Friday, February 17, 2012

ഗോക്കളെ മേച്ചും കളിച്ചും ചിരിച്ചും...


പശുക്കളെ വളര്‍ത്തുന്നത് കൊണ്ട് എന്തൊക്കെയാണ് ഗുണങ്ങള്‍..?
പശുവിന്‍പാല്‍ കുട്ടികള്‍ക്ക് കുടിക്കാന്‍ കൊടുക്കാം(സമീകൃതാഹാരം ആണത്രേ), നമുക്കും പാല്‍ ഒഴിച്ച ചായ കുടിക്കാം, ചാണകം തെങ്ങിനിടാം, അത്രേ ഉള്ളോ.....?

“എന്‍റെ സംസ്ഥാനത്തിലെ തൊണ്ണൂറ്റി അഞ്ചു ശതമാനം പശുക്കുട്ടികളും വെറും  അശ്രദ്ധ കൊണ്ട് മാത്രം മരിക്കുന്നു എന്നറിയുമ്പോള്‍ എനിക്ക് ദുഃഖം തോന്നുന്നു.” മധ്യ പ്രദേശ്‌ മുഖ്യമന്ത്രി ശിവരാജ്‌ സിംഗ് ചൌഹാന്‍റെ വാക്കുകളാണിത്. അതേ വേദിയില്‍ തന്നെ പശുക്കുട്ടികളുടെ സംരക്ഷണത്തിനായുള്ള അഞ്ഞൂറ് കോടി രൂപ ചെലവ് വരുന്ന ബഛ്ഡാ ബചാവോ അഭിയാന്‍ എന്ന മഹത്തായ പ്രൊജക്റ്റ്‌ ഉടനെ തന്നെ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. അത് മാത്രമല്ല ,പശുവിനെ കൊല്ലുന്നവര്‍ക്ക് ഏഴു വര്‍ഷം വരെ ജയില്‍ ശിക്ഷ നിര്‍ദ്ദേശിക്കുന്ന MadhyaPradesh prohibition of Slaughter of Cow progeny (Amendment ) Bill നു പ്രസിഡണ്ട്‌ അംഗീകാരം കൊടുത്തത് കഴിഞ്ഞ മാസമാണ്.
മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന്‍
"ഗോമാതാവിനെ" ആദരിക്കുന്നു
“ഒരു ജനതയുടെ മത വികാരങ്ങള്‍ സംരക്ഷിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നത് അവരെ ഭരിക്കുന്നവരുടെ ചുമതലയാണ്, അതു കൊണ്ട് തന്നെ ഗോ സംരക്ഷണം മധ്യപ്രദേശ്‌ സര്‍ക്കാരിന്റെ മുഖ്യ പ്രവര്‍ത്തനങ്ങളില്‍  ഒന്നായിരിക്കും”എന്ന് സംസ്ഥാന പൊതു മരാമത്ത് മന്ത്രി നാഗേന്ദ്ര സിംഗ് അഭിപ്രായപ്പെടുന്നു.‘ബീഫ്‌’ കഴിക്കുന്നത്‌ നിയമം മൂലം നിരോധിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് മധ്യപ്രദേശ്‌. ഇതിന്‍റെ  തുടര്‍ച്ചയെന്നോണം കഴിഞ്ഞ മാസം ബജ് രംഗ് ദള്‍ പ്രവര്‍ത്തകര്‍ അനീസ് ഖുറേഷി എന്ന മുസ്ലിം കച്ചവടക്കാരന്‍റെ തല മുണ്ഡനം ചെയ്യുകയും  പാതി മീശയും പുരികവും എല്ലാം വടിച്ചു കളയുകയും ചെയ്തത്.

ഹൈന്ദവ വിശ്വാസവും വികാരവും സംരക്ഷിക്കാന്‍ എന്ന പേരില്‍ നടപ്പിലാക്കിയ ഈ നിയമത്തിനെതിരെ മതേതര വാദികളുടെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ബീഫ്‌ കഴിക്കുന്നത്‌ നിരോധിച്ച നിയമം, മുസ്ലിം, ദളിത്‌ ന്യൂനപക്ഷങ്ങളെ വേട്ടയാടാനുള്ള പുതിയൊരു ആയുധമായി മാറിക്കഴിഞ്ഞു എന്നതിന്‍റെ തെളിവാണല്ലോ അനീസ് ഖുറേഷി സംഭവം. മുസ്ലിം , ക്രിസ്ത്യന്‍ , ദളിത്‌ ജനതയെ മാറ്റി നിര്‍ത്തിയാലും ഇന്ത്യയിലെ ബാക്കി 40% ഹിന്ദുക്കളും ബീഫ്‌ കഴിക്കുന്നവരാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഐക്യ രാഷ്ട്ര സംഘടനയും  FAO യും സംയുക്തമായി നടത്തിയ പഠന റിപ്പോര്‍ട്ട്‌ - “ Livestock Information , Sector Analysis and Policy Branch”  പ്രകാരം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ കഴിക്കുന്ന മാസ ഭക്ഷണം ബീഫ്‌ ആണ്. ‘ബീഫ്‌’ ഒരു ഭക്ഷണമെന്ന നിലയില്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത് മുസ്ലീങ്ങള്‍ ആണെന്ന ധാരണ ചരിത്ര വിരുദ്ധമാണ് എന്ന് പ്രശസ്ത ചരിത്രകാരന്‍ ദ്വിജേന്ദ്ര നാരായണ്‍ ഝ വിശദീകരിക്കുന്നു ( “ The Myth of Holy Cow – Dwijendra Narayan Jha” ). മുസ്ലിങ്ങളുടെ വരവിനു മുന്‍പ് തന്നെ ഇന്ത്യക്കാര്‍ ബീഫ്‌ കഴിച്ചിരുന്നു എന്നതിന് നിരവധി തെളിവുകള്‍  പുരാതന ബുദ്ധ, ജൈന ,ബ്രാഹ്മണ രേഖകളില്‍ കാണാന്‍ കഴിയും. അശ്വമേധ യാഗത്തിന്‍റെ പരിസമാപ്തിക്ക് വേണ്ടി 21 പശുക്കളെ ബലി നല്‍കുമായിരുന്നു. രാജസൂയ, വാജപേയ യജ്ഞങ്ങളിലും ഗോബലി സര്‍വ സാധാരണമായിരുന്നത്രേ. രന്തി ദേവന്‍റെ അടുക്കളയില്‍ ദിനം തോറും 2000 പശുക്കളെ കൊല്ലുകയും അതിന്റെ ഇറച്ചി  മറ്റു ഭക്ഷണങ്ങളുടെ കൂടെ ബ്രാഹ്മണര്‍ക്ക് വിതരണം ചെയ്യുകയും ചെയ്യുമായിരുന്നു. പശുവിന് പവിത്രത കല്‍പ്പിച്ച് ആരാധിക്കാന്‍ തുടങ്ങിയതു  ഒന്നോ രണ്ടോ നൂറ്റാണ്ടുകള്‍ക്കു മുന്‍പു മാത്രമാണ്.സ്വാമി ദയാനന്ദ സരസ്വതിയെപ്പോലുള്ളവര്‍ അതിനു വലിയ പ്രചാരം നല്‍കുകയും ചെയ്തു. ബീഫ് വില്‍ക്കുന്നതും കഴിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രാദേശിക  പ്രശ്നങ്ങള്‍ 1893 ല്‍ ആസാംഗറിലും, 1912-13ല്‍ അയോദ്ധ്യയിലും, 1917ല്‍ ഷഹാബാദിലും വര്‍ഗീയ ലഹളകള്‍ക്കും കാരണമായി.

സര്‍ക്കാരിന്റെ ഗോ സംരക്ഷണ പ്രവര്‍ത്തനത്തിന് പൂര്‍ണ പിന്തുണയുമായി മൃഗ സംരക്ഷണ സൂക്തങ്ങളുമായി  മുഖ്യധാര മാധ്യമങ്ങളും രംഗത്തുണ്ട്..! എന്നാല്‍ എന്ത് കൊണ്ട് പശു മാത്രം എന്ന ചോദ്യത്തിന് ആര്‍ക്കും ഉത്തരമില്ല.2013 ല്‍ മധ്യപ്രദേശില്‍ അസ്സെംബ്ലി തെരഞ്ഞെടുപ്പു വരികയാണ്. എടുത്തു പറയത്തക്ക വികസന മുന്നേറ്റങ്ങള്‍ ഒന്നും അവകാശപ്പെടാനില്ലാതെ വരുമ്പോള്‍ ഏതൊരു കക്ഷിക്കും വിജയം കൊയ്യാന്‍ ഒരു കുറുക്കു വഴി വേണമല്ലോ. മതേതര ഇന്ത്യയില്‍ ഇന്നു  ഏറ്റവും എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതും ഏറ്റവും കൂടുതല്‍ ഫലം തരുന്നതുമായ തുറുപ്പ് ചീട്ടാണ്‌ "വര്‍ഗീയത". ഒരു ദശാബ്ദ കാലത്തെ ഭരണം കൊണ്ട് സംസ്ഥാനത്തെ ഭരണ സംവിധാനവും വിദ്യാഭ്യാസവും അടക്കം എല്ലാ മേഖലകളിലും കാവി പടര്‍ത്താന്‍ കഴിഞ്ഞു എന്നതാണ് ശിവരാജ് സിംഗ് ചൌഹാന്‍റെ ഏറ്റവും വലിയ നേട്ടം. അതിന്റെ തുടര്‍ച്ച തന്നെയാണ് ഈ പശു വളര്‍ത്തലും, നിയമ നിര്‍മ്മാണവും.

 പശുക്കുട്ടികളെ സംരക്ഷിക്കാന്‍ പുതിയ പദ്ധതി പ്രഖ്യാപിച്ച സമയത്ത് തന്നെ മറ്റു ചില കണക്കുകള്‍ കൂടി പുറത്തു വന്നു, ഇന്ത്യയിലെ (മനുഷ്യ ! )ശിശു മരണ നിരക്ക് ഏറ്റവും കൂടുതലുള്ള നൂറു ജില്ലകളില്‍ മുപ്പതും മധ്യ പ്രദേശിലാണ്. (മധ്യപ്രദേശിലെ ആകെ  ജില്ലകളുടെ എണ്ണം അമ്പത് ആണെന്നോര്‍ക്കുക) സംസ്ഥാനത്തെ ശിശു മരണ നിരക്ക് 67 ല്‍ നിന്ന്  62 ആയി കുറച്ചു എങ്കിലും രാജ്യത്തെ ഏറ്റവും കൂടിയ നിരക്കാണിത്. (രാജ്യത്തെ ശിശു മരണ നിരക്ക് 2007 ഓടു കൂടി  45 ആയി കുറക്കുക എന്നതായിരുന്നു  പത്താം പഞ്ച വത്സര പദ്ധതിയുടെ നിര്‍ദ്ദേശം ).സംസ്ഥാനത്തെ 53.6% ഗൈനകോളജി സ്ടുകളുടെയും 43.7% ശിശു രോഗ വിദഗ്ധരുടെയും തസ്തികകള്‍ നിയമനം നടത്താതെ ഒഴിഞ്ഞു കിടക്കുകയാണ്. ആറു വയസ്സില്‍ താഴെയുള്ള  32,609 കുട്ടികള്‍ക്ക് ഒരു ഡോക്ടര്‍ എന്ന അനുപാതത്തിലാണ് ചികിത്സകരുടെ എണ്ണം..! മധ്യപ്രദേശിലെ ഗ്രാമീണ  ആരോഗ്യ കേന്ദ്രങ്ങളുടെ അവസ്ഥ മിക്കയിടത്തും പരിതാപകരമാണ്. സംസ്ഥാനത്തുടനീളം ആധുനിക സംവിധാനങ്ങള്‍ ഉള്ള മാതൃകാ ഗോശാലകള്‍ നിര്‍മിക്കുന്ന തിരക്കിലാണ് സര്‍ക്കാര്‍ എന്നോര്‍ക്കുക. 


ഞാനൊരു പ്യുവര്‍ വെജിറ്റേറിയന്‍  ആണ്. എന്നാലും ഇപ്പോള്‍ പോയി ഒരു ബീഫ്‌ ബിരിയാണി കഴിച്ചിട്ട് വന്നാലോ എന്നാലോചിക്കുകയാണ്..

22 comments:

 1. ഇനി പശുക്കളെ സംരക്ഷിക്കാൻ കുറെ മൃഗഡോക്ടർമാരെ കൂടെ നിയമിച്ചാൽ സംഗതി ജോർ. മനുഷ്യകീടങ്ങളുടെ എണ്ണം കുറയ്ക്കുകയും ചെയ്യാം,ദിവ്യപശുക്കളുടെ എണ്ണം കൂട്ടുകയും ചെയ്യാം.

  നെറ്റിൽ കണ്ട ഒരു തമാശ :
  ഒരു സന്തോഷ് പണ്ഡിറ്റ് മോഡൽ ഡയലോഗ് :
  "പാലു തരുന്ന പശുവിനെ കയറി 'അമ്മേ' എന്നു വിളിച്ചാൽ കാളയെ 'അച്ഛാ' എന്നു വിളിക്കണ്ടേ ?"

  ReplyDelete
 2. അവര്‍ പശുക്കളെ മാത്രമല്ല.,മേനക ഗാന്ധി മോഡലില്‍ സര്‍വ്വചരാചരങ്ങള്‍ക്കും വേണ്ടിയുള്ള ക്ഷേമപ്രവര്‍ത്തനങ്ങളും ആവിഷ്കരിച്ചോട്ടെ....- അതിനുമുമ്പ് പരിതാപകരമായ അവസ്ഥയിലുള്ള മനുഷ്യജീവിതങ്ങള്‍ക്ക് ചെറിയ ആശ്വാസമെങ്കിലും നല്‍കുന്ന പദ്ധതികള്‍ കൂടി വേണമായിരുന്നു-സ്വന്തം മാതാവിനെ തിരിഞ്ഞു നോക്കാതെ ഗോമാതാവിനെ പൂജിക്കുകയാണിവര്‍...

  ReplyDelete
 3. രാഷ്ട്രീയം ഹൊ !!!!
  അതിന് മുമ്പില്‍ ഞാന്‍ എന്റെ ശിരസ് ഗുജറാത്തിലെ മണ്ണില്‍ പൂഴ്ത്തട്ടെ, അനുവധിക്കൂ

  ReplyDelete
 4. ഗോ മാതാവിനേയോ എന്തിനെ വേണേലും 'അവർ' പരിപാലിച്ചോട്ടെ. പക്ഷെ അതിനുമുൻപ് കഷ്റ്റപ്പെടുന്ന മനുഷ്യർക്ക് സഹായങ്ങൾ ചെയ്യാൻ അവരെ ആരാ പഠിപ്പിക്ക്വാ ?സ്വന്തം മാതാവിനെ തിരിഞ്ഞു നോക്കാതെ ഗോമാതാവിനെ പൂജിക്കുകയാണിവര്‍. ആശംസകൾ.

  ReplyDelete
 5. ഇതിനു പിന്നില്‍ ആത്മീയതയെ ഉയര്‍ത്തി പിടിക്കുക ആണ് അല്ലെങ്കില്‍ മതാചാരത്തെ സംരക്ഷിക്കുക ആണ് എന്ന കാപട്യം ആണ് ഇവര്‍ ചെയ്യുന്നത് എന്ന് വളരെ വെക്തമായി പറഞ്ഞു അത് തന്നെ ആണ് ശരിയും മാനുഷിക മൂല്യം കമ്പോള ചരക്കാക്കാന്‍ പറ്റാത്തിടത്തോളം കാലം അവിടെ മരിക്കുന്ന കുഞ്ഞുങ്ങളെ പട്ടിണി മരണ ഗ്രാഫ് ഉയരുകയെ ചെയ്യൂ

  ReplyDelete
 6. "മന്ത്രസംസ്കാരം ചെയ്യാതെ പശുക്കളെ ഹിംസിക്കുകയും ഭക്ഷിക്കുകയും അരുത്‌. വേദവിധിപ്രകാരം മന്ത്രംകൊണ്ട്‌ സംസ്കരിച്ചാല്‍ ഭക്ഷിക്കാം. വേദത്തിന്റെ തത്വാര്‍ത്ഥത്തെ അറിയുന്നവന്‍ യജ്ഞത്ത്നുവേണ്ടി വിധിപ്രകാരം പശുഹിംസ ചെയ്താല്‍ത്തന്നെയും ഹിംസിക്കപ്പെട്ട പശുക്കളെയും ഉത്തമഗതിയെ പ്രാപിക്കും",

  കേരളീയരുടെ ആചാരാനുഷ്ഠാനങ്ങൾക്കു പ്രമാണഗ്രന്ഥമെന്ന് വിശ്വസിക്കപ്പെട്ടിരുന്നതും പണ്ടേതന്നെ ലഭ്യമല്ലാതായിത്തീർന്നിട്ടുള്ളതും ആയ ഭാർഗവസ്മൃതിയെ സംക്ഷേപിച്ചുകൊണ്ട് ശങ്കരാചാര്യർ എഴുതിയതായി പറയപ്പെടുന്ന ശാങ്കരസ്മൃതിയിൽനിന്നാണ്.

  എനിക്ക് അധികാരമുണ്ടായിരുന്നെങ്കില്‍ ഞാന്‍ ഗോവധം നിരോധിച്ചേനെ എന്നു ഗാന്ധി പറഞ്ഞിട്ടുണ്ട്.

  ReplyDelete
 7. നന്ദി വിഡ്ഢിമാന്‍, കൊമ്പന്‍ , പ്രദീപേട്ടന്‍, മണ്ടൂസന്‍,ഷാജു , അനന്തന്‍.

  പ്രിയ അനന്തേട്ടാ, എനിക്ക് താങ്കളെ അറിയാം താങ്കളുടെ രാഷ്ട്രീയവും, അതുകൊണ്ട് തന്നെ താങ്കളുടെ കമന്റു എന്നില്‍ വലിയ അദ്ഭുതം ഒന്നും ഉണ്ടാക്കുന്നില്ല...!

  ഇറച്ചിക്കച്ചവടക്കാര്ക്കൊക്കെ വേദ പഠനം നിര്‍ബന്ധമാക്കാം അല്ലെ അനന്തേട്ടാ , അതിനും ഒരു നിയമം കൊണ്ട് വരാം

  ReplyDelete
 8. മുകളില്‍ പറഞ്ഞ വാദം അംഗീകരിക്കുന്നു ... മനുഷ്യ കുട്ടികളേക്കാള്‍ ആ സംസ്ഥാനത്തെ മത്രിക്ക് പശുക്കലോടാണ് സ്നേഹം എന്ന് പറഞ്ഞതും മനസിലാക്കുന്നു .. ഇപ്പോഴും ഒരു കാര്യം മനസ്സിലാവുന്നില്ല പശു എന്ത് തെറ്റ് ചെയ്തു എന്ന് ?? പശു മാത്രമല്ല ഈ ലോകത്തിലെ എല്ലാ ജീവികളും മനുഷ്യനോളം തന്നെ ജീവിക്കാന്‍ അവക്ഷം ഉള്ളവരാണ് . ദളിതനും മുസ്ലിമിനും വേദനിക്കും എന്നാ വരട്ടു ന്യായം പറഞ്ഞു മറ്റു ജീവികളെ കൊന്നു തിന്നുന്നതിനെ ന്യായീകരിക്കുന്നത് കാണുമ്പൊള്‍ അല്ഭുടം തോന്നുന്നു . ഞാന്‍ ഒരു മാംസാഹാരി തന്നെ ആണ് പക്ഷെ പശു ഉള്‍പ്പെടെ എല്ലാ ജീവികളെയും കൊല്ലുന്നതിനു എതിരെ ആരെങ്കിലും രംഗത്ത് വന്നാല്‍ ഞാന്‍ അയാളെ എതിര്‍ക്കില്ല .. കാരണം ഈ ഭൂമി മനുഷ്യന് മാത്രം സുഖിക്കനുല്ലതല്ല ... മനുഷ്യന്‍ ജന്മന തന്നെ ഒരു സസ്യഭൂക്‌ ആണ് .. >>>>>ഞാനൊരു പ്യുവര്‍ വെജിറ്റേറിയന്‍ ആണ്. എന്നാലും ഇപ്പോള്‍ പോയി ഒരു ബീഫ്‌ ബിരിയാണി കഴിച്ചിട്ട് വന്നാലോ എന്നാലോചിക്കുകയാണ്..>>>> ഈ കമന്റ്‌ ഒരു തമാശ ആണെന്ന് പറയാം പക്ഷെ അതിലും ഉണ്ട് ഒരു പശു വിരോധം

  ReplyDelete
 9. പ്രിയ ശരത് , ആദ്യമേ ഞാന്‍ എന്റെ നന്ദി അറിയിക്കട്ടെ.

  ഞാന്‍ ഒരു പശു വിരോധിയൊന്നുമല്ല എന്ന് ആദ്യമേ അറിയിച്ചു കൊള്ളട്ടെ, എന്ത് ഭക്ഷിക്കണം എന്നതിനെക്കുറിച്ചുള്ള ഒരു ചര്‍ച്ചയും ഇവിടെ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല , ഓരോ ആളുകളുടെയും ആഹാര രീതികള്‍ നിര്‍ണ്ണയിക്കുന്ന ഭൌതികവും, സാമൂഹ്യ ശാസ്ത്ര പരവും, ഭൂമിശാസ്ത്രപരവും, വംശപരവും, ജനിതകവും ആയ ഒരുപാട് കാര്യങ്ങള്‍ ഉണ്ട് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. , താങ്കള്‍ പറഞ്ഞത് പോലെ പശു ഉള്‍പ്പെടെ എല്ലാ ജീവികളെയും കൊല്ലുന്നതിനു എതിരെ ആരെങ്കിലും രംഗത്ത് വന്നാല്‍ ഞാനും അയാളെ എതിര്‍ക്കില്ല ( എന്നാല്‍ എന്ത് കൊണ്ട് പശു മാത്രം എന്ന് ഞാന്‍ തന്നെ ലേഖനത്തില്‍ പറയുന്നത് ശ്രദ്ധിച്ചു കാണുമല്ലോ ) . .. ഈ ഭൂമി മനുഷ്യന് മാത്രം സുഖിക്കാന്‍ ഉള്ളതാണെന്ന് ഞാനൊരിക്കലും പറയില്ല.
  ബീഫ് കഴിക്കുന്നത്‌ മുസ്ലീങ്ങളും ക്രിസ്ത്യാനികളും മാത്രമാണെന്ന് പ്രചരിപ്പിച്ചു കൊണ്ട് ഗോസംരക്ഷണം എന്ന മുഖം മൂടിയിട്ട് കൊണ്ട് അവരെ ആക്രമിക്കുന്നതിനെക്കുറിച്ചാണ് ഞാന്‍ ഇവിടെ പറയാന്‍ ശ്രമിച്ചിട്ടുള്ളത് . നിയമം കൊണ്ട് വന്നതും പദ്ധതി നടപ്പിലാക്കുന്നതും പശു സ്നേഹം കൊണ്ടാണെന്ന് താങ്കള്‍ വിചാരിക്കുന്നുണ്ടോ..?

  ReplyDelete
 10. ഒരു ജീവിയും കൊല്ലരുത് ,മനുഷ്യനെയും ,,,,,

  ReplyDelete
 11. കോഴി സംരക്ഷണ സംഘം ഉണ്ടാക്കാന്‍ ആണ് എന്റ്റെ പ്ലാന്‍. കോഴിയെ കൊല്ലുന്നത് കുറ്റകരം ആണെന്ന് ഞാന്‍ ഊന്നി ഊന്നി പറയുന്നു. മുട്ട തരുന്ന കോഴിയെ ഒരു ദൈവം ആയി കാണണം എന്നും എന്റ്റെ ദൈവ വിചാരങ്ങളെ സംരക്ഷിക്കാന്‍ കേരള സര്‍ക്കാര്‍ ശ്രമിക്കണം എന്നും ഇതിനാല്‍ ഞാന്‍ പ്രക്യാപിക്കുന്നു. കോഴിയെ മേച്ചും കളിച്ചും ചിരിച്ചും എന്നാ പേരില്‍ ഒരു പോസ്റ്റിടാന്‍ ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു.

  നന്നായി അവതരിപ്പിച്ചു. ഗര്‍ഭാവസ്ഥയില്‍ ഇരിക്കുമ്പോള്‍ കുഞ്ഞു പെണ്ണ് ആണെന്ന് അറിഞ്ഞാല്‍ മനുഷ്യ കുരുതി വരെ നടത്തുന്ന സ്ഥലം ആണ് അത്. ഗോ സ്നേഹം.. ത്ഫൂ..

  ReplyDelete
  Replies
  1. ഇന്ന് രാവിലെ വെള്ളെപ്പത്തിന്റെ കൂടെ മേരിപ്പെണ്ണ്‍ വെട്ടിക്കേറ്റിയത് എന്നതാരുന്നു?ചിക്കന്‍ കറി?മുഗലായ്?അതോ ഫ്രൈ ?അത് വയറ്റിക്കിടന്നു നിറുത്താതെ കൂവുകാ അല്ലയോ?

   Delete
  2. അങ്ങനെ വെറുതെ വിട്ടാ പറ്റുവോ.. പിന്നല്ല.

   Delete
 12. പ്രദീപ് മാഷു പറഞ്ഞതു തന്നെ...

  "അവര്‍ പശുക്കളെ മാത്രമല്ല.,മേനക ഗാന്ധി മോഡലില്‍ സര്‍വ്വചരാചരങ്ങള്‍ക്കും വേണ്ടിയുള്ള ക്ഷേമപ്രവര്‍ത്തനങ്ങളും ആവിഷ്കരിച്ചോട്ടെ....- അതിനുമുമ്പ് പരിതാപകരമായ അവസ്ഥയിലുള്ള മനുഷ്യജീവിതങ്ങള്‍ക്ക് ചെറിയ ആശ്വാസമെങ്കിലും നല്‍കുന്ന പദ്ധതികള്‍ കൂടി വേണമായിരുന്നു-സ്വന്തം മാതാവിനെ തിരിഞ്ഞു നോക്കാതെ ഗോമാതാവിനെ പൂജിക്കുകയാണിവര്‍..."

  ഇതിനു ഒരടി വരയിടുന്നു...

  ReplyDelete
 13. വൈക്കം മുഹമ്മദ്‌ ബഷീര്‍ പറഞ്ഞത് പോലെ എല്ലാവരും ഭൂമിയുടെ അവകാശികള്‍..
  എന്നാലും ബീഫില്ലാതെ എങ്ങനാ..

  ReplyDelete
 14. നല്ല പോസ്റ്റ് ..
  സഹ ജീവികളോടുളള സ്നേഹം സഹോദരനോടുള്ള കൊല വിളിയാകുന്ന കാലഘട്ടമാണ് ഇന്ന് .
  എല്ലാ ജീവ ജാലങ്ങള്‍ക്കും ഭൂമിയില്‍ ജീവിക്കാന്‍ അവകാശമുണ്ട്‌ .
  ഭക്ഷണ ശീലത്തെ നിയന്ത്രിക്കുന്നത് മതവും വിശ്വാസവും മാത്രമല്ല, ചുറ്റുപാടുകളും ലഭ്യതയും എല്ലാം സ്വാധീനിക്കുന്നുണ്ടെന്ന് നമുക്ക് വിശദമായി പരിശോധിച്ചാല്‍ മനസ്സിലാകും.
  ബലി അറുക്കുക എന ഒരു ആചാരത്തിന്റെ പേരില്‍ ആയിരിക്കണം മുസ്ലിം സമുദായം ഈ വിഷയത്തില്‍ തെറ്റിദ്ധരിക്കപ്പെടുന്നത്
  ബലി ,കുര്‍ബാന, കുരുതി എന്നൊക്കെ വിവിധ പേരില്‍ ഈ ആചാരങ്ങള്‍ വ്യത്യസ്ത രീതിയില്‍ വ്യത്യസ്ത സമൂഹത്തില്‍ നില നില്‍ക്കുന്നതും കാണാം.
  ഇസ്ലാമില്‍ ബലി ഒരു ഐച്ചിക ആചാരം മാത്രമാണ് എന്നാണു എന്റെ അറിവ്. ഹജ്ജിനു മാത്രമേ ഇത് നിര്‍ബന്ധമുള്ളൂ ..ഇവിടെയും അത് ഒഴിവാക്കുന്നവര്‍ക്ക് പ്രതിവിധികള്‍ ഉള്ളതായും കാണാം.
  അതേ സമയം ഇസ്ലാമിക ചരിത്രം വായിക്കുമ്പോള്‍ ഏഴു വന്‍ പാപങ്ങളില്‍ ഒന്നായി എണ്ണിയ വ്യഭിചാരം തൊഴില്‍ ആകിയ ഒരു സ്ത്രീ പൂച്ചക്ക് വെള്ളം കൊടുത്തത് വഴി സ്വര്‍ഗാവകാശിയായതും. തന്റെ അനുചരനാല്‍.കൂട്ടില്‍ അടക്കപ്പെട്ട കിളികളെ പ്രവാചകന്‍ തുറന്നു വിടാന്‍ കല്‍പ്പിച്ചതും പോലേ ഉളള ഒരു പാട് സംഭവങ്ങള്‍ ആരും കാണാറില്ല .....
  ഞാന്‍ ഒരു വിശ്വാസിയാണ്...ആ വിശ്വാസം ഒരിക്കല്‍ പോലും എനിയ്ക്കു ഭൂമിയിലെ ഒരു സൃഷ്ടിയോടും അതിക്രമം പ്രവര്‍ത്തിക്കാന്‍ കാരണം ആയിട്ടില്ല എല്ലാ ജനങ്ങളും ആദമില്‍ നിന്നും ഹവ്വയില്‍ നിന്നും ആണെന്നും പരസ്പരം സഹോദരന്മാരാനെന്നും വിശ്വസിച്ചു മുന്നോട്ടു പോകുമ്പോള്‍ തന്നെ ദൈവം സൃഷ്ടിച്ച എല്ലാറ്റിനോടും കരുണയും ദയയും അനുകമ്പയും സഹാനുഭൂതിയും കാണിക്കാന്‍ ഓരോരുത്തര്‍ക്കും സാധിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

  ReplyDelete
 15. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കഴിക്കുന്നത്‌ ബീഫ്‌ ആണ് ...അതില്‍ ഹിന്ദു എന്നോ മുസ്ലിം എന്നോ വ്യത്യാസം ഇല്ലാ....വോട്ടു നേടാന്‍ കുറെ പണികള്‍ അതില്‍ വീഴാന്‍ ആള്‍ക്കാരും ഉണ്ടാകുമ്പോള്‍ ഇതും നടക്കും ....സ്വാര്‍ത്ഥ താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുമ്പോള്‍ മനുഷ്യന്നു എന്ത് വിലയാണ്?...എനിക്ക് ഓര്മ വരുന്നത് ഞങ്ങളുടെ വീട്ടില്‍ ബീഫ്‌ വെച്ചാല്‍ സാധാരണയായി വാപ്പ ഒരാളെ വിളിക്കും ഒരു ഹൈന്ദവ സുഹുര്‍ത്തിനെ അദ്ദേഹം വീട്ടില്‍ വന്നു ഞങ്ങള്‍ ഒന്നിച്ചു ബീഫും പത്തിരിയും കഴിച്ചു പോകും ...അങ്ങേരുടെ വീട്ടില്‍ ഇതൊന്നും പാടില്ല താനും ..അതെന്നെ

  ReplyDelete
 16. നന്ദി സിയാഫ്,മേരി പെണ്ണ് ,Sameer Thikkodi, misriyanisar,അഷ്‌റഫ്‌ സല്‍വ, ആചാര്യന്‍, ഇവിടെ വന്നതിനും പോസ്റ്റ്‌ വായിച്ചതിനും വിശദമായി തന്നെ അഭിപ്രായമെഴുതിയതിനും ....

  ReplyDelete
 17. പ്രദീപ് കുമാറിന്റെ അഭിപ്രായമാണു എനിക്കുമുള്ളത്.....ഇത്തവണത്തെ "ഇരിപ്പിടത്തിൽ" ഇതിനെക്കുറിച്ച് ഞാൻ പറഞ്ഞിട്ടുണ്ട് ( ലക്കം 26 ശനിയാഴ്ച)

  ReplyDelete
 18. എന്നാല്‍ ഒരു ബീഫ്‌ ബിരിയാണി അടിച്ചിട്ട് പോര്. ഞാനും കൂടെ വരാം. ഇപ്പോള്‍ കുറെ ഇമെയില്‍ പ്രചാരണങ്ങളും ഉണ്ട്. ബീഫ്‌ അടിച്ചാല്‍ കുഴഞ്ഞു വീണു മരിക്കും എന്നും മറ്റും. എല്ലാം ഈ ലോബി തന്നെ ആയിരിക്കും.

  ReplyDelete
 19. എപ്പോഴെങ്കിലുമൊരിക്കല്‍ അറവുശാലയില്‍ കശാപ്പു നേരിട്ടുകാണാനിടയായാല്‍ ആരായാലും മാസംകഴിക്കല്‍ നിര്‍ത്തും എന്നെനിക്കുറപ്പുണ്ട്. കണ്ടു നിക്കാന്‍ പറ്റുമോ ?

  Subhash Unni

  ReplyDelete
 20. ഇന്ത്യയിലും വിദേശത്തും വിദേശികളുടെയടുത്തുനിന്ന് പലപ്പോഴും കേള്‍ക്കുന്നതാണ് — “നിങ്ങള്‍ ഇന്ത്യാക്കാര്‍ ബീഫ് തിന്നില്ലല്ലോ” എന്ന്. ഞാന്‍ ബീഫ് തിന്നും എന്ന് പറഞ്ഞാല്‍ അവര്‍ ഒരുതരം അദ്ഭുതത്തോടെ നോക്കും. ഇന്ത്യയില്‍ ചെലവാവുന്ന ആട്ടിറച്ചിയും കോഴിയിറച്ചിയും ചേര്‍ത്തുവച്ചാലും ഇന്ത്യയിലെ ബീഫ് ഉപയോഗത്തിന്റെ പകുതി പോലുമാവില്ല എന്നതാണ് സത്യമെന്ന് അവരുണ്ടോ അറിയുന്നു!

  ReplyDelete