Friday, February 1, 2013

പതിനൊന്നു മണിക്കുള്ള ബെല്‍ ..!

സ്കൂളില്‍ പഠിക്കുമ്പോള്‍ എല്ലാ ജനുവരി മുപ്പതിനും രാവിലെ ഒരു നോട്ടീസ്‌ വരുമായിരുന്നു. ഇന്ന് കൃത്യം പതിനൊന്നു മണിക്ക് എല്ലാവരും എഴുന്നേറ്റു നിന്ന് മൌനമാചരിക്കണം എന്നുള്ള  അഭ്യര്‍ത്ഥന ആയിരിക്കും അത്. പതിനൊന്നു മണിക്ക് ബെല്‍ കേട്ടാലുടന്‍ എല്ലാവരും എഴുന്നേറ്റു നില്‍ക്കും. മൌനമാചരിക്കാനുള്ള ഉത്തരവ്  അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ള ചില വിരുതന്മാര്‍  എന്തെങ്കിലും  ശബ്ദങ്ങള്‍ ഉണ്ടാക്കും, അപ്പോള്‍ മാഷ്‌ ചൂരല്‍ തുമ്പ് കാണിച്ചും കണ്ണുരുട്ടി കാണിച്ചും അവരെ നിശബ്ദരാക്കും.

നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ മറ്റോ ആണ് ഒരു ബാക്ക് ബെഞ്ച്‌ വിരുതൻ ഉണ്ടാക്കിയ കലപില ശബ്ദം അടക്കിപ്പിടിച്ച ചിരിയിൽ നിന്ന്  ക്ലാസ്സിനെ ചെറിയ / വലിയ ബഹളത്തിലേക്ക് എത്തിച്ചു. അന്നാണ് ജനുവരി മുപ്പതു രക്തസാക്ഷി ദിനമാണ് എന്നും ഗാന്ധിജി മരിച്ച ദിവസമാണെന്നും അദ്ദേഹത്തോടും മറ്റനേകം രക്തസാക്ഷികളോടും ഉള്ള ബഹുമാന സൂചകമായി ആണ് മൌനാചരണം എന്നുമൊക്കെ ബഹളമുണ്ടാക്കാന്‍ ശ്രമിച്ചവരെ ശാസിച്ചുകൊണ്ട് മാഷ്‌ പറഞ്ഞു തന്നത്. രക്തസാക്ഷിത്വത്തിൻറെ മഹത്വം ഒന്നും പൂർണ്ണമായി മനസ്സിലാക്കാൻ ഉള്ള പക്വത വന്നിരുന്നില്ലെങ്കിലും ബഹളമുണ്ടാക്കിയത് വലിയ തെറ്റായിപ്പോയി എന്ന് ഞങ്ങൾക്ക്  തോന്നി .ക്ലാസ്സിൽ മൌനം നിറഞ്ഞത്‌ അപ്പോഴായിരുന്നു . പിന്നെ  ഗാന്ധിവധത്തിൻറെ 'കഥ' മാഷ്‌ പറഞ്ഞു തന്നു.
 ഗാന്ധിജി വെടിയേറ്റ്‌ മരിച്ചത്‌ ആണെന്നും കൊന്നത്  ഒരിന്ത്യക്കാരന്‍ തന്നെ ആണെന്നും ഉള്ള  അറിവ് അന്ന് ക്ലാസില്‍ ഉണ്ടായിരുന്ന എല്ലാവരിലും സൃഷ്ടിച്ച അമ്പരപ്പ് ചെറുതായിരുന്നില്ല....!!! കൊന്നത് ഒരു മത തീവ്രവാദിയാണെന്നും ബാക്കിയൊക്കെ വലുതാകുമ്പോള്‍ നിങ്ങള്‍ സ്വയം പഠിക്കുമെന്നും പറഞ്ഞു കൊണ്ട് മാഷ്‌ പാഠപുസ്തകത്തിലേക്ക് തിരിഞ്ഞു. ബാബറിമസ്ജിദ് തകര്‍ക്കപ്പെട്ടതും അതിനെ തുടര്‍ന്നുള്ള കലാപങ്ങളും കൊടുമ്പിരിക്കൊണ്ട സമയമായിരുന്നു അത് എങ്കിലും അമ്പലവും പള്ളിയും തമ്മിലുള്ള വ്യത്യാസമൊന്നും ഞങ്ങള്‍ കുട്ടികളെ അത്രയ്ക്കങ്ങ് ബാധിച്ചിട്ടുണ്ടായിരുന്നില്ല.


ഗാന്ധിജി കൊല്ലപ്പെട്ടു കഴിഞ്ഞ ഉടനെ മരണവാര്‍ത്ത അറിയിക്കാന്‍ നടത്തിയ പൊതു അറിയിപ്പ് ഇപ്രകാരം ആയിരുന്നു " ഗാന്ധിജി കൊല്ലപ്പെട്ടു , വെടിയുതിര്‍ത്തത് ഒരു ഹിന്ദു വാണ്." അന്നത്തെ വൈസ്രോയി ആയിരുന്ന മൌന്റ്റ്‌ ബാറ്റന്‍റെ പ്രത്യേക നിര്‍ദേശത്തെത്തുടര്‍ന്നാണ് രണ്ടാമത്തെ വാചകം കൂട്ടിച്ചേര്‍ത്തത്. വിഭജനം കലാപകലുഷിതമാക്കി മാറ്റിയ ഒരു നാട്ടില്‍  വീണ്ടും ഒരു കലാപത്തിനുള്ള സാധ്യത അദ്ദേഹം തിരിച്ചറിഞ്ഞിരിക്കണം. എന്നാല്‍ ഗാന്ധിജിയുടെ കൊലപാതകം വലിയ മാറ്റങ്ങള്‍ ആണ് ഉണ്ടാക്കിയത്. വിഭജനവുമായി ബന്ധപ്പെട്ടുണ്ടായ കലാപങ്ങള്‍ എല്ലാം വളരെപ്പെട്ടെന്നു തന്നെ കെട്ടടങ്ങി. വിഘടന വാദ പ്രസ്ഥാനങ്ങളെ നിയന്ത്രിക്കാന്‍ ഭരണകൂടത്തിനു  ധൈര്യമുണ്ടായി. ഇന്ത്യയിലെ വിഘടന വാദ പ്രസ്ഥാനങ്ങള്‍ക്ക് കിട്ടിയ ആദ്യത്തെ ഷോക്ക്‌ ട്രീറ്റ്മെന്‍റ് ആയിരുന്നു ഗാന്ധി വധം.

കാലം കടന്നു പോയി. വിഘടന വാദത്തിന്‍റെ രാഷ്ട്രീയം അധികാരത്തിലേക്കുള്ള ചവിട്ടു പടികള്‍ ആയി രൂപാന്തരം പ്രാപിച്ചു . അധികാരത്തിന്‍റെ സംരക്ഷണ കവചവും....! ഹിന്ദു മുസ്ലീം വിദ്യാര്‍ഥികളെ പ്രത്യേകം മുറിയില്‍ ഇരുത്തിയുള്ള മത പഠനം സ്കൂളുകളില്‍ കയറിക്കൂടിയപ്പോള്‍ ഞങ്ങളും നിങ്ങളും എന്ന ബോധം പിഞ്ചു മനസ്സുകളിലും വേരോടാന്‍ തുടങ്ങി.  വിഭാഗീയത നമ്മുടെ മനസ്സിന്റെ ഉള്ളറകളില്‍ ചേക്കേറിയപ്പോള്‍ മതേതരത്വം ചവിട്ടി മെതിക്കപ്പെട്ടു. വര്‍ഗീയ കലാപങ്ങള്‍ തുടര്‍കഥയായി. മതേതരത്വത്തിന്‍റെ, സമാധാനത്തിന്‍റെ വീണ്ടെടുപ്പിന്  ബലി നല്‍കാന്‍ ഒരു ഗാന്ധി  ഇന്ന് നമുക്കിടയില്‍ ഇല്ല. ഉണ്ടായാലും  അങ്ങനെയൊരു ബലി മതിയാവുമെന്നും തോന്നുന്നില്ല.



ഗാന്ധിജിയുടെ വധവുമായി ബന്ധപ്പെട്ട് ആര്‍ എസ് എസിനെ നിരോധിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് 
സ്കൂളുകളില്‍ ഇപ്പോഴും പതിനൊന്നു മണിക്കുള്ള ബെല്‍ പതിവുണ്ടോ? അറിയില്ല.. ഉണ്ടെങ്കില്‍ തന്നെ അത് നമ്മെ  എന്തെങ്കിലും ഓര്‍മപ്പെടുത്തുന്നുണ്ടോ?