Thursday, December 31, 2015

മൂന്നു കുഞ്ഞു കഥകള്‍.


കഥകള്‍ അല്ല,നടന്ന സംഭവങ്ങള്‍ തന്നെ. കേന്ദ്ര കഥാപാത്രമായി വരുന്നത്
  അഞ്ച് വയസ്സുകാരി  pk എന്ന ചുരുക്കപ്പേരിൽ വിളിക്കുന്ന പൊന്നുംകട്ട.

ഒന്ന്‍.
ബസ്സില്‍ വാശി പിടിച്ചു കൈക്കലാക്കിയ വിന്‍ഡോ സീറ്റില്‍ ഇരുന്നുകൊണ്ട് കാണുന്ന കാഴ്ചകള്‍ ഇടവേളകള്‍ ഇല്ലാതെ എനിക്ക് വിശദീകരിച്ചു തന്നുകൊണ്ടിരിക്കുകയാണ് അവള്‍...

'അതേയ്, അവിടെ, ആ പള്ളിയിൽ കണ്ട പ്രാവുകൾ തന്നെയാണോ ഇവിടെയും വരുക?'

പട്ടാമ്പി ടൌണിൽ ഒരു മുസ്ലീം പള്ളിയുണ്ട്, അതിൻറെ മിനാരങ്ങളിൽ പ്രാവുകൾ ഇരിക്കുന്നത് ഞാനും കണ്ടിരുന്നു..കുന്നംകുളത്തിന് പോകുന്ന വഴിയിൽ ബസ് ഇത്തിരി കൂടെ മുന്നോട്ട് പോയപ്പോൾ   ഒരു അമ്പലം കണ്ടു. അതിന്റെ മുറ്റത്തും കുറെ പ്രാവുകൾ കൊത്തിപ്പെറു ക്കുന്നുണ്ട് . അത് കണ്ടപ്പോൾ ചോദിച്ചതാണ്....

'ആ പ്രാവുകൾ അല്ല, ഇത് വേറെ പ്രാവുകൾ ആണ്.തന്നെയല്ല അത് ഇത്തിരി ദൂരെയാണല്ലോ.' ഞാൻ പറഞ്ഞു.
'ദൂരെയാണെങ്കിൽ എന്താ അതിനു ചിറകുകൾ ഇല്ലേ?, പറന്നിവിടെ വരാമല്ലോ.'

'വരാം, ആകാശത്തിലെ പറവകൾക്ക്‌ അതിരുകൾ ബാധകമല്ല.'

രണ്ട് . 
ഞാൻ കുട്ടിയും അവൾ ടീച്ചറും ആണ്...
പരീക്ഷ നടക്കുകയാണ്. അവൾ ചോദ്യം ചോദിക്കും,ഞാൻ ഉത്തരം പറയണം.

വൃക്ഷത്തെ ഭക്ഷിക്കുന്ന ജീവി ? ( പരീക്ഷ ആകുമ്പോൾ ചോദ്യങ്ങൾ 'ഫോർമൽ' ആകണമല്ലോ ..!)
 മനസ്സിലായില്ല.
അതേയ് ,മരത്തെ തിന്നാൻ  പറ്റുന്ന ജീവി.
മനുഷ്യൻ , ഞാൻ പറഞ്ഞു.. നമ്മൾ ഇലക്കറികൾ ഒക്കെ കഴിക്കാറുണ്ടല്ലോ.
'ഏയ്‌, അല്ല ' അതൊക്കെ ചെടികൾ അല്ല, വലിയ മരം..
ഞാൻ ആകെ കുഴപ്പത്തിൽ ആയി..

'ആന ആണോ?, ആന തെങ്ങും പനയും ഒക്കെ തിന്നാറുണ്ടല്ലോ..'

'ഏയ്‌ അല്ല...'
 
വലിയ മരം തിന്നുന്ന ജീവിയോ..
ഞാൻ കുറെ ആലോചിച്ചു നോക്കി.
 'ഗൂഗിൾ ' ചെയ്തു നോക്കി, രക്ഷയില്ല....
ഞാൻ പതുക്കെ സ്ഥലം വിടാൻ നോക്കി..

'തോറ്റോ ?'
'തോറ്റു' .


'പുഴു'.


വലിയ മരം പതിയെപ്പതിയെ തിന്നുന്ന ചെറിയ പുഴു..

(വീടിനടുത്ത പറമ്പിലെ ഒരു മരം വീണ് മുഴുവൻ ചിതലരിച്ചു പോയിരുന്നു, ആയിടക്ക്.)

മൂന്ന് 
ഇന്ന് പരീക്ഷ അവൾക്കാണ് .
സ്കൂളിൽ പോകാനൊരുങ്ങുമ്പോൾ പുതിയതായി വാങ്ങിയ 'റൈറ്റിംഗ് പാഡ് ' ബാഗിൽ എടുത്തു വയ്ക്കുന്നത് കണ്ട് ഞാൻ ചോദിച്ചു.
'ആഹാ , എഴുത്തു പരീക്ഷ യാണോ'.
(  ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഞങ്ങൾക്കൊക്കെ viva voce രൂപത്തിൽ ഉള്ള പരീക്ഷ ആയിരുന്നു.)
'പിന്നെ മാമൻ എന്താ കരുതിയത് ?, എല്ലാർക്കും ഓണ്‍ലൈൻ എക്സാം നടത്താനുള്ള 'ഇദ് ' ഒന്നും ഞങ്ങളുടെ സ്കൂളിൽ ഇല്ല.'
'ഏ ..................'


Monday, October 19, 2015

ഒറ്റ ദിവസത്തെ ക്ലാസ്സ്കൊണ്ട് മതേതരത്വം പഠിപ്പിക്കാനാകില്ല.

ഈയിടെ ഒരു സ്വകാര്യ വര്‍ത്തമാനത്തിനിടയില് ഈദ്‌ പെരുന്നാളിനെക്കുറിച്ച് 'അവമ്മാരുടെ ഒരു പെരുന്നാളും പോത്തറക്കലും' എന്ന് 'പൊതുവേ മതേതരസ്വഭാവം' സ്വഭാവം പ്രകടിപ്പിച്ചിരുന്ന ഒരു സുഹൃത്ത് അഭിപ്രായപ്പെട്ടു. രണ്ടോമൂന്നോ വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ഒന്നിച്ചു പെരുന്നാള്‍ ബിരിയാണികളും ഇഫ്താര്‍ വിരുന്നുകളും ആസ്വദിച്ച് കഴിച്ചിട്ടുള്ള ഒരാളുടെ നാവില്‍ നിന്നുതന്നെ വര്‍ഗീയതയുടെ ഈ ഭാഷ പുറത്ത് വന്നത് കൂടെയിരുന്ന ഞങ്ങൾ മറ്റ് സുഹൃത്തുക്കളെയും പറഞ്ഞ അവനെത്തന്നെയും ഒരു നിമിഷ നേരത്തേക്ക് കുഴപ്പത്തിലാക്കി. അവൻ ഒരിക്കലും കരുതിക്കൂട്ടി പറഞ്ഞതല്ലായിരുന്നു. ഉടന്‍തന്നെ തിരുത്തിയെങ്കിലും അത് അവന്‍റെ നാവില്‍ /ഉള്ളില്‍ തന്നെ കിടന്ന്‍ വീണ്ടും തികട്ടി വരില്ലെന്ന് ഉറപ്പൊന്നുമില്ല. കേന്ദ്രത്തിൽ നടന്ന അധികാരമാറ്റവുമായി ബന്ധപ്പെട്ടു ഭരണ തലത്തിലും പൊതു സമൂഹത്തിലും തീവ്ര ഹിന്ദുത്വ ആശയങ്ങൾക്ക് സ്വാധീനം കൂടിവരുന്നുണ്ട് എന്നത് ചുറ്റുപാടും നടക്കുന്ന സംഭവങ്ങളിൽ നിന്ന് മനസ്സിലാക്കാൻ കഴിയും. ഗോവിന്ദ് പൻസാരെ മുതൽ പ്രൊഫസര്‍ കല്‍ബുര്‍ഗി വരെയുള്ള സാമൂഹിക പ്രവര്ത്തകരുടെ കൊലപാതകം മുതൽ ഒരാള് ബീഫ് കഴിച്ചു എന്നറിഞ്ഞ ഉടനെ അക്രമാസക്തമായി കൊല ചെയ്യുന്ന ആൾക്കൂട്ടങ്ങൾ വരെ അതിന്റെ ഭീതിപ്പെടുത്തുന്ന അടയാളങ്ങൾ ആണ്. , എന്നാൽ അധികാരമാറ്റത്തിൻറെ തലേ ദിവസം വരെ ഇല്ലാതിരുന്ന വര്‍ഗ്ഗീയത ഒരു ദിവസം കൊണ്ട് നമ്മിലേക്ക് പൊട്ടിവീണതാണെന്നാണോ ?

നമ്മുടെ ദൈനംദിന ജീവിതത്തിൽ നാം നേരിടേണ്ടി വരുന്ന നൂറായിരം ജീവിത പ്രശ്നങ്ങളിൽ ഭൂരിഭാഗവും- വിശപ്പ്‌,വേതനം,വിദ്യാഭ്യാസം,ആരോഗ്യം,പരിസ്ഥിതി,....- മതവിശ്വാസവുമായോ മതം 'അനുശാസിക്കുന്ന' ആശയങ്ങളുമായോ നേരിട്ട് ബന്ധമുള്ളതല്ല.മതം അത് വാഗ്ദാനം ചെയ്യുന്ന നൈതിക - ധാര്‍മ്മികമൂല്യങ്ങള്‍ -സ്നേഹം ,കരുണ, സാഹോദര്യം , തുടങ്ങിയവ - വിശ്വാസികളുടെ മനസ്സിലും പ്രവൃത്തികളിലും ഉളവാക്കുന്ന രൂപഭാവങ്ങളില്‍ അല്ലാതെ നമ്മുടെ ജീവിതത്തില്‍ ഇടപെടുന്നില്ലെന്ന്‌ നമ്മുടെ ദൈനംദിന പ്രവര്‍ത്തനങ്ങളിലേക്ക് കണ്ണോടിച്ചാല്‍ മനസ്സിലാകാം. ഈ 'ധാര്‍മ്മിക മൂല്യങ്ങള്‍' ആകട്ടെ എല്ലാ മതങ്ങളിലും ഏതാണ്ട് ഒരേ പോലെയാണ് താനും. മതവിശ്വാസമോ , സാമുദായികമായ അസ്തിത്വമോ ആണോ സമുദായങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധയും ഹിംസാത്മകമായ ആക്രമണപരമ്പരകളും സൃഷ്ടിക്കുന്ന വര്‍ഗ്ഗീയത ഉണ്ടാക്കുന്നത്? മതവിശ്വാസത്തെ രാഷ്ട്രീയാധികാരത്തിനും ആധിപത്യത്തിനും വേണ്ടി ഉപകരണമാക്കുമ്പോഴാണ് , മതം ഉയര്‍ത്തിപ്പിടിക്കുന്ന ധാര്‍മ്മിക മൂല്യങ്ങളെ അപ്പാടെ അട്ടിമറിച്ചു കൊണ്ട് വര്‍ഗ്ഗീയത അതിന്‍റെ വിശ്വരൂപം പ്രാപിച്ച് അക്രമാസക്തമാകുന്നത്.


വര്‍ഗ്ഗീയത വളരെ ക്രൂരമായ മാനങ്ങള്‍ കൈവരിച്ച് 'മതഭീകരത'യായി രൂപം പ്രാപിച്ചു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ജനസംഖ്യയുടെ വലിയൊരു ശതമാനംപേരും (95% ന് മുകളില്‍ ) മത വിശ്വാസികള്‍ ആയിട്ടുള്ള ,മതേതര രാഷ്ട്രമായ ഇന്ത്യയില്‍ മതവും വര്‍ഗ്ഗീയതയും തമ്മിലുള്ള അതിര്‍ വരമ്പുകള്‍ വേര്‍തിരിച്ചുകാണാന്‍ എളുപ്പമല്ലാത്തവിധം ചുരുങ്ങിക്കൊണ്ടിരിക്കുന്നു എന്നതാണ് ഈ കാലഘട്ടത്തില്‍ ഇന്ത്യന്‍ മതേതരത്വം നേരിടുന്ന പ്രധാന വെല്ലുവിളി. വിശ്വാസികളില്‍ ആരൊക്കെയാണ് സെക്യുലര്‍, ആരൊക്കെയാണ് കമ്യൂണല്‍, ആര്‍ക്കൊക്കെ സെക്യുലര്‍ വിശ്വാസത്തില്‍നിന്ന്‍ (എന്‍റെ സുഹൃത്തിന് സംഭവിച്ച പോലെ ) കമ്യൂണല്‍ വിശ്വാസത്തിലേക്ക് രൂപമാറ്റം സംഭവിക്കാം എന്നൊക്കെ വേര്‍തിരിച്ചറിയുക ദുഷ്കരമാണ്. സമുദായ സംഘടനാ നേതാക്കളുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമ്പോഴും ,ആള്‍ ദൈവങ്ങളെ വിമര്‍ശിക്കുമ്പോഴും , പുരാണേതിഹാസങ്ങള്‍ പഠനവിധേയമാക്കുമ്പോഴും 'മതവികാരം വ്രണപ്പെട്ടു ' എന്നാരോപിച്ച് മത സംഘടനകള്‍ രംഗത്തെത്തുന്നത് ഇന്ന്‍ പതിവ്‌ കാഴ്ചയാണല്ലോ.
 
മതേതരത്വം എന്ന പദം ഇന്ത്യന്‍ ഭരണഘടനയില്‍ ഇടം പിടിക്കുന്നത് 1976ല്‍ ആണെങ്കിലും , ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനവും സ്വാതന്ത്ര്യാനന്തര ഭരണ സംവിധാനവും മതേതരത്വം എന്ന ആശയത്തെ ഇന്ത്യയുടെ നിലനില്പ്പിനു തന്നെ അവശ്യംവേണ്ട ഘടകമായി കണക്കാക്കിയിരുന്നു. നാനാ മതസ്ഥര്‍ ഒരുമിച്ച് ജീവിക്കുന്ന ഒരു സമൂഹത്തില്‍ മതേതരത്വം ഇല്ലാതെ ഒരു ജനാധിപത്യ സംവിധാനത്തിന് നില നില്‍ക്കാന്‍ കഴിയില്ലല്ലോ. എന്നാല്‍ മതേതരത്വം കടന്നു ചെല്ലാത്ത വലിയൊരു മണ്ഡലം നമ്മുടെ സമൂഹത്തിലുണ്ട് എന്നതും നാം മനസ്സിലാക്കേണ്ടതുണ്ട്. കഴിഞ്ഞ കുറെ ദശകങ്ങള്‍ ആയി ആ ഇടം കൈക്കലാക്കാനുള്ള തന്ത്ര പരമായ ശ്രമത്തിലാണ് വര്‍ഗ്ഗീയ ശക്തികള്‍.
വര്‍ഗീയത പ്രചരിപ്പിക്കുന്നത് സാംസ്കാരികവും പ്രത്യയശാസ്ത്രപരവുമായാണ്. സ്കൂളുകളില്‍ വ്യത്യസ്ത മതങ്ങളില്‍ പെട്ട കുട്ടികള്‍ക്ക്‌ പ്രത്യേകം പ്രത്യേകം മത പഠന ക്ലാസ്സുകള്‍ നടത്തുന്നതും, നവോത്ഥാന പ്രസ്ഥാനങ്ങളുടെ ഭാഗമായി ഒരു കാലത്ത്‌ നാം ഉപേക്ഷിച്ച ആചാരങ്ങളും മത ചിഹ്നങ്ങളും തിരികെ കൊണ്ടുവരുന്നതും, 'മുസ്ളിം ഭീകരര്‍ പിടിയില്‍','15 ഹിന്ദുക്കള്‍ അപകടത്തില്‍ മരിച്ചു' എന്നൊക്കെയുള്ള പത്ര തലക്കെട്ടുകളും, "ബോംബിവിടെ മലപ്പുറത്ത് ഇഷ്ടം പോലെ കിട്ടുമല്ലോ"(ആറാം തമ്പുരാന്‍) എന്നിങ്ങനെയുള്ള സിനിമാ ഡയലോഗുകളും നേരിട്ടല്ലെങ്കില്‍ പോലും മതേതര ഇടങ്ങളിലേക്കുള്ള ഈ കടന്നാക്രമണത്തെ സഹായിച്ചിട്ടുണ്ട്. പ്രാദേശികമായ വര്‍ഗ്ഗീയകലാപങ്ങള്‍ ആസൂത്രണം ചെയ്ത് വര്‍ഗ്ഗീയധ്രുവീകരണം ഉറപ്പുവരുത്തുകയും അങ്ങനെ തിരഞ്ഞെടുപ്പ് വിജയം നേടുവാന്‍ കഴിയുന്നതും ഈ കടന്നു കയറ്റത്തിന്റെ തുടര്‍ച്ചയാണ്‌.മനുഷ്യനെയും മാനവികതയെയും അംഗീകരിക്കാത്ത ആശയ സംഹിതയാണ് വര്‍ഗീയത. അതുകൊണ്ട്, മാനവികതയെ ഉയര്‍ത്തിപ്പിടിക്കുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും നിരന്തരം വേട്ടയാടുന്നത് വര്‍ഗീയശക്തികളുടെ സ്ഥിരം പരിപാടിയാണ്.കല്‍ബര്‍ഗി, പന്‍സാരെ, ധാബോല്‍ക്കര്‍....ഡോ. കെ എസ് ഭഗവാന്‍, പെരുമാള്‍ മുരുകന്‍, ഡോ. എംഎം ബഷീര്‍...നമുക്ക്‌ ചുറ്റും ഉദാഹരണങ്ങള്‍ നിരവധിയാണ്.


ഇന്ത്യയെപ്പോലെയുള്ള ഒരു ബഹു-മത,ബഹു-വംശ , ബഹു-ഭാഷാ, ബഹു-സംസ്കാര രാഷ്ട്രത്തില്‍ ഭരണകൂടം മതേതരമാകേണ്ടത് അനിവാര്യമാണ്. ഭരണകൂടം മതേതരമല്ലെങ്കില്‍ നമ്മുടെ പൊതു സമൂഹത്തില്‍ മതേതരത്വം സാധ്യമല്ല. തിരിച്ച് ഒരു മതേതര സമൂഹത്തിന് മാത്രമേ ജനാധിപത്യ മത നിരപേക്ഷ ഭരണകൂടത്തെ തെരഞ്ഞെടുക്കാനും നിലനിര്‍ത്താനും കഴിയൂ. അങ്ങനെ മതേതരത്വം നില നിര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യസംവിധാനത്തെ സംരക്ഷിക്കാനുളള സമരം കൂടിയായി ഇപ്പോള്‍ മാറിത്തീരുന്നുണ്ട്. ശക്തമായ മതനിരപേക്ഷ വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഇത് സാധ്യമാകൂ. എന്നാല്‍ അനുദിനം വര്‍ഗ്ഗീയ വല്‍ക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു സമൂഹത്തില്‍ എങ്ങനെയാണ് നാമത് നേടിയെടുക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു പ്രശ്നംതന്നെയാണ്. ഹിന്ദു-മുസ്ലിം "ഭായി ഭായി" എന്ന് പറഞ്ഞുകൊടുക്കുന്നതു കൊണ്ട് മാത്രം മതനിരപേക്ഷ വിദ്യാഭ്യാസം സാധ്യമാകുന്നില്ല.

secular എന്ന  വാക്ക്‌ ഇല്ലാത്ത ഭരണഘടനയുടെ ചിത്രവുമായി  ഇറങ്ങിയ  സര്‍ക്കാര്‍ പരസ്യം .

ഒരു അന്‍പത് വര്ഷം മുന്‍പ്‌ മതേതരത്വത്തെപ്പറ്റി പറയുന്നതുപോലെ ഇന്ന് പറഞ്ഞാല്‍ പോര. അന്ന് മതേതരത്വത്തെക്കുറിച്ച് ,അതിന്‍റെ ആവശ്യകതയെക്കുറിച്ച് ആര്‍ക്കും സംശയമുണ്ടായിരുന്നില്ല.  എന്നാല്‍ ഭരണഘടനയില്‍  തന്നെ 'മതേതരം ' എന്ന വാക്ക്‌ നില നിര്‍ത്തണോ എന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ ആവാം എന്നാണ് കേന്ദ്രമന്ത്രിമാര്‍ തന്നെ  പറയുന്നത്.ഇന്ന്‍ നമ്മുടെ സമൂഹത്തില്‍ നിന്ന്‍ പൊതു മതേതര ഇടങ്ങള്‍ - വായനശാലകള്‍,കലാസാംസ്‌കാരിക സമിതികള്‍, പൊതു കളിയിടങ്ങൾ ഇവയൊക്കെ- ക്രമേണ നഷ്ടമായിക്കൊണ്ടിരിക്കുന്നു. പുതിയ കാലത്ത്‌ ഇവയ്ക്ക്‌ പകരം വെയ്ക്കാവുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ചര്‍ച്ചകളാകട്ടെ പലപ്പോഴും വര്‍ഗ്ഗീയതയുടെ ഇടപെടല്‍ മൂലം അതി ഭീകരമായി വഴിതെറ്റി പോകാറുമുണ്ട്. ഹിന്ദു-മുസ്ലിം ഐക്യത്തെക്കുറിച്ചുള്ള നൂറു പഠന ക്ലാസ്സുകളെക്കാള്‍ ഫലപ്രദമായിരിക്കും അവരൊന്നിച്ച് മത്സരിക്കുന്ന ഒരു ക്രിക്കറ്റ് അല്ലെങ്കില്‍ ഫുട്ബോള്‍ മാച്ച് എന്ന്‍ നാം മറന്നുകൂടാ .മതങ്ങളും ജാതികളും ഉപജാതികളും സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയപ്പോള്‍ പൊതു വിദ്യാലയങ്ങളില്‍ നിന്നുണ്ടായിട്ടുള്ള കൊഴിഞ്ഞുപോക്ക് ഒരു വശത്തും, പൊതുവിദ്യാഭ്യാസ രംഗത്തെ രൂക്ഷമായ വര്‍ഗ്ഗീയ വല്‍ക്കരണം മറു വശത്തും മതേതരമൂല്യങ്ങളുടെ വീണ്ടെടുപ്പിന് പ്രതിരോധം സൃഷ്ടിക്കുന്നു. മിത്തുകളേയും മനോകല്‍പ്പനകളേയും ശാസ്ത്രീയമെന്നോണം അവതരിപ്പിച്ച്  അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ജനപ്രിയവും ജനകീയവുമാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും ശ്രമിക്കുന്നത്   യുക്തിബോധത്തിനും ശാസ്ത്രബോധത്തിനുമെതിരായ നിഷ്ഠൂരമായ കടന്നാക്രമണങ്ങള്‍ക്ക്  വഴിതെളിക്കുന്നു.

ഇന്ത്യയുടെ
  ബഹുസ്വരതയ്ക്ക്‌  മേല്‍ വര്‍ധിച്ചുവരുന്ന നിഷ്ഠൂരമായ അക്രമങ്ങള്‍ക്ക് വളംവെച്ചു കൊടുക്കുന്നതാണ് അധികാര കേന്ദ്രങ്ങളുടെയും പൊതുസമൂഹത്തിന്റെയും അപകടകരമായ   മൗനം.ഇന്ത്യയുടെ എല്ലാ സ്വതന്ത്ര ചിന്താ മേഖലയിലും ആക്രമണം അഴിച്ചു വിടുമ്പോള്‍ എഴുത്തുകാര്‍ നിശബ്ദരാക്കുമ്പോള്‍ , കൊല്ലപ്പെടുമ്പോള്‍പ്പോലും നമ്മുടെ ബുദ്ധിജീവി  സമൂഹം  കുറ്റകരമായ  മൌനം പാലിക്കുകയാണ്.  എന്തിന് അക്കാദമി   പുരസ്കാരങ്ങള്‍  തിരിച്ച് നല്‍കി പ്രതിഷേധിച്ചതിനെതിരെ വരെ വിമര്‍ശനങ്ങള്‍  ഉണ്ടായി.


 ഇന്ന് മതേതരത്വത്തെക്കുറിച്ച് പറയുന്നത് തന്നെ ഒരു സമരമാണ്. അത് ഇന്ത്യയുടെ ബഹുസ്വരത നില നിര്‍ത്താന്‍ വേണ്ടിയുള്ള , നമ്മുടെ അഭിപ്രായ സ്വാതന്ത്രവും , മത  സ്വാതന്ത്ര്യവും ,  ഭക്ഷണ  സ്വാതന്ത്ര്യവും , വ്യക്തി  സ്വാതന്ത്ര്യവും   നില  നിര്‍ത്താനുള്ള,  ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അസ്ഥിവാരം നില നിര്‍ത്താനുള്ള പോരാട്ടമാണ്.