Sunday, January 2, 2011

തൃപ്പടി ദാനം

കീഴടങ്ങല്‍
അമേരിക്കയുമായുള്ള 123 കരാര്‍ പ്രകാരം സൈറസ് ആണവ ഗവേഷണ റിയാക്ടര്‍ ഇന്ത്യ ഉപേക്ഷിക്കുന്നു.
ഇന്ത്യയുടെ ആണവ ഗവേഷണത്തിന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് ആദ്യത്തെ ഗവേഷണ റിയാക്ടറായ സൈറസ് (കനഡ ഇന്ത്യ റിയാക്ടര്‍ യൂട്ടിലിറ്റി സര്‍വീസ്) അടച്ചിട്ടു. ഇന്ത്യ-അമേരിക്ക സിവില്‍ ആണവക്കരാറിന്‍റെ ഭാഗമായാണ് ഈ റിയാക്ടറിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ കേന്ദ്രം തീരുമാനിച്ചത്.  
സൈറസ് ആണവ ഗവേഷണ റിയാക്ടര്‍
ഇന്ത്യന്‍ ആണവ വികസനത്തിന്‍റെ പ്രതീകമായി വിശേഷിപ്പിക്കുന്ന ഈ റിയാക്ടര്‍ മുംബൈയിലെ ട്രോംബെ ആണവനിലയത്തിലാണുള്ളത്. ഇന്ത്യയുമായി ആണവക്കരാറില്‍ ഒപ്പുവയ്ക്കണമെങ്കില്‍ സൈറസ് റിയാക്ടര്‍ അടച്ചിടണമെന്ന് അമേരിക്ക തുടക്കം മുതല്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. ആണവനിര്‍വ്യാപന ലോബിയെ നിശബ്ദമാക്കാനും ഈ റിയാക്ടര്‍ അടച്ചിടേണ്ടത് അമേരിക്കയ്ക്ക് അനിവാര്യമായിരുന്നു. ഇന്ത്യ വന്‍ ആണവായുധ ശക്തിയാകുന്നത് തടയുക എന്ന ലക്ഷ്യംകൂടി ഇതിനു പിന്നിലുണ്ട്.
  
1974ല്‍ ഇന്ത്യയുടെ ആദ്യ ആണവപരീക്ഷണത്തിനുള്ള പ്ളൂട്ടോണിയം നല്‍കിയത് ഈ റിയാക്ടറായിരുന്നു. കോടികളുടെ അറ്റകുറ്റപ്പണി തീര്‍ത്ത് 2005 ലാണ് വീണ്ടും സൈറസ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇനിയും വര്‍ഷങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ളതാണ് ഈ 40 മെഗാവാട്ട് ശേഷിയുള്ള റിയാക്ടര്‍. ആണവ എന്‍ജിനിയര്‍മാര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും പരിശീലനത്തിനും ഇതുപയോഗിച്ചിരുന്നു.
നെഹ്‌റു ഭാഭ
 ഇന്ത്യന്‍ എന്‍ജിനിയര്‍മാരെയും ശാസ്ത്രജ്ഞരെയും ലോക നിലവാരമുള്ളവരാക്കി മാറ്റാന്‍ ഏറെ സഹായിച്ചതാണ് സൈറസ് എന്ന് ആണവോര്‍ജ കമീഷന്‍ മുന്‍ചെയര്‍മാന്‍ പി കെ അയ്യങ്കാര്‍ പറഞ്ഞു. 1954ല്‍ കനഡയില്‍നിന്നാണ് ഈ റിയാക്ടര്‍ വാങ്ങിയത്. 1960 ല്‍ ആദ്യമായി പ്ളൂട്ടോണിയം ഉണ്ടാക്കിയ ഈ റിയാക്ടറിന് പ്രതിവര്‍ഷം 10 കിലോഗ്രാംവരെ പ്ളൂട്ടോണിയം നിര്‍മിക്കാന്‍ ശേഷിയുണ്ട്. ഇന്ത്യയില്‍നിന്ന് കുഴിച്ചെടുത്ത യുറേനിയം ഉപയോഗിച്ചാണ് പ്രവര്‍ത്തനം. സൈറസ് റിയാക്ടര്‍ അടച്ചിട്ടത് അമേരിക്കയ്ക്കു മുമ്പില്‍ ഇന്ത്യയുടെ രാഷ്ട്രീയമായ കീഴടങ്ങലാണെന്ന് പ്രമുഖ ആണവ ശാസ്ത്രജ്ഞന്‍ ഡോ. എ ഡി ദാമോദരന്‍ പറഞ്ഞു. ഇന്ത്യ അണുസ്ഫോടനം നടത്തിയതുമുതല്‍ അമേരിക്ക ഈ റിയാക്ടര്‍ ലക്ഷ്യം വച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
അഞ്ചുവര്‍ഷത്തിനകം ഇന്ത്യയില്‍നിന്ന് നാലുലക്ഷം കോടി രൂപയുടെ ആണവവ്യാപാരമാണ് അമേരിക്കയില്‍നിന്നടക്കമുള്ള പാശ്ചാത്യകമ്പനികള്‍ പ്രതീക്ഷിക്കുന്നത്. സെന്‍റര്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിസന്‍റെ കണക്കാണിത്. ഇതില്‍ സിംഹഭാഗവും അമേരിക്കന്‍ കമ്പനികളായ വെസ്റ്റിങ് ഹൌസിനും ജനറല്‍ ഇലക്ട്രിക്കല്‍സിനുമാണ് ലഭിക്കുക. അമേരിക്കയുടെ നേതൃത്വത്തിലാണ് കരാര്‍ എന്നതുകൊണ്ടുതന്നെ റിയാക്ടര്‍ ബിസിനസിലെ വലിയ ഭാഗവും ഇവര്‍ക്ക് ലഭിക്കുമെന്ന് ഉറപ്പാണ്.

കീഴടങ്ങലിന്‍റെ നാള്‍വഴി

1968: ആണവനിര്‍വ്യാപനകരാര്‍ വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി ഒപ്പിടാന്‍ ഇന്ത്യ വിസമ്മതിച്ചു.

1974, മെയ് 18: ഇന്ത്യയുടെ ആദ്യ ആണവപരീക്ഷണം.

1978, മാര്‍ച്ച് 10: അമേരിക്കന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ ആണവ നിര്‍വ്യാപനനിയമം ഒപ്പിട്ടു. തുടര്‍ന്ന് ഇന്ത്യക്കുള്ള ആണവസഹായം നിര്‍ത്തലാക്കി.

1998, മെയ് 11-13: ഇന്ത്യ അഞ്ചു ഭൂഗര്‍ഭ ആണവപരീക്ഷണം നടത്തി.

2005, ജൂലൈ 18: അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ള്യു ബുഷും ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും ആണവകരാര്‍ സംബന്ധിച്ച ആദ്യപ്രഖ്യാപനം നടത്തി.
2005, ജൂണ്‍ 28: ഇന്ത്യ-അമേരിക്ക പ്രതിരോധ ചട്ടക്കൂട് കരാര്‍ ഒപ്പിട്ടു.

2006, മാര്‍ച്ച് 1: ബുഷിന്‍റെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനം.
2006, മാര്‍ച്ച് 3: ആണവസഹകരണം സംബന്ധിച്ച് ബുഷും മന്‍മോഹന്‍സിങ്ങും സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു.

2006, ജൂലൈ 26: അമേരിക്കന്‍ കോഗ്രസിലെ പ്രതിനിധി സഭ ഹൈഡ് ആക്ട് പാസാക്കി. ആണവനിര്‍വ്യാപനകരാറില്‍ ഒപ്പിടുന്നതില്‍നിന്ന് ഒഴിവ് നല്‍കി ഇന്ത്യയുമായുള്ള ആണവ സഹകരണം പ്രഖ്യാപിച്ചു.
2006, നവംബര്‍ 16: സമാധാന ആവശ്യത്തിനുള്ള ഇന്ത്യ-അമേരിക്ക കരാറും അമേരിക്കയുടെ അധികപ്രമാണം നടപ്പാക്കല്‍നിയമവും നടപ്പാക്കി.

2006, ഡിസംബര്‍ 18: ഹൈഡ് ആക്ടില്‍ ബുഷ് ഒപ്പിട്ടു.

2007,ആഗസ്ത് 3: 123 കരാര്‍ ഇരുരാജ്യവും പുറത്തുവിട്ടു.
2008, മാര്‍ച്ച് 3: ആണവകരാറുമായി മുന്നോട്ടുപോയാല്‍ ഗുരുതര ഭവിഷ്യത്തെന്ന് ഇടതുപാര്‍ടികളുടെ മുന്നറിയിപ്പ്.
2008, ജൂലൈ 8: ഇടതുപാര്‍ടികള്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു.

2008, ആഗസ്ത് 1: അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി സുരക്ഷാകരാറിന് അംഗീകാരം നല്‍കി.

1 comment:

  1. "ഇന്ത്യയിലെ നൂറു കോടി ജനങ്ങളും ജോര്‍ജു ബുഷിനെ സ്നേഹിക്കുന്നു.". എന്നല്ലേ മന്‍മോഹന്‍ ജീ പറയുന്നത്..!

    ReplyDelete