Sunday, February 3, 2019

മൊബൈൽ ഫോൺ റേഡിയേഷനെ പേടിക്കണോ? ഭാഗം1

ഈയിടെ ഒരു കല്യാണ നിശ്ചയ ചടങ്ങിൽ പങ്കെടുക്കുന്ന സമയത്ത് ഒരു കാരണവർ അദ്ദേഹത്തിന്റെ ഫോണിന്റെ പുറകിൽ ഒട്ടിച്ചു വച്ചിരിക്കുന്ന ഒരു സൂത്രം കാണിച്ചിട്ട് ചോദിച്ചു, ഇതെങ്ങനെയാണ് റേഡിയേഷനെ തടുക്കുന്നത് എന്ന്? മൊബൈൽ ഫോണിന്റെ റേഡിയേഷനുകളെ തടുക്കാനായി വാങ്ങിയതാണത്രേ. അദ്ദേഹത്തിനും വലിയ വിശ്വാസമുണ്ടായിട്ടൊന്നുമല്ല, 'ഇനി എങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ' എന്ന 'സലിം കുമാർ തമാശ ലോജിക്കിൽ ' വാങ്ങിയതാണത്രേ.മൊബൈലിന് ഒന്ന്, ടാബ് ലെറ്റിന് രണ്ട് , ലാപ് ടോപ്പിന് ആറ് എന്നിങ്ങനെ വീതം ഒട്ടിച്ചാൽ റേഡിയേഷൻ പുറത്ത് വരില്ല എന്നാണത്രേ അവകാശവാദം.

മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് അപകടകരമാണ്, റേഡിയേഷൻ ഒഴിവാക്കാനുള്ള കുറുക്കുവഴികൾ , പുതിയ മൊബൈൽ ടവർ വരുന്നതിനെതിരെയുള്ള സമരം എന്നൊക്കെയുള്ള മെസ്സേജുകൾ വാട്സാപ്പിൽ ദിനം പ്രതി പ്രചരിക്കുന്നുണ്ട്. മൊബൈലിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചുള്ള മെസേജുകൾ മൊബെൽ ഫോണിൽ തന്നെ വായിക്കുക ,വേവലാതിപ്പെടുക എന്നതാണ് നമ്മുടെ ഇപ്പോഴത്തെ ശീലം!

1973 ൽ ആദ്യത്തെ മൊബൈൽ ഫോൺ വിജയകരമായി പരീക്ഷിച്ചപ്പോൾ ദൂരെയുള്ള ഒരാളുമായി സംസാരിക്കാനുള്ള ഉപകരണം എന്നതിനപ്പുറം ഒരു സാധ്യത അത് കണ്ടു പിടിച്ചവർ പോലും മനസ്സിൽ കരുതിയിട്ടുണ്ടാവില്ല. എന്നാൽ ഇന്ന് ടെലിഫോൺ, മെസേജിംഗ്, വീഡിയോ പ്ലെയർ, മ്യൂസിക് പ്ലെയർ, ക്യാമറ, അലാറം വെക്കാനുള്ള ടൈംപീസ് , കലണ്ടർ എന്നിങ്ങനെ ഒരു പാട് സാധനങ്ങൾക്ക് പകരം നമ്മൾ ആശ്രയിക്കുന്നത് മൊബൈൽ ഫോണിനെയാണ്.


പ്രവർത്തനം

നമ്മുടെ ഓരോരുത്തരുടെയും കൈയ്യിലുള്ള മൊബൈൽ ഫോണും ( Mobile Equipment) , മൊബൈൽ നെറ്റ്‌വർക്ക് ഓപ്പറേറ്ററുടെ കീഴിലുള്ള സെല്ലുലാർ നെറ്റ്‌വർക്കുമായി റേഡിയോ കമ്യൂണിക്കേഷൻ നടത്തിയാണ് ആശയ വിനിമയം സാധ്യമാക്കുന്നത്.
ഓരോ ഫോണിനും ഒരു International Mobile Equipment Identity (IMEI) number ഉണ്ടായിരിക്കും.(*#06# എന്ന് നമ്പറടിച്ചു നോക്കിയാൽ IMEl നമ്പർ അറിയാം). ഓരോ സെല്ലുലാർ ഓപ്പറേറ്ററും തങ്ങളുടെ നെറ്റ് വർക്ക് ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളെ തിരിച്ചറിയുന്നത് Subscriber ldentity Module അഥവാ സിം കാർഡ് ഉപയോഗിച്ചാണ്.


നമ്മുടെ കയ്യിലുള്ള ഫോൺ നമ്മുടെ ഏറ്റവും അടുത്തുള്ള ' ടവറിലുള്ള ' ആന്റിനയുമായി റേഡിയോ തരംഗങ്ങൾ വഴി ബന്ധപ്പെടാൻ ശ്രമിക്കുന്നു. മൊബൈൽ ഫോണും ആന്റീനയും തമ്മിലുള്ള റേഡിയോ കമ്യൂണിക്കേഷൻ സാധ്യമാക്കുന്ന ഈ സംവിധാനത്തെ 2G സാങ്കേതികവിദ്യയിൽ Base Transceiver Station (BTS) എന്ന് വിളിക്കുന്നു. ( 3 G നെറ്റ്വർക്കിൽ Node B എന്നും, 4G യിൽ e Node B ( E-UTRAN Node B, അല്ലെങ്കിൽ Evolved Node B ) എന്നും പേരുള്ള സംവിധാനങ്ങളാണ് ഉള്ളത്.


Base Station Controller (BSC) വിവിധ BTS കളെ നിയന്ത്രിക്കുന്നു. നിരവധി BSC കൾ ഒരു MSC( Mobile Switching Center) യുടെ നിയന്ത്രണത്തിലായിരിക്കും. call routing, call setup തുടങ്ങിയ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതും മറ്റ് MSC കളുമായി ആശയവിനിമയം നടത്തുന്നതും MSCയാണ്. ഒരു BTS ന്റെ പരിധിയിൽ നിന്ന് മറ്റൊരു പരിധിയിലേക്ക്

ഉപയോക്താക്കൾ സഞ്ചരിക്കുകയാണെങ്കിൽ പോലും ഇടമുറിയാതെയുള്ള സേവനം സാധ്യമാക്കുന്നത് ഹാൻഡ് ഓഫ് (handoff) അല്ലെങ്കിൽ ഫാന്റോവർ (handoff) എന്നൊരു സംവിധാനം ഉപയോഗിച്ചാണ്.

റേഡിയേഷൻ

റേഡിയോ തരംഗങ്ങൾ ഉപയോഗിച്ചു കൊണ്ട് BTS ആൻറിനയും മൊബൈൽ ഫോണും തമ്മിലുള്ള ആശയ വിനിമയം മനുഷ്യരുടെ ആരോഗ്യത്തെ , പ്രകൃതിയെ ഒക്കെ ദോഷകരമായി ബാധിക്കുമോ എന്നതാണ് നമ്മുടെ മുന്നിലുള്ള ഒരു ചോദ്യം.

മൊബൈല്‍ ഹാന്‍ഡ്സെറ്റുകളും ബെയിസ് സ്റ്റേഷനുകളും തമ്മിൽ ആശയ വിനിമയത്തിനുപയോഗിയ്ക്കുന്ന വൈദ്യുത കാന്തിക തരംഗങ്ങൾ (Electro Magnetic Waves) ശരീരത്തിന് ദോഷകരമായി ബാധിക്കുമോ എന്ന് മറ്റൊരു രീതിയിൽ ചോദിക്കാം.


വൈദ്യുത കാന്തിക തരംഗങ്ങൾ എന്നു കേൾക്കുമ്പോൾ തന്നെ പേടിക്കേണ്ട, നമുക്ക് ചുറ്റുമുള്ള സൂര്യപ്രകാശം, Infra red, Ultra violet കിരണങ്ങൾ, റേഡിയോ തരംഗങ്ങൾ, മൈക്രോ തരംഗങ്ങൾ (Micro wave) X-RAY, ഗാമ കിരണങ്ങൾ തുടങ്ങിയവയെല്ലാം വൈദ്യുതകാന്തിക തരംഗങ്ങളാണ്. ഇതിൽ താരതമ്യേന കുറഞ്ഞ Frequency ഉള്ള വൈദ്യുതകാന്തിക തരംഗങ്ങളായ റേഡിയോ തരംഗങ്ങൾ ആണ് നമ്മൾ Mobile communication വേണ്ടി ഉപയോഗിക്കുന്നത്. റേഡിയോ പ്രക്ഷേപണം, റേഡിയോ സന്ദേശവിനിമയം, സാറ്റലൈറ്റ് സന്ദേശവിനിമയം, കമ്പ്യൂട്ടർ നെറ്റുവർക്കുകൾ തുടങ്ങിയവയിലും റേഡിയോ തരംഗങ്ങൾ ഉപയോഗിക്കുന്നു.
വൈദ്യുത കാന്തിക തരംഗങ്ങളുടെ ഒരു സവിശേഷത എന്തെന്നാൽ അവയുടെ ഊർജ്ജ നില അവയുടെ Frequency ക്ക് നേർ അനുപാതത്തിൽ ആയിരിക്കും. അതായത് കൂടുതൽ Frequency ഉള്ള വികിരണങ്ങൾക്ക് കൂടുതൽ ഊർജ്ജമുണ്ടായിരിക്കും. കുറഞ്ഞ Frequency ഉള്ള വികിരണങ്ങൾക്ക് കുറഞ്ഞ അളവിലുള്ള ഊർജ്ജമായിരിക്കും ഉണ്ടാകുക.
കൂടിയ ഊര്‍ജനിലയുള്ള വികിരണത്തിന് ഒരു ആറ്റത്തിലെ ഇലക്ട്രോണുകളെ തട്ടി തെറിപ്പിക്കാനും ആ ആറ്റത്തെ അയോണീകരിക്കാനും ( ചാർജുള്ള കണങ്ങളാണ് അയോണുകൾ, Ions) ഉള്ള ശേഷിയുണ്ട്. ഈ കഴിവിന്റെ അടിസ്ഥാനത്തില്‍ ഇലക്ട്രോ-മാഗ്നറ്റിക് തരംഗങ്ങളെ

1. Ionizing radiations
2 .Non-ionizing radiations

എന്നീ രണ്ടു വിഭാഗങ്ങളായി വേര്‍തിരിക്കാം

വൈദ്യുത കാന്തിക സ്പെപെക്ട്രം.               കടപ്പാട് :who.int

ഉയർന്ന Frequency ഉള്ള X-ray, ഗാമ തരംഗങ്ങൾ തുടങ്ങിയവ Ionizing തരംഗങ്ങൾ ആണ്. എന്നാൽ Ionizing radiation ഒരു നിശ്ചിത സമയത്തിലധികം ഒരു നിശ്ചിത അളവിനുമപ്പുറത്ത് നമ്മുടെ ശരീരത്തിൽ തുടർച്ചയായി പതിച്ചു കൊണ്ടിരുന്നാൽ മാത്രമേ നമ്മുടെ ശരീര കലകളെ ദോഷകരമായി ബാധിക്കുകയുള്ളൂ . സാധാരണ നിലയിൽ X-ray എടുക്കുന്നത് കൊണ്ട് ദോഷമൊന്നുമില്ലെങ്കിലും ഗർഭിണികളിലും മറ്റും എക്സ്-റെ എടുക്കുന്നതില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉള്ളത് ശ്രദ്ധിച്ചിരിക്കുമല്ലോ. ക്യാന്‍സര്‍ ചികിത്സയില്‍ ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ ഉപയോഗിക്കുന്നത് അയണൈസിങ് റേഡിയേഷന്‍ ആണ്.

ദൃശ്യപ്രകാശം, ഇൻഫ്രാറെഡ് തരംഗങ്ങൾ, മൈക്രോവേവ് തരംഗങ്ങൾ, റേഡിയോ തരംഗങ്ങൾ തുടങ്ങിയവ Non Ionizing വിഭാഗത്തിൽപ്പെടുന്നു. ഇതിൽ റേഡിയോ തരംഗങ്ങൾ ആണ് നമ്മൾ Mobile communication വേണ്ടി ഉപയോഗിക്കുന്നത് എന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ.

ഇത്രയും നിരുപദ്രമമാണ് റേഡിയോ തരംഗങ്ങൾ എങ്കിൽ പിന്നെ എന്തിനാണ് മൊബൈൽ ഫോൺ റേഡിയേഷനെ പേടിക്കുന്നത്. ഇത്രയധികം മുന്നറിയിപ്പുകൾ എന്തിനാണ്? തീയില്ലാതെ പുകയുണ്ടാകില്ലല്ലോ എന്ന് സംശയിക്കേണ്ട.

Heating effect.

Non Ionizing ആയിട്ടുള്ള വൈദ്യുത കാന്തിക തരംഗങ്ങൾക്ക് പോലും അവ കടന്നു പോകുന്ന മാധ്യമത്തെ ചൂടുപിടിപ്പിക്കാൻ കഴിയും. റേഡിയേഷന്‍ ആഗിരണം ചെയ്യപ്പെടുമ്പോൾ തന്മാത്രകള്‍ സ്വയം കമ്പനം ചെയ്യാന്‍ തുടങ്ങുന്നു.ഇങ്ങനെ ഉയർന്ന ആവൃത്തിയിൽ കമ്പനം ചെയ്യുമ്പോൾ ഉണ്ടാകുന്ന താപോർജ്ജം മൂലം തരംഗങ്ങൾ കടന്നു പോകുന്ന മാധ്യമങ്ങളും ചൂട് പിടിക്കുന്നു. മൈക്രോവേവ് അവനിൽ പാചകം ചെയ്യുന്നതിന്റെ പ്രവർത്തന തത്വവും ഇതുതന്നെയാണ്. (മൈക്രോവേവ് അവനിൽ പാചകം ചെയ്ത ഭക്ഷണം കഴിച്ചാൽ ക്യാൻസർ വരും എന്ന ഒരു വ്യാജസന്ദേശവും വാട്സാപ്പിലും മറ്റും കറങ്ങി നടക്കുന്നുണ്ട്. മൈക്രോവേവ് അവനിൽ പാചകം ചെയ്യുന്ന ഭക്ഷണം റേഡിയോ തരംഗങ്ങളെ ആഗിരണം ചെയ്യുമെന്നും ഭക്ഷണത്തെ റേഡിയോആക്റ്റിവ് ആക്കുമെന്നും ഒക്കെയാണ് പ്രചരണം. മൈക്രോ തരംഗങ്ങൾ തന്മാത്രകളെ കമ്പനം ചെയ്തു ചൂടുപിടിപ്പിക്കുമെന്നല്ലാതെ ഭക്ഷണത്തെ റേഡീയോ ആക്ടിവ് ഒന്നുമാക്കുന്നില്ല. മറ്റു പാചകരീതികൾ പോലെ തന്നെ നിരുപദ്രവകരമാണ് മൈക്രോവേവ് പാചകവും.)

മൊബൈൽ ഫോണിലുപയോഗിക്കുന്ന റേഡിയോ തരംഗങ്ങൾ മൈക്രോവേവ് തരംഗങ്ങളേക്കാൾ കുറഞ്ഞ frequency ഉള്ളവയാണ് . അതു കൊണ്ട് തന്നെ റേഡിയോ തരംഗങ്ങൾ മൂലമുള്ള Heating effect വളരെ തുച്ഛമാണ്. അവഗണിക്കാവുന്നതുമാണ്.


മൊബൈൽ റേഡിയേഷൻ കൊണ്ടുണ്ടാകുന്നത് എന്ന് പറയപ്പെടുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് അടുത്ത ഭാഗത്തിൽ ചർച്ച ചെയ്യാം...

4 comments:

  1. നല്ല അറിവുകൾ പങ്കുവെവെച്ചതിനു നന്ദി.
    ആശംസകൾ

    ReplyDelete
  2. I've been surfing online greater than 3 hours these days, yet I by no means discovered any fascinating article like yours. It is beautiful worth enough for me. Personally, if all web owners and bloggers made just right content as you did, the internet will probably be a lot more helpful than ever before.

    ReplyDelete