Saturday, November 26, 2011

കൊല്ലേണ്ടതെങ്ങിനെ ?


സമയം തെറ്റിവന്ന ഒരു സ്പെഷ്യല്‍ ട്രെയിനില്‍ സൈഡ്  സീറ്റ് കിട്ടിയതിന്റെ  അഹങ്കാരത്തില്‍  ഇരിക്കുകയായിരുന്നു ഞാന്‍. ( വീട്ടിലേക്കുള്ള യാത്രകളില്‍ ആദ്യമായി ഇരിക്കാന്‍ പറ്റുന്നത്  അന്നായിരുന്നു..!). ട്രെയിന്‍ സേലം സ്റ്റേഷനില്‍ നിന്നു വിടാന്‍ തുടങ്ങുന്ന സമയത്താണ്  അവര്‍ കയറി വന്നത് . ഒരു വൃദ്ധയും അവരുടെ മകളും കൂടെയൊരു മധ്യവയസ്കനും  .
കയറിയയുടനെ മകള്‍ ഒറ്റക്കുള്ള  സൈഡ് സീറ്റില്‍ സ്ഥാനം പിടിച്ചു. അമ്മയ്ക്കതിഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു.അമ്മ മകളെ നിര്‍ബന്ധിക്കാന്‍ തുടങ്ങി 
" അങ്കെ വേണാ കണ്ണേ ,അമ്മാ കൂടെ വാ.."
മകള്‍ കേട്ട ഭാവമില്ല. ഒടുവില്‍ അമ്മയും മധ്യവയസ്കനും കൂടെ മകളെ നിര്‍ബന്ധിച്ചു അവിടെ നിന്നെഴുന്നേല്‍പ്പിച്ചു. ഉടനെ തന്നെ ആ സീറ്റില്‍ മറ്റൊരാള്‍ കയറിയിരിക്കുകയും ചെയ്തു... അവര്‍ രണ്ടു പേരും എന്റെ അടുത്തേക്ക് വന്നു   എന്റെ മുഖത്തേക്കും എനിക്കെതിരെയുള്ള ഒഴിഞ്ഞ സീറ്റിലേക്കും അവര്‍ മാറി മാറി നോക്കാന്‍ തുടങ്ങി. നോട്ടത്തിന്റെ അര്‍ത്ഥം ഗ്രഹിച്ച ഞാന്‍ ,വെറുതെ വഴക്കുണ്ടാക്കേണ്ട എന്ന് കരുതി എഴുന്നേറ്റു മാറിയിരുന്നു.
( എന്റെ വിലപ്പെട്ട സീറ്റ്‌ , എല്ലാം തുലച്ചു, നാശങ്ങള്‍ ....!)
ട്രെയിന്‍ സ്റേഷന്‍ വിട്ടു . മധ്യ വയസ്കന്‍ ഇറങ്ങിപ്പോയി..

ട്രെയിന്‍ നീങ്ങിതുടങ്ങിയപ്പോഴാണ് ഞാന്‍ എന്റെ ശത്രുക്കളെ ശരിക്കും ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ട്രെയിനിന്റെ ജനാലയിലൂടെ കാഴ്ചകള്‍ കണ്ടിരിക്കുകയാണ് മകള്‍. ഏകദേശം മുപ്പതു വയസ്സ് പ്രായം വരും... അമ്മക്ക് വയസ്സായി. തലമുടിയില്‍ വെള്ളിരേഖകള്‍.  വൈദ്യുത വിളക്കുകള്‍ കൊണ്ടലങ്കരിച്ച ഒരു കെട്ടിടം ജനാലയിലൂടെ കണ്ടപ്പോള്‍ മകള്‍ സന്തോഷം കൊണ്ടു കൈകൊട്ടി ചിരിക്കുവാന്‍ തുടങ്ങി ... സന്തോഷം അടക്കാനാവുന്നില്ല.
ഞങ്ങള്‍ മറ്റു യാത്രക്കാര്‍ ശ്രദ്ധിക്കുന്നു എന്ന് കണ്ടപ്പോള്‍  അമ്മ മകളുടെ  കൈകള്‍ കൂട്ടിപ്പിടിക്കുവാന്‍ ശ്രമിച്ചു. അവള്‍ സമ്മതിക്കുന്നില്ല.
"അവള്‍ക്കു എതുവും തെരിയാത് , ചിന്ന കൊളന്തൈ മാതിരി.. " അമ്മയുടെ കണ്ണുകളില്‍ ക്ഷമാപണം, നിസ്സഹായത ...
ഞങ്ങള്‍ എല്ലാവരും മുഖം തിരിച്ചു ... മകള്‍ അപ്പോഴും പുഞ്ചിരിച്ചു കൊണ്ടിരുന്നു...

"എനക്കും മിച്ചര്‍ വേണംമാ" എന്റടുത്തിരുന്ന ബാങ്ക് ക്ലെര്‍ക്കിന്റെ കയ്യിലിരുന്ന " ലയ്സ്" പാക്കറ്റില്‍ നോക്കി അവള്‍ പറഞ്ഞു..
"ഉനക്ക് നാന്‍ ബിരിയാണി വാങ്ങിത്തെരാം കണ്ണേ, മിച്ചര്‍ വേണ്ട ..."  അവള്‍ അനുസ്സരണയുള്ള കുട്ടിയായി പിന്നെയും കാഴ്ചകള്‍ കണ്ടു കൊണ്ടിരുന്നു. ജനലിലൂടെ വന്ന ചെറുകാറ്റിന്റെ താരാട്ടില്‍ അവള്‍ പതിയെ ഉറങ്ങാന്‍ തുടങ്ങി.
അവരെ ഇടയ്ക്കിടെ ശ്രദ്ധിക്കുന്നു  എന്നത് കണ്ടിട്ടാവണം അമ്മ അവരുടെ സഞ്ചിയില്‍ നിന്നു ടിക്കെറ്റെടുത്ത്  എന്റെ നേരെ നീട്ടിയിട്ട്‌ ചോദിച്ചു
" സര്‍, ഇന്ത ടിക്കറ്റില്‍ പാലക്കാട് വരെ പോകമുടിയുമാ ?"
പാലക്കാട്ടെക്കാണോ പോകുന്നത് ..?
അപ്പടിയെതുവുമില്ല സാര്‍ , അങ്കെ പാലക്കാട് പോയാല്‍ എതാവത് വേല കിടയ്‌ ക്കുമല്ലേ ?
“......”
“ഇല്ലെയാ സാര്‍ ?” അവരുടെ കണ്ണുകളിലെ പ്രതീക്ഷ തല്ലി ക്കെടുത്തണ്ടാ എന്ന് ഞാന്‍ വിചാരിച്ചു..
സംസാരിക്കാന്‍ ഒരാളെ കിട്ടിയ ആശ്വാസത്തില്‍ അവര്‍ കഥ പറഞ്ഞു തുടങ്ങി.
"എതാവത് ഒരു വേല കിടക്കും സാര്‍. ഇന്ത കുളന്തക്ക് നാന്‍ മട്ടും താന്‍...."
"വീട് ?" എന്തെങ്കിലും ചോദിക്കണ്ടേ എന്ന് കരുതി ഞാന്‍ ചോദിച്ചതാണ് .
ഇനിമേല്‍ അപ്പടി ഒന്ന് കിടയാത് സാര്‍ . ഇവളുടെ അണ്ണന്‍ ഇരുക്ക് . കല്യാണം പണ്രത് വരേയ്ക്കും റൊമ്പ നല്ലായിരുന്തേന്‍.. ആനാല്‍ ഇപ്പൊ ....
ഏക മകനെക്കുറിച്ചുള്ള ഓര്‍മകളില്‍ നീറി കുറച്ചു നേരം അവര്‍ മിണ്ടാതെയിരുന്നു.. 
കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് അവരറിയുന്നില്ല എന്ന് തോന്നുന്നു....
ഇടയ്ക്കു ട്രയിനിലെ വില്പനക്കാരുടെ പക്കല്‍ നിന്ന് ബിരിയാണി വാങ്ങി അവര്‍ മകള്‍ക്ക് വായില്‍ വച്ച് കൊടുത്തു...
“അമ്മാ...നമ്മ എങ്കെ പോണമ്മാ ? ”
“പാലക്കാട് കണ്ണേ ... നീ സാപ്പിട്..”
മകള്‍ വീണ്ടും ഉറങ്ങാന്‍ തുടങ്ങി.. അമ്മയ്ക്കും നല്ല ക്ഷീണമുണ്ടെന്നു തോന്നി. തന്റെ കാലുകള്‍ രണ്ടും കൊണ്ട് മകളുടെ മേല്‍ ചങ്ങലപ്പൂട്ടിടുന്ന പോലെ സുരക്ഷിതമാക്കി അവരും ഉറങ്ങാനുള്ള ശ്രമത്തിലാണ്...
“സാര്‍ , പാലക്കാട് ആളുങ്കളെല്ലാം എപ്പടി..?”
“ഇന്ത മാതിരി ഒരു പൊണ്ണിന്.... എനക്ക് ഭയമായിരുക്ക്.....
“ആനാല്‍ വേറെ വഴി കിടയാത്.. അന്കെയിരുന്താലും...”
“എന്നൊട പുള്ളയെ നാന്‍ കൊല സെയ്യണമാ സാര്‍ ...?”
പ്രത്യേകിച്ച് ഒരുത്തരവും പറയാനില്ലാതെ ഞാന്‍ തരിച്ചിരുന്നു..
ഫോണ്‍ റിംഗ് ചെയ്യുന്നു . എന്റെ അമ്മയാണ്...
“നീയെവിടെയെത്തി?”
“ കോയമ്പത്തൂര്‍ കഴിഞ്ഞു ”
“കഴിച്ചോ വല്ലതും ?”
“മ് , കഴിച്ചല്ലോ...”
“ആ ഞാന്‍ ചോറ് വച്ചിട്ടുണ്ട്.”
“അല്ല ഞാന്‍ ക....” 
"ആ നീ വാ" ഞാന്‍ കഴിച്ചിട്ടില്ല എന്നെങ്ങനെയാണോ മനസ്സിലായത് ........?

അവര്‍ പതിയെ മയങ്ങാന്‍ തുടങ്ങിയിരുന്നു... മയക്കത്തിനിടയിലും ട്രെയിന്‍ ഒന്നാടിയുലഞ്ഞാല്‍ അല്ലെങ്കില്‍ എന്തെങ്കിലും ശബ്ദം കേട്ടാല്‍ അവര്‍ ഞെട്ടിയുണരും .... ഉറക്കത്തിലും പുഞ്ചിരിച്ചു കൊണ്ടിരിക്കുന്ന മകളെ നോക്കി നെടുവീര്‍പ്പിടും...
ഞാനും പതിയെ ഉറങ്ങാന്‍ തുടങ്ങി.

"പാലക്കാട് ജങ്ഷന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു "
അനൌണ്സ് മെന്റ്  കേട്ട് ഞാന്‍ ഉണര്‍ന്നപ്പോഴേക്കും  അവര്‍ ഇറങ്ങിപ്പോയിരുന്നു.
എവിടെപ്പോയന്നറിയില്ല.ആഹ്...!
ഞാന്‍  ട്രെയിന്‍ ഇറങ്ങി നടന്നു. നല്ല വിശപ്പുണ്ട് . 
വീട്ടില്‍  അമ്മ ചോറും വിളമ്പി കാത്തിരിക്കുന്നുണ്ട് . 

**************************************
തലക്കെട്ടിനു സുഗതകുമാരി ടീച്ചറുടെ കവിതയോട് കടപ്പാട് 
കൊല്ലേണ്ടതെങ്ങനെ..
ചിരിച്ച മുഖത്തു നോക്കി
അല്ലിൽ തനിച്ചിവിടെ
അമ്മ തപിച്ചിടുന്നു..
ഇല്ല, ഭയം വിഷമം ഒന്നുമിവൾക്ക്
തിങ്കൾ തെല്ലിനു തുല്യമൊരു
പുഞ്ചിരിയൊണ്ടു ചുണ്ടിൽ

14 comments:

 1. ഒരു യാത്രാനുഭാവമോ? അമ്മയിലെ നന്മയോ? നിസാഹതയുടെ മുഖങ്ങളോ ഏതാ ഇതില്‍ എടുക്കേണ്ടത് അല്ലെങ്കില്‍ നിങ്ങള്‍ എന്താ പറയാന്‍ ഉദ്ദേശിച്ചത്

  ReplyDelete
 2. സ്നേഹമുള്ള കൊമ്പന്‍ ചേട്ടാ ,
  പോസ്റ്റ്‌ വായിച്ചതിനു ഞാന്‍ എന്റെ നന്ദിയും സ്നേഹവും അറിയിക്കട്ടെ.
  ഇതൊരു കഥയല്ല, ഏകദേശം ആറു മാസം മുന്‍പ് നടന്ന ഒരു സംഭവമാണ്. നടന്ന സംഭവം അതെ പോലെ വള്ളിപുള്ളി വിടാതെ ഞാന്‍ പറഞ്ഞന്നേ ഉള്ളൂ.
  നിസ്സംഗനായ ഒരു പഥികന്റെ യാത്ര കുറിപ്പ് എന്ന് വേണമെങ്കില്‍ പറയാം

  ReplyDelete
 3. അപ്പോള്‍ യാത്രാ നുഭവം ബോറടിക്കാതെ വായിച്ചു

  ReplyDelete
 4. വിഷ്ണു ഇതു യാഥാര്‍ത്ഥ്യമോ....!!?. ഫിക്ഷന്റെ അംശം കൊണ്ട് ഇവിടെ വിവരിച്ച കാര്യങ്ങളില്‍ അതിഭാവുകത്വം കലര്‍ത്തിയിട്ടുണ്ടാവണേ എന്ന് പ്രാര്‍ത്ഥിക്കുന്നു.....

  ReplyDelete
 5. ജീവിതത്തില്‍ നിത്യ കാഴ്ചകളില്‍ ഒന്ന് ..വായനയില്‍ ഒട്ടും അതി ഭാവുകത്വം തോന്നിയില്ല വിഷ്ണൂ ..അവര്‍ക്ക് എന്ത് സംഭവിച്ചുവോ ആവോ ?

  ReplyDelete
 6. വല്ലാത്തൊരനുഭവം, നന്നായി എഴുതി, ഇഷ്ടപ്പെട്ടു. (രണ്ടു ദിവസം മുമ്പ് ഒരു കഥാമത്സരത്തിന് ഞാൻ വിഷയം കൊടുത്തത് ഇങ്ങനെ: ‘തീവണ്ടി മുറി’)

  ReplyDelete
 7. പോസ്റ്റ്‌ വായിച്ച കൊമ്പന്‍ ,പ്രദീപ്‌ഏട്ടന്‍ , രമേശേട്ടന്‍ , മുബശ്ശിര്‍ ശ്രീനാഥന്‍ സര്‍ എല്ലാവര്ക്കും എന്റെ നന്ദി
  ഈ പോസ്റ്റില്‍ ഫിക്ഷന്റെ അംശം ഒരു തരി പോലുമില്ല എന്ന് പറഞ്ഞു കൊള്ളട്ടെ.

  ReplyDelete
 8. മുബാഷിര്‍, സുഗതകുമാരി ടീച്ചറുടെ കൊല്ലേണ്ടതെങ്ങിനെ എന്ന കവിതയിലും ഇതേ പോലെയൊരു സംഭവമാണ് വിഷയമാകിയിരിക്കുന്നത്. ആ ട്രെയിനില്‍ അവരെ നോക്കി ഇരിക്കുമ്പോള്‍ ആ കവിത എനിക്കോര്‍മ്മ വന്നു. അതാണ്‌ ആ തലക്കെട്ടിന്റെ രഹസ്യം
  "
  ആകാതെയായ് കഠിനം പണിയൊന്നും
  അമ്മ പോകാറുമായ് മകളെ...
  തുണയാരു നാളെ..???
  ആരൂട്ടും ...
  ആരു കഴുകിച്ചു തുടച്ചുറക്കും
  ആരീ മുടി ചുരുൾകൾ ചീകി ഒതുക്കി വയ്ക്കും
  ആരീ അഴുക്കുകൾ എടുത്തിടും
  എന്നുമെന്റെ ആരോമലിന്നിരുളിലാരു കരം പിടിക്കും
  കാര്യം വിനാ നിലവിളിച്ചു പിടഞ്ഞിടുമ്പോൽ
  ആരെന്റെ കുഞ്ഞിനെ മുറുക്കെയണച്ചു കൊള്ളും
  ആരുണ്ടലിഞ്ഞു മിഴിനിരോടു കാത്തുകൊൾലാൻ
  ആരുണ്ട് ദൈവവുംമൊരമ്മയും ഇന്നീ മണ്ണിൽ
  കുഞ്ഞായിരുന്നളവത്ര സുഖം തരുന്നു തൻന്മക്കൾ
  സർവ്വ ദുരിതത്തിനു ഔഷധങ്ങൾ
  കുഞ്ഞുങ്ങളെന്നു പറവൂ ബുധർ
  കൂരിരുട്ടും കണ്ണീരുമായ് ചിലർ
  പിറക്കുവതെന്തു പിന്നെ ....
  വന്നെൻ മടിത്തടമിതിൽ
  ചിരി പൂണ്ടിരുന്നെൻ
  കുഞ്ഞെന്നോടൊന്നും
  ഒരു വാക്ക് മൊഴിഞ്ഞതില്ല
  പൊന്നുമ്മയൊന്നുമിവള് തന്നതുമില്ല
  അമ്മയെന്നെന്നെ എന്റെ മകളൊന്നും വിളിച്ചുമില്ല
  പേടിപ്പൂ ഞാൻ ചിറകിനുള്ളിലൊളിച്ചു കാക്കും
  ആടൽ കുരുന്നിതൊരുമാത്ര തനിച്ചു നിൽക്കിൽ
  ചൂടുള്ള ഘൊരനഖരങ്ങൾ കൊതിച്ചു റാഞ്ചും
  ഓടാനുമില്ല തടയാനുമിവൾക്ക് ശേഷിയും
  കുന്നോളവും വ്യഥ പൊറുത്തിത് സൌഖ്യമെന്തെ-
  ന്നിന്നോളവും അമ്മയറിയില്ല
  തളർന്ന ജൻമം നിനോടു കൂടെ മതിയാക്കും
  എനിക്ക് മാപ്പു തന്നീടുമീ
  കൃപ മറന്നവര് ഈശ്വരന്മാർ...
  കൊല്ലേണ്ടതെങ്ങനെ
  ചിരിച്ച മുഖത്തു നോക്കി
  അല്ലിൽ തനിച്ചിവിടെ
  അമ്മ തപസ്സിരിപ്പൂ....

  ReplyDelete
 9. പച്ചയായ ഒരു ജീവിതാനുഭവം വിഷ്ണു അതിഭാവുകത്വമില്ലാതെ ഭംഗിയായി എഴുതി. അഭിനന്ദനങ്ങള്‍!!

  ReplyDelete
 10. സുരക്ഷിതമായ ഇടം തേടിയാണോ അവര്‍ നമ്മുടെ നാട്ടിലേക്ക് വന്നത്!!! പേടിയാവുന്നു... ആ അമ്മയ്ക്കും മകള്‍ക്കും ആപത്തൊന്നും സംഭവിക്കല്ലേ ദൈവമേ ...

  ഇതില്‍ ഭാവനയൊന്നും ചേര്‍ക്കാതെ അങ്ങനെ തന്നെ എഴുതിയത് നന്നായി വിഷ്ണൂ...

  ReplyDelete
 11. താങ്ക്സ് ഷാബു ചേട്ടാ, ലിപി ചേച്ചീ ,
  എന്നെ വല്ലാതെ ഉലച്ചു കളഞ്ഞ ഒരു സംഭവമാണിത് .
  മകളെയും കൊണ്ടു താന്‍ എങ്ങനെയും ജീവിക്കും എന്നുള്ള ദൃഡ നിശ്ചയം അവര്‍ക്കുണ്ടായിരുന്നു. പക്ഷെ കേരളത്തിന്റെ മോശം അവസ്ഥയെക്കുറിച്ച് അവര്‍ക്ക് വലിയ രൂപമൊന്നുമില്ലായിരുന്നു.

  ReplyDelete
 12. കൊല്ലേണ്ടതെങ്ങനെ..
  ചിരിച്ച മുഖത്തു നോക്കി
  അല്ലിൽ തനിച്ചിവിടെ
  അമ്മ തപിച്ചിടുന്നു..
  ഇല്ല, ഭയം വിഷമം ഒന്നുമിവൾക്ക്
  തിങ്കൾ തെല്ലിനു തുല്യമൊരു
  പുഞ്ചിരിയൊണ്ടു ചുണ്ടിൽ.

  നല്ല വിവരണം, നല്ല അനുഭവം. ഇത് ഫിക്ഷന്റെ അംശം കലർന്നതാവണേ എന്ന് പ്രദീപേട്ടൻ കമന്റ് ചെയ്തത് കണ്ടു. ഇത് വായിച്ചാൽ പാലക്കാട്ടുകാരനായ എനിക്ക് യാതൊരു വിധ ഫിക്ഷനുമില്ലാത്ത ഒരു അനുഭവമാണിതെന്ന് മനസ്സിലാകും. ആശംസകൾ.

  ReplyDelete