Saturday, October 11, 2014

കെൻ സാരോ വിവ


ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂരയല്ല
പാടുന്ന കൊതുകുകളല്ല
ഈര്‍പ്പമാര്‍ന്ന നികൃഷ്ടമായ ജയിലറയില്‍.
വാര്‍ഡന്‍ നിങ്ങളെ അകത്താക്കിപ്പൂട്ടുമ്പോള്‍
കേള്‍ക്കുന്ന താക്കോല്‍ക്കിലുക്കമല്ല
മനുഷ്യനോ മൃഗത്തിനോ പറ്റാത്ത ഭക്ഷണമല്ല
രാത്രിയുടെ രിക്തതയില്‍ മുങ്ങുന്ന
പകലിന്റെ ശൂന്യതയുമല്ല.
അതല്ല
അതല്ല
അതല്ല.
ഒരു തലമുറയില്‍ നിങ്ങളുടെ കാതുകളില്‍
മുഴക്കത്തോടെ കയറ്റിയ കള്ളങ്ങളാണ്
ഒരു ദിവസത്തെ വൃത്തികെട്ട ഭക്ഷണത്തിനായി
ക്രൂരമായ ഭീഷണാജ്ഞകളെ
നിര്‍വഹിക്കാന്‍ കൊലവിളി വിളിച്ചുകൊണ്ട്
ഓടുന്ന സെക്യൂരിറ്റി എജന്‍റാണ്
അര്‍ഹിക്കാത്തതെന്ന് മജിസ്ട്രേട്ടിന് അറിയാവുന്ന ശിക്ഷ
അവള്‍ പുസ്തകത്തില്‍ എഴുതുന്നതാണ്
സ്വേച്ഛാധികാരത്തിനു വ്യാജമായ നീതിമത്കരണം നല്കുന്ന
സന്മാര്‍ഗത്തിന്റെ ക്ഷയോന്മുഖത്വമാണ്‌
മനസ്സിന്റെ അനുചിതത്വമാണ്
നമ്മുടെ ഇരുണ്ട ആത്മാവുകളില്‍
തങ്ങുന്ന അനുസരണശീലത്തിന്റെ
മുഖാവരണമിട്ട ഭീരുത്വമാണ്
മൂത്രം കഴുകിക്കളയാന്‍ നമ്മള്‍ ധൈര്യപ്പെടാത്ത
കാലുറകളെ നനയ്ക്കുന്ന പേടിയാണ്
ഇതാണ്‌
ഇതാണ്‌
ഇതാണ്‌
പ്രിയപ്പെട്ട സുഹൃത്തേ നമ്മുടെ സ്വതന്ത്രലോകത്തെ
ഇരുണ്ട തടവറയായി മാറ്റുന്നത്.

-‘A Month and a Day _ A Detention Diary’ , Ken Saro-Wiwa

ബഹുരാഷ്ട്ര എണ്ണ കമ്പനി 'ഷെല്‍' നൈജീരിയന്‍ പട്ടാള ഭരണകൂടത്തിന്റെ ഒത്താശയോടെ നടത്തിയ ചൂഷണത്തിന് എതിരെ പോരാടി രക്തസാക്ഷിയായ കെൻസാരോ വിവയുടെ വാക്കുകള്‍ ആണിത്. നൈജീരിയയില്‍ മാത്രമല്ല, ലോകമെങ്ങും നടന്ന്‌ കൊണ്ടിരിക്കുന്ന പരിസ്ഥിതി സമരങ്ങള്‍ക്ക്‌ ആവേശം പകരുന്നതാണ് കെൻസാരോ വിവയുടെ ജീവിതം.

ഇന്ന്‍ ഒക്ടോബര്‍ പത്ത് കെൻസാരോ വിവയുടെ ജന്മദിനം ആയിരുന്നു.


കെൻസാരോ വിവയുടെ ജീവചരിത്രം Niger Delta യില്‍ എണ്ണ ഭീമന്‍ Royal Dutch Shell നടത്തിയ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ നടന്ന പോരാട്ടത്തിന്റെ ചരിത്രമാണ്.

നൈജീരിയയുടെ തെക്ക്കിഴക്കേയറ്റത്ത്‌ നൈജർ നദീതടത്തിൽ, ജീവിക്കുന്ന ഗോത്രവർഗ്ഗക്കാരാണ് , ഒഗോണികൾ. കൃഷിയും , മത്സ്യബന്ധനവും ആയിരുന്നു അവരുടെ ജീവിത മാര്‍ഗ്ഗം. പെട്രോളിയം നിക്ഷേപങ്ങളാൽ സമ്പന്നമാണ്‌ ഒഗോണിലാന്റ് . നൈജർ ഡെൽറ്റയിലെ ഒഗോണിലാന്റ് എന്ന പ്രദേശം അസംസ്കൃത എണ്ണ ഖനനത്തിനായി 1950കള്‍ മുതൽ ഉപയോഗിക്കപ്പെട്ടിരുന്നു. ഈ പ്രദേശത്തെ എണ്ണ ഖനനം ചെയ്‌തിരുന്നത്‌ പ്രധാനമായും ‘റോയൽ ഡച്ച്‌ ഷെൽ’ എന്ന ബഹു രാഷ്ട്ര എണ്ണക്കമ്പനിയായിരുന്നു.എണ്ണ ചോർച്ചയും ഗ്യാസ് ഫ്ളയറിങ്ങും അത് മൂലമുണ്ടാകുന്ന വൻ തോതിലുള്ള പാരിസ്ഥിതിക നാശവും, ഒഗോണിലാന്റിൽ എണ്ണ മലിനാവശിഷ്ടങ്ങൾ വിവേചന രഹിതമായി തള്ളുന്നതും ജനജീവിതം ദുസ്സഹമാക്കി. ഷെൽ പൈപ്പ് ലൈനുകൾക്ക് വേണ്ടി കണ്ടൽക്കാടുകൾ അനധികൃതമായി വെട്ടി നശിപ്പിക്കപ്പെട്ടു. എണ്ണ ഖനനത്തിൽ നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ ചെറിയ വിഹിതം പോലും പ്രാദേശിക വികസനത്തിന്‌ ഉപയോഗിച്ചില്ല. 1970ല്‍ 'ഷെല്‍'ന് എതിരെ ഒഗോണി ഗോത്ര നേതൃത്വം ലോക്കല്‍ മിലിട്ടറി ഗവര്‍ണര്‍ക്ക് പരാതി സമര്‍പ്പിച്ചു. അതേ വര്‍ഷം തന്നെയാണ് 'ബോമി 'എണ്ണപ്പാടം തീപിടിച്ചതും അനുബന്ധ ദുരന്തങ്ങളുണ്ടായതും. 1980കളില്‍ ഒഗോണി ജനത ശുദ്ധമായ വെള്ളത്തിനും നിര്‍മ്മലമായ വായുവിനും ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിച്ചു. എന്നാല്‍ Mobile Police Force (MPF)ന്‍റെ സഹായത്തോടെ കമ്പനികള്‍ പ്രക്ഷോഭകാരികളെ നിഷ്കരുണം വേട്ടയാടി.നാനൂറോളം സമരക്കാർ ഭവനരഹിതരായി.

കെന്‍ സാരോ വിവയുടെ വാക്കുകള്‍ ഇങ്ങനെ:
"ഒഗോണികളുമായി ചര്‍ച്ചക്ക് ഷെല്‍ തയ്യാറല്ല. ജനരോഷം കൂടുമ്പോള്‍ അവര്‍ നൈജീരിയന്‍  സര്‍ക്കാരിന്റെ സഹായം തേടും. "നിങ്ങളുടെ വിദേശ വിനിമയ വരുമാനത്തിന്റെ 90  ശതമാനവും സംഭാവന ചെയ്യുന്നത് എണ്ണവ്യവസായമാണ്‌  . അതിന്   എന്തെങ്കിലും സംഭവിച്ചാല്‍ നിങ്ങളുടെ സമ്പദ്‌ഘടന തകരും. അതുകൊണ്ട് നിങ്ങള്‍ ഈ ജനങ്ങളെ/ ഈ സമരക്കാരെ നേരിടണം.” ഇതാണ് ഷെല്‍ സര്‍ക്കാരിനോട് പറയുന്നത്.  സര്‍ക്കാര്‍ അവര്‍ക്ക് വഴങ്ങി പാവം ജനങ്ങളുടെ മേല്‍ കൊടിയ പീഡനം അഴിച്ചുവിടും. എണ്ണ കമ്പനികളുടെ താല്‍പ്പര്യങ്ങള്‍ക്ക് താഴെയാണ് ജനങ്ങളുടെ സ്ഥാനം .
വളരെയേറെ കാലമായി നൈജീരിയ പട്ടാള ഏകാധിപത്യത്തിന്‍ കീഴിലാണ്. എണ്ണ കമ്പനികള്‍ക്ക് പട്ടാള ഏകാധിപത്യമാണ് പ്രിയം . കാരണം അവര്‍ അഴിമതിക്കാരാണ് എന്നത് തന്നെ. അടിസ്ഥാനമായ മനുഷ്യാവകാശങ്ങള്‍ പോലും ധ്വംസിക്കപ്പെടുന്നു."

1990 ല്‍ ആണ് MOSOP (Movement for the Survival of Ogoni People) എന്ന സംഘടന രൂപം കൊള്ളുന്നത്. എണ്ണഖനനത്തിൽ നിന്ന്‌ ലഭിക്കുന്ന ലാഭത്തിന്റെ ചെറുവിഹിതമെങ്കിലും ഒഗോണികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുക, എണ്ണഖനനം മൂലം ഒഗോണിലാന്റ്നുണ്ടായ പരിസ്ഥിതിനാശത്തിന്‌ പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച സംഘടന ഒഗോണികളുടെ പോരാട്ടത്തിനു ചുക്കാൻ പിടിച്ചു. എഴുത്തുകാരനും, പത്രപ്രവര്‍ത്തകനും, ടെലിവിഷന്‍ പ്രൊഡ്യൂസറും ഒക്കെയായിരുന്ന വിവ MOSOPന്‍റെ ആദ്യകാല പ്രവര്‍ത്തകരില്‍ പ്രമുഖനായിരുന്നു. ബഹുരാഷ്‌ട്ര എണ്ണ കമ്പനികൾക്കെതിരെ ഫലപ്രദമായ പാരിസ്ഥിതിക മലിനീകരണ നിയന്ത്രണ നടപടികൾ സ്വീകരിക്കുന്നതിൽ നൈജീരിയൻ ഭരണകൂടം മടികാട്ടുകയാണ്‌ എന്ന് ആരോപിച്ചുകൊണ്ട് ജനറൽ സാനി അബാച്ചയുടെ നേതൃത്വത്തിലുള്ള പട്ടാള ഭരണത്തിനെതിരെയും 'ഷെൽ' എന്ന എണ്ണക്കമ്പനിക്കെതിരെയും കെൻ സാരോ വിവ ശക്തമായി സമരം നയിച്ചു. ഒഗോണികളുടെ സമരത്തിന്‌ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ തേടി വിവ യൂറോപ്പിലും അമേരിക്കയിലും സഞ്ചരിച്ചു.

തുടരെത്തുടരെ വന്ന സൈനിക സര്‍ക്കാരുകള്‍ നിലനിന്നത് രാജ്യത്തിലെ എണ്ണവ്യവസായം നല്‍കുന്ന ഭീമമായ ആദായത്താലാണ്. സൈനികനേതാക്കള്‍ ദശലക്ഷക്കണക്കിന് ഡോളര്‍ സമ്പാദിച്ചു. ആ ധനപ്രവാഹത്തെ തടയാന്‍ ഏതു ശക്തി മുന്നോട്ടു വന്നാലും പട്ടാളഭരണം അതിനെ നശിപ്പിച്ചുകളയും. അബാച്ചയും കൂട്ടുകാരും സാരോ-വിവയെ ശത്രുവായി കണ്ടു.വിവയെ നിരവധി തവണ അറസ്റ്റ്‌ചെയ്‌തു. സമരത്തെ നേരിടുന്നതില്‍ കമ്പനിക്കും സര്‍ക്കാരിനും ഒരേ നയമായിരുന്നു. MOSOPനെ ഭീകരസംഘടനയായി ചിത്രീകരിച്ച്‌ ഒഗോണികളിൽ വിഭാഗീയത വളർത്തി ആഭ്യന്തരയുദ്ധം വളർത്തുകയായിരുന്നു പട്ടാളഭരണകൂടം ചെയ്തത്. അങ്ങനെയുണ്ടായ ആഭ്യന്തരയുദ്ധത്തിൽ അനേകായിരം ഒഗോണികൾ മരണപ്പെട്ടു. സർക്കാറിനെ പിന്താങ്ങിയിരുന്ന നാല്‌ ഗ്രാമത്തലവൻമാർ കൊല ചെയ്യപ്പെട്ട കുറ്റം, വിവയുടെയും കൂട്ടുകാരുടെയും മേൽ കെട്ടിവച്ച്‌ അവരെ അറസ്‌റ്റ്‌ ചെയ്യാൻ കെണിയൊരുക്കുകയായിരുന്നു ഭരണകൂടം.

ഒരു രഹസ്യ സൈനിക ക്യാമ്പിലാക്കിയ ഹൃദ്രോഗിയായ സരോ-വിവായ്ക്കു ഭക്ഷണവും ചികിത്സയും നിഷേധിച്ചു.വിവയേയും കൂട്ടാളികളെയും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു. 'ഷെൽ' നു വിവയുടെ അറസ്റ്റുമായുള്ള ബന്ധവും പ്രോസിക്യൂഷൻ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന ആരോപണവും വലിയ പ്രതിഷേധത്തിനിടയാക്കി. സ്വാഭാവികമായും 'ഷെൽ' ആരോപണങ്ങൾ  നിഷേധിച്ചു. എന്നാൽ വിവ തൻറെ സമരത്തിൽ നിന്ന് പിന്മാറിയാൽ അദ്ദേഹത്തിനെ സ്വതന്ത്രനാക്കാൻ ശ്രമിക്കാം എന്ന്  ഷെൽ ,നൈജീരിയ തലവൻ ബ്രയാൻ ആണ്ടേഴ്സണ്‍ വിവയുടെ സഹോദരന് ഉറപ്പ് നല്കിയിരുന്നത്രേ....!

അന്ത്യം ഇതായിരിക്കുമെന്ന് അന്നേ ഞാനറിഞ്ഞിരുന്നു.ഈ അറിവ് എനിക്ക് ശക്തിയായിരുന്നു. ധൈര്യമായിരുന്നു. ആഹ്ളാദമായിരുന്നു. ശത്രുവിന്റെ മേല്‍ മാനസിക മേല്‍ക്കോയ്മ നേടിത്തന്നതും ഈ അറിവായിരുന്നു.ഞാന്‍ മരിക്കുമോ ജീവിക്കുമോ എന്നതല്ല പ്രശ്‌നം ലോകമാസകലം വ്യാപിച്ചുകൊണ്ടിരിക്കുന്ന ഇത്തരം ദുഷ്ടതകള്‍ക്കെതിരെ പൊരുതാന്‍ സമയവും പണവും കരുത്തും കണ്ടെത്തുന്ന ആളുകളുണ്ട്. എന്നറിയുന്നതുതന്നെ ധാരാളം. ഇന്നവര്‍ തോറ്റേക്കാം. പക്ഷേ നാളെ അവരാണ് വിജയിക്കുക. മനുഷ്യ കുലത്തിന് കൂടുതല്‍ മെച്ചപ്പെട്ടോരു ലോകം സൃഷ്ടിക്കാന്‍ നമുക്ക് ശ്രമം തുടര്‍ന്നേ പറ്റൂ. ഓരോരുത്തരും സ്വന്തം നിലക്ക് അവനവന്റെ സ്വന്തം പങ്ക് നിര്‍വ്വഹിച്ചാല്‍ മതി.

അഭിവാദ്യങ്ങള്‍,
കെൻ സാരോ വിവ

തൻറെ എട്ട് കൂട്ടാളികളോടൊപ്പം 1995 നവംബർ 10-ന്‌ കെൻ സാരോ വിവയെ പട്ടാള ഭരണകൂടം വധശിക്ഷയ്‌ക്ക്‌ വിധേയനാക്കി.

എന്നാൽ പോരാട്ടം അവിടെ അവസാനിക്കുന്നില്ല.

Center for Constitutional Rights (CCR), EarthRights International (ERI), തുടങ്ങി മനുഷ്യാവകാശ സംഘടനകളും വിവയുടെ കുടുംബാങ്ങങ്ങളും ഷെല്ലിൻറെ മനുഷ്യാവകാശ ലംഘനങ്ങൾക്കെ തിരെ നിയമ നടപടികൾ ആരംഭിച്ചു. 1996 ല്‍ വിവ തൂക്കിലേറ്റപ്പെട്ടതിന് ഒരു വര്‍ഷത്തിന് ശേഷം കെന്‍ സാരോ വിവയുടെ സഹോദരന്‍ ഓവന്സ് വിവയും അദ്ദേഹത്തിന്റെ മകന്‍ കെൻ വിവയും കൊടുത്തതാണ് ആദ്യ കേസ്‌.വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്ക് ഒടുവിൽ 'ഷെൽ' 15.5 മില്യണ്‍ ഡോളർ നഷ്ടപരിഹാരം നല്കാൻ കോടതിയ്ക്ക് പുറത്ത്‌ നടന്ന ഒത്തുതീര്‍പ്പില്‍  സമ്മതിച്ചു. മനുഷ്യാവകാശ ലംഘനങ്ങൾക്ക് ആരോപണം നേരിട്ട ഒരു ബഹുരാഷ്ട്ര കമ്പനി നല്കേണ്ടി വന്ന ഏറ്റവും ഭീമമായ നഷ്ടപരിഹാരത്തുക എന്ന രീതിയിൽ ഇത് ചരിത്രത്തിൽ ഇടം നേടി.ബഹുരാഷ്ട്ര കമ്പനികൾ മൂന്നാം ലോക രാജ്യങ്ങളിൽ നടത്തുന്ന അമിതമായ വിഭവ ചൂഷണത്തിനെതിരെയും പരിസ്ഥിതി/ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയും വലിയ ചർച്ചകൾക്ക് വഴിയൊരുക്കി.




മണ്ണും വെള്ളവും ഭൂമിയും അവഗണിച്ചു കൊണ്ട് അവയുടെ അവകാശികളെ ആട്ടിപ്പായിച്ചു കൊണ്ട്, 'ലാഭം' മാത്രം മുന്നില് ക്കണ്ട് കൊണ്ട് കോർപ്പറേറ്റ് വ്യവസായികൾ നടത്തുന്ന എത്ര വലിയ വിഭവ ചൂഷണവും 'വികസനം' എന്ന ഓമനപ്പേരിട്ട് വിളിച്ചാൽ ഇന്ന് നമുക്ക് സ്വീകാര്യമാകും. വ്യവസായ വല്ക്കരണം മൂലം ഉണ്ടാകുന്ന പരിസ്ഥിതി നാശത്തെക്കുറിച്ചോ കുടിയൊഴിക്കപ്പെടുന്ന സാധാരണ ജനങ്ങളെക്കുറിച്ചോ പ്രതികരിക്കുന്നവരെ വികസന വിരോധികൾ ആയി മുദ്രകുത്തും . നര്‍മ്മദ സമരത്തിലെ, പോസ്കോ സമരത്തിലെ ഇരകളുടെ പക്ഷം ചേരാന്‍, എന്തിന് അവരെക്കുറിച്ച് സംസാരിക്കാൻ പോലും നമുക്ക്‌ ഭയമാണ്. ഗുജറാത്തിലെ 'വ്യവസായവല്‍ക്കരണ'ത്തെക്കുറിച്ച് വാതോരാതെ സംസാരിക്കാന്‍ അറിയാം , എന്നാല്‍ 'അമിത് ജേത്വ' ആരാണെന്ന് പോലും അറിയില്ല....!

"നമ്മുടെ ഇരുണ്ട ആത്മാവുകളില്‍
തങ്ങുന്ന അനുസരണശീലത്തിന്റെ
മുഖാവരണമിട്ട ഭീരുത്വമാണ്
പ്രിയപ്പെട്ട സുഹൃത്തേ,
നമ്മുടെ സ്വതന്ത്രലോകത്തെ
ഇരുണ്ട തടവറയായി മാറ്റുന്നത്.”

റഫറൻസ് / അധിക വായനയ്ക്ക്
  1. remembersarowiwa.com/
  2. http://www.theguardian.com/world/2009/jun/08/nigeria-usa
  3. http://www.youtube.com/watch?v=I9Gwf8UcgS0

11 comments:

  1. ചോക്കുപൊടി വികസനവിരോധിയാണല്ലേ! ഇപ്പോള്‍ വികസനം എന്നതിന്റെ വേറൊരു അര്‍ത്ഥം അത്യാര്‍ത്തി എന്നാണ്!!

    ReplyDelete
    Replies
    1. :) നന്ദി അജിത്തേട്ടാ

      Delete
  2. അവള്‍ പുസ്തകത്തില്‍ എഴുതുന്നതാണ്
    സ്വേച്ഛാധികാരത്തിനു വ്യാജമായ നീതിമത്കരണം നല്കുന്ന
    സന്മാര്‍ഗത്തിന്റെ ക്ഷയോന്മുഖത്വമാണ്‌
    മനസ്സിന്റെ അനുചിതത്വമാണ്
    നമ്മുടെ ഇരുണ്ട ആത്മാവുകളില്‍
    തങ്ങുന്ന അനുസരണശീലത്തിന്റെ
    മുഖാവരണമിട്ട ഭീരുത്വമാണ്
    മൂത്രം കഴുകിക്കളയാന്‍ നമ്മള്‍ ധൈര്യപ്പെടാത്ത
    കാലുറകളെ നനയ്ക്കുന്ന പേടിയാണ്

    ReplyDelete
  3. പേടിച്ചു ജീവിക്കുന്ന ഒരു ജനതയെ കെന്‍സാരോ വിവ പ്രചോദിപ്പിക്കുകയില്ല വിഷ്ണൂ .നമുക്ക് ആജീവനാന്തം നരകങ്ങള്‍ തന്നെയേ വിധിച്ചിട്ടുള്ളൂ ..ദീര്‍ഘ നിശ്വാസത്തിനു സ്മൈലി ഇല്ലല്ലോ

    ReplyDelete
    Replies
    1. ഇങ്ങനെയും ചിലര്‍ ഇവിടെ ജീവിച്ചിരുന്നുവെന്ന് അറിയണമല്ലോ ഇക്കാ, നമുക്കിടയിലും ഇത്തരക്കാര്‍ ഉണ്ട്. ഇല്ലെങ്കില്‍ ജീവിതം ഇതിലും മോശമായേനെ.

      Delete
  4. "നമ്മുടെ ഇരുണ്ട ആത്മാവുകളില്‍
    തങ്ങുന്ന അനുസരണശീലത്തിന്റെ
    മുഖാവരണമിട്ട ഭീരുത്വമാണ്
    പ്രിയപ്പെട്ട സുഹൃത്തേ,
    നമ്മുടെ സ്വതന്ത്രലോകത്തെ
    ഇരുണ്ട തടവറയായി മാറ്റുന്നത്.”

    ReplyDelete
  5. സിയാഫ്ക്ക വഴിയാണ് ഇവിടെ എത്തിയത് നല്ല പോസ്റ്റ്‌ :)

    ReplyDelete
  6. പണ്ട്‌ പാഠഭേദം ആണെന്നു തോന്നുന്നു കെൻ സരോ വിവയെ കുറിച്ചൊരു ചെറിയ പുസ്തകം പ്രസിദ്ധീകരിച്ചത്‌.. അന്നത്‌ വായിച്ച്‌ കുറേ ആവേശം കൊണ്ടിട്ടുണ്ട്‌.. വീണ്ടും വായിക്കാനായതിൽ സന്തോഷം.

    ReplyDelete
  7. നല്ല ലേഖനം.
    ദൂരെ ഒന്നും പോണമെന്നില്ല..തിരുവനന്തപുരം വരെ പോയി നോക്കിയാൽ അറിയാം.. ഇതിനേക്കുറിച്ച് ഒരു രാഷ്ട്രീയപാർട്ടിയും ഒരിക്കൽ പോലും ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല..എന്താണ്‌ കാരണമെന്ന് ചിന്തിക്കാം..

    http://www.blacksmithinstitute.org/projects/display/102

    ReplyDelete
  8. കുറെ കൊല്ലം മുമ്പ് ഇദ്ദേഹത്തെ തൂക്കിക്കൊല്ലുമോ എന്നൊക്കെയുള്ള വാര്‍ത്തകള്‍ വായിച്ചത് ഓര്‍ക്കുന്നു. കറുത്ത കവിയെ തൂക്കിക്കൊന്നു എന്നായിരുന്നു അദ്ദേഹത്തിന്‍റെ മരണത്തിനു പത്രത്തില്‍ വായിച്ച വാര്‍ത്ത. കഴിഞ്ഞ ഏതോ ഒരു ദിവസം മനസ്സിലേക്ക് ഈ ഓര്‍മ്മകള്‍ കടന്നു വന്നു.
    ഇപ്പോള്‍ ഈ ലേഖനം കണ്ണില്‍ പെട്ടത് എന്നെ അത്ഭുതപ്പെടുത്തുന്നു. നന്ദി.

    ReplyDelete