ഹിമവാന്റെ മടിത്തട്ടില്‍
|
സമൃദ്ധമായ പ്രകൃതി സമ്പത്ത് കൊണ്ട് അനുഗ്രഹീതമാണ് ഹിമാചല്‍ പ്രദേശ് എന്ന “ദേവഭൂമി”യിലെ കിണോര്‍ ജില്ല . മണ്ണും മരവും ജീവജാല ങ്ങളുമായി സവിശേഷമായ ആത്മ ബന്ധം സൂക്ഷിക്കുന്ന സാധാരണ മനുഷ്യരാണ് ഇവിടെ താമസിക്കുന്നത്. സത് ലജ് നദിയുടെ തീരത്ത് കൃഷിയും മറ്റു പരമ്പരാഗത ജോലികളും ഒക്കെ ചെയ്താണ് ഇവര്‍ ജീവിതം തള്ളി നീക്കിയിരുന്നത്. അങ്ങനെയിരിക്കുമ്പോഴാണ് വികസനത്തിന്റെ പുതിയ സമവാക്യങ്ങളുയര്‍ത്തി ഹിമാചല്‍ സര്‍ക്കാര്‍ 1,000 MW ശേഷിയുള്ള Karcham Wangtoo Hydroelectric Project മായി രംഗത്ത് വരുന്നത്. പതിവ് പോലെ പ്രോജക്റ്റ് നടപ്പിലായാല്‍ ഉണ്ടാകുന്ന വ്യവസായ-വികസന നേട്ടങ്ങള്‍, തൊഴില്‍ സാധ്യതകള്‍,പ്രോജക്റ്റ് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് ഭീമമായ നഷ്ട പരിഹാരം തുടങ്ങി വാഗദാനങ്ങളുടെ പെരുമഴ തന്നെ ഉണ്ടായി. പക്ഷെ വാഗ്ദാനങ്ങളെല്ലാം കടലാസില്‍ ഒതുങ്ങി. പരാതിയുമായി സര്‍ക്കാരിനെ സമീപിച്ചപ്പോള്‍ അധികാരികള്‍ നിസ്സഹായരായി കൈ മലര്‍ത്തി. സര്‍ക്കാരിന് ഇക്കാര്യത്തില്‍ പരിമിതികള്‍ ഉണ്ടായിരുന്നു. Jaypee Karcham Hydro Corporation Limited (JKHCL) എന്ന സ്വകാര്യ കമ്പനി Build-Own-Operate (BOO) വ്യവസ്ഥയില്‍ ആണ് പദ്ധതി നിര്‍മ്മിക്കുന്നത്.സ്വകാര്യ മേഖലയില്‍ നിര്‍മ്മിക്കപ്പെടുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ജല വൈദ്യുത പദ്ധതികളില്‍ ഒന്നാണ് ഇത്. ജയപ്രകാശ് അസ്സോസിയെറ്റ്‌സിന്‍റെ ( അല്ലെങ്കില്‍ Jaypee ഗ്രൂപ്പിന്‍റെ) കോര്‍പ്പറേറ്റ് സാമ്രാജ്യത്തിലുള്ള കമ്പനിയെ നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് തീര്‍ച്ചയായും പരിമിതി കാണുമല്ലോ.....!
പ്രദേശത്തെ പാരമ്പര്യ ജല സ്രോതസ്സുകളെയും ജൈവ പ്രകൃതിയെയും വന സമ്പത്തിനെയും പദ്ധതി ഏറെ നാശം വരുത്തിയിട്ടുണ്ട്. പദ്ധതി നിര്‍മാണം മൂലമുള്ള മലിനീകരണം വേറെയും. “ പദ്ധതിക്കുവേണ്ടി ഒരുപാട് പേരുടെ വീടുകള്‍ തകര്‍ത്തു കളഞ്ഞു. ഞങ്ങളുടെ പ്രദേശമാകെ മലിനമാക്കി” Karcham Wangtoo Sangharsh Samiti പ്രസിഡണ്ട് വിനയ് നേഗിയുടെ വാക്കുകളില്‍ അടങ്ങാത്ത രോഷമുണ്ട്. പദ്ധതി നടത്തിപ്പിന് വേണ്ട No-objection certificate (NoC) പഞ്ചായത്തില്‍ നിന്ന് കമ്പനിക്ക് ലഭിച്ചിട്ടില്ല എന്ന് ഹിമലോക് ജാഗ്രിതി മഞ്ചിന്റെ പ്രവര്‍ത്തകന്‍ R.S. നേഗി ചൂണ്ടിക്കാണിക്കുന്നു. “സര്‍വേ നടത്താനും വീടുകള്‍ പൊളിച്ചു മാറ്റാനും വന്ന ആളുകളെ പിന്നെ കണ്ടതേയില്ല, വാഗ്ദാനം ചെയ്യപ്പെട്ട പണത്തിനു പകരം കിട്ടിയത് തുച്ഛമായ തുക.കാര്‍ഷിക വിളകള്‍ നശിപ്പിച്ചതിന് നഷ്ട പരിഹാരം ഒന്നും തന്നിട്ടില്ല”- ഉര്ണി ഗ്രാമ പഞ്ചായത്തിലെ ബ്രാഹ്മി ദേവി പറയുന്നു. പദ്ധതി നടത്തിപ്പുകാരും സര്‍ക്കാരും തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണുന്നത് വരെ തങ്ങളുടെ പ്രക്ഷോഭം തുടര്‍ന്ന് കൊണ്ട് പോകുമെന്നാണ് ഇവര്‍ പറയുന്നത്. അതിന്റെ ഭാഗമാണ് ഈ തെരഞ്ഞെടുപ്പു ബഹിഷ്കരണവും.
2010 ഡിസംബര്‍ 28 മുതല്‍ 2011 ജനുവരി 1 വരെ സംസ്ഥാനത്ത് നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഈ നാല് പഞ്ചായത്തുകളും ബഹിഷ്കരിച്ചിരുന്നു. അതേ തുടര്‍ന്ന് പുതിയ തെരഞ്ഞെടുപ്പ് നവംബര്‍ 30 നു നടത്താന്‍ തീരുമാനിച്ചു വിജ്ഞാപനമിറക്കി. നോമിനേഷന്‍ കൊടുക്കേണ്ട അവസാന തീയതി നവംബര്‍ 16 നു അവസാനിച്ചുവെങ്കിലും ഒരാള്‍ പോലും പത്രിക സമര്‍പ്പിച്ചില്ല. ചെറിയ ഇടവേളക്കു ശേഷം വീണ്ടും പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു തെരഞ്ഞെടുപ്പ് . അതിനു മുന്‍പെങ്കിലും ഇവരുടെ ആവശ്യങ്ങള്‍ക്ക് പരിഹാരം ലഭിക്കുമോ..?
മേല്‍പ്പറഞ്ഞ രീതിയിലുള്ള പ്രശ്നങ്ങള്‍ ഹിമാചലില്‍ ഒറ്റപ്പെട്ട സംഭവമല്ല. ജല വൈദ്യുത പദ്ധതികളുമായി ബന്ധപ്പെട്ട പരിഹാരം കാണാത്ത നിരവധി പ്രശ്നങ്ങള്‍ ഷിംല, ചമ്പ , കുളു ജില്ലകളിലുമുണ്ട്. തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ട ബാധ്യതയുള്ള സര്‍ക്കാര്‍ പദ്ധതി നടത്തിപ്പ് പൂര്‍ണമായും സ്വകാര്യ മേഖലക്ക് വിട്ടു കൊടുത്തിട്ട് കൈയും കെട്ടി നോക്കി നില്‍ക്കുമ്പോള്‍ പൊതു ജനത്തിന് കടുത്ത പ്രതിഷേധ നടപടികള്‍ സ്വീകരിച്ചേ മതിയാകൂ.
>> >> >>
കടപ്പാട് : ഹിമവാണി , ദി ഹിന്ദു
കുറിപ്പ് : നൈനാദേവി ജ്വാലാമുഖി തുടങ്ങി നിരവധി ക്ഷേത്രങ്ങളും മറ്റു തീര്ഥാടന കേന്ദ്രങ്ങളും ഉള്ളത് കൊണ്ടാണ് ഹിമാചല്‍ പ്രദേശിനെ "ദേവ് ഭൂമി" എന്ന് വിളിക്കുന്നത് . ഋഷികേശ്, ഹരിദ്വാര്‍ , ബദരിനാഥ് , കേദാര്നാഥ് എന്നിങ്ങനെയുള്ള തീര്ഥാടന കേന്ദ്രങ്ങളുടെ സാന്നിധ്യം കൊണ്ട് ഉത്തരാഖണ്ടിനെയും "ദേവ് ഭൂമി "എന്ന് വിളിക്കാറുണ്ട് . ഇവ രണ്ടും അയല്‍ സംസ്ഥാനങ്ങളാണ് .