Wednesday, April 20, 2011

അണ്ണാ ഹസാരെ : ഒരു വിയോജനകുറിപ്പ്.


Anna Hazare

അണ്ണാ ഹസാരെയെ  ഞാന്‍ ആദ്യം മനസ്സിലാക്കുന്നത്‌   ഒരു പരിസ്ഥിതി പ്രവര്‍ത്തകന്റെ രൂപത്തിലാണ് . മഹാരാഷ്ട്രയിലെ  Ralegan Siddhi എന്ന ഗ്രാമത്തില്‍ അദ്ദേഹം നടത്തിയ വിപ്ലവകരമായ പ്രവര്‍ത്തനങ്ങള്‍ ആ ഗ്രാമത്തെ ഒന്നാകെ മാറ്റി മറിച്ചതും ആ ഗ്രാമം ഒരു മോഡല്‍ ആയി തീര്‍ന്നതും എല്ലാം ആവേശകരമായ കാര്യം തന്നെ. പിന്നീട് 1995 ല്‍ മഹാരാഷ്ട്ര മന്ത്രിസഭയിലെ അഴിമതിക്കാരായ മൂന്ന് BJP- ശിവസേന മന്ത്രിമാരെ പുറത്താ ക്കുന്നതിലും അദ്ദേഹം വിജയിച്ചു.
സർക്കാർ ഭരണനിർവ്വഹണം സംബന്ധിച്ച വിവരങ്ങൾ അറിയാൻ പൊതുജനങ്ങൾക്ക് അവകാശം നൽകുന്ന വിവരാവകാശ നിയമം നടപ്പില്‍ വരുത്തുന്നതില്‍ അദേഹം വഹിച്ച പങ്കു ചെറുതല്ല.
സാമൂഹിക സേവന മികവിനുള്ള രമൺ മാഗ്സസെ അന്താരാഷ്ട്ര പുരസ്കാരവും ഭാരത സര്‍ക്കാരിന്റെ പദ്മ ഭുഷന്‍ പുരസ്കാരവും നേടിയ അദ്ദേഹത്തിനോട് എന്നും ബഹുമാനം മാത്രമേയുള്ളൂ.. പിന്നെയെന്തിനീ വിയോജനകുറിപ്പ്.?

അണ്ണാ ഹസാരെ നടത്തിയ മേല്‍ പറഞ്ഞ എല്ലാ പ്രവര്‍ത്തനങ്ങളോടും ഇന്ത്യന്‍ പൊതു സമൂഹവും മുഖ്യധാരാ മാധ്യമങ്ങളും പൊതുവേ പുറം തിരിഞ്ഞു നില്‍ക്കുകയായിരുന്നു എന്ന് തന്നെ പറയാം. അഴിമതിക്കെതിരെയുള്ള പോരാട്ടം ഹസാരെ ആരംഭിച്ചിട്ട് വര്‍ഷങ്ങളേറെയായി. പക്ഷെ ഹസാരെ എന്ന പേര് ഇത്രയും പോപ്പുലര്‍ ആയതു അദേഹത്തിന്റെ ജന ലോക്പാൽ ബിൽ സമരത്തിലൂടെയാണ്.
42 വർഷങ്ങൾക്ക് മുൻപ് കേന്ദ്രസർക്കരുണ്ടാകിയ ലോക പാൽ കരടു നിയമം പാസ്സാക്കുവാൻ രാജ്യസഭക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല .1969 ലെ നാലാം  ലോകസഭ ലോക പാൽ നിയമമം പാസ്സാക്കിയെങ്കിലും രാജ്യസഭ പാസ്സാക്കിയില്ല . 1996ല്‍ ദേവഗൗഡമന്ത്രിസഭ അധികാരത്തില്‍വരുമെന്നുവന്നപ്പോള്‍, അതിനെ പിന്തുണയ്ക്കുന്നതിനുള്ള മുന്നുപാധിയായി ഇടതുപക്ഷം മുന്നോട്ടുവച്ചത് ലോക്പാല്‍ബില്‍ പാസാക്കണമെന്നതാണ്. തുടര്‍ന്ന്, ആ മന്ത്രിസഭ ഒരു ബില്‍ രൂപപ്പെടുത്തി. പക്ഷേ, അത് അപര്യാപ്തമായിരുന്നു. അത് കൂടുതല്‍ ഫലവത്താകുംവിധം പരിഷ്കരിച്ച് അവതരിപ്പിക്കാനുള്ള ശ്രമം നടക്കുന്നതിനിടയില്‍ ആ മന്ത്രിസഭതന്നെ അധികാരത്തിനു പുറത്തുപോയി. പിന്നീട് 2004ല്‍ ഒന്നാംയുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഇടതു പക്ഷത്തിന്റെ നിര്‍ബന്ധം മൂലം ലോക്പാല്‍ ബില്‍ നിയമമാക്കുമെന്ന് പൊതുമിനിമം പരിപാടിയില്‍ എഴുതിച്ചേര്‍തെങ്കിലും കാര്യമായ തുടര്‍ നടപടിയൊന്നും കൈകൊണ്ടില്ല.

 പൊതുജീവിതത്തിലെ അഴിമതി തടയാൻ കഴിയും വിധം ജന ലോക്പാൽ ബിൽ പാർലമെന്റിൽ അവതരിപ്പിക്കണമെന്ന ആവശ്യത്തിന്മേൽ സർക്കാർ ചെവികൊടുക്കാത്തതിൽ പ്രതിഷേധിച്ച്  ജന്തർ മന്തറിൽ 2011 ഏപ്രിൽ 5 മുതൽ മരണം വരെ നിരാഹാരസമരം ആരംഭിച്ച അദ്ദേഹത്തിന് രാജ്യവ്യാപകമായ പിന്തുണ ലഭിച്ചു. വ്യവസായികളും ചലച്ചിത്ര താരങ്ങളും വിദ്യാർഥികളും വീട്ടമ്മമാരും യുവജനങ്ങളും തുടങ്ങി എല്ലാവരും ഹസാരെയുടെ അഴിമതിവിരുദ്ധ സമരത്തിന് പിന്തുണയുമായി മുന്നോട്ട് വന്നു. ഇതിനു പുറമേ ഇന്റർനെറ്റിലെ സൗഹൃദ വെബ്സൈറ്റുകൾ വഴി ഹസാരെക്കു പിന്തുണ പ്രഖ്യാപിച്ചവര്‍ നിരവധിയാണ്.

പ്രശ്നങ്ങള്‍ ഇവിടെ തുടങ്ങുന്നു. ചര്‍ച്ചകള്‍ വഴിമാറാന്‍ തുടങ്ങി. ഏറെക്കുറെ എല്ലാവരും ഹസാരെ എന്ന വ്യക്തിയെ അഴിമതി വിരുദ്ധ സമരത്തില്‍ നിന്നു വേര്‍പെടുത്തിയെടുത്തു പൂജിക്കാന്‍ തുടങ്ങി. ഗാന്ധിജിയുടെ രണ്ടാം ജന്മം, അഴിമതി അവസാനിപ്പിക്കാന്‍ പിറവിയെടുത്ത അവതാരം എന്നിങ്ങനെ പോയി അപദാനങ്ങള്‍. ഹസാരെ വളരെപ്പെട്ടെന്നു തന്നെ ഒരു ബിംബമായിതീര്‍ന്നു..
ഇതൊന്നും എന്റെ പണിയല്ല എന്ന് വിശ്വസിച്ചു സ്വയം പ്രതിഷേധങ്ങളില്‍ പങ്കെടുക്കാതെയിരിക്കുകയും  മാറ്റം വരുത്തുവാന്‍ വേറെയാരെങ്കിലും വരും എന്ന് കരുതി കാത്തിരിക്കുകയും ചെയ്യുന്നത്  ഇന്ത്യന്‍ മധ്യ വര്‍ഗത്തിന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന സ്വഭാവമാണല്ലോ..!

ഹസാരെ എന്ന വ്യക്തിക്ക് കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ പൊതു സമൂഹത്തില്‍  ലഭിച്ച സ്വീകാര്യത മുതലെടുക്കാന്‍ നിരവധി പേര്‍ രംഗത്ത് വന്നു. അഴിമതിക്കെതിരെയുള്ള പോരാട്ടതെക്കാളും ജന ലോക്പല്‍ ബില്ലിനെക്കാളും ഹസാരെ എന്ന വ്യക്തിക്ക് പ്രാധാന്യം ലഭിച്ചു. അഴിമാതിക്കെതിരെയും ജന ലോക്പല്‍ ബില്ലിന് വേണ്ടിയും പോരാട്ടം നടത്തിക്കൊണ്ടിരുന്ന മറ്റു പ്രസ്ഥാനങ്ങളെയും പ്രക്ഷോഭങ്ങളെയും പാടെ മറന്നു കളഞ്ഞ അവസ്ഥ വന്നു ചേര്‍ന്നു. ഹസാരെയുടെ കാമ്പയിന്‍ ആവേശവും പ്രത്യാശയും ഉണര്‍ത്തിയെന്നത് സത്യം. എന്നാല്‍ ഗാന്ധിജിയുടെ രണ്ടാം വരവ് എന്ന വിശേഷണത്തിന്  എത്രത്തോളം യോഗ്യനാണ് ഹസാരെ? ഗാന്ധിജിയുടെ അഹിംസാ രീതിക്ക് പകരം ശിവജിയുടെ ആക്രമണപാത സ്വീകരിക്കുമെന്ന് ഹസാരെ മുന്നറിയിപ്പ് നല്‍കുകയുണ്ടായി. സാധാരണഗതിയില്‍ ലക്ഷ്യം നേടാന്‍ സമാധാനപരമായ പ്രക്ഷോഭത്തിന്റെ വഴിതേടും, ആവശ്യമാണെങ്കില്‍ ഹിംസയുടെ മാര്‍ഗവും അവലംബിക്കും എന്നാണ് ഹസാരെയുടെ  പരാമര്‍ശത്തിന്റെ പൊരുള്‍.
Jindal Steel & Power Limited
അഴിമതിക്കെതിരായ പോരാട്ടം കോര്‍പറേറ്റ് ശക്തികളെക്കൊണ്ട് സ്പോണ്‍സര്‍ ചെയ്യിക്കുന്നതില്‍ ഹസാരെ തെറ്റുകാണുന്നില്ല. അഞ്ചുദിവസത്തെ സമരത്തിന് 50 ലക്ഷമല്ല, 30 ലക്ഷമേ ചെലവായുള്ളൂ എന്നാണ് അദ്ദേഹം പറയുന്നത്. ജിന്‍ഡാള്‍ കമ്പനി 25 ലക്ഷം രൂപ നല്‍കിയത്രേ. ഗുഡ് എര്‍ത്ത് മൂന്നുലക്ഷം രൂപയും ശ്രീറാം ഇന്‍വെസ്റ്റ്മെന്റ് ഗ്രൂപ്പ് രണ്ടുലക്ഷംരൂപയുമാണത്രേ നല്‍കിയത്. കോര്‍പറേറ്റ് വമ്പന്മാര്‍ സ്പോണ്‍സര്‍ചെയ്യുന്ന "ഗാന്ധിയന്‍ സമരം"" എന്നത് പുതിയ ഒരു ആശയമാണ്. ഇതില്‍ ഹസാരെ അനൗചിത്യമേതും കാണുന്നില്ല എന്നത്  ഞെട്ടലുളവാക്കുന്നു.

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് ഹസാരെ നല്‍കിയ പ്രശംസയും പ്രചാരണ പരിപാടിയുടെ അന്തഃസത്തക്ക് നിരക്കാത്തതായി. 2500 മുസ്‌ലിംകളെ വംശഹത്യ നടത്തിയതിന്റെ രക്തക്കറ മോഡിയുടെ കൈകളിലുണ്ട്. വ്യാജ ഏറ്റുമുട്ടല്‍ കൊലകളുടെ വിചാരണ ഇപ്പോഴും നടന്നുവരുന്നു.ജനങ്ങള്‍ സമാദരണീയനായി മാനിക്കുന്ന ഹസാരെ ഇത്തരം വിഷയങ്ങളില്‍ പ്രസ്താവന നടത്തുമ്പോള്‍ കൂടുതല്‍ പക്വമായ സമീപനം സ്വീകരിക്കേണ്ടിയിരുന്നു.

അതേസമയം, അഴിമതിവിരുദ്ധ പ്രചാരണത്തിനെതിരെ ചില ദോഷൈകദൃക്കുകള്‍ വിമര്‍ശനങ്ങള്‍ എയ്തുവിടുന്നുണ്ട്.ബില്‍ ജനാധിപത്യ വിരുദ്ധമാണെന്നും കേസന്വേഷണം, വിചാരണ, ശിക്ഷ നല്‍കല്‍ എന്നീ അധികാരങ്ങള്‍ ലോക്പാലിന് നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ഉള്ള ആരോപണങ്ങളില്‍ കഴമ്പില്ല. ലോക്പാലിന്റെ ആഘാതശേഷി ക്ഷയിപ്പിക്കുന്ന രീതിയിലാണ് മന്ത്രിമാരുടെ നീക്കങ്ങള്‍. പരാതി ലോക്പാലിന് നേരിട്ട് നല്‍കരുതെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി വാദിക്കുന്നു. ലോക്പാല്‍ ബില്ലിനെ പരിഹസിക്കാന്‍വരെ കപില്‍ സിബല്‍ തയ്യാറായി.

അഴിമതിയുടെ ഭൂതം സര്‍വതലങ്ങളേയും ഗ്രസിക്കുന്നത് കണ്ട് നിസ്സഹായരായിനിന്ന പൊതുജനങ്ങള്‍ ഇതിന്റെ അറുതി മനസ്സില്‍ കൊതിക്കുന്നു. എന്നാല്‍ ഇതിനെതിരെ എത്ര പേര്‍ ഒരു ചെറു വിരലെങ്കിലും അനക്കിയിട്ടുണ്ട്? അഴിമതിക്കാരെന്ന്  നൂറു ശതമാനം വ്യക്തമായി അറിയുന്നവരെതന്നെ വീണ്ടും വീണ്ടും ഭരണാധികാരികളായി തെരഞ്ഞെടുക്കുന്നവരല്ലേ നമ്മള്‍?
അണ്ണാ ഹസാരെയെ  ഒരു വിഗ്രഹമായി കണ്ടു ആരാധി ക്കുന്നതിന്  പകരം അഴിമതിക്കെതിരെയുള്ള പോരാട്ടങ്ങളില്‍ ചെറുതായെങ്കിലും പങ്കു ചേര്‍ന്നിരുന്നുവെങ്കില്‍.......................
ഇല്ല, ഇന്ത്യന്‍ ജനതയുടെ പ്രതികരണ ശേഷി പൂര്‍ണമായും നശിച്ചിട്ടില്ല..
ഇന്ത്യന്‍ ജനാധിപത്യം തെറ്റുകള്‍ തിരുത്തി തീര്‍ച്ചയായും മുന്നോട്ടു പോകും.

ലോക്പാല്‍ ബില്‍,  ജന ലോക്പാല്‍ ബില്‍ എന്നിവയുടെ കരടു രൂപം കാണൂ .