Wednesday, January 9, 2013

ചില സീസണല്‍ ആചാരങ്ങള്‍


ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ വിദ്യാര്‍ഥിനിയെ   ക്രൂരമായി ബലാല്‍സംഗം ചെയ്തു കൊന്ന സംഭവം  നിരവധി പ്രക്ഷോഭങ്ങള്‍ക്കും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ചുള്ള പൊതു ചര്‍ച്ചകള്‍ക്കും  വഴിയൊരുക്കി  . ഡല്‍ഹിയില്‍ ഉയര്‍ന്നു വന്ന യുവജന പ്രക്ഷോഭം സ്വതന്ത്ര ഇന്ത്യ കണ്ട വന്‍പ്രക്ഷോഭങ്ങളിലൊന്നായി മാറിയതും  പ്രക്ഷോഭത്തെ പ്രാകൃതമായ രീതികള്‍ ഉപയോഗിച്ച്  അടിച്ചമര്‍ത്താന്‍ ശ്രമിച്ചു കൊണ്ട് ഭരണകൂടം അതിന്റെ ഫാസിസ്റ്റ്‌ മുഖം ഒരിക്കല്‍ കൂടി വെളിപ്പെടുത്തിയതും നാം കണ്ടു.   ഇന്ത്യാ ചരിത്രത്തില്‍ സ്ത്രീ­കള്‍­ക്കെ­തി­രെ ­ന­ട­ക്കു­ന്ന ആദ്യത്തെ അതിക്രമമമൊന്നുമല്ലെങ്കിലും ഈ സംഭവം നമ്മുടെ സമൂഹത്തില്‍ വലിയ രീതിയില്‍ തന്നെ ചര്‍ച്ചാ വിഷയമായിതീര്‍ന്നു. സ്ത്രീകള്‍ മാന്യമായി നടക്കണം എന്നും മറ്റുമുള്ള ചില  പിന്തിരിപ്പന്‍ അഭിപ്രായങ്ങള്‍  ഉണ്ടായി എങ്കിലും ( അവരെപ്പറ്റി എന്ത് പറയാന്‍..!) കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കണം എന്നും ലിംഗം അറുത്ത്‌ എടുക്കണം എന്നും ഒക്കെത്തന്നെയായിരുന്നു മധ്യവര്‍ഗ മുഖ്യധാരയുടെ പൊതു അഭിപ്രായം. പ്രതിക്കു് വധ­ശി­ക്ഷ വി­ധി­ക്കാന്‍ തക്ക വിധത്തില്‍  സി­ആര്‍­പി­സി ഭേ­ദ­ഗ­തി ചെയ്യണം എന്നാണ്  കേ­ന്ദ്ര ആഭ്യ­ന്ത­ര­മ­ന്ത്രി സു­ശീല്‍ കു­മാര്‍ ഷിന്‍­ഡെ അഭിപ്രായപ്പെട്ടത്  . എന്നാല്‍  അതിര് കടന്ന ആവേശം എന്നതില്‍ കവിഞ്ഞ്‌ ഈ അഭിപ്രായങ്ങള്‍ക്ക് എത്രത്തോളം ആത്മാര്‍ഥതയുണ്ട്....?


പ്രതിഷേധങ്ങള്‍ പ്രതിയെ  കൊല്ലണം അല്ലെങ്കില്‍ ശിക്ഷിക്കണം എന്ന മുറവിളിയില്‍ മാത്രം ഒതുങ്ങുമ്പോള്‍ തമസ്കരിക്കപ്പെടുന്നത്  കുറ്റകൃത്യത്തിലേക്ക് വഴി വെക്കുന്ന സാമൂഹികവും രാഷ്ട്രീയവും ആയ സാഹചര്യങ്ങള്‍ ആണ്. ബലാല്‍സംഗം ചെയ്ത പ്രതിക്ക്  വധശിക്ഷ നല്‍കിയത് കൊണ്ട് അതിക്രമങ്ങള്‍ ആവര്ത്തിക്കാതിരിക്കില്ലല്ലോ. തീവ്രവാദത്തിനെതിരെയുള്ള ഒറ്റമൂലി എന്ന രീതിയില്‍ അജ്മല്‍ കസബിന്‍റെ വധശിക്ഷ ആഘോഷിച്ചത് അധിക കാലം മുന്‍പ്‌ അല്ലല്ലോ. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് എതിരെ മുറവിളി കൂട്ടുന്നുവര്‍ സ്ത്രീ സമത്വത്തെക്കുറിച്ച് എത്രത്തോളം ബോധവാന്മാരാണ്. ..?   രാത്രിയില്‍ ജോലി ചെയ്യുന്നതിനെക്കുറിച്ച് , മാന്യമായി വസ്ത്രം ധരിക്കുന്നതിനെക്കുറിച്ചു, സമൂഹത്തില്‍ ഇടപെടുന്നതിനെക്കുറിച്ച് , സ്വന്തമായി തീരുമാനങ്ങള്‍ എടുക്കുന്നതിനെക്കുറിച്ചു ഇത്രയും കാലം വാചാലമായി സ്ത്രീകളെ ഉപദേശിച്ചു കൊണ്ടിരുന്നവര്‍ ആണ്  ഇപ്പോള്‍ പ്രതിയെ കൊല്ലണം എന്ന് മുറവിളി കൂട്ടുന്നവരില്‍ പലരും എന്ന വസ്തുത വിസ്മരിക്കാന്‍ കഴിയുമോ? (ശ്വേതാ മേനോന്‍റെ പ്രസവം ഷൂട്ട്‌ ചെയ്തതുമായി ബന്ധപ്പെട്ടു ഫേസ് ബുക്കില്‍ വന്ന കമന്‍റുകള്‍ ഓര്‍ക്കുക..!)

ബലാല്‍സംഗക്കേസില്‍ കുറ്റം തെളിയിക്കപ്പെട്ടാല്‍ ഏഴു വര്ഷം വരെ കഠിന തടവ്‌ ആണ് ഇന്ത്യന്‍പീനല്‍ കോഡ് സെക്ഷന്‍376 അനുശാസിക്കുന്നത്. എന്നാല്‍ പലകേസുകളിലും നിയമ നടപടി പൂര്‍ത്തിയാക്കുന്നതിനു വര്‍ഷങ്ങള്‍ വേണ്ടി വരും. അതിനിടയില്‍ കഴിവും സ്വാധീനവും ഉള്ള പ്രതികള്‍ പഴുതുകളില്‍ കൂടി രക്ഷപ്പെടുകയും സ്വന്തം നില ഭദ്രമാക്കുകയും ചെയ്യും. അല്ലാത്തവര്‍ ശിക്ഷിക്കപ്പെടുമായിരിക്കാം.( ഈ അവസരത്തില്‍ ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഫാസ്റ്റ് ട്രാക്ക്‌ കോടതി എന്ന ആവശ്യം ശ്രദ്ധേയമാണ്...!) സംഭവത്തെ അപലപിച്ച മിക്ക രാഷ്ട്രീയ പാര്‍ടികളും വധ ശിക്ഷ നല്കുന്നതിനെപ്പറ്റി സംസാരിച്ചു. എന്നാല്‍ ഇന്ത്യയില്‍  ആറു എം എല്‍ എ  മാര്‍ ( ബിജെപി -1,സമാജ്‌വാദി -3, ബിഎസ്‌പി -1, ടിഡിപി-1 ) ബലാല്‍ സംഗ ക്കേസിലും  , 36 പേര്‍ സ്ത്രീകള്‍ക്കെതിരെയുള്ള മറ്റു അതിക്രമങ്ങളിലും   ഉള്പെട്ടവര്‍ ആണെനന്ന് തെരഞ്ഞെടുപ്പു കമ്മീഷന് മുന്‍പാകെ സമര്‍പ്പിച്ച സത്യവാങ്ങ് മൂലത്തില്‍ സമ്മതിക്കുന്നു.  രണ്ടു എം പി മാര്‍ക്കെതിരെയും ( തൃണമൂല്‍ -1 , എ ഡി എം കെ -1 ) സ്ത്രീകള്‍ക്കെതിരെയുള്ള  കുറ്റങ്ങള്‍ നിലവില്‍ ഉണ്ട്. നിയമ കുരുക്കില്‍ നിന്ന് ഊറി രക്ഷപ്പെട്ടവര്‍ ഇനിയും ഏറെയുണ്ടാകും. കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച സൂര്യനെല്ലി, ഐസ് ക്രീം പാര്‍ലര്‍ കേസുകളുടെ സ്ഥിതി എന്തായെന്ന് നമുക്കറിയാമല്ലോ..! 


ബലാല്‍സംഗങ്ങളെക്കുറിച്ച് നാം കേട്ടു തുടങ്ങുന്നത് ഇത് ആദ്യമായിട്ടൊന്നുമല്ല. ഇരകള്‍ ക്രൂരവും നിഷ്ടൂരവും ആയി പീഡിപ്പിക്കപ്പെടുന്നതും കൊല്ലപ്പെടുന്നതും ആദ്യമായിട്ടല്ല.
മാധ്യമങ്ങളില്‍ കുറച്ചു മഞ്ഞയും കുറച്ചു നീലയും ചേര്‍ത്ത് വിളമ്പാനുള്ള വിഭവം എന്നതിനുമപ്പുറം അവയൊന്നും സമൂഹത്തില്‍ കോളിളക്കം സൃഷ്ട്ടിച്ചില്ല. എന്നാല്‍ ഡല്‍ഹി സംഭവം ഇതില്‍ നിന്ന് വ്യത്യസ്തമാകുന്നത് ഇര­കള്‍­ക്ക­നു­കൂ­ല­മാ­യി ( അരാഷ്ട്രീയ) ജന­കീ­യ­പ്ര­ക്ഷോ­ഭ­ങ്ങള്‍ കാ­ര്യ­മാ­യി ഉണ്ടാ­യി­ എന്ന കാര്യത്തില്‍ ആണ്. നാഗരിക-മധ്യവര്‍ഗ സ്ത്രീകള്‍ക്ക് രാത്രി പുറത്തിറങ്ങി നടക്കാന്‍ സാധ്യമല്ലാതെ വന്നപ്പോള്‍ മാത്രം ജനം ഇളകി മറിഞ്ഞതാണോ..?  എന്നാല്‍ ഇത് വരെ ഉണ്ടാകാത്ത രീതിയില്‍ ശക്തി പ്രാപിച്ച ദില്ലിയിലെ പ്രക്ഷോഭങ്ങള്‍ക്ക്  അതിന്റെ വര്‍ഗ്ഗവും ജാതിയുമുണ്ടെന്ന് അരുന്ധതി റോയിയെ പോലെയുള്ളവര്‍ അഭിപ്രായപ്പെട്ടത് ശ്രദ്ധേയമാണ്.കാശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും സൈനികര്‍  നടത്തിക്കൊണ്ടിരിക്കുന്ന ബലാത്സംഗങ്ങളെപ്പറ്റി പ്രതികരിക്കുന്നത് ദേശദ്രോഹമായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.എന്ന് മുതലാണ്‌ നമ്മുടെ സമൂഹം ബലാത്സംഗങ്ങള്‍ക്ക് എതിരെ ശബ്ദം ഉയര്‍ത്താന്‍ തുടങ്ങിയത്...?  ഇപ്പോഴും പല ഉള്‍ഗ്രാമങ്ങളില്‍, തെരുവുകളില്‍ , നമുക്കിടയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ നടന്നു കൊണ്ടേയിരിക്കുന്നുണ്ട്.  അവരോടൊപ്പം പക്ഷം ചേരാന്‍ ഡല്‍ഹി സംഭവത്തില്‍ പ്രതിഷേധ മുറവിളി കൂട്ടുന്നവരില്‍ എത്ര പേരെ കാണാന്‍ കഴിയും.
സുഖ ലോലുപതയില്‍ ഇരുന്നു കൊണ്ട് പ്രതിഷേധിക്കുന്നത് എപ്പോഴും  ഒരു ഫാഷന്‍ ആയിരിക്കാന്‍ ഇടയില്ല.

9 comments:

 1. ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രം പ്രതിഷേധിക്കുക , അത് കഴിഞ്ഞാല്‍ ആ കാര്യം പാടെ മറക്കുക. ഇതാണ് നമ്മുടെ സമൂഹത്തിന്റെ സ്വഭാവം. പ്രസക്തമാണീ ചിന്ത

  ReplyDelete
 2. ജനാധിപത്യ രാജ്യത്ത് ഉള്ള നിയമങ്ങള്‍ തന്നെ നന്നായി നടപ്പാക്കാനാവാത്ത സ്ഥിതിവിശേഷമാണ്. എല്ലാ നിയമങ്ങള്‍ക്കും വാദപ്രതിവാദവും അതിലേറെ പഴുതുകളും. അറബ് രാജ്യങ്ങളിലെ പോലെ സ്ത്രീകള്‍ പരാതിപ്പെട്ടാല്‍ പിന്നെ ഒന്നും നോക്കാതെ പൊക്കിയെടുത്ത് അകത്തിടുക എന്ന പരിപാടി ആവിഷ്കരിചാല്പോലും വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ സ്വന്തം ഭാര്യമാരെയും പെണ്മക്കളെയും കൊണ്ട് കേസുകൊടുപ്പിച്ചു അതിനേക്കാള്‍ വലിയ പുലിവാല് ആകില്ലെന്ന് ആര് കണ്ടു?

  ഈശ്വരോ രക്ഷതോ...

  ReplyDelete
 3. ഈ ലേഖനത്തിന്റെ തലക്കെട്ട് തന്നെയാണ് ചർച്ച ചെയ്യപ്പെടേണ്ട വിഷയം. "സ്വാഭാവിക വിസ്മൃതി" എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി നമ്മൾ മറന്നുകളയുന്നതു കൊണ്ട് മാത്രമാണ് പ്രശ്നങ്ങൾ ആവർത്തിക്കപ്പെടുന്നത്. 

  ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം ഇന്തയ്ന് റേയിൽവേ ആണെങ്കിൽ ഏറ്റവും വലിയ റേപ്പിസ്റ്റ് ഇന്ത്യൻ ആർമിയാണെന്ന് എവിടെയോ വായിച്ചതോർക്കുന്നു. വേലി തന്നെ വിള ചവിട്ടിമെതിച്ച് നശിപ്പിക്കുന്നുവെങ്കിൽ പിന്നെയെന്ത് പറയാനാണ്?

  ReplyDelete
 4. ഡൽഹിയിൽ ഇത്ര ശക്തമായ പ്രതിഷേധങ്ങളുയർന്നതിന്റെ കാരണം എനിക്കിപ്പോഴും അജ്ഞാതമാണ്. സോഷ്യൽ മീഡിയകളുടെ അതിപ്രസരം ചിലപ്പോഴെങ്കിലും ഗുണകരമാവുന്നതിന്റെ ദൃഷ്ടാന്തമായി അതിനെ കാണുന്നു. എന്നാൽ ഇപ്പോഴും മറ്റു പലയിടങ്ങളിലും, പല മേഖലകളിലും നടക്കുന്ന അതിക്രമങ്ങൾക്കെതിരെ പ്രതികരിക്കുന്നതിൽ ഇന്ത്യൻ സമൂഹം വളരെ പിന്നോക്കമാണ്.....

  കൂടുതൽ പറയാൻ അറിയില്ല......

  ReplyDelete
 5. പ്രതിഷേധിച്ചവരില്‍ ഒരാളാണ് ഞാന്‍ .എനിക്ക് ലഭ്യമായിരുന്ന അവസരങ്ങള്‍ കൊണ്ട് എന്നാല്‍ കഴിയും വിധം ഞാന്‍ ശബ്ദമുയര്‍ത്തിയതാണ് .ഒരു സഹജീവിക്കെതിരെ നടക്കുന്ന അനീതികള്‍ക്കെതിരെ പ്രതികരിക്കുന്നത് സുഖലോലുപതയില്‍ നിന്നുളവായ ക്രൂരമായ ആനന്ദം തേടല്‍ ആയിരുന്നില്ല ,അങ്ങനെ ആകുകയുമില്ല .ആ നിഷ്ഠൂരമായ സംഭവത്തില്‍ പരോക്ഷമായി ന്യായീകരിക്കാന്‍ ശ്രമിച്ചവരും ബാലാല്സംഗികള്‍ തന്നെയാണെന്നാണ് എന്‍റെ പക്ഷം ..

  ReplyDelete
  Replies
  1. സഹജീവിക്കെതിരെ നടക്കുന്ന അനീതികള്‍ക്കെതിരെയുള്ള പ്രതികരണങ്ങള്‍ പ്രതിഷേധങ്ങള്‍ എല്ലാം തുടരണം എന്ന് തന്നെയാണ് ഞാനും ആഗ്രഹിക്കുന്നത്. അനീതിക്ക് മുന്‍പില്‍ നിശബ്ദരായി നില്‍ക്കണം എന്നല്ല മറിച്ച് ഇരകളെ തരം തിരിക്കാതെ എല്ലാ സഹജീവികള്‍ക്കെതിരെയും നടക്കുന്ന അനീതികള്‍ക്കെതിരെയും പ്രതികരിക്കണം എന്നാണു ആഗ്രഹം.

   ആ നിഷ്ഠൂരമായ സംഭവത്തില്‍ പരോക്ഷമായി ന്യായീകരിക്കാന്‍ ശ്രമിച്ചവരും ബാലാല്സംഗികള്‍ തന്നെയാണെന്നാണ് എന്‍റെയും പക്ഷം. "ആ നിഷ്ഠൂരമായ സംഭവം " ഒറ്റപ്പെട്ട ഒന്നല്ല എന്ന് ഓര്‍മ്മപ്പെടുതട്ടെ.

   Delete
 6. അഭിപ്രായം രേഖപ്പെടുത്തിയ പ്രിയ വായനക്കാര്‍ നിസാരന്‍ ..ജോസെലെറ്റ്‌ എം ജോസഫ്‌
  ചീരാമുളക് Pradeep Kumar സിയാഫ് അബ്ദുള്‍ഖാദര്‍, എല്ലാവര്ക്കും പ്രത്യേകം നന്ദി

  ReplyDelete
 7. ദല്‍ഹിയിലെ നിര്‍ഭാഗ്യകരമായ സംഭവത്തെക്കാള്‍ വലിയ ദുരന്തങ്ങള്‍ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട് ,എന്നാല്‍ ആഗോളതലത്തില്‍ വരെ ഇത്രയും ചര്‍ച്ചയായി ഈ വിഷയം ഉയരാന്‍ ഈ പ്രതിഷേധം കാരണമായി എന്നത് നിസ്സാര കാര്യമല്ല ,,ഇനി കുറച്ചു ദിവസങ്ങളിലെങ്കിലും ഇത്തരം സംബവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കും എന്ന പ്രതീക്ഷിക്കാം

  ReplyDelete
 8. നിസാരൻ പറഞ്ഞതടിവരയിട്ട് പറയുനൂ...

  ReplyDelete