Wednesday, October 10, 2012

ചില ചോദ്യങ്ങള്‍..... ഉത്തരങ്ങള്‍ ...........

ഷാനവാസിന്റെ നെഞ്ചത്ത് പറ്റിക്കിടന്നു നല്ല ഉറക്കത്തിലാണ് മീര. തുറന്നു കിടന്ന  ജനാലയിലൂടെ തണുത്ത കാറ്റടിക്കുന്നുണ്ട്. മുഖത്തേക്ക്  വീണു കിടന്ന മുടിയിഴകളില്‍ ഒന്നിനെ അവന്‍ മെല്ലെ ശ്രദ്ധയോടെ എടുത്തു ഒതുക്കി വച്ചു. സിനിമയില്‍ ഒക്കെയായിരുന്നുവെങ്കില്‍  വളരെ റൊമാന്റിക് എന്ന് വിശേഷിപ്പിക്കാവുന്ന ഒരു രംഗമായിരുന്നുവെങ്കിലും ഷാനവാസിന്റെ മുഖത്ത് വല്ലാത്ത ഭീതി നിഴലിച്ചിരുന്നു. രാകി രാകി മയപ്പെടുത്തിയ ഭാഷയില്‍ ആയിരുന്നു ഡോക്ടറുടെ ചോദ്യമെങ്കിലും അത് അവനില്‍  ഉണ്ടാക്കിയ മുറിവിന്‍റെ ആഴം ഒട്ടും കുറവായിരുന്നില്ല.
മീര ഒന്നിളകിയിരുന്നു. വളരെ സൂക്ഷിച്ച്, ശ്രദ്ധയോടെ... അവളുടെ വയറ്റില്‍ വളരുന്ന കുഞ്ഞുവാവയ്ക്ക് വേദനിക്കരുതല്ലോ..! അവന്‍റെ /അവളുടെ സുഖത്തിനു വേണ്ടിയാണല്ലോ ഈ യാത്ര തന്നെ.
ദൂരേയ്ക്ക് കണ്ണും നട്ടിരിക്കുന്ന ഷാനവാസിന്റെ കവിളില്‍ കൈയെത്തിച്ചു പിടിച്ചു കൊണ്ട് മീര ചോദിച്ചു. 
“ ടെന്ഷനുണ്ടോ...?”
 മറുപടിയായി ഒരു കരച്ചില്‍ അവന്‍റെ ഉള്ളില്‍ അലയടിച്ചു തൊണ്ടയില്‍ കുരുങ്ങി നിന്നു. പിന്നെ പതുക്കെ മുഖത്ത് ഒരു പുഞ്ചിരി വരുത്തി അവളുടെ കൈപ്പടം  കയ്യിലെടുത്തു തന്‍റെ ചുണ്ടോടു ചേര്‍ത്തു. അവള്‍ വീണ്ടും കണ്ണടച്ചു കിടന്നു.അവള്‍  ഉറക്കം പിടിയ്ക്കുന്നതിനു മുന്‍പ് തന്നെ അവര്‍ പുതിയ ആശുപത്രിയിലെത്തി. 

“പ്രസവത്തിനു ചില കോമ്പ്ലിക്കെഷന്‍സ് ഉണ്ട്. കുറച്ചു കൂടി സൌകര്യങ്ങള്‍ ഉള്ള ഒരു ആശുപത്രിയിലേക്ക് മാറ്റണം.” 
മീരയുടെ കുടുംബ സുഹൃത്ത്‌ കൂടിയായ ഡോക്ടര്‍ പ്രേമ പറഞ്ഞത് അങ്ങനെയായിരുന്നു. ഒരു മൌനത്തിന്റെ ഇടവേളയ്ക്കു ശേഷം അവര്‍ ഇതു  കൂടി പറഞ്ഞു. 
 "പറയുന്നതില്‍ വിഷമം ഉണ്ട് , പക്ഷേ ഷാനവാസ്‌ ഒരു തീരുമാനം എടുക്കണം. അമ്മയെയും കുഞ്ഞിനേയും കൂടെ.......... ഞങ്ങള്‍ക്കും ചില പരിമിതികളുണ്ട്.............................” 
 
“കുറച്ചു കൂടെ നല്ല പരിചരണം കിട്ടും ആ ഹോസ്പിറ്റലില്‍” മീരയോട് അത്രയും പറഞ്ഞ് ഒപ്പിക്കാന്‍ തന്നെ ഷാനവാസ്‌ വല്ലാതെ പാടുപെട്ടു.

 കൂടെ കട്ടിലില്‍ ഇരിക്കുമ്പോള്‍ മീരയുടെ മുഖത്ത് നോക്കാതിരിക്കാന്‍ ഷാനവാസ്‌ പ്രത്യേകം ശ്രദ്ധിച്ചു. 

മിസ്ടര്‍ ഷാനവാസിനെ ഡോക്ടര്‍ വിളിപ്പിക്കുന്നു

. മീരയെ സഹപ്രവര്‍ത്തകയുടെ കൂടെയാക്കി ഷാനവാസ്‌ അറ്റന്ടരുടെ കൂടെ നടന്നു.  ഡോക്ടര്‍മാരുടെ മുന്നിലിരിക്കുമ്പോള്‍ അതേ ചോദ്യം വീണ്ടും ആവര്‍ത്തിക്കരുതേ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് ഷാനവാസ്‌ തല കുനിച്ചിരുന്നു. അവന്‍റെ അവസ്ഥ മനസ്സിലായിട്ടോ എന്തോ വൃദ്ധയായ ലേഡി ഡോക്ടര്‍ അവന്‍റെ അടുത്ത് വന്ന് പതിയെ തോളില്‍ കൈവെച്ചു. വര്‍ഷങ്ങള്‍ക്കു ശേഷം അന്നാദ്യമായി ഷാനവാസിന് ഉമ്മയെക്കാണണമെന്നു തോന്നി. വിവാഹത്തിനു മുന്‍പു അവനു എന്തെങ്കിലും പ്രശ്നം വരുമ്പോള്‍ അത്താണിയായിരുന്നതു ഉമ്മയായിരുന്നല്ലോ....

അന്യ മതത്തില്‍പ്പെട്ട ഒരാളെ വിവാഹം കഴിക്കുന്നതിനൊന്നും ഉമ്മയ്ക്ക് എതിര്‍പ്പില്ലായിരുന്നു . “അതിനെന്താ നിങ്ങള് രണ്ടു പേരും നല്ല തൊണക്കാരല്ലേ...!” കാര്യം അവതരിപ്പിച്ചപ്പോള്‍ മകന് പെണ്ണിനെ കണ്ടു പിടിക്കുന്നതിനുള്ള തന്റെ അവകാശം നഷ്ടപ്പെട്ടതിനെപ്പറ്റി മാത്രമേ  പരാതി പറഞ്ഞുള്ളൂ. വീട്ടുകാരുടെയും സമുദായത്തിന്റെയും എതിര്പ്പോടെ വിവാഹം കഴിച്ചുവെങ്കിലും കുടുംബക്കാരുടെ വില ക്കുകളെ മറികടന്നു  ഉമ്മ അവനെ മറ്റാരും കാണാതെ ഫോണ്‍ ചെയ്യുമായിരുന്നു, അവന്‍ തിരിച്ചും............
 

തിരികെ മുറിയിലെത്തുമ്പോള്‍ മീരയുടെ അച്ഛനും അമ്മയും അവിടെ വന്നിരുന്നു. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷമുള്ള കൂടിക്കാഴ്ചയുടെ സന്തോഷത്തില്‍ ആയിരുന്നു മീര. എന്നാല്‍ മീരയുടെ അച്ഛന്‍റെ മുഖത്ത് ഉരുണ്ടു കൂടിയിരുന്ന കാര്‍മേഘങ്ങള്‍ ഇതുവരെ പെയ്തൊഴിഞ്ഞില്ല എന്ന് തോന്നി ഷാനവാസിന്. അവനെ കണ്ടപ്പോള്‍ മുഖം കൂടുതല്‍ ഇരുണ്ടു. ഇതൊരു സന്ധി സംഭാഷണത്തിന് ഉള്ള വരവല്ല എന്ന് വ്യക്തം. 

വിസിറ്റിനു വന്ന ഡോക്ടര്‍ പ്രേമയോട് മുറിക്ക് പുറത്തു വെച്ച് അയാള്‍ ചോദിക്കുന്നതു കേട്ടു. “അവന്‍ എന്താ പറഞ്ഞേ? കണ്ട മാപ്പിളയുടെ ഗര്‍ഭത്തിന് വേണ്ടി എന്‍റെ മോളുടെ ജീവിതം കുരുതി കൊടുക്കാന്‍ ഞാന്‍ സമ്മതിക്കും ......................” ഡോക്ടറുടെ രൂക്ഷമായ നോട്ടത്തിന് മുന്പില്‍ വാക്കുകള്‍ മുറിഞ്ഞു വീണു. കുറച്ചു നേരം കഴിഞ്ഞ് അവര്‍ പോയി.

 റൂമില്‍ തനിച്ചായപ്പോള്‍ മീര അവനെ അടുത്തേക്ക് വിളിച്ചു.
 “ എന്താ ഷാനു എന്ത് പറ്റി?"
 മുഖത്തോട് മുഖം നോക്കിയിരുന്നപ്പോള്‍ എപ്പോഴത്തെയും പോലെ അവള്‍ അവന്‍റെ മനസ്സ് വായിച്ചെടുത്തു.
 “ ഷാനൂ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍..... നമുക്ക് നമ്മുടെ മോളെ വേണം ഷാനൂ.... എനിക്കവളെ മതി............. നീ........"
. വാക്കുകള്‍ മുറിഞ്ഞു വീണു.
അവര്‍ക്കിടയിലെ മൌനത്തിന്റെ ഗോപുരം തകര്‍ത്തുകൊണ്ട് കണ്ണീര്‍ പെയ്തു തുടങ്ങി. പക്ഷേ മഴ ഒടുങ്ങുന്നതിനു മുന്‍പേ മീരയുടെ അടിവയറ്റില്‍ വേദന തുടങ്ങി. ഓപ്പറേഷന്‍ തീയേറ്ററില്‍ കയറ്റുന്നതിന് മുന്പ് അവളുടെ കണ്ണുകളിലേക്ക് നോക്കി  ഷാനവാസ്‌ പറഞ്ഞു 

“മീരാ, നിങ്ങള്‍ രണ്ടു പേരെയും എനിക്ക് വേണം..! നീ ധൈര്യമായിരിക്ക്...!"
 തീവ്ര വേദനക്കിടയിലും അവള്‍ അവനെ നോക്കി പുഞ്ചിരിച്ചു.......!
തീയേറ്ററിന്റെ പുറത്തെ നിശബ്ദത ഷാനവാസിനു  താങ്ങാന്‍ കഴിയുന്നതിനുമപ്പുറമായിരുന്നു. 

കാലടിക്കടിയിലെ മണ്ണൊലിച്ചു പോകുന്നത് താങ്ങാന്‍ കഴിയാതെ അവന്‍ മുട്ടുകുത്തിവീണു..
“ പ്രപഞ്ച സ്രഷ്ടാവേ........”

************************************************************************************************************

"ഷാനവാസ്‌, ഓഫീസ്‌ ടൈം കഴിഞ്ഞില്ലല്ലോ..? ഇന്നെന്താ വിശേഷിച്ച്?"

“ ഇന്ന് മോളുടെ പിറന്നാള്‍ ആണ് ചെറിയൊരു ഷോപ്പിംഗ്‌.”

“ആഹാ , എന്നിട്ട് ഞങ്ങളോടോന്നും പറയാതെ ഉള്ള  ഏര്‍പ്പാട്‌ ആണല്ലേ, കെ ,കാരി ഓണ്‍, കണ്‍വേ മൈ വിഷേസ് ടു ഹെര്‍.."

കടയില്‍ കയറിയാല്‍ അമ്മയും മോളും തമ്മില്‍ എപ്പോഴും അടിയാണ്. ഒരാള്‍ക്ക്‌ ഇഷ്ടപ്പെടുന്നത് മറ്റെയാള്‍ക്ക് പറ്റില്ല.

രണ്ടുപേരുടെയും ചോയ്‌സ് നീട്ടിക്കൊണ്ടു മോള്‍ ചോദിച്ചു.

“ ഉപ്പാ പറഞ്ഞാ മതി , ഉപ്പാക്ക് അമ്മയെ വേണോ മോളൂനെ വേണോ..?”

“ഉപ്പാക്ക് ന്‍റെ മോളൂസിനെ കിട്ടിയാല്‍പ്പിന്നെ വേറെയാരെയാ വേണ്ടത്, അമ്മയേയോ ഛെ ഛെ..........”

മീര കൈകള്‍ നീട്ടി ഷാനവാസിന്റെ ചെവിയില്‍ ഒരുഗ്രന്‍ കിഴുക്കു വെച്ച് കൊടുത്തു..


5 comments: