Saturday, November 16, 2013

മനസ്സാക്ഷി തടവില്‍

ചോരയുടെ കടലുകള്‍ക്ക് പോലും സത്യത്തെ മുക്കിക്കൊല്ലാന്‍ കഴിയില്ല
                                                                                                                      -അമ്മ, മാക്സിം ഗോര്‍ക്കി


മാസങ്ങള്‍ നീണ്ടുനിന്ന പീഡനങ്ങള്‍ക്കും അതിനെതിരെയുള്ള അതിജീവന സമരത്തിനും ഒടുവില്‍ സോണി സോഢി(സോണി സോരി)യ്ക്കു സുപ്രീംകോടതി ജാമ്യം അനുവദിച്ചു. നക്സലൈറ്റ് എന്ന് മുദ്രകുത്തി ഭരണകൂടവും പോലീസും ഒരുപോലെ വേട്ടയാടിയ സോണി സോഢിയ്ക്ക് ഇന്ത്യയുടെ പരമോന്നത നീതിപീഠം നല്‍കിയ ഈ ഇടക്കാല ജാമ്യം , ജനാധിപത്യ സ്ഥാപനങ്ങളില്‍ നിന്ന് വൈകിയാണെങ്കിലും സാധാരണ ജനങ്ങള്‍ക്ക് 'നീതി' ലഭിക്കും എന്ന പ്രതീക്ഷ നില നിര്‍ത്താന്‍ ഇന്ത്യയിലെ എല്ലാ ജനാധിപത്യ വിശ്വാസികളെയും പ്രേരിപ്പിക്കുന്നുണ്ട്. ഛത്തീസ്‌ ഗഢില്‍ നക്സലൈറ്റ് 'ഭീകരത' യും 'വികസനവും' പ്രധാന പ്രചരണായുധം ആയ ഒരു നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് തന്നെയാണ് ഇത്തരമൊരു വിധി പുറത്തു വന്നത് എന്നത് കൌതുകമുണര്‍ത്തുന്ന ഒരു സംഗതിയാണ്. സോണി സോഢി 'കുറ്റ'വിമുക്തയായിട്ടൊന്നുമില്ല, എങ്കിലും ഈ വിധിയുടെ പ്രാധാന്യം തള്ളിക്കളയാന്‍ കഴിയില്ല.

സോണി സോഢി
സ്വാതന്ത്ര്യത്തിനു ശേഷമുള്ള അറുപത്തിയാറ് വര്‍ഷങ്ങളില്‍ വര്‍ഗീയതയുടെയും ഫാസിസത്തിന്റെയും കടന്നാക്രമണങ്ങളെ അതിജീവിച്ചുകൊണ്ട് ഇന്ത്യന്‍ ജനാധിപത്യം മുന്നോട്ടു കുതിക്കുന്നതില്‍ അഭിമാനം കൊള്ളുന്നവര്‍ ആണ് നമ്മള്‍. എന്നാല്‍ ലോകത്തിലെ ഏറ്റവുംവലിയ ജനാധിപത്യ രാഷ്ട്രത്തില്‍ തന്നെയാണ് സോണി സോഢിയും ജീവിക്കുന്നത് എന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. ഛത്തിസ്ഗഢിലെ ബഡേ ബദ്മയില്‍ 1975ലാണ് സോണി സോഢി ജനിച്ചത്. ഛത്തീസ്‌ ഗഢിലെ ദണ്ഡേവാഡ ജില്ലയില്‍ സമേലി ഗ്രാമത്തില്‍ ആദിവാസി കുട്ടികളെ പഠിപ്പിക്കുന്ന ഒരു പ്രൈമറി സ്കൂള്‍ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു സോണി; ഭര്‍ത്താവ് അനില്‍ ബൊലേറോ ജീപ്പ് ഡ്രൈവറും. മാവോയിസ്റുകളെയോ, പോലീസിനെയോ ആശ്രയിച്ചുമാത്രം ജീവിക്കാന്‍ കഴിയുന്ന നിരക്ഷരരും നിശബ്ദരും നിസ്സഹായരും ആയ ഛത്തിസ് ഗഢിലെ അനേകായിരം ആദിവാസികളില്‍ നിന്നും വ്യത്യസ്തമാണ് സോണി സോഢിയുടെ പശ്ചാത്തലം. രാഷ്ട്രീയത്തില്‍ സജീവമായ ഒരു കുടുംബമാണ് സോണിയുടേത്. അവരുടെ പിതാവ് മദ്രു റാം സോഢി പതിനഞ്ച് വര്‍ഷം പഞ്ചായത്ത് സര്‍പഞ്ച് ആയിരുന്നു. സോണിയുടെ അമ്മാവന്‍ മുന്‍ സി.പി.ഐ, എം. എല്‍. എ ആണ്. അവരുടെ മൂത്ത സഹോദരന്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നു. സോണിയുടെ അനന്തിരവന്‍ ലിംഗാ കൊഡോപ്പി പത്രപ്രവര്‍ത്തകന്‍ ആണ്. ആശയ പ്രചാരണത്തിന് ഉള്ള ആയുധം എന്ന നിലയ്ക്കാണ്  അദ്ദേഹം പത്രപ്രവര്‍ത്തനം തെരഞ്ഞെടുത്തത് .

ലിംഗാ കൊഡോപ്പി
പോലീസിന്റെ എജന്റുമാരും ഇന്‍ഫോര്‍മര്‍മാരും ആകാതെയും, മാവോയിസ്റുകളുടെ അനുഭാവികള്‍ ആകാതെയും ആദിവാസിജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടുക എന്ന നിലപാട് സ്വീകരിച്ചവരാണ് സോണിയും കുടുംബാംഗങ്ങളും. ആദിവാസികള്‍ക്ക് തുല്യമായ പൌരാവകാശങ്ങളും, നിയമവാഴ്ചയും, ഭരണഘടനാപരമായ അവകാശങ്ങളും നേടിയെടുക്കുന്നതിന് വേണ്ടിയുള്ളതായിരുന്നു അവരുടെ സമരങ്ങള്‍ . കരാറുകാരുടെയും, രാഷ്ട്രീയക്കാരുടെയും , പോലീസിന്റെയും, മാവോയിസ്റുകളുടെയും പിടിയില്‍ നിന്നും നിയന്ത്രണങ്ങളില്‍ നിന്നും തങ്ങളുടെ വീടും പുരയിടവും സ്വതന്ത്രമാക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ആദിവാസിത്തൊഴിലാളികളുടെ മിനിമം കൂലി 60 ല്‍ നിന്ന് 120 ആക്കി ഉയര്‍ത്താന്‍ അവര്‍ സമരം ചെയ്തു. ഖനിത്തൊഴിലാളികളുടെ അവകാശങ്ങള്‍ക്കു വേണ്ടിയും അവര്‍ പോരാടി . മാവോയിസ്റുകളെ ഉന്മൂലനം ചെയ്യാനെന്ന പേരില്‍ നടത്തിയ ‘കാട് വെട്ടിത്തെളിക്കല്‍’ (“jungle clearing” ) പദ്ധതിയുടെ പേരില്‍ അനധികൃതമായ തേക്ക് വ്യാപാരത്തിലൂടെ ഉന്നത പോലീസുദ്യോഗസ്ഥന്മാര്‍ വന്‍തുകകള്‍ കൈക്കലാക്കുന്നതിനെതിരെ അവര്‍ ശക്തമായി പ്രതികരിച്ചു. അവരുടെ പ്രവര്‍ത്തനങ്ങള്‍ ഒരേ പോലെ പോലീസിന്റെയും മാവോയിസ്റ്റുകളുടെയും ശ്രദ്ധയാകര്‍ഷിച്ചു. തങ്ങളുടെ കൂടെ ചേരാന്‍ ലിംഗയോട് മാവോയിസ്റ്റുകള്‍ ആവശ്യപ്പെട്ടെങ്കിലും അയാള്‍ അതു നിരസിച്ചു. മാവോയിസ്റ്റ്  രീതികളെയും , അവര്‍ മൂലം  ആദിവാസികള്‍ക്ക്  ഉണ്ടാകുന്ന  ബുദ്ധിമുട്ടുകളെയും  വിമർശിച്ചു കൊണ്ട് ലിംഗാ ഒരിക്കല്‍ ഗണേഷ റാം ഉകെയ് എന്ന പ്രമുഖ മാവോയിസ്റ്റ്  നേതാവിന് കത്തെഴുതുകയുണ്ടായി. മുഴുവന്‍ സമയ പോലീസ് ഇന്‍ഫോര്‍മേഴ്സ് ആകാന്‍ പോലീസും സോണിയുടെയും ലിംഗായുടെയും മേല്‍ സമ്മര്‍ദ്ദം ചെലുത്തി. ഈ രണ്ടു കൂട്ടരുടെയും സ്വാധീനത്തില്‍ പെടാതെ ആദിവാസികളുടെ അവകാശങ്ങള്‍ക്കു വേണ്ടി സോനിയും ലിംഗായും നടത്തുന്ന സമരങ്ങള്‍ അവര്‍ക്ക് പൊതു ജനങ്ങള്‍ക്കിടയിൽ വലിയ സ്വീകാര്യത നേടിക്കൊടുത്തു. പ്രാദേശിക കോണ്‍ഗ്രസ് നേതാവും,കരാറുകാരനു പോലീസുമായി അടുത്ത ബന്ധവുമുള്ള താക്കൂര്‍ അവ്ദേശ് ഗൌതം ഇതോടെ അവരുടെ ശത്രുവായിമാറി . സ്കൂള്‍ പണിയാനുള്ള കരാര്‍ സോണി സ്വന്തം നിലയ്ക്ക് നേടിയത് അവ്ദേശ് ഗൌതത്തെ ചൊടിപ്പിച്ചു. കരാറുകാരനായ അവ്ദേശ് ഗൌതത്തിനെതിരെ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ 2010 ജൂലൈയില്‍ സോണി, ഭര്‍ത്താവ്‌ അനില്‍, അനന്തിരവന്‍ ലിംഗാ കൊഡോപ്പി എന്നിവരെയും പ്രതി ചേര്‍ത്ത് കേസ്‌ ഫയല്‍ ചെയ്തു. അനിലിനെ ജയിലില്‍ അടച്ചു. ഈ സമയത്ത് സോണിയുടെ പിതാവ് പോലീസിനു വിവരം ചോര്‍ത്തുന്നു എന്നാരോപിച്ച് മാവോയിസ്റുകള്‍ നടത്തിയ ആക്രമണത്തില്‍ പരിക്കുകളോടെ ആശുപത്രിയിലായിരുന്നു...!

സോണിയെയും ലിംഗായെയും വെറുതെ വിടാന്‍ പോലിസ്‌ ഒരുക്കമായിരുന്നില്ല.
2011 സെപ്റ്റംബര്‍ ഒമ്പതിന് പത്രങ്ങളില്‍ ഇങ്ങനെ ഒരു വാര്‍ത്ത വന്നു.
‘ദന്തേവാഡയില്‍ വെച്ച് ലിംഗാ കൊഡോപ്പി എന്ന മാവോയിസ്റ്റിന് 15 ലക്ഷം രൂപ ‘സംരക്ഷണത്തിനുള്ള വേതന’ (protection money)മായി കൊടുക്കുന്നതിനിടെ എസ്സാര്‍ ഗ്രൂപ്പ് കോണ്‍ട്രാക്ടറായ ബി. കെ. ലാലയെ പോലീസ് കൈയോടെ പിടികൂടി. ലിംഗാ കൊഡോപ്പിയും ഉടന്‍ അറസ്റ് ചെയ്യപ്പെട്ടു. ഈ കൈമാറ്റത്തിലെ മൂന്നാമത്തെ പങ്കാളിയായ സോണി സോഢി രക്ഷപ്പെട്ടു.’എന്നാല്‍ പോലിസ്‌ ഭാഷ്യം അതേപോലെ വാര്‍ത്തയായി നല്‍കുകയാണ് പത്രങ്ങള്‍ ചെയ്തത്. സത്യം ഇതായിരുന്നില്ല . ലിംഗാ യെയും സോണിയെയും കുടുക്കാനായി പോലിസ്‌ നടത്തിയ ആസൂത്രിത നാടകമായിരുന്നു ഇതെന്ന് പിന്നീട് 'തെഹല്‍ക്ക' നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. ലാലയെയും, ലിംഗയേയും അവരവരുടെ വീടുകളില്‍ നിന്നാണ് അറസ്റ് ചെയ്തതെന്നും പണം ലാലയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തതാണെന്നും മങ്കട് എന്ന പോലിസ് കാരൻ തെഹല്‍ക്ക ടേപ്പില്‍ തുറന്നുസമ്മതിക്കുന്നുണ്ട്.



 

ഛത്തിസ് ഗഢ് പോലീസിനു പിടികൊടുക്കാതെ രോഗിയായ ഒരു സ്ത്രീയുടെ വേഷത്തില്‍ സോണി ഡല്‍ഹിയിലേക്ക്‌ യാത്ര തിരിച്ചു . നിരപരാധിയായ തന്നെ ഛത്തിസ് ഗഢ് പോലീസ് വേട്ടയാടുന്ന കഥ പുറംലോകത്തെ അറിയിക്കുക എന്നതായിരുന്നു ലക്‌ഷ്യം. സെപ്റ്റംബര്‍ 11ന് യാത്ര തിരിക്കുമ്പോള്‍ തന്നെ അവര്‍ തെഹല്‍ക്ക ലേഖിക തുഷ മിത്തലുമായി അവര്‍ ബന്ധപ്പെട്ടിരുന്നു. 'തെഹല്‍ക്ക 'യിലൂടെയാണ് സോണിയുടെ കഥ പുറത്തു വരുന്നത്. സോണി യെ 2011 ഒക്ടോബര്‍ നാലിന് ഡല്‍ഹി പോലിസ്‌ അറസ്റ്റ്‌ചെയ്തു. സോണിക്കെതിരെ ചുമത്തിയ കേസില്‍ ഒരു തരിമ്പു പോലും വാസ്തവമില്ലെന്നും അവരുടെ അടുത്തു നിന്ന് പുതിയ വിവരങ്ങള്‍ ഒന്നും ലഭിക്കാനില്ലെന്നും വ്യക്തമായ അറിവുണ്ടായിട്ടും സോണി നേരിട്ടത് നീചവും മനുഷ്യത്വരഹിതവുമായ പീഡനമുറകളായിരുന്നു. അവരെ ഷോക്കടിപ്പിക്കുകയും , നഗ്നയാക്കി മര്‍ദ്ദിക്കുകയും ക്രൂരമായി ബലാല്‍സംഗം ചെയ്യുകയും ചെയ്തു.

സോണിക്കു മേല്‍ ഛത്തിസ്ഗഢ് പോലീസ് നടത്തിയ ഭീകരമായ ലൈംഗികാതിക്രമങ്ങള്‍ മനുഷ്യാവകാശപ്രവര്‍ത്തകരാണ്  സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നത്. സോണിയെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 'തെഹല്‍ക്ക" വലിയ പ്രചാരണ പരിപാടി ആരംഭിച്ചു. സോണിയെ വൈദ്യപരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍ വൈദ്യപരിശോധനയില്‍ യാതൊരുവിധ അസ്വാഭാവികതയും കണ്ടെത്താന്‍ കഴിഞ്ഞില്ല എന്ന റിപ്പോര്‍ട്ടാണ് ഛത്തിസ് ഗഢ് സര്‍ക്കാര്‍ നല്‍കിയത്. പിന്നീട് കോടതി നിര്‍ദ്ദേശപ്രകാരം കൊല്‍ക്കത്ത മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ സോണി മനുഷ്യത്വരഹിതമായ രീതിയില്‍ പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി. അവരുടെ ജനനേന്ദ്രിയത്തില്‍ നിന്നും, ശരീരാന്തര്‍ഭാഗത്തു നിന്നും കല്ലുകള്‍ നീക്കം ചെയ്യേണ്ടിവന്നു. ഇതിനുശേഷവും സോണിയെ ദണ്ഡേവാഡയിലെ ഛത്തിസ്ഗഢ് പോലീസ് കസ്റഡിയിലേക്ക് വിട്ടുകൊടുക്കാനാണ് കോടതി തീരുമാനിച്ചത്.........! സോണിയെ ആക്രമിച്ച പോലീസുകാര്‍ക്കെതിരെ അന്വേഷണമോ നടപടിയോ ഒന്നുമുണ്ടായില്ല. മാത്രമല്ല സോണിയെ പീഡിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ എസ്.പി അങ്കിത് ഗാര്‍ഗിനെ 2012 ജനവരിയില്‍ രാഷ്ട്രപതിയയുടെ പൊലീസ് മെഡല്‍ നല്‍കിയാണ് ആദരിച്ചത്.



ലോകമെമ്പാടുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സോണിയ്ക്ക് പിന്തുണയുമായി എത്തി . ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ അവരെ വിശേഷിപ്പിച്ചത് ‘മനസ്സാക്ഷിയുടെ തടവുകാരി’( a prisoner of conscience) എന്നാണ്. എങ്കിലും ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കു അവര്‍ മാവോയിസ്റ്റ് ബന്ധമാരോപിക്കപ്പെട്ട തടവുകാരി ആയിരുന്നു. അവര്‍ക്കെതിരായി ഉന്നയിക്കപ്പെട്ട ആരോപണങ്ങളുടെ 'ഗൌരവം' കണക്കിലെടുത്ത്കൊണ്ട് സോണിയും ലിംഗയും സമര്‍പ്പിച്ച ജാമ്യാപേക്ഷ 2013ജൂലൈ 13നു ഛത്തിസ് ഗഢ് ഹൈക്കോടതി തള്ളിക്കളഞ്ഞു. മാവോയിസ്റ്റ്‌ ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്തിരുന്ന സോണിയുടെ ഭര്‍ത്താവ് അനില്‍ ഏതാണ്ട് മൂന്ന് വര്‍ഷത്തോളം നീണ്ട ജയില്‍ വാസത്തിനുശേഷം 2013 മെയ്‌ ഒന്നിന് എല്ലാ കേസുകളില്‍ നിന്നും കുറ്റ വിമുക്തനാക്കപ്പെട്ടു. പീഡനങ്ങളുടെ നീക്കിയിരിപ്പുമായി അവശനായി  ജീവിതം തുടര്‍ന്ന അദ്ദേഹം 2013 ആഗസ്ത് രണ്ടിന് മരണമടഞ്ഞു. ഭര്‍ത്താവിന്‍റെ മരണാനന്തര ചടങ്ങുകള്‍ക്ക് പങ്കെടുക്കാന്‍ സോണിക്ക് സാധിച്ചില്ല. ഇതിനിടെ സോണിക്ക് എതിരെ നേരത്തെ ചുമത്തിയ കേസുകളില്‍ - 2010ല്‍എസ്സാര്‍ ഗ്രൂപ്പിന്റെ വാഹനങ്ങള്‍ക്കുനേരെ വെടിവെച്ചു , കോണ്‍ഗ്രസ്സ് നേതാവ്` അവ്ദേശ് ഗൌതത്തെ ആക്രമിച്ചു തുടങ്ങിയവയില്‍ - എല്ലാം കോടതി കുറ്റവിമുക്തയാക്കി എന്നതും ശ്രദ്ധേയമായ കാര്യമാണ്. സോണിക്ക് ജാമ്യം ഇപ്പോള്‍ അനുവദിച്ചുവെങ്കിലും ഡല്‍ഹി വിടാനോ ഛത്തിസ്ഗഢ് ല്‍ പോകാനോ കഴിയില്ല. കേസില്‍ വാദം ഇപ്പോഴും തുടരുന്നു. പോരാട്ടങ്ങള്‍ അവസാനിക്കാറായിട്ടില്ല എന്നര്‍ത്ഥം .

ഇന്ത്യയില്‍ നിലവിലുള്ള ഭരണഘടന അംഗീകരിച്ചിട്ടുള്ള പൗരാവകാശങ്ങളുടെ നഗ്നമായ ലംഘനം ആണ് സോണിയുടെ കാര്യത്തില്‍ നടന്നിട്ടുള്ളത്. സ്ത്രീകളെ അറസ്റ്റുചെയ്യാനും ചോദ്യം ചെയ്യാനും വനിതാപോലീസിന്റെ സാന്നിധ്യം വേണമെന്ന പ്രാഥമിക അവകാശം മുതല്‍ ക്രൂരമായ ലൈംഗിക അതിക്രമങ്ങള്‍ക്ക് ശേഷമുള്ള ചികിത്സാ നിഷേധം വരെ ഇത് നീളുന്നു. ലൈംഗിക അതിക്രമങ്ങള്‍ക്ക് കടുത്ത ശിക്ഷ നല്‍കണം എന്ന് നിര്‍ദേശിക്കുന്ന നിയമങ്ങളുണ്ട് നമുക്ക്‌, എന്നാല്‍ ഭരണകൂടം തന്നെ നടത്തുന്ന ഇത്തരം പീഡനങ്ങള്‍ക്ക് എന്ത് ശിക്ഷയാണ് നല്‍കുക.  ഭരണഘടന ഉറപ്പു നല്‍കുന്നപൌരന്‍റെ മൌലിക അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ഭരണകൂടത്തിന് ധൈര്യം കൊടുക്കുന്നത് എന്താണ്? ഛത്തീസ്‌ ഗഢിലെ ഭരണകക്ഷിയായ ബി ജെ പി യോ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസോ സോണിയുടെ പ്രശ്നം കണ്ടതായിപ്പോലും നടിച്ചില്ല. മാധ്യമങ്ങള്‍ ആകട്ടെ ഒരു 'മാവോയോസ്റ്റ്‌' നു വേണ്ടി സംസാരിക്കാന്‍ ഒരുക്കമായിരുന്നില്ല. ഒരാളെ 'ഭീകരവാദി' എന്നോ 'തീവ്രവാദി' എന്നോ മുദ്രകുത്തിയാല്‍ വേട്ടയാടല്‍ എളുപ്പമാകുന്നു.പിന്നെ സമൂഹം അയാളുടെ ദീന രോദനങ്ങള്‍ക്ക് പോലും ചെവി കൊടുക്കില്ല. അങ്ങനെയാണല്ലോ നമുക്കിടയില്‍ ഇശ്രത്‌ ജഹാനും സൊറാബുദ്ദിന്‍ ഷേഖും ഒക്കെ കൊല്ലപ്പെടുന്നതും.

സോണിയുടേത്‌ തീര്‍ച്ചയായും ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഭരണകൂടത്തിന്‍റെ, കോര്‍പ്പറേറ്റ്കളുടെ, സൈന്യത്തിന്‍റെ പീഡനങ്ങളില്‍ പുറം ലോകമറിയാതെ മരിച്ചു മണ്ണടിഞ്ഞുപോകുന്ന ഒരുപാട് 'സോണിമാര്‍' നമുക്കിടയില്‍ ഉണ്ട്. ഫേസ്‌ ബുക്ക്‌ ചുവരുകളിലും, സ്പോണ്‍സേഡ് സിവില്‍ സൊസൈറ്റി പ്രതിഷേധങ്ങളിലും വാചാലമാകുമ്പോള്‍ ഇടയ്ക്കൊക്കെയെങ്കിലും ഓര്‍മിക്കുക, ഇവരും മജ്ജയും മാംസവും ആത്മാഭിമാനവും ഉള്ള മനുഷ്യരാണെന്ന്.... കാരണം  സത്യം പുറത്തു കൊണ്ട് വരാന്‍ ഇന്ന് വലിയ പോരാട്ടങ്ങള്‍ ആവശ്യമായിത്തീര്‍ന്നിരിക്കുന്നു..!

കടപ്പാട് /റഫറന്‍സ്:

1.The inconvenient truth of soni sori | Tehelka.com
2.http://archive.tehelka.com/story_main52.asp?filename=Ws020512Chhattisgarh.asp
3.http://archive.tehelka.com/story_main52.asp?filename=Ne070412Government.asp
4.Soni Sori’s husband, Anil Futane, passes away | Tehelka.com
5.Indian State honours monster – Justice for #SoniSori #Vaw | kracktivist
6.Tribal activist Soni Sori, accused of having links with Maoists, released from jail | NDTV.com
7.Stand up for Soni Sori | "Giving electric shocks, stripping me naked, shoving stones inside me – is this going to solve the Naxal problem?" – Soni in a letter to the Chief Justice of the Supreme Court
8SC notice to Chhattisgarh on Soni Sori bail plea - Kractivism
9.ചോര കലങ്ങിയ രണ്ട് കത്തുകള്‍ക്കിടയില്‍ സോനി സോരിയുടെ ജീവിതം | Nalamidam
10.RELEASE SONI SORI AND LINGARAM KODOPI - Amnesty India