ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ വിദ്യാര്‍ഥിനിയെ ക്രൂരമായി ബലാല്‍സംഗം ചെയ്തു കൊന്ന സംഭവം നിരവധി പ്രക്ഷോഭങ്ങള്‍ക്കും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ചുള്ള പൊതു ചര്‍ച്ചകള്‍ക്കും വഴിയൊരുക്കി . ഡല്‍ഹിയില്‍ ഉയര്‍ന്നു വന്ന യുവജന പ്രക്ഷോഭം സ്വതന്ത്ര ഇന്ത്യ കണ്ട വന്‍പ്രക്ഷോഭങ്ങളിലൊന്നായി മാറിയതും പ്രക്ഷോഭത്തെ പ്രാകൃതമായ രീതികള്‍ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിച്ചു കൊണ്ട് ഭരണകൂടം അതിന്റെ ഫാസിസ്റ്റ് മുഖം ഒരിക്കല്‍ കൂടി വെളിപ്പെടുത്തിയതും നാം കണ്ടു. ഇന്ത്യാ ചരിത്രത്തില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ആദ്യത്തെ അതിക്രമമമൊന്നുമല്ലെങ്കിലും ഈ സംഭവം നമ്മുടെ സമൂഹത്തില്‍ വലിയ രീതിയില്‍ തന്നെ ചര്‍ച്ചാ വിഷയമായിതീര്‍ന്നു. സ്ത്രീകള്‍ മാന്യമായി നടക്കണം എന്നും മറ്റുമുള്ള ചില പിന്തിരിപ്പന്‍ അഭിപ്രായങ്ങള്‍ ഉണ്ടായി എങ്കിലും ( അവരെപ്പറ്റി എന്ത് പറയാന്‍..!) കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കണം എന്നും ലിംഗം അറുത്ത് എടുക്കണം എന്നും ഒക്കെത്തന്നെയായിരുന്നു മധ്യവര്‍ഗ മുഖ്യധാരയുടെ പൊതു അഭിപ്രായം. പ്രതിക്കു് വധശിക്ഷ വിധിക്കാന്‍ തക്ക വിധത്തില്‍ സിആര്‍പിസി ഭേദഗതി
ചെയ്യണം എന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ അഭിപ്രായപ്പെട്ടത് . എന്നാല്‍ അതിര് കടന്ന ആവേശം എന്നതില്‍ കവിഞ്ഞ് ഈ അഭിപ്രായങ്ങള്‍ക്ക് എത്രത്തോളം ആത്മാര്‍ഥതയുണ്ട്....?


ബലാല്‍സംഗങ്ങളെക്കുറിച്ച് നാം കേട്ടു തുടങ്ങുന്നത് ഇത് ആദ്യമായിട്ടൊന്നുമല്ല. ഇരകള്‍ ക്രൂരവും നിഷ്ടൂരവും ആയി പീഡിപ്പിക്കപ്പെടുന്നതും കൊല്ലപ്പെടുന്നതും ആദ്യമായിട്ടല്ല.
മാധ്യമങ്ങളില്‍ കുറച്ചു മഞ്ഞയും കുറച്ചു നീലയും ചേര്‍ത്ത് വിളമ്പാനുള്ള വിഭവം എന്നതിനുമപ്പുറം അവയൊന്നും സമൂഹത്തില്‍ കോളിളക്കം സൃഷ്ട്ടിച്ചില്ല. എന്നാല്‍ ഡല്‍ഹി സംഭവം ഇതില്‍ നിന്ന് വ്യത്യസ്തമാകുന്നത് ഇരകള്‍ക്കനുകൂലമായി ( അരാഷ്ട്രീയ) ജനകീയപ്രക്ഷോഭങ്ങള്‍ കാര്യമായി ഉണ്ടായി എന്ന കാര്യത്തില്‍ ആണ്. നാഗരിക-മധ്യവര്‍ഗ സ്ത്രീകള്‍ക്ക് രാത്രി പുറത്തിറങ്ങി നടക്കാന്‍ സാധ്യമല്ലാതെ വന്നപ്പോള്‍ മാത്രം ജനം ഇളകി മറിഞ്ഞതാണോ..? എന്നാല്‍ ഇത് വരെ ഉണ്ടാകാത്ത രീതിയില്‍ ശക്തി പ്രാപിച്ച ദില്ലിയിലെ പ്രക്ഷോഭങ്ങള്‍ക്ക് അതിന്റെ വര്‍ഗ്ഗവും ജാതിയുമുണ്ടെന്ന് അരുന്ധതി റോയിയെ പോലെയുള്ളവര്‍ അഭിപ്രായപ്പെട്ടത് ശ്രദ്ധേയമാണ്.കാശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും സൈനികര്‍ നടത്തിക്കൊണ്ടിരിക്കുന്ന ബലാത്സംഗങ്ങളെപ്പറ്റി പ്രതികരിക്കുന്നത് ദേശദ്രോഹമായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.
എന്ന് മുതലാണ് നമ്മുടെ സമൂഹം ബലാത്സംഗങ്ങള്‍ക്ക് എതിരെ ശബ്ദം ഉയര്‍ത്താന്‍ തുടങ്ങിയത്...? ഇപ്പോഴും പല ഉള്‍ഗ്രാമങ്ങളില്‍, തെരുവുകളില്‍ , നമുക്കിടയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ നടന്നു കൊണ്ടേയിരിക്കുന്നുണ്ട്. അവരോടൊപ്പം പക്ഷം ചേരാന്‍ ഡല്‍ഹി സംഭവത്തില്‍ പ്രതിഷേധ മുറവിളി കൂട്ടുന്നവരില്‍ എത്ര പേരെ കാണാന്‍ കഴിയും.
സുഖ ലോലുപതയില്‍ ഇരുന്നു കൊണ്ട് പ്രതിഷേധിക്കുന്നത് എപ്പോഴും ഒരു ഫാഷന്‍ ആയിരിക്കാന്‍ ഇടയില്ല.