Monday, December 13, 2010

തെരുവുതെണ്ടി


മലയാളത്തിന്റെ പ്രിയ കവി അയ്യപ്പനെ വായിക്കുമ്പോള്‍..
( ഈ വരികള്‍ക്കിടയില്‍ എന്റെ അഭിപ്രായങ്ങള്‍ അപ്രസക്തം )


എഴുത്താണി വിരലുകള്‍ ചോദിക്കരുത് 
ഇടത്തേ നെഞ്ചു ചോദിക്കരുത് 
പുലിയെ വേണമെങ്കില്‍ കൊണ്ട് പോ 
എന്റെ ആടിനെ ബലിക്കു ചോദിക്കരുത്.
( കുറ്റപത്രങ്ങള്‍) 
ഞാന്‍ ബലിയാടായി തുടരുക തന്നെ ചെയ്യും 
മറ്റാരെങ്കിലും അതാവേണ്ടിയിരിക്കെ 
( ബലിക്കുറിപ്പുകള്‍ )
കാറപകടത്തില്‍ പെട്ടുമരിച്ച
വഴിയാത്രക്കരന്റെ ചോരയില്‍ ചവുട്ടി   ആള്‍ക്കൂട്ടം നില്‍ക്കെ
മരിച്ചവന്‍റെ പോക്കറ്റില്‍ നിന്നും പറന്ന
അഞ്ചുരൂപയിലായിരുന്നു എന്‍റെ കണ്ണ്
ഞാനുണ്ടായിട്ടും താലിയറുത്ത കെട്ടിയോള്‍
എന്‍റെ കുട്ടികള്‍;വിശപ്പ്‌ എന്ന നോക്കുകുത്തികള്‍
ഇന്നത്താഴം ഇതുകൊണ്ടാവാം.. (അത്താഴം)
"വിശപ്പുള്ളവന്‍ ചെരുപ്പു തിന്നുന്നത് കണ്ടു
ചിരിച്ചവനാണ് ഞാന്‍
അന്നത്തെ കോമാളിത്തമോര്‍ത്ത്
ഇന്ന് ഞാന്‍ കരയുന്നു
കൊടും ശൈത്യത്തില്‍
അന്ധകാരത്തിന് പുതപ്പാക്കിയവനെ കാണാതെ
ചൂടുള്ള മുറിയില്‍ പ്രകാശത്തില്‍ ഉറങ്ങിയവന്‍
ഇന്ന്
മഞ്ഞു കാലത്ത്
അവനെയോര്‍ത്ത്
ഞാന്‍ പുതപ്പില്ലാതെ പൊള്ളുന്നു"
ഇടവപ്പാതിയില്‍  അവന്റെ 
കാലബോധം നഷ്ടപ്പെട്ടു
പള്ളിയിലെ കൂട്ടമണി 
അവനെ എണ്ണം തെറ്റിച്ചു 
(സ്വത്വം) 
ഒരു ഫാസിസ്ടിന്റെ വീട്ടു മുറ്റത്തു
കള്ളിമുള്‍ ചെടികള്‍ വളര്‍ത്താറില്ല
എന്തെന്നാല്‍
ഉള്ളില്‍ നിന്നും ഒരിക്കലുമ യാള്‍ക്ക്
പറിച്ചെടുക്കാന്‍ കഴിയില്ല.
( ഒരു മാംസഭുക്കിന്റെ ദിനാന്തം )
തണുത്ത സൂര്യനെ കോരിക്കുടിക്കാംനിഴല്‍ തടാകത്തിന്റെ നെഞ്ചില്‍ നിന്നും
കറുത്ത സ്വപ്നത്തിലുദിക്കുന്ന     സൂര്യന്‍
കാനയിലുദിക്കുന്ന സൂര്യന്‍
ഒരു നാള്‍ കാനകള്‍ വറ്റി
നിഴല്‍ തടാകങ്ങള്‍ വറ്റി
ഒടുവിലെന്‍ ശിരസ്സ്‌ ഞാനുയര്‍ത്തിപ്പിടിക്കുന്നു
ഉരുകിത്തിളക്കുന്നു സൂര്യന്‍--
  (കാനയിലെ സൂര്യന്‍)
അമ്പ് ഏതു നിമിഷവും
മുതുകിൽ തറയ്ക്കാം
പ്രാണനും കൊണ്ട് ഓടുകയാണ് 
വേടന്റെ കൂര കഴിഞ്ഞ് 
റാന്തൽ വിളക്കുകൾ ചുറ്റും
എന്റെ രുചിയോർത്ത്
അഞ്ചെട്ടു പേർകൊതിയോടെ
ഒരു മരവും മറ തന്നില്ല 
ഒരു പാറയുടെ വാതിൽ തുറന്ന്
ഒരു ഗർജ്ജനം സ്വീകരിച്ചു
അവന്റെ വായ്‌ക്ക് ഞാനിരയായി
( പല്ല് ) 
എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്
ഒസ്യത്തിലില്ലാത്ത ഒരു രഹസ്യം പറയാനുണ്ട്.
എന്റെ ഹൃദയത്തിന്റെ
സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കും.
ജിജ്ഞാസയുടെ ദിവസങ്ങളില്‍
പ്രേമത്തിന്റെ അത്മതത്വം
പറഞ്ഞു തന്നവളുടെ ഉപഹാരം.
മണ്ണ് മൂടുന്നതിനു മുന്പ്
ഹൃദയത്തില്‍ നിന്നു
ആ പൂവ് പറിക്കണം.
ദലങ്ങള്‍ കൊണ്ട് മുഖം മൂടണം..
രേഖകള്‍ മാഞ്ഞ കൈവെള്ളയിലും ഒരു ദലം.
പൂവിലൂടെ എനിക്ക് തിരിച്ചു പോകണം.
മരണത്തിന്റെ തൊട്ടു മുന്‍പുള്ള നിമിഷം
ഈ സത്യം പറയാന്‍ സമയമില്ലയിരിക്കും.
ഒഴിച്ച് തന്ന തണുത്ത വെള്ളത്തിലൂടെ-
അതു മൃതിയിലേക്കു വലിച്ചെടുക്കും.
ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകും.
ഇനിയെന്റെ ചങ്ങാതികള്‍ മരിച്ചവരാണ്‌.
 (എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്)

4 comments:

  1. എ അയ്യപ്പനോടാണോ അഞ്ജു പറയുന്നത് ?

    ReplyDelete
  2. സമയോചിതമായ പോസ്റ്റ്‌... ആശംസകള്‍...

    മരിച്ചതിനു ശേഷമാണ് അയ്യപ്പനെ ആളുകള്‍ കൂടുതലായി അന്ഗീകരിച്ചത്‌ എന്നത് ദു:ഖ യഥാര്‍ത്ഥ്യം....

    ReplyDelete
  3. നമിക്കുന്നു .... ആ മഹാ വൃക്ഷത്തെ .......

    ReplyDelete