പതിഞ്ഞ ഇലയനക്കങ്ങള്‍ക്കും, തോര്‍ന്നു കഴിഞ്ഞ മഴയുടെ സംഗീതത്തിനുമിടക്ക്,
കേള്‍ക്കുന്നില്ലേ പതിഞ്ഞ താളത്തിലൊരു പാട്ട് ... പൂവേ പൊലി പൂവേ ...
തുമ്പപ്പൂവേ പൂത്തിരളേ
നാളേയ്ക്കൊരു വട്ടിപ്പൂതരണേ
ആയ്കില ഈയ്കില ഇളംകൊടി പൂയ്ക്കില
പിന്നെ ഞാനെങ്ങനെ പൂതരേണ്ടൂ
കാക്കപ്പൂവേ പൂത്തിരളേ
നാളേയ്ക്കൊരുവട്ടിപ്പൂതരണേ
ആയ്കില ഈയ്കില ഇളംകൊടി പൂയ്ക്കില
പിന്നെ ഞാനെങ്ങനെ പൂതരേണ്ടൂ
അരിപ്പൂപ്പൂവേ പൂത്തിരളേ
നാളേയ്ക്കൊരു വട്ടിപ്പൂതരണേ
തുമ്പ |
ആയ്കില ഈയ്കില ഇളംകൊടി പൂയ്ക്കില
പിന്നെ ഞാനെങ്ങനെ പൂതരേണ്ടൂ
പൂവായ പൂവെല്ലാം പിള്ളേരറുത്തു
പൂവാം കുറുന്തല ഞാനും പറിച്ചു
പിള്ളെരേ പൂവൊക്കെ കത്തിക്കരിഞ്ഞുപോയ്
ഞങ്ങടെ പൂവൊക്കെ മുങ്ങിത്തെളിഞ്ഞുപോയ്
പൂവേപൊലി പൂവേപൊലി!
പൂവേ പൊലി പാടാന്‍ ഓണമായെന്നോ ...?
ചന്തത്തിൽ മുറ്റം ചെത്തിപ്പറിച്ചീല
എന്തെന്റെ മാവേലി ഓണം വന്നൂ
ചന്തക്കുപോയീല നേന്ത്രക്കാ വാങ്ങീല
എന്തെന്റെ മാവേലി ഓണം വന്നൂ
പന്തുകളിച്ചീല പന്തലുമിട്ടീല
എന്തെന്റെ മാവേലി ഓണം വന്നൂ
അമ്മാവൻ വന്നീല, സമ്മാനം തന്നീല
എന്തെന്റെ മാവേലി ഓണം വന്നൂ
അച്ഛനും വന്നീല, സമ്മാനം തന്നീല
എന്തെന്റെ മാവേലി ഓണം വന്നൂ
നെല്ലു പുഴങ്ങീല, തെല്ലുമുണങ്ങീല
എന്തെന്റെ മാവേലി ഓണം വന്നൂ
പിള്ളേരും വന്നീല, പാഠം നിറുത്തീല
എന്തെന്റെ മാവേലി ഓണം വന്നൂ
തട്ടാനും വന്നീല, താലിയും തീർത്തീല
എന്തെന്റെ മാവേലി ഓണം വന്നൂ
നങ്ങേലിപ്പെണ്ണിന്റെ അങ്ങേരും വന്നീല
എന്തെന്റെ മാവേലി ഓണം വന്നൂ.......
പാട്ട് അടുത്തടുത്ത് വരികയാണല്ലോ.. ..?
കറ്റകറ്റക്കയറിട്ടു
കയറാലഞ്ചു മടക്കിട്ടു
നെറ്റിപ്പട്ടം പൊട്ടിട്ടു
കൂടേ ഞാനും പൂവിട്ടു
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൂവേ
പൂവേ പൊലി പൂവേ പൊലി പൂവേ പൊലി പൂവേ .......
തുമ്പേലരിമ്പേലൊരീരമ്പൻ തുമ്പ
തുമ്പ കൊണ്ടമ്പതു തോണി ചമച്ചു
തോണിത്തലയ്ക്കലൊരാലു മുളച്ചു
ആലിന്റെ പൊത്തിലൊരുണ്ണിപിറന്നു
ഉണ്ണിക്കു കൊട്ടാനും ഉണ്ണിക്കു പാടാനും
തുടിയും തുടിക്കോലും പറയും പറക്കോലും
പൂവേ പൊലി പൂവേ പൊലി പൂവേ.......
അങ്ങേക്കര ഇങ്ങേക്കര കണ്ണാന്തളി
മുറ്റത്തൊരാലു മുളച്ചു
ആലിന്റെ കൊമ്പത്തൊരുണ്ണി പിറന്നു
ഉണ്ണിക്കു കൊട്ടാനും ഉണ്ണിക്കു പാടാനും
തുടിയും തുടിക്കോലും പറയും പറക്കോലും
പൂവേ പൊലി പൂവേ പൊലി.....
കാക്കപ്പൂ |
ആട്ടെ എന്നാണു കൂട്ടുകാരെ ഓണം?
"ഓണത്തപ്പാ - കുടവയറാ
എന്നാ പറയൂ - തിരുവോണം?
നാളേയ്ക്കാണേ - തിരുവോണം.
നാക്കിലയിട്ടു വിളമ്പേണം
ഓണത്തപ്പാ - കുടവയറാ
തിരുവോണക്കറിയെന്തെല്ലാം?
ചേനത്തണ്ടും ചെറുപയറും
കൊഴിപ്പൂവിന്‍ ചമ്മന്തീം കാടും പടലവുമെരിശ്ശേരി
കാച്ചിയ മോര്, നാരങ്ങാക്കറി,
പച്ചടി , കിച്ചടിയച്ചാറും!
- കണ്‍തുറന്നു നോക്കുമ്പോള്‍ കൂട്ടുകാര്‍ ആരുമില്ല........! മഴതുള്ളി കൊണ്ടു കിരീടം ചൂടിയ ഒരു മുക്കുറ്റി മുറ്റത്തു നിന്നു ചിരിക്കുന്നു..
മുക്കുറ്റി
ഞാന്‍ വീണ്ടും കണ്ണുകളടച്ചു കിടന്നു കേട്ടു.
"ഒന്നാനാം കൊച്ചുതുമ്പീ
എന്റെ കൂടേ പോരുമോ നീ"
"നിന്റെ കൂടേ പോന്നാലോ
എന്തെല്ലാം തരുമെനിക്ക്?"
"കളിക്കാനായ് കളം തരുമേ
കുളിക്കാനായ് കുളം തരുമേ
ഇട്ടിരിക്കാന്‍ പൊന്‍തടുക്ക്
ഇട്ടുണ്ണാന്‍ പൊന്‍തളിക
കൈ കഴുകാന്‍ വെള്ളിക്കിണ്ടി
കൈ തോര്‍ത്താന്‍ പുള്ളിപ്പട്ട്
ഒന്നാനാം കൊച്ചുതുമ്പീ
എന്റെ കൂടേ പോരുമോ നീ" ......