഞാല്‍ ഇതൊരു പുതിയ അറിവാണ് എന്നെ സംബന്ധിച്ചിടത്തോളം ... നമ്മള്‍ കേരളീയര്‍ ഇതൊന്നും അറിയുന്നില്ല എന്നാലോചിച്ചു എനിക്ക് തന്നെ എന്നെ കുറിച്ച് ലജ്ജ തോന്നുന്നു. ഇത്രയും വിവരണങ്ങള്‍ വായനക്കാരിലേക്ക് എത്തിച്ചതിനു താങ്കളെ അഭിനന്ദിക്കാന്‍ എനിക്ക് വാക്കുകളില്ല. ഈ ഓര്‍മപ്പെടുത്തലിനു ഹൃദയം നിറഞ്ഞ നന്ദി.

    ആശംസകള്‍..

    ReplyDelete
  4. പുതിയൊരു അറിവാണ് പകര്‍ന്നു തന്നത് ......

    ReplyDelete
  5. തികച്ചും അഭിനന്ദനീയം!
    ഈ ഓര്‍മ്മപ്പെടുത്തലും,പരിചയപ്പെടുത്തലും.
    ഡേവിഡ് ബോളണ്ടിന് ആദരാജ്ഞലികള്‍

    ReplyDelete
  6. നല്ല ലേഖനം... എവിടുന്നു കിട്ടുന്ന് ഭായ് ഈ ഇൻഫർമേഷൻസ്..

    ReplyDelete
  7. ജോസെലെറ്റ്‌ എം ജോസഫ്‌ , ഷാജു അത്താണിക്കല്‍ , പ്രവീണ്‍ ശേഖര്‍, പ്രദീപേട്ടന്‍ , സി വി തങ്കപ്പന്‍ സര്‍ , സുമേഷ്, ആമ്പല്ലൂരന്‍ എല്ലാവര്‍ക്കും നന്ദി.

    അദ്ദേഹത്തിന്റെ മരണ വാര്‍ത്ത പത്രങ്ങളില്‍ കണ്ടതാണ് ലേഖനം എഴുതാന്‍ പ്രേരിപ്പിച്ചത്.

    അദ്ദേഹത്തിന്റെ പേര്‍സണല്‍ വെബ്‌ സൈറ്റ് www.davidbolland.co.uk അദ്ദേഹത്തെക്കുറിച്ച് ദി ഹിന്ദു വില്‍ സംഗീത നാടക അക്കാദമിയുടെ കൂടിയാട്ടം സെന്ററിന്റെ ഡയരക്ടര്‍ ശ്രീ കെ കെ ഗോപാലകൃഷ്ണന്‍ എഴുതിയ ലേഖനം എന്നിവയാണ് റഫറന്‍സ്.

    ലേഖനത്തോടൊപ്പം റഫറന്‍സ് കൊടുക്കാന്‍ മറന്നു പോയതാണ്.

    ReplyDelete
  8. ബോറടിയും കഥകളിയും തമ്മില്‍ നല്ല ചേര്‍ച്ചയാണ് ..ബോറടി ആസ്വദിക്കാന്‍ ശീലിച്ചവര്‍ക്ക് കഥകളിയും കഥകളി ശീലിച്ചവര്‍ക്ക് ബോറടിയും സഹിക്കാന്‍ ഒരു പ്രയാസവും ഇല്ല :)

    ReplyDelete
  9. പുതിയ അറിവാണ്‌

    ReplyDelete
  10. നല്ല ലേഖനം..!
    കുഞ്ഞുന്നാളില്‍ ഗണപതി അമ്പലത്തില്‍ ഉത്സവം നടക്കുമ്പോള്‍ കഥകളി കാണാന്‍ പോയിട്ടുണ്ട് ....കഥ അറിയാതെ ആട്ടം കാണും ...:))

    ReplyDelete