Sunday, August 11, 2013

‘സമസ്ഥാന’ങ്ങള്‍ക്ക് വേണ്ടി

ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ടു ശങ്കർ വരച്ച കാർട്ടൂണ്‍ 1953
ആന്ധ്രപ്രദേശ് വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപവത്കരിക്കുന്ന നടപടിക്രമങ്ങള്‍ക്ക് തുടക്കംകുറിക്കാന്‍ ദല്‍ഹിയില്‍ നടന്ന യു.പി.എ ഏകോപന സമിതി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗങ്ങള്‍ സര്‍ക്കാറിനോട് ഔപചാരികമായി അഭ്യര്‍ഥിച്ചിരിക്കുന്നു. തീരുമാനത്തെ അനുകൂലിച്ചുള്ള ആഘോഷ പ്രകടനങ്ങളും എതിര്‍ത്ത് കൊണ്ടുള്ള പ്രതിഷേധങ്ങളും കൊണ്ട് ആന്ധ്രപ്രദേശ്‌ സംഘര്‍ഷഭരിതമായിരിക്കുന്നു. ആന്ധ്രയിലെ സ്ഥിതിഗതികള്‍ എങ്ങനെ നിയന്ത്രണാതീതമാക്കാം എന്ന് ആലോചിച്ചു കൊണ്ടിരിക്കുന്ന കേന്ദ്ര സര്‍ക്കാരിനു കനത്ത പ്രഹരമേല്‍പ്പിച്ചു കൊണ്ട് പുതിയ സംസ്ഥാനങ്ങള്‍ക്ക് വേണ്ടിയുള്ള സമരങ്ങളുടെ ഒരു നീണ്ട നിര തന്നെ ശക്തിയാര്‍ജ്ജിച്ചു കഴിഞ്ഞു. മഹാരാഷ്ട്രയില്‍നിന്ന് വിദര്‍ഭ, ബംഗാളില്‍ നിന്ന് ഗൂര്‍ഖാലാന്‍ഡ്, അസമില്‍ നിന്ന് ബോഡോ ലാന്‍ഡ്, അര്‍ബി അംഗ്ലോങ്, നാഗാലാന്‍ഡിലെയും അസമിലെയും പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ദിമാലാന്‍ഡ്, മണിപ്പുരില്‍ കുക്കിലാന്‍ഡ്, മേഘാലയയില്‍ ഗാരോലാന്‍ഡ്, കര്‍ണാടകത്തില്‍ കുടക്, തമിഴ്നാട്ടില്‍ കൊങ്ക്നാട് , ഉത്തര്‍ പ്രദേശില്‍ നിന്ന് അവധ്പ്രദേശ്, പൂര്‍വാഞ്ചല്‍, ബുന്ദേല്‍ഖണ്ഡ്, പശ്ചിമാഞ്ചല്‍ അല്ലെങ്കില്‍ ഹരിത്പ്രദേശ് എന്നീ നാല് സംസ്ഥാനങ്ങള്‍ എന്നിങ്ങനെ പട്ടിക നീളുകയാണ്. പ്രാദേശിക വാദം ഉന്നയിച്ചു കൊണ്ട് അധികാരക്കസേരയിലെക്കുള്ള എളുപ്പവഴി തീര്‍ക്കുക എന്നതു മാത്രമാണോ ഈ സമരങ്ങളുടെ പ്രചോദനം. അതോ സ്വാതന്ത്ര്യത്തിന് ശേഷമുള്ള ആറു പതിറ്റാണ്ടുകളില്‍ കടന്നു വന്ന പ്രധാന പാതകളില്‍ അവഗണിക്കപ്പെട്ടവരുടെ പ്രതിഷേധങ്ങള്‍ ആണോ ഇതെല്ലാം? വികസനപരമായ പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള ഒറ്റമൂലിയാണോ പുതിയ സംസ്ഥാനങ്ങളുടെ രൂപീകരണം..?

കൊളോണിയല്‍ ചൂഷണത്തിനെതിരെയുള്ള സമരത്തില്‍ പ്രതി സന്ധികളില്‍ അടിപതറാതെ ഓരോ ഇന്ത്യക്കാരനേയും മുന്നോട്ടു നയിച്ചത് നല്ല നാളെയെക്കുറിച്ചുള്ള ഒരു പിടി സ്വപ്നങ്ങളായിരുന്നു. സ്വാതന്ത്ര്യത്തിന്‍റെ ആദ്യ നാളുകളില്‍ തന്നെ അത് സാധ്യമാക്കിയ മൂല്യങ്ങളെയും മുന്നോട്ടു നയിച്ച സ്വപ്നങ്ങളെയും ഉള്‍ക്കൊണ്ടു കൊണ്ട് നിര്‍മ്മിച്ച്‌ നിയമമാക്കിയ ഭരണഘടന ഉറപ്പു നല്‍കിയത് എല്ലാ പൌരന്മാര്‍ക്കും തുല്യ സ്വാതന്ത്ര്യവും സമത്വവും നീതിയുമായിരുന്നു.പിന്നീട് വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ വേണ്ടി രൂപികരിക്കപ്പെട്ട പഞ്ച വത്സര പദ്ധതികളും ആസൂത്രണ കമ്മീഷനുകളും സംസാരിച്ചത് വളര്‍ച്ച,വികസനം, പുരോഗതി, സ്വയം പര്യാപ്തത, സമത്വം എന്നിവയെക്കുറിച്ച് തന്നെ ആയിരുന്നു. ( The major goals of Five year plans are Growth, Modernization, Self reliance, Equity). പഞ്ചവത്സര പദ്ധതികളില്‍ ആദ്യ ഒന്‍പതില്‍ അഞ്ചും ലക്‌ഷ്യം വച്ചിരുന്നതിനേക്കാള്‍ ഉയര്‍ന്ന വളര്‍ച്ചാനിരക്ക് കൈവരിച്ചു. തുടര്‍ന്ന് വന്ന പദ്ധതികളിലും ലക്‌ഷ്യം വച്ചിരുന്ന (ഉയര്‍ന്ന)വളര്‍ച്ചാനിരക്ക് ഏറെക്കുറെ കൈവരിക്കാന്‍ കഴിഞ്ഞു. പദ്ധതികളുടെ പ്രധാന ഉദ്ദേശ്യങ്ങള്‍ ആയ വികസനവും പുരോഗതിയും സ്വയം പര്യാപ്തതയും ഏറെക്കുറെ നേടിയെടുത്തു. എന്നാല്‍ വികസനത്തിന്‍റെ സന്തുലിതാവസ്ഥയുടെ കാര്യമാകട്ടെ പുരോഗതിയിലേക്കുള്ള യാത്രയില്‍ നാം നിഷ്കരുണം മറന്നു കളഞ്ഞു.

“ഇന്ത്യ അഥവാ ഭാരതം” സംസ്ഥാനങ്ങളുടെ കൂട്ടായ്മ (union of states) ആയിരിക്കുമെന്ന് ഭരണഘടന നിജപ്പെടുത്തിയിരിക്കുന്നു. സ്വതന്ത്രഭാരതത്തിന്റെ ആദ്യ വർഷങ്ങളിൽ തന്നെ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപവത്കരിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതെ തുടർന്ന് ജസ്റ്റിസ് ഫസൽ അലിയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന പുനർ‌സംഘടനാ കമ്മീഷനെ 1953-ൽ നിയമിച്ചു. ഈ കമ്മിറ്റിയുടെ നിർ‌ദ്ദേശമനുസരിച്ചാണ് 1956-ൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുനർനിർ‌ണ്ണയിച്ച് സംസ്ഥാന പുനർ‌സംഘടനാ നിയമം പാസാക്കപ്പെട്ടത്. അതിനു ശേഷം സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളുടെയും അതിരുകള്‍ പല തവണ മാറ്റി വരച്ചു. വികസനപരമായ പിന്നോക്കാവസ്ഥ, സാംസ്കാരികവും ഭൂമി ശാസ്ത്രപരവുമായ വ്യത്യാസങ്ങള്‍, അധികാര വിനിയോഗത്തിനുള്ള അസൗകര്യങ്ങള്‍ തുടങ്ങിയ ന്യായീകരണങ്ങള്‍ ഉന്നയിച്ചു കൊണ്ട് ഒട്ടേറെ പുതിയ സംസ്ഥാനങ്ങള്‍ രൂപം കൊണ്ടു.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അധികാരവും അതിന്‍റെ അതിര്‍വരമ്പുകളും ഭരണ പരമായ കടമകളും ഭരണഘടന വ്യക്തമായിതന്നെ നിര്‍വചിച്ചിട്ടുണ്ട് (Union list, State list, Concurrent List). സ്വാതന്ത്ര്യത്തിനു ശേഷം ആവിഷ്കരിച്ച ഏതാണ്ട് എല്ലാ പദ്ധതികളും നടപ്പിലാക്കിയത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെ ആയിരുന്നു. എന്നാല്‍ സംസ്ഥാനങ്ങള്‍ അവരുടെ കടമകള്‍ നിര്‍വഹിക്കുന്നതില്‍ എത്രത്തോളം ശുഷ്കാന്തി കാണിച്ചു? ഇതിനു ഏറ്റവും നല്ല ഉദാഹരണമാണ് ഭൂപരിഷ്കരണ നിയമം. വികസനത്തിനുള്ള ഫലങ്ങള്‍ തുല്യതയോടെ വിതരണം ചെയ്യുന്നതിനും അസമത്വം ഒഴിവാക്കുന്നതിനും ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിനുമുള്ള പ്രാഥമിക നടപടി എന്ന നിലയില്‍ ആണ് നമ്മുടെ ഭരണഘടനാ ശില്‍പികള്‍ ഭൂപരിഷകരണത്തെ കണ്ടത്. തൊഴിലെടുക്കുന്ന ഭൂമിയുടെ അവകാശം ജനങ്ങള്‍ക്ക്‌ തന്നെ നല്‍കാതെ വികസനം സാധ്യമല്ല എന്ന് ഏതാണ്ട് എല്ലാ രാഷ്ട്രീയ കക്ഷികളും ‘തത്വത്തില്‍’ അംഗീകരിക്കുകയും ചെയ്തതാണ്. കൈവശം വയ്ക്കാവുന്ന ഭൂമിയുടെ അളവ് പരിമിതപ്പെടുത്തുകയും , മിച്ചഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യുന്ന Agricultural Land ceiling act, 1961 ഓടെ ഇന്ത്യയിലെ ഒട്ടു മിക്ക സംസ്ഥാനങ്ങളും പാസ്സാക്കിയിരുന്നു. എന്നാല്‍ ഭൂപരിഷ്കരണം വിജയകരമായി (ഒറ്റപ്പെട്ട വിമര്‍ശനങ്ങള്‍ ഇല്ലെന്നല്ല !) നടപ്പിലാക്കിയത് കേരളത്തിലും പശ്ചിമ ബംഗാളിലും മാത്രമായിരുന്നു. മറ്റുള്ള സംസ്ഥാനങ്ങളില്‍ ഭൂപരിഷകരണത്തിന് പ്രധാന തടസ്സം സൃഷ്ടിച്ചത് ഭൂമിശാസ്ത്ര പരമായ വിസ്തൃതിയോ സാംസ്കാരിക വ്യത്യാസങ്ങളോ ആയിരുന്നില്ല , മറിച്ച് അവിടെയുള്ള സര്‍ക്കാരുകള്‍ നിയമം നടപ്പിലാക്കാന്‍ ഉള്ള രാഷ്ട്രീയ ഇച്ഛാശക്തിയോ ആര്ജ്ജവമോ കാണിച്ചില്ല എന്നത് തന്നെയാണ്.



ഭൂപരിഷ്കരണത്തിന്റെ അഭാവം ഹരിത വിപ്ലവവും മറ്റു കാര്‍ഷിക ചെറുകിട വ്യവസായങ്ങളും കൊണ്ടുവന്ന നേട്ടങ്ങള്‍ ഒരു ചെറിയ വിഭാഗം ഭൂപ്രഭുക്കന്മാരുടെ കൈകളില്‍ എത്തിച്ചു. രാഷ്ട്രീയത്തിലും ഭരണസംവിധാനങ്ങളിലും അത് അവര്‍ക്ക് കൂടുതല്‍ സ്വാധീനമുണ്ടാക്കി. പിന്നീട് അവര്‍ സൃഷ്ടിച്ച നിയമങ്ങള്‍ സാധാരണ ജനതയെ വികസനപ്രവര്‍ത്തനങ്ങളില്‍ നിന്ന് കൂടുതല്‍ അകറ്റി. ഭരണതലത്തിലും ഉദ്യോഗസ്ഥ തലത്തിലുമുള്ള അഴിമതി ഇതിനു ആക്കം കൂട്ടി. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വ്യത്യാസം വര്‍ധിക്കുന്നതോടൊപ്പം മേഖലകള്‍ തമ്മിലും വികസനത്തില്‍ വലിയ അന്തരം ദൃശ്യമായി. രണ്ട് ദശാബ്ദമായി ഇന്ത്യ പിന്തുടരുന്ന സാമ്പത്തിക ഉദാരവല്‍ക്കരണ നയങ്ങള്‍ പ്രശ്നത്തെ കൂടുതല്‍ രൂക്ഷമാക്കി. സാമ്പത്തിക ഉദാരവല്‍ക്കരണം വികസനം കൊണ്ടുവന്നെങ്കിലും അതിന്റെ നേട്ടങ്ങളില്‍ പലതും താഴെത്തട്ടുകാര്‍ക്ക് അപ്രാപ്യമായിരുന്നു

വികസനത്തെ സംബന്ധിച്ച ഔദ്യോഗികവും അനൌദ്യോകികവുമായ കണക്കെടുപ്പുകളില്‍ കേരളം പോലുള്ള ചെറിയ സംസ്ഥാനങ്ങള്‍ വലിയ സംസ്ഥാനങ്ങളെ ബഹുദൂരം പിന്തള്ളുന്നത് പതിവാണ്. ഭൂമിശാസ്ത്രപരമായ വലുപ്പക്കുറവിന്‍റെ ആനുകൂല്യമായി പലപ്പോഴും ഇത് തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എന്നാല്‍ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ പലപ്പോഴും ഇത് തെറ്റാണ് എന്ന് കാണാന്‍ കഴിയും. അധികാര വികേന്ദ്രീകരണം, ഭൂപരിഷ്കരണം, പഞ്ചായത്ത്‌രാജ്‌ നഗരപാലികകളുടെ പങ്കാളിത്തം, ആസൂത്രണത്തിലെ പൊതു ജനപങ്കാളിത്തം, അഴിമതിയുടെ (താരതമ്യേനയുള്ള) അഭാവം, ഉദ്യോഗസ്ഥ തലത്തിലുള്ള കാര്യപ്രാപ്തിയുടെ അന്തരം തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍ ഇതിനെ സ്വാധീനിക്കുന്നുണ്ട്.



പുതിയ സംസ്ഥാനങ്ങളുടെ രൂപീകരണം പ്രാദേശികവികസനത്തിന്‌ എത്രത്തോളം സഹായകമായിരുന്നു എന്ന് തിരിഞ്ഞു നോക്കുന്നത് കൌതുകകരമായ കാര്യമാണ്. ഭാഷാടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ട സംസ്ഥാനങ്ങള്‍ 2000 നവംബറില്‍ പുനര്‍വിഭജിക്കപ്പെട്ടപ്പോള്‍ രൂപംകൊണ്ട ഛത്തീസ്‌ഗഢ്, ജാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ് എന്നിവയുടെ കാര്യം തന്നെയെടുക്കാം. അന്നത്തെ ഏറ്റവും വലിയ സംസ്ഥാനം ആയിരുന്ന മധ്യപ്രദേശിനെ വിഭജിച്ച് രൂപംകൊണ്ട സംസ്ഥാനമാണ് ഛത്തീസ്‌ഗഢ്. പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നമായ ചെറിയ സംസ്ഥാന രൂപീകരണം സംസ്ഥാനത്തെ അധികാരവിനിയോഗത്തെ സുഗമമാക്കും എന്നും വികസന പാതയില്‍ നയിക്കും എന്നും ധരിച്ചവര്‍ക്ക് തെറ്റി. വികസനത്തിലെ അസന്തുലിതത്വം മാവോയിസ്റ്റ്‌ നേതൃത്വത്തിലുള്ള ആക്രമണങ്ങളിലേക്കും അരാജകത്വത്തിലേക്കും നയിച്ചു. ധാതുലവണങ്ങള്‍കൊണ്ട് സമ്പന്നമാണ് ജാര്‍ഖണ്ഡ്. കാലിത്തീറ്റകുംഭകോണംപോലുള്ള കേസുകളില്‍പ്പെട്ട് ബിഹാറിലെ രാഷ്ട്രീയം മലീമസമായപ്പോള്‍ ജാര്‍ഖണ്ഡ് രൂപീകരണം അതില്‍നിന്ന് വ്യത്യസ്തമായ ഒരു മുഖച്ഛായ സൃഷ്ടിക്കുമെന്നായിരുന്നു എല്ലാ ജാര്‍ഖണ്ഡികളുടെയും പ്രതീക്ഷ. സംസ്ഥാനം രൂപംകൊണ്ടതിനൊപ്പം രാഷ്ട്രീയ അനിശ്ചിതത്വവും ജാര്‍ഖണ്ഡിന്റെ കൂടപ്പിറപ്പായി. ഈ അനിശ്ചിതത്വം മുതലെടുത്ത് കോൺഗ്രസിന്റെയും ആര്‍ജെഡിയുടെയും പിന്തുണയോടെ മുഖ്യമന്ത്രിയായ മധുകോഡ 23 മാസത്തെ ഭരണംകൊണ്ട് മധുകോഡ 4575 കോടി രൂപ കീശയിലാക്കി അധികാര ദുര്‍വിനിയോഗത്തിന്‍റെ മികച്ച ഉദാഹരണം ആയി മാറി. ഉത്തരാഖണ്ഡില്‍നിന്നുള്ള വാര്‍ത്തയും വ്യത്യസ്തമല്ല. നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന കോൺഗ്രസിന്റെയും ബിജെപിയുടെയും ഉത്തരാഖണ്ഡ് ക്രാന്തിദളിന്റെയും നേതാക്കള്‍ക്കുമാത്രമാണ് നേട്ടമുണ്ടായത്. ഉത്തരാഖണ്ഡ് പുതിയ സംസ്ഥാനമായി രൂപീകരിച്ചതോടെ ഉത്തര്‍പ്രദേശിനെ വെല്ലുന്ന അഴിമതിയാണ് സംസ്ഥാനത്ത് അരങ്ങേറുന്നത്.

വികസനത്തിലുള്ള അസന്തുലിതാവസ്ഥക്കും അവഗണനയ്ക്കും എതിരെയുള്ള പ്രാദേശിക സമരങ്ങള്‍ പുതിയ അധികാര മേഖലകള്‍ക്ക് വേണ്ടിയുള്ള സമരങ്ങള്‍ ആയി വഴിമാറുക(/വഴി തെറ്റുക)യാണ് പതിവ്. ഇത്തരത്തിലുള്ള പ്രാദേശികസമരങ്ങളെയും പ്രാദേശിക പാര്‍ടികളെയും പലപ്പോഴും മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ അധികാര വടം വലിയില്‍ പ്രയോജനപ്പെടുത്തുകയും ചെയ്യാറുണ്ട്. ബംഗാളില്‍ പ്രതിപക്ഷത്തിരിക്കുമ്പോള്‍ കൈയ്യയച്ചു സഹായം ചെയ്തു കൊടുത്തിരുന്ന മമത ബാനര്‍ജിയ്ക്ക് വലിയ തലവേദന സൃഷ്ടിക്കുകയാണല്ലോ ഇപ്പോള്‍ ഗൂര്ഘാലാണ്ടുകാര്‍. വൈഎസ്ആര്‍ കോണ്‍ഗ്രസിന്‍റെ വരവോടെ ജനസ്വാധീനം നഷ്ടപ്പെട്ട ആന്ധ്രയില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ തെലങ്കാനയിലെങ്കിലും പിടിച്ചു നില്‍ക്കാനുള്ള കോണ്ഗ്രസ്സിന്റെ അവസാനത്തെ അടവാണ് തെലങ്കാന സംസ്ഥാന രൂപീകരണം എന്ന് വിശ്വസിക്കുന്നവര്‍ കുറവല്ല.

എന്നാല്‍ നയ രൂപീകരണത്തിലും ആസൂത്രണത്തിലും പദ്ധതി നടത്തിപ്പിലും ജനപങ്കാളിത്തമുള്ള, സുതാര്യവും അഴിമതി രഹിതവുമായ ഒരു ഭരണ സംവിധാനവും , മൂല്യാധിഷ്ടിതവും ആത്മാര്‍ഥവും ആയ ഒരു ജനാധിപത്യ സാമൂഹികക്രമവും ഇല്ലാത്തിടത്തോളം കാലം ഭൂപടം മാറ്റി വരയ്ക്കുന്നത് കൊണ്ട് മാത്രം പൊതു ജനതയുടെ ജീവിത പ്രശ്നങ്ങള്‍ പരിഹരിക്കപെടുമെന്നു കരുതാൻ കഴിയില്ല.  

6 comments:

  1. എല്ലാ ജില്ലകളേയും സംസ്ഥാനമാക്കണം
    അല്ലപിന്നെ!

    ReplyDelete
  2. ഭൂപരിഷ്കരണത്തിന്റെ അഭാവം ഹരിത വിപ്ലവവും മറ്റു കാര്‍ഷിക ചെറുകിട വ്യവസായങ്ങളും കൊണ്ടുവന്ന നേട്ടങ്ങള്‍ ഒരു ചെറിയ വിഭാഗം ഭൂപ്രഭുക്കന്മാരുടെ കൈകളില്‍ എത്തിച്ചു. രാഷ്ട്രീയത്തിലും 'ഭരണസംവിധാനങ്ങളിലും അത് അവര്‍ക്ക് കൂടുതല്‍ സ്വാധീനമുണ്ടാക്കി. പിന്നീട് അവര്‍ സൃഷ്ടിച്ച നിയമങ്ങള്‍ സാധാരണ ജനതയെ വികസനപ്രവര്‍ത്തനങ്ങളില്‍ നിന്ന് കൂടുതല്‍ അകറ്റി. ഭരണതലത്തിലും ഉദ്യോഗസ്ഥ തലത്തിലുമുള്ള അഴിമതി ഇതിനു ആക്കം കൂട്ടി. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വ്യത്യാസം വര്‍ധിക്കുന്നതോടൊപ്പം മേഖലകള്‍ തമ്മിലും വികസനത്തില്‍ വലിയ അന്തരം ദൃശ്യമായി. രണ്ട് ദശാബ്ദമായി ഇന്ത്യ പിന്തുടരുന്ന സാമ്പത്തിക ഉദാരവല്‍ക്കരണ നയങ്ങള്‍ പ്രശ്നത്തെ കൂടുതല്‍ രൂക്ഷമാക്കി. സാമ്പത്തിക ഉദാരവല്‍ക്കരണം വികസനം കൊണ്ടുവന്നെങ്കിലും അതിന്റെ നേട്ടങ്ങളില്‍ പലതും താഴെത്തട്ടുകാര്‍ക്ക് അപ്രാപ്യമായിരുന്നു'
    ‘ഓരൊ വിഭജനങ്ങൾക്കും മുമ്പ് ജനങ്ങളെ വികസന പ്രവർത്തനങ്ങളിൽ നിന്നും അകറ്റി നിർത്തുന്ന നിയമങ്ങളാണ് പരിഷ്കരിക്കേണ്ടത്..
    നല്ല കുറിപ്പുകൾ കേട്ടൊ നിദീഷ്

    ReplyDelete
  3. മുകളിൽ അജിത്തേട്ടന്റെ കമാന്റ് വായിച്ചൊന്ന് ചിരിച്ചു
    അല്ല പിന്നെ

    താങ്കൾ നന്നായി എഴുതി കെട്ടോ
    ഇത് ഒരുപാട് കാര്യങ്ങൾ പറയുന്ന പോസ്റ്റാണ്

    ReplyDelete
  4. വിഷയത്തെ ആഴത്തില്‍ പഠിച്ച് എഴുതിയ ലേഖനം. താങ്കളുടെ നിരീക്ഷണങ്ങളില്‍ പലതും എന്റേയും ആശങ്കകളാണ്. സംസ്ഥാനപുനര്‍ വിഭജനത്തിന്റെ അനന്തരഫലങ്ങള്‍ കാണാഞ്ഞിട്ടല്ല ഉത്തരവാദപ്പെട്ടവര്‍ വീണ്ടും പുതിയൊരു വിഭജനവുമായി മുന്നോട്ടു വരുന്നത് എന്ന് തോന്നിയിട്ടുണ്ട്. അധികാരരാഷ്ട്രീയത്തിലെ കണക്കെടുപ്പുകള്‍ ഇനിയും ഇത്തരം കൃത്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കും. ഏതായാലും തെലുങ്കാന--സീമാന്ധ്രാ വിഭജനം അത്ര എളുപ്പമാണെന്നു തോന്നുന്നില്ല.

    നല്ല ലേഖനം....
    വിഷയത്തെ ആഴത്തില്‍ പഠിച്ച്, കണക്കുകളുടെ പിന്‍ബലത്തോടെ വസ്തുനിഷ്ടമായി അവതരിപ്പിക്കുന്ന ഇത്തരം ലേഖനങ്ങള്‍ ബ്ലോഗുകളില്‍ അപൂര്‍വ്വമായേ കാണാറുള്ളു.

    ReplyDelete
  5. ജനക്ഷേമമോ,സാമൂഹികപുരോഗതിയോ ലക്ഷ്യമാക്കിയല്ലല്ലോ പുതിയ സംസ്ഥാനങ്ങള്‍ക്ക് വേണ്ടിയുള്ള മുറവിളി ഉയര്‍ത്തുന്നത് .ചുമ്മാ ഉദരനിമിത്തം ബഹുകൃതവേഷം ..അല്ലാതെന്ത് ?

    ReplyDelete
  6. കേരളത്തിനെ ഒരു രാജ്യമായി പ്രക്യാപിക്കണം.

    ReplyDelete